ചിജ്ജഡചിന്തനം
1 ഒരുകോടി ദിവാകരരൊത്തുയരും
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നുവരുന്നൊരു നിന്‍
വടിവെന്നുമിരുന്നു വിളങ്ങിടണം.
2 ഇടണേയിരുകണ്‍മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.
3 നിലമോടു നെരുപ്പു നിരന്നൊഴുകും-
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്കുക നിന്‍
നിലയിന്നിതുതന്നെ നമുക്കു മതി.
4 മതിതൊട്ടുമണം മുതലഞ്ചുമുണര്‍-
ന്നരുളോളവുമുള്ളതു ചിന്‍മയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
മിതു രണ്ടിലുമായമരുന്നഖിലം.
5 അഖിലര്‍ക്കുമതിങ്ങനെ തന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ
6 വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ.
7 അരുളേ! തിരുമേനിയണഞ്ഞിടുമീ-
യിരുളേ! വെളിയേയിടയേ! പൊതുവേ!
കരളേ! കരളിങ്കലിരിക്കുമരും-
പൊരുളേ! പുരി മൂന്നുമെരിച്ചവനേ!
8 എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പുരിതന്നിലിരുന്നു പുരം പൊരിചെ-
യ്തരുളുന്നതുതന്നെയൊരദ്ഭുതമാം.
9 പുതുമാംകനി! പുത്തമൃതേ! ഗുളമേ!
മധുവേ! മധുരക്കനിയേ! രസമേ!
വിധിമാധവരാദി തിരഞ്ഞിടുമെന്‍
പതിയേ! പദപങ്കജമേ! ഗതിയേ!
10 ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ!
ചതി ചെയ്യുമിരുട്ടൊരുജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ.