

ഈശ്വരന്‍ തന്നെയാണ് പരമമായ ധര്‍മ്മമെന്നും പരമമായ സത്യത്തെ എല്ലാവര്‍ക്കും അറിയുവാന്‍ കഴിയുന്നില്ലന്നും പെരുമ്പാവൂര്‍ മംഗളഭാരതി ഉപരിപഠനകേന്ദ്രം ഡയറക്ടര്‍ സ്വാമിനി ജ്യോതിര്‍മയി ഭാരതി അഭിപ്രായപ്പെട്ടു.
ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി നടന്നുവരുന്ന ഗുരുധര്‍മ്മപ്രബോധനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിനി. ബുദ്ധധര്‍മ്മത്തിലെ പരമമായ ധര്‍മ്മം അഹിംസയായിരുന്നു. ഒരു ജീവിയെയും കൊല്ലരുതെന്നു ശ്രീനാരായണഗുരുദേവനും ഉപദേശിച്ചു. മൃഗങ്ങളെ കൊന്നുതിന്നുന്നതിനെ ശവക്കറി ഭക്ഷിക്കുന്നു എന്നായിരുന്നു ഗുരുദേവന്‍ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. മനസാവാചാ കര്‍മ്മണാ ഒന്നിനെയും ദ്രോഹിക്കാതിരിക്കാന്‍ നമുക്കാവണം. എല്ലാവരും ആത്മസഹോദരന്മാര്‍ എന്നു കണക്കാക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്കു മറ്റൊരാളെ ദ്രോഹിക്കാനാവുകയെന്നായിരുന്നു ഗുരുദേവ പക്ഷമെന്നും സ്വാമിനി ജ്യോതിര്‍മയി തുടര്‍ന്നുപറഞ്ഞു. സ്വാമി ശിവനാരായണതീര്‍ത്ഥ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. മംഗളഭാരതി, കെ.പി. ലീലാമണി, സ്വാമിനി ത്യാഗീശ്വര ഭാരതി , ഗുരുധര്‍മ്മപ്രചരണസഭ കേന്ദ്ര എക്സിക്യുട്ടീവ് അംഗം കെ. ജയധരന്‍ , പ്രൊഫ. സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗുരുധര്‍മ്മപ്രബോധനം 29 വരെ തുടരും നാളെ (22/12) പത്തരയ്ക്ക് ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദഗിരി ശിവഗിരി ബ്രഹ്മവിദ്യാലയം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.23നു പത്തിനു ഗുരുദേവന്‍റെ ക്ഷേത്രസങ്കല്‍പ്പവും ആചാരാനുഷ്ഠാനങ്ങളും എന്ന വിഷയത്തിൽ സ്വാമി അദ്വൈതാനന്ദയും 24 നു പത്തരയ്ക്കു കുമാരനാശാന്‍റെ ചണ്ഡാലഭിക്ഷുകി എന്ന വിഷയത്തില്‍ സ്വാമിനി നിത്യചിന്മയിയും 25 നു അന്ധവിശ്വാസദൂരീകരണം ഗുരുദേവദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ സ്വാമി മുക്താനന്ദയതിയും 26 നു സ്വാമി ശിവനാരായണതീര്‍ത്ഥയും 27 നു ആലുവാ സര്‍വ്വമതസമ്മേളനം എന്ന വിഷയത്തില്‍ സ്വാമി സുരേശ്വരാനന്ദയും 28 നു പാരമ്പര്യവൈദ്യസമ്മേളനത്തില്‍ തമ്പി നാഗാര്‍ജ്ജുനയും പ്രഭാഷണം നടത്തും.
27 നു രണ്ടിനു കോട്ടയം പ്രസന്നകുമാറിന്‍റെ ഗുരുദേവനും ബോധാനന്ദസ്വാമിയും കഥാപ്രസംഗവും 28 നു വൈകിട്ട് കോട്ടയം സ്മൈല്‍ അവതരിപ്പിക്കുന്ന അറിവിന്‍റെ തീര്‍ത്ഥാടനം എന്നിവയും ഉണ്ടാകും.