ദേവീസ്തവം
 
1
തെഴുമേനി നിന്നവയവങ്ങളൂഴിന്നു മുന്‍
മൊഴിയുന്നതെന്നി മുനികള്‍ക്കുമെന്നംബികേ!
കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍-
മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ.
 
2
ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ
മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും
കുതികൊണ്ടു ചാടിവലയാതെകണ്ടങ്ങു നിന്‍
പദതാരടുത്തു പദമൂന്നി പൊന്നിന്‍കനീ!
 
3
കണികാണുമിക്കനകമോടു കാര്‍വേണി മണ്‍-
പണി കാനല്‍നീരുനികരെന്നു പാടുന്നിതാ
പിണിയാറുമാറു പിരിയാതെ പേണുന്ന നിന്‍-
മണിമേനിതന്നിലണയുന്നതിന്നൂതു നീ.
 
4
ധുനിചൂടുമയ്യനു തുണയ്ക്കു തോന്നുന്ന നീ
മുനിമൗലിതന്നിലെഴുനള്ളി മൂളുന്നതും
പനിയുണ്ടിടും കൃമി തുടങ്ങി മറ്റൊക്കെ നി-
ന്നിനമെന്നതും നിലയിലൂതി നിന്നീടു നീ.
 
5
ഇടയില്ലെനിക്കിടയിലിന്നു കാണുന്നൊരി-
പ്പൊടികൊണ്ടു മൂടുമുടലിന്നു പൊന്നംബികേ!
തടവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നി-
ന്നുടലൊന്നു തന്നിനിയുമൂതു മാണിക്യമേ!
 
6
കമരും ചെവിക്കുമതുമല്ല കണ്ണിന്നുതൊ-
ട്ടമരുന്നതിന്നുമൊരു മൗലിയെന്നല്ല നീ
അമരംതുഴഞ്ഞിതിലിരുന്നുയര്‍ന്നങ്ങുവ-
ന്നമരുന്നതിന്നരുളു മാമതൂതിന്നിയും.
 
7
ഇനി നിന്‍റെ മൗലിയിലെഴുന്നിടും പൂനിലാ-
വിനുമങ്ങു നിന്നു വിളയുന്ന വെണ്ണീറിനും
കനലിന്നു നീരിനു മണത്തിനെന്നല്ല നി-
ന്നിനമിങ്ങു കണ്ടതിനൊക്കെയും കൈതൊഴാം.
 
8
തൊഴുമെന്നെയങ്ങു വിളിയിങ്ങുനിന്നാഴിയില്‍
തുഴയുന്നെനിക്കു തുണയില്ല നീയെന്നിയേ
അഴലിങ്കലിട്ട മെഴുകല്ല നെയ്യെന്‍ മനം
കുഴയുന്നിതങ്ങു കുഴലൂതു കാര്‍കൊണ്ടലേ!
 
9
അല പൊങ്ങിവന്നു നുര തള്ളിയുള്ളാഴിനി-
ന്നലയുന്നു പെണ്‍കുതിരയല്ലി മല്ലിന്നു നീ?
നിലപെറ്റുനിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല, തണലെന്നറിഞ്ഞൂതു നീ.
 
10
ഇതു പഥ്യവൃത്തമിടരില്ല പാടുന്നവര്‍-
ക്കിതിനിന്നു നിന്നടിയെടുത്തുതന്നീടു നീ