ആശ്രമം

1              ആശ്രമേƒസ്മിന്‍ ഗുരുഃ കശ്ചി-

                ദ്വിദ്വാന്‍ മുനിരുദാരധീഃ

                സമദൃഷ്ടിഃ ശാന്തഗംഭീ-

                രാശയോ വിജിതേന്ദ്രിയഃ.

 

2              പരോപകാരീ സ്യാദ്ദീന-

                ദയാലുഃ സത്യവാക് പടുഃ

                സദാചാരരതഃ ശീഘ്ര-

                കര്‍ത്തവ്യകൃദതന്ദ്രിതഃ.

 

3              അധിഷ്ഠായാസ്യ നേതൃത്വം

                കുര്യാത് കാഞ്ചിത് സഭാം ശുഭാം;

                അസ്യാമായാന്തി യേ തേ സ്യുഃ

                സര്‍വേ സോദരബുദ്ധയഃ.

 

4              യദ്വദത്രൈവ തദ്വച്ച

                സ്ത്രീണാം പുംസാം പൃഥക് പൃഥക്

                വിദ്യാലയാ ദിശി ദിശി

                ക്രിയന്താമാശ്രമാഃ സഭാഃ.

 

5              ഏകൈകസ്യാമാസു നേതാ

                ചൈകൈകഃ സ്യാദ്വിചക്ഷണഃ

                സര്‍വാഭിരനുബന്ധോƒദ്വൈ-

                താശ്രമസ്യാഭിരന്വഹം.

 

                ഗുരുദേവന്‍ അനേകകാലമായി സങ്കല്പിച്ചുവെച്ച ശിഷ്യസംഘം "ശ്രീനാരായണ ധര്‍മ്മസംഘം" എന്ന പേരില്‍ തൃശ്ശിവപേരൂര്‍വച്ച് ആയിരത്തിയൊരുനൂറ്റി മൂന്നു ധനുമാസം ഇരുപത്തിയഞ്ചാം തീയതി രാത്രി എട്ടുമണിക്ക് തൃപ്പാദ സന്നിധിയില്‍ ദീപം സാക്ഷിയായി നമസ്കരിച്ചുകൊണ്ട് അന്ന് അവിടെ ഉണ്ടായിരുന്ന ശിഷ്യന്മാര്‍ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ച് സ്ഥാപിച്ചു. ഇരുപത്തിയാറാം തീയതി സംഘം രജിസ്ത്രാക്കപ്പെട്ടു. ശിഷ്യഗണങ്ങളെ ചേര്‍ത്ത് ഒരു സന്ന്യാസിസംഘം രൂപീകരിക്കണമെന്ന ഉദ്ദേശ്യം തൃപ്പാദങ്ങള്‍ക്ക് വളരെ മുന്‍പുതന്നെ ഉണ്ടായിരുന്നു. അതിനുവേണ്ട നിയമങ്ങള്‍ ഉണ്ടാക്കുന്നതിന് ചില നിയമജ്ഞന്മാരോട് ഗുരുദേവന്‍ ആവശ്യപ്പെടുകയും, അവര്‍ അതു നിര്‍വഹിച്ചു കാണായ്കയാല്‍ ഗുരുദേവന്‍ ഇങ്ങനെ കല്പിക്കുകയും ഉണ്ടായി: "ആശ്രമനിയമത്തിന് ഇത്ര പ്രയാസമോ? നാമുണ്ടാക്കാം". അങ്ങനെ തൃപ്പാദങ്ങള്‍ ഉണ്ടാക്കിയ കൃതിയാണ് മേല്‍ കുറിച്ചിട്ടുള്ള അഞ്ചു ശ്ലോകങ്ങള്‍.

അര്‍ത്ഥം:

                ഈ ആശ്രമത്തില്‍ വിദ്വാനായും മുനിയായും ഉദാരചിത്തനായും സമദൃഷ്ടിയായും ശാന്തഗംഭീരനായും ജിതേന്ദ്രിയനായും പരോപകാരിയായും ദീനദയാലുവായും സത്യവാനായും സമര്‍ത്ഥനായും സദാചാരതത്പരനായും കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യു ന്നവനായും മടിയില്ലാത്തവനായും ഇരിക്കുന്ന ഒരു ഗുരു ഉണ്ടായിരിക്കണം. ആ ഗുരു ഇതിന്‍റെ (ആശ്രമത്തിന്‍റെ) നേതൃത്വത്തെ സ്വീകരിച്ചിട്ട് നല്ല ഒരു സഭയെ ഉണ്ടാക്കണം. ഇതില്‍ (സഭയില്‍) ആരെല്ലാം ചേരുന്നുവോ, അവരെല്ലാം സഹോദരഭാവന ഉള്ളവരായിരിക്കണം. ഇവിടെ (ഈ ആശ്രമത്തില്‍) എങ്ങനെയോ അ തുപോലെതന്നെ ദേശം തോറും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ ക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും ആശ്രമങ്ങളും സഭകളും ഉണ്ടാക്കണം. ഇതിന് ഓരോന്നിനും വിദഗ്ദ്ധനായ ഓരോ നേതാവ് ഉണ്ടായിരിക്കണം. ഇതെല്ലാംകൂടി ചേര്‍ന്നതിന് അദ്വൈതാശ്രമമെന്നുപേര്‍.