സദാചാരം
1 നല്ലതല്ലൊരുവന്‍ ചെയ്ത
നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം.
2 ധര്‍മ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും
3 നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്;
കല്ലിലത്രേ ജലം, നെല്ലില്‍-
ച്ചെല്ലും വഴി ചെറുക്കുകില്‍.
4 പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ, നേരേ വിപര്യയം.
5 ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണമായുസ്സു
നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.
6 ദത്താപഹാരം വംശ്യര്‍ക്കു-
മത്തലേകീടുമെന്നതു
വ്യര്‍ത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക
7 കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയില്‍.