അറിവ്

 

1    അറിയപ്പെടുമിതു വേറ-

    ല്ലറിവായിടും തിരഞ്ഞിടും നേരം;

    അറിവിതിലൊന്നായതുകൊ-

    ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

 

2    അറിവില്ലെന്നാലില്ലീ-

    യറിയപ്പെടുമെന്നതുണ്ടിതെന്നാലും,

    അറിവൊന്നില്ലെന്നാലീ-

    യറിവേതറിവിന്നതില്ലറിഞ്ഞീടാം.

 

3    അറിവിന്നളവില്ലാതേ-

    തറിയാമറിവായതും വിളങ്ങുന്നു;

    അറിവിലെഴുന്ന കിനാവി-

    ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.

 

4    അറിവിനു നിറവുണ്ടെന്നാ-

    ലറിവല്ലാതുള്ളതെങ്ങിരുന്നീടും?  

    അറിവേതെന്നിങ്ങതു പോ-

    യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും?

 

5    അറിവിലിരുന്നു കെടുന്നീ-

    ലറിവാമെന്നാലിതെങ്ങിറങ്ങീടും?

    അറിവിനെയറിയുന്നീലി-

    ങ്ങറിയും നേരത്തു രണ്ടുമൊന്നായി.

 

6    അറിയും മുന്‍പേതെന്നാ-

    ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;

    അറിവറ്റതിനേതതിരു-

    ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്‍മീല.

 

7    അറിയുന്നുണ്ടില്ലെന്നി-

    ങ്ങറിയുന്നീലേതിലേതെഴുന്നിടും?

    അറിയപ്പെടുമെങ്കിലുമ-

    ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.

 

8    അറിവെന്നന്നേയിതുമു-

    ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും?

    അറിവൊന്നെണ്ണം വേറി-

    ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?

 

9    അറിവിന്നിടമൊന്നുണ്ടി-

    ല്ലറിയപ്പെടുമെന്നതിന്നു വേറായി,

    അറിവെന്നാലങ്ങേതീ-

    യറിയപ്പെടുമെന്നതേറുമെണ്ണീടില്‍?

 

10   അറിയുന്നീലന്നൊന്നീ-

    യറിയപ്പെടുമെന്നതുണ്ടു പോയീടും;

    അറിവിലിതേതറിയുന്നീ-

    ലറിവെന്നാലെങ്ങുനിന്നു വന്നീടും?

 

11   അറിവിന്നറിവായ് നിന്നേ-

    തറിയിക്കുന്നിങ്ങു നാമതായീടും;

    അറിവേതിനമെങ്ങനെയീ-

    യറിയപ്പെടുമെന്നതേതിതോതീടില്‍?

 

12   അറിവെന്നതു നീയതു നി-

    ന്നറിവിട്ടറിയപ്പെടുന്നതെന്നായി,

    അറിയപ്പെടുമിതു രണ്ടൊ-

    ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.

 

13   അറിവുമതിന്‍വണ്ണം ചെ-

    ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും

    അറിയപ്പെടുമിതിലൊന്നീ-

    യറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി.

 

14   അറിയുന്നവനെന്നറിയാ-

    മറിവെന്നറിയുന്നവന്നുമെന്നാകില്‍

    അറിവൊന്നറിയുന്നവനൊ-

    ന്നറിയുന്നതിലാറിതെട്ടുമായീടും.

 

15   അറിയപ്പെടുമിതിനൊത്തീ-

    യറിവേഴൊന്നിങ്ങു താനുമെട്ടായി

    അറിവിങ്ങനെ വെവ്വേറാ-

    യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.