പരബ്രഹ്മ സത്യത്തെ തിരിച്ചറിഞ്ഞ് ദുഷ്ട പൈശാചിക മൂര്‍ത്തികളെ പിഴുതെറിഞ്ഞ ശ്രീനാരായണ ഗുരുദേവന്‍റെ ചിത്രത്തിനൊപ്പം അത്തരം മൂര്‍ത്തികളെ ആരാധിക്കുന്നത് ഒഴിവാക്കുവാന്‍ ഗുരുദേവ വിശ്വാസികള്‍ തയ്യാറാകണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി സമാധിമണ്ഡപത്തിൽ നടന്ന ഗുരുദേവ കല്‍പ്പന പ്രകാരമുള്ള വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായ പീതാംബരദീക്ഷാചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രഭാഷണം നടത്തുകയായിരുന്നു സച്ചിദാനന്ദ സ്വാമി. ജീവിത വിജയം കൈവരിക്കണമെങ്കിൽ ധർമ്മം പ്രകാശിക്കണം. ശ്രീനാരായണ ധർമ്മം കൈവരിക്കുന്നതോടെ അതിന് സാധ്യമാകും.
ദേശത്തിനും കാലത്തിനും അനുസൃതമായി ആചാരങ്ങളെ പരിഷ്കരിക്കുവാന്‍ മനുഷ്യ സമൂഹത്തിനാവണം. ആചാരാനുഷ്ഠാനങ്ങള്‍ ശാസ്ത്രീയമാവണം. എല്ലാവരും ഒന്നെന്ന ഏകത്വദർശർനം മനസ്സിൽ നിറച്ച് പ്രവൃത്തിയിൽ ഗുരുവിൻ്റെ പ്രചാരകരായിരിക്കാൻ നമുക്കാകണം. തീര്‍ത്ഥാടകര്‍ പത്തുനാൾ നീണ്ട തീർത്ഥാടന കാലത്ത് പഞ്ചശുദ്ധിയും പഞ്ചധര്‍മ്മവും പാലിച്ചുകൊണ്ടാകണം തീര്‍ത്ഥാടനത്തില്‍ സംബന്ധിക്കേണ്ടതെന്നും സമ്മേളന പരമ്പരകളിൽ പങ്കെടുത്ത് അറിവ് നേടി ജീവിതവിജയം കൈവരിക്കണമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരി മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം.ജയരാജുവിന് സ്വാമി പീതാംബരദീക്ഷ നല്‍കിയായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
പീതാംബര ദീക്ഷാ സമര്‍പ്പണത്തിന് സ്വാമി പ്രബോധതീര്‍ത്ഥ,സ്വാമി ജ്ഞാന തീര്‍ത്ഥ,സ്വാമി വീരേശ്വരാനന്ദ,സ്വാമി അസംഗാനന്ദ ഗിരി,സ്വാമി ഹംസതീര്‍ത്ഥ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.
ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, തീർത്ഥാടന മീഡിയാ കമ്മിറ്റി ചീഫ് കോ-ഓർഡിറ്റേർ വണ്ടന്നൂർ സന്തോഷ്,
ഗുരുധര്‍മ്മപ്രചരണസഭാ രജിസ്ട്രാര്‍ അഡ്വ.പി.എം. മധു,വൈസ് പ്രസിഡന്‍റ് അനില്‍ തടാലില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ജയധരന്‍,ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, ജില്ലാകമ്മിറ്റിയംഗം വെട്ടൂര്‍ ശശി,യുവജന സഭാ ചെയര്‍മാന്‍ രാജേഷ് സഹദേവന്‍,വര്‍ക്കല മണ്ഡലം പ്രസിഡന്‍റ് സുരേഷ് ബാബു,വ്യാപാരി വ്യവസായ സമിതി സംസ്ഥാന കമ്മിറ്റിയംഗം ജോഷിവാസു തുടങ്ങിയവരും സംബന്ധിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ഭക്തര്‍ മഹാസമാധിയില്‍ വച്ച് സംന്യാസി ശ്രേഷ്ഠരില്‍ നിന്നും ദീക്ഷ സ്വീകരിച്ചു.
നാടാകെ ഗുരുക്ഷേത്രങ്ങളിലും മറ്റ് പുണ്യകേന്ദ്രങ്ങളില്‍ നിന്നും ആചാര്യന്‍മാര്‍ ഭക്തര്‍ക്ക് പീതാംബരദീക്ഷ നല്‍കുകയുണ്ടായി.