Sivagiri
കാര്‍ഷിക വിളകളും പലവ്യജ്ഞനങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാനുള്ള അവസരമുണ്ട്.

മഹാതീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനായി ശിവഗിരിയിലെത്തിക്കൊണ്ടിരിക്കുന്ന ഭക്തര്‍ക്കായി മൂന്ന് നേരവും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ ഗുരുപൂജാ പ്രസാദം അന്നദാനത്തിനായി നാടിന്‍റെ നാനാഭാഗത്ത് നിന്നും ഒറ്റയ്ക്കും കൂട്ടായും എത്തിച്ചേരുന്നവര്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണത്തില്‍ തങ്ങളുടെ പറമ്പില്‍ നിന്നുമുള്ള കാര്‍ഷിക വിളകളും പലവ്യജ്ഞനങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാനുള്ള അവസരമുണ്ട്.
പ്രത്യേക വാഹനങ്ങളിലായി വന്നുചേരുന്ന എസ്.എന്‍.ഡി.പി. യോഗം ശാഖാപ്രവര്‍ത്തകര്‍, കുടുംബയൂണിറ്റംഗങ്ങള്‍, ഗുരുധര്‍മ്മപ്രചരണസഭാ യൂണിറ്റുകള്‍, ഇതര ഗുരുദേവ പ്രസ്ഥാനങ്ങള്‍ എന്നിവര്‍ക്കും ഉല്‍പ്പന്നങ്ങള്‍ കൂടി കരുതാവുന്നതാണ്. ശിവഗിരിയില്‍ ബുക്ക് സ്റ്റാളിന് സമീപം വഴിപാട് കൗണ്ടറിന്‍റെ മുന്നിലൂടെ ഗുരുപൂജാ മന്ദിരത്തിനടുത്തു ഉല്‍പ്പന്ന സമര്‍പ്പണ മന്ദിരത്തില്‍ ഇവ സമര്‍പ്പിക്കാനാവും.
ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത് തന്നെ ഭക്തര്‍ തങ്ങളുടെ പുരയിടത്തിലെ ഉല്‍പ്പന്നങ്ങളുടെ ഒരു പങ്ക് ഗുരു സന്നിധിയില്‍ കാഴ്ച വയ്ക്കുകയും എത്തിക്കുന്ന സ്ഥലത്ത് വച്ച് തന്നെ അവ പാകം ചെയ്ത് ഗുരുദേവന് നല്‍കിയ ശേഷം മറ്റുള്ളവരും അനുഭവിക്കുമായിരുന്നു. ഗുരുദേവ സമാധിയ്ക്ക് ശേഷവും ഭക്തര്‍ ഈ വിധം പാലിച്ചു പോരുന്നു. തീര്‍ത്ഥാടന കാലത്തും മറ്റ് വേളകളിലും ശിവഗിരിയില്‍ ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിക്കുക സാധാരണയാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി കൊല്ലം തുടങ്ങിയ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളില്‍ അരിയും മറ്റ് പല വ്യജ്ഞനങ്ങളും കാര്‍ഷിക വിളകളും തീര്‍ത്ഥാടന കാലത്ത് മുടങ്ങാതെ എത്തിച്ചു വരുന്നു.

ഉല്‍പ്പന്ന സമര്‍പ്പണ വിവരങ്ങള്‍ക്ക് ശിവഗിരി മഠം പി.ആര്‍.ഒ.
ഇ.എം. സോമനാഥനുമായി ബന്ധപ്പെടാവുന്നതാണ്. 9447551499.