ജാതിനിര്‍ണ്ണയം

 

1              മനുഷ്യാണാം മനുഷ്യത്വം

                ജാതിര്‍ഗോത്വം ഗവാം യഥാ

                ന ബ്രാഹ്മണാദിരസ്യൈവം

                ഹാ! തത്ത്വം വേത്തി കോƒപി ന.

 

2              ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

                ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍.

 

3              ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി

                നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.

 

4              നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും

                പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?

 

5              പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി

                പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍.

 

6              ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍

                ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?