ശിവശതകം

 

1              അഴകൊടു ഭാരതയുദ്ധമദ്രിയിന്മേല്‍

                മുഴുചെവിയന്‍ മുറികൊമ്പുകൊണ്ടു മുന്നം

                എഴുതിനിറച്ചെളിയോര്‍ക്കിണങ്ങി നില്ക്കും

                മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക!

 

2              അരുമറ നാലുമൊരിക്കലോതി മുന്നം

                കരിമുകില്‍വര്‍ണ്ണനു പങ്കുചെയ്തു നല്കി

                പരമതു വള്ളുവര്‍നാവിലും മൊഴിഞ്ഞ-

                പ്പരിമളഭാരതി കാത്തുകൊള്‍ക നിത്യം!

 

3              കനകമയില്‍മുകളേറി വേലുമേന്തി-

                ക്കനിവൊടു കണ്ണിണ കണ്‍കണം നിറഞ്ഞു

                ജനിമരണച്ചുടുകാടിലാടി വെണ്ണീ-

                റണിതിരുമേനി തുണയ്ക്കണം സദാ മേ.

 

4              സനകസനന്ദസനത്കുമാരര്‍ മുന്‍പാം

                മുനിജനമോടുപദേശമോതി മുന്നം

                കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാല്‍-

                ത്തണലിലിരുന്നൊരു മൂര്‍ത്തി കാത്തുകൊള്‍ക!

 

5              ശിവ! ശിവ! നിന്‍തിരുനാമമോര്‍ത്തു കണ്ടാ-

                ലെവിടെയുമൊന്നുമിതിന്നു തുല്യമില്ല

                ഇവ പലതുള്ളിലറിഞ്ഞിരുന്നുമീ ഞാ-

                നിവിടെയിവണ്ണമലഞ്ഞിടുന്നു കഷ്ടം!

 

6              ഹരിഭഗവാനരവിന്ദസൂനുവും നിന്‍-

                തിരുവിളയാടലറിഞ്ഞതില്ലയൊന്നും;

                ഹര!ഹര! പിന്നെയിതാരറിഞ്ഞിടുന്നൂ

                കരളിലിരുന്നു കളിച്ചിടുന്ന കോലം?

 

7              ചെറുപിറ ചെഞ്ചിടയിങ്കലാറുമേറും

                തിറമിയലും ഫണിമാലയും ത്രിപുണ്ഡ്ര-

                ക്കുറികളുമമ്മദനന്‍ ദഹിച്ച കണ്ണും

                പുരികവുമെന്നുമെനിക്കു കാണണം തേ.

 

8              ദിനമണിതിങ്കളണിഞ്ഞ കണ്ണു രണ്ടും

                മണിമയകുണ്ഡലകര്‍ണ്ണയുഗ്മവും തേ

                കനകതിലക്കുസുമം കുനിഞ്ഞു കൂപ്പി-

                ദ്ദിനമനുസേവകള്‍ ചെയ്തിടുന്ന മൂക്കും.

 

9              പഴവിനയൊക്കെയറുത്തിടുന്ന തൊണ്ടി-

                പ്പഴമൊടു പോരിലെതിര്‍ത്തിടുന്ന ചുണ്ടും

                കഴുകിയെടുത്തൊരു മുത്തൊടൊത്ത പല്ലും

                മുഴുമതിപോലെ കവിള്‍ത്തടങ്ങളും തേ.

 

10           അമൃതൊഴുകും തിരമാലപോലെ തള്ളും

                തിമൃതയുതത്തിരുവാക്കുമെന്‍ ചെവിക്ക്

                കുമറിയെരിഞ്ഞുകുമിഞ്ഞെഴും മനത്തീ-

                ക്കമൃതുചൊരിഞ്ഞതുപോലെയുള്ള നോക്കും.

 

11           കുവലയമൊക്കെ വിളങ്ങിടുന്ന പുത്തന്‍-

                പവിഴമലയ്ക്കു മുളച്ചെഴും നിലാവും

                തഴുവിന വെണ്‍മണിതാരകങ്ങളും നി-

                ന്നൊഴിവറെ രക്ഷകള്‍ ചെയ്യുവാന്‍ തൊഴുന്നേന്‍.

 

12           അരവവുമെല്ലുമിടയ്ക്കിടയ്ക്കണിഞ്ഞും

                കരിമുകില്‍ കണ്ടു കുനിഞ്ഞിടും കഴുത്തും

                വരദമഭീതികുരംഗശൂലപാണി-

                ത്തിരുമലര്‍നാലുമണിഞ്ഞു കാണണം തേ.

 

13           ഉരഗലസത്കൃതമാലമാല ചാര്‍ത്തി-

                പ്പരിലസിതോരസി ഭൂരി ഭൂതി പൂശി,

                പരിമളമുണ്ടു മുരണ്ടിടുന്ന വണ്ടിന്‍-

                നിരകളൊടും തിരുമേനിയെന്നു കാണാം?

 

14           ഒഴുകിടുമംബരഗങ്ഗതന്‍റെ നീരില്‍-

                ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി-

                ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ-

                ട്ടൊഴുകിടുമെന്നകണക്കു രോമരാജി.

 

15           തുടയിണതന്നിലുരിച്ച വാരണത്തോല്‍-

                പ്പടയുടയാടയുടുത്തതിന്‍പുറത്ത്

                പടമൊരു കൈയിലെടുത്തു വാലുമായി-

                ക്കടിയില്‍ മുറുക്കിയ കാഞ്ചിയെന്നു കാണാം?

 

16           കരിയുരികെട്ടിയുടുത്തനന്തകച്ച-

                പ്പുറമതു പൂട്ടിയലങ്കരിച്ചു പാമ്പും

                പരിമളഭൂതി പൊതിഞ്ഞു പൂശിയന്തി-

                ത്തിരുവിളയാടലിതെന്നു കാണുമീ ഞാന്‍?

 

17           മലരടി രണ്ടിലുമിട്ട പൂഞ്ചിലങ്ക-

                ക്കുലകള്‍ കൊരുത്തു കളിച്ചിടുന്ന നേരം

                കലകലയെന്നു കിലുങ്ങിടും ചിലമ്പി-

                ന്നൊലി ചെവി രണ്ടിലുമെന്നു കേള്‍ക്കുമീ ഞാന്‍?

 

18           മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ്

                വടിവൊടുനിന്നു വിളങ്ങിടും വിളക്കിന്‍

                ചുടരൊളി ചുട്ടു തുടച്ചു ശോകമാകും

                കടലതുകൊണ്ടു കടന്നിടുന്നു കൂലം.

 

19           കുവലയനായകനര്‍ക്കനഗ്നിഹോതാ-

                വവനിതുടങ്ങിയ ഭൂതിയഞ്ചുമിന്നീ

                തവ മറിമായമിതാര്‍ക്കറിഞ്ഞിടാവൂ

                കവിജനകല്പിതകാവ്യമെന്നപോലെ!

 

20           മതികല ചൂടിയ പൊന്‍കുടം മതിക്കു-

                ള്ളതിമൃദുകോമളനാടകം നടിപ്പാന്‍

                കൊതി പെരുകുന്നതുകൊണ്ടു കണ്ടതെല്ലാ-

                മുദിതമിതൊക്കെയുമങ്ങു ചേരുമല്ലോ!

 

21           ഭഗവതിയമ്മ പകുത്തു പാതി വാങ്ങി-

                പ്പകുതി മുകുന്ദനു നല്കി മുന്നമേ നീ,

                ഭഗവതി നിന്‍തിരുമേനിതന്നിലിന്നോ-

                രഗതിയിരിപ്പതിനാഗ്രഹിച്ചിടിന്നു.

 

22           പശുപതി പാശമൊഴിച്ചു പാഹിമാമോ-

                രശുഭമെനിക്കണയാത തക്കവണ്ണം

                പിശിതമശിച്ചു പരുത്ത പിണ്ഡമോ ഞാ-

                നശുചിയിതെന്നകതാരിലോര്‍ത്തിടാത്തൂ?

 

23           അതിസരണം വമി തന്നെ വന്നിതിന്നാ-

                ളതിപരിദേവന ചെയ്തതൊക്കെയും നിന്‍

                മതിയിലറിഞ്ഞു, മറന്നു പിന്നെയും ഞാന്‍

                ഗതിയറിയാതെ വലഞ്ഞിടുന്നു കഷ്ടം!

 

24           മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും

                പുലിയുമതിന്നിരുപാടുമുണ്ടു കാവല്‍

                പുലയനെടുത്തു ഭുജിച്ചു പാതിയിന്നും

                വിലസതി നീയുമെടുത്തുകൊള്‍ക നെഞ്ചേ!

 

25           ധരണിയിലിങ്ങനെ വാഴുവാനസഹ്യം

                മരണവുമില്ല നമുക്കു പാര്‍ത്തുകണ്ടാല്‍

                തരുണമിതെന്നു ധരിച്ചു താപമെല്ലാം

                സ്മരഹര, തീര്‍ത്തെഴുന്നള്ളുകെന്‍റെ മുന്‍പില്‍

 

26           വയറുപതപ്പതിനുണ്ടു കണ്ടതെല്ലാം

                കയറിമറിഞ്ഞു മരിച്ചിടുന്നതിന്‍മുന്‍

                ദയ തിരുമേനി മനസ്സിലോര്‍ത്തു ഭക്തി-

                ക്കയറു കൊടുത്തു കരേറ്റണം മനം മേ.

 

27           അരുള്‍വടിവായൊരുപോല്‍ നിറഞ്ഞുനില്‍ക്കും

                പരമശിവന്‍ ഭഗവാനറിഞ്ഞു സര്‍വ്വം

                സുരനദി തിങ്കളണിഞ്ഞ ദൈവമേ! നിന്‍-

                തിരുവടി നിത്യമനുഗ്രഹിച്ചിടേണം.

 

28           മുഴുമതിമൂടു തുരന്നു മുത്തെടുത്ത-

                ക്കുഴിയിലടച്ച കുരങ്ഗമുണ്ടു കൈയില്‍

                തഴലെരിയും പൊഴുതൂറി മൂലമോളം

                പുഴയൊഴുകുന്നതു വാഴ്ക ഭൂവിലെന്നും.

 

29           ജനിമൃതിരോഗമറുപ്പതിന്നു സഞ്ജീ-

                വനി പരമേശ്വരനാമമെന്നിയില്ല,

                പുനരതുമൊക്കെ മറന്നു, പൂത്തുകായ്ക്കും

                പുനകൃതികൊണ്ടു നിറഞ്ഞു ലോകമെല്ലാം

 

30           നരഹരിമൂര്‍ത്തി നമിച്ചിടുന്ന നെറ്റി-

                ത്തിരുമിഴിതന്നിലെരിച്ച മാരനിന്നും

                വരുവതിനെന്തൊരു കാരണം പൊരിച്ചീ-

                ടെരിമിഴിതന്നിലിതൊന്നുകൂടെയിന്നും.

 

31           പറവകള്‍ പത്തുമറുത്തുപറ്റി നില്ക്കും

                കുറികളൊഴിച്ചു കരുത്തടക്കിയാടും

                ചെറുമണി ചെന്നു ചെറുത്തു കാളനാഗം

                നെറുകയിലാക്കിയൊളിച്ചിടുന്നു നിത്യം.

 

32           ശിവ! ശിവതത്ത്വമൊഴിഞ്ഞു ശക്തിയും നി-

                ന്നവധി പറഞ്ഞൊഴിയാതെ നാദവും നിന്‍

                സവനമതിന്നു സമിത്തതാക്കി ഹോമി-

                പ്പവനിവനെന്നരുളീടുകപ്പനേ നീ.

 

33           ചെറുമയിര്‍തോലു പൊതിഞ്ഞു ചത്തുപോവാന്‍

                വരവുമെടുത്തു വലത്തു വായുവിന്മേല്‍

                ചരുകു ചുഴന്നു പറന്നിടുന്നവണ്ണം

                തിരിയുമതിങ്ങുവരാതെ തീയിടേണം.

 

34           കരുമന ചെയ്തു കളിച്ചു കള്ളമെല്ലാം

                കരളിലമര്‍ത്തിയൊരല്പനെക്കുറിച്ച്

                കരുണയിരുത്തിയനുഗ്രഹിച്ചിടേണം

                കരപെരുകിക്കവിയും സമുദ്രമേ! നീ.

 

35           തൊഴിലുകളഞ്ചുമൊഴിഞ്ഞു തോന്നിനില്‍ക്കും

                മുഴുമതിയാഴി കടഞ്ഞെടുത്തു മുന്നം

                ഒഴുകിവരുന്നമൃതുണ്ടുമാണ്ടുപോകാ-

                തൊഴുവിലൊടുക്കമുദിക്കുമര്‍ക്കബിംബം.

 

36           ഒരുവരുമില്ല നമുക്കു നീയൊഴിഞ്ഞി-

                ങ്ങൊരു തുണ താണ്ഡവമൂര്‍ത്തി പാര്‍ത്തലത്തില്‍

                സ്മരഹര! സാംബ! സദാപി നീ തെളിഞ്ഞി-

                ങ്ങൊരു കൃപ നല്കുകിലെന്തു വേണ്ടു പിന്നേ?

 

37           ഉമയൊടു കൂടിയടുത്തു വന്നു വേഗം

                മമ മതിമോഹമറുത്തു മെയ്കൊടുത്ത്

                യമനുടെ കൈയിലകപ്പെടാതെയെന്നും

                സമനില തന്നു തളര്‍ച്ച തീര്‍ത്തിടേണം!

 

38           ചലമിഴിമാരുടെ ചഞ്ചു കണ്ടു നില്ക്കും

                നില നിടിലത്തിരുനോക്കു വെച്ചറുത്ത്

                പല പല ലീല തുടര്‍ന്നിടാതെ പാലി-

                ച്ചലിവൊടു നിന്‍പദപങ്കജം തരേണം.

 

39           കടിയിടയിങ്കലൊളിച്ചിരുന്നു കൂടും

                പൊടിയിലുരുണ്ടു വിരണ്ടു പോക്കടിപ്പാന്‍

                അടിയനു സംഗതി വന്നിടാതിരുത്തി-

                പ്പടിയരുളീടുക പാര്‍വ്വതീശ! പോറ്റീ!

 

40           യമനൊടു മല്ലു പിടിപ്പതിന്നു നീതാ-

                നിമയളവും പിരിയാതിരുന്നുകൊള്‍ക!           

                സുമശരസായകസങ്കടം സഹിപ്പാന്‍

                നിമിഷവുമെന്നെയയയ്ക്കൊലാ മഹേശാ!

 

41           സുഖവുമൊരിക്കലുമില്ല ദുഃഖമല്ലാ-

                തിഹപരലോകവുമില്ല തെല്ലുപോലും;

                സകലമതിങ്ങനെ ശാസ്ത്രസമ്മതം, ഞാന്‍

                പകലിരവൊന്നുമറിഞ്ഞതില്ല പോറ്റീ!

 

42           ഒരുകുറി നിന്‍തിരുമേനി വന്നു മുന്നില്‍-

                ത്തിരുമുഖമൊന്നു തിരിച്ചു നോക്കിയെന്നില്‍

                പെരുകിന സങ്കടവന്‍കടല്‍ കടത്തി-

                ത്തരുവതിനെന്നു തരം വരും ദയാലോ!

 

43           അവനിയിലഞ്ചുരുവപ്പില്‍ നാലുമഗ്നി-

                ക്കിവയൊരുമൂന്നൊരു രണ്ടു കാറ്റില്‍ വാനില്‍

                തവ വടിവൊന്നു തഴച്ചെഴുന്നു കാണ്മാ-

                നെവിടെയുമുണ്ടു നിറഞ്ഞു നിന്നിടുന്നു.

 

44           മലമകളുണ്ടൊരുപാടു മാറിടാതെ

                മുലകളുലഞ്ഞമൃതൂറി മോദമാകും

                മലമുകളീന്നൊഴുകും പുഴയാഴിയെന്‍

                തലവഴിയെന്നൊഴുകുന്നിതു ശങ്കരാ!

 

45           ഭസിതമണിഞ്ഞു പളുങ്കൊടൊത്തുനിന്നം-

                ഭസി തലയില്‍ തിരമാല മാല ചൂടി

                ശ്വസിതമശിക്കുമലംകൃതീകലാപി-

                ച്ചസി തിരുമേനിയിരങ്ങവേണമെന്നില്‍.

 

46           അഹമൊരു ദോഷമൊരുത്തരോടു ചെയ്വാ-

                നകമലരിങ്കലറിഞ്ഞിടാതവണ്ണം

                സകലമൊഴിച്ചുതരേണമെന്നുമേ ഞാന്‍

                ഭഗവദനുഗ്രഹപാത്രമായ് വരേണം.

 

47           പുരഹര, പൂര്‍വ്വമിതെന്തു ഞാന്‍ പിഴച്ചി-

                പ്പരവശഭാവമൊഴിഞ്ഞിടായ്വതിന്ന്?

                പുരമെരിചെയ്തതുപോലെ ജന്മജന്മാ-

                ന്തരവിനയൊക്കെയെരിക്കണം ക്ഷണം മേ.

 

48           സുമശരവേല തുരത്തിയോട്ടി നീതാ-

                നമരണമെന്‍ മനതാരിലെന്നുമെന്നില്‍

                കുമതികുലം കൊലയാനപോലെ കുത്തി-

                ത്തിമിരനിരയ്ക്കു തിമിര്‍ത്തിടാതിരിപ്പാന്‍.

 

49           ചുവയൊളിയൂറലൊഴിഞ്ഞു ശീതരശ്മി-

                യ്ക്കവമതി ചെയ്വതിനുള്ള നിന്‍കടാക്ഷം

                ഭവമൃതി മൂടുപറിഞ്ഞുപോകുമാറി-

                ങ്ങിവനു തരേണ, മതിന്നു വന്ദനം തേ.

 

50           കരണവുമങ്ങു കുഴഞ്ഞു കണ്ണുരണ്ടും

                ചെരുകിയിരുണ്ടു ചമഞ്ഞു ജീവനാശം

                വരുമളവെന്നുമറിഞ്ഞുകൊള്ളുവാനും

                ഹര! ഹര! നിന്‍തിരുനാമമുള്ളില്‍ വേണം.

 

51           ജയ ജയ ചന്ദ്രകലാധര! ദൈവമേ!

                ജയ ജയ ജന്മവിനാശന! ശങ്കര!

                ജയ ജയ ശൈലനിവാസ! സതാം പതേ!

                ജയ ജയ പാലയ മാമഖിലേശ്വര!

 

52           ജയ ജിതകാമ! ജനാര്‍ദ്ദനസേവിത!

                ജയ ശിവ! ശങ്കര! ശര്‍വ്വ! സനാതന!

                ജയ ജയ മാരകളേബരകോമള!

                ജയ ജയ സാംബ! സദാശിവ! പാഹി മാം.

 

53           കഴലിണകാത്തുകിടന്നു വിളിക്കുമെ-

                ന്നഴലവിടുന്നറിയാതെയിരിക്കയോ?

                പിഴ പലതുണ്ടിവനെന്നു നിനയ്ക്കയോ

                കുഴിയിലിരുന്നു കരേറുവതെന്നു ഞാന്‍?

 

54           മഴമുകില്‍വര്‍ണ്ണനുമക്ഷി പറിച്ചു നിന്‍-

                കഴലിണ തന്നിലൊരര്‍ച്ചന ചെയ്തുപോല്‍

                കഴി വരുമോയിതിനിന്നടിയന്നു, നിന്‍-

                മിഴിമുന നല്കിയനുഗ്രഹമേകണേ!

 

55           ഒഴികഴിവൊന്നു പറഞ്ഞൊഴിയാതെ നി-

                ന്നഴലതിലിട്ടുരുകും മെഴുകെന്നപോല്‍

                കഴലിണയിങ്കലടങ്ങുവതിന്നു നീ

                വഴിയരുളീടുക വാമദേവ! പോറ്റീ!

 

56           മലമുകളീന്നു വരുന്നൊരു പാറപോല്‍

                മുലകുടി മാറിയ നാള്‍മുതല്‍ മാനസം

                അലര്‍ശരസായകമല്ലുപിടിച്ചു നിന്‍

                മലരടിയും ജഗദീശ! മറന്നു ഞാന്‍.

 

57           കുലഗിരിപോലെയുറച്ചിളകാതെയി-

                ക്കലിമലമുള്ളിലിരുന്നു മറയ്ക്കയാല്‍

                ബലവുമെനിക്കു കുറഞ്ഞു ചമഞ്ഞു നിര്‍-

                മ്മലനിലയെന്നു തരുന്നടിയന്നു നീ?

 

58           കുലവുമകന്നു കുടുംബവുമങ്ങനേ

                മലയിലിരുന്നു മഹേശ്വരസേവനം

                കലയതു കാലമനേകഭയം ഭവാന്‍

                തലയില്‍ വിധിച്ചതു സമ്മതമായ് വരും.

 

59           വകയറിയാതെ വലഞ്ഞിടുമെന്നെ നീ

                ഭഗവതിയോടൊരുമിച്ചെഴുനള്ളിവ-

                ന്നകമുരുകുംപടി നോക്കിടുകൊന്നു മാ-

                മഘമൊരുനേരമടുത്തു വരാതിനി.

 

60           അരുവയര്‍തന്നൊടു കൂടിയോടിയാടി-

                ത്തിരിവതിനിത്തിരി നേരവും നിനപ്പാന്‍

                തരമണയാതെയുരുക്കിയെന്മനം നിന്‍-

                തിരുവടിയോടൊരുമിച്ചു ചേര്‍ത്തിടേണം.

 

61           ഒരു പിടിതന്നെ നമുക്കു നിനയ്ക്കിലി-

                ത്തിരുവടിതന്നിലിതെന്നി മറ്റതെല്ലാം

                കരളിലിരുന്നു കളഞ്ഞഖിലം നിറ-

                ഞ്ഞിരിയിരിയെന്നരുളുന്നറിവെപ്പൊഴും.

 

62           കരമതിലുണ്ടു കരുത്തുമടക്കിനി-

                ന്നരികിലിരുന്നു കളിപ്പതിനെന്നുമേ

                വരമരുളുന്നതു വാരിധിയെന്നപോല്‍

                കരുണ നിറഞ്ഞു കവിഞ്ഞൊരു ദൈവമേ!

 

63           പുരമൊരു മൂന്നുമെരിച്ച പുരാതനന്‍

                ഹരിഹരമൂര്‍ത്തി ജയിക്കണമെപ്പൊഴും

                പുരിജട തന്നിലൊളിച്ചു കളിച്ചിടും

                സുരനദി തൂകുമൊരീശ്വര! പാഹി മാം.

 

64           പരമൊരു തുമ്പമെനിക്കു ഭവാനൊഴി-

                ഞ്ഞൊരുവരുമില്ല ദിഗംബര! നിന്‍പദം

                തരണമെനിക്കതുകൊണ്ടഘമൊക്കെയും

                തരണമഹങ്കരവാണി ഭവാര്‍ണ്ണവം.

 

 

65           മിഴികളില്‍ നിന്നൊഴുകുന്നമൃതത്തിര-

                പ്പൊഴികളില്‍ വീണൊഴുകും പരമാഴിയില്‍

                ചുഴികളില്‍ നിന്നു ചുഴന്നു ചുഴന്നു നിന്‍

                കഴല്‍കളില്‍ വന്നണയുന്നതുമെന്നു ഞാന്‍?

 

66           മഴ പൊഴിയുന്നതുപോല്‍ മിഴിയിങ്കല്‍ നി-

                ന്നൊഴുകിയൊലിച്ചുരുകിത്തിരുവുള്ളവും

                പഴയൊരു ഭക്തജനം ഭവസാഗര-

                ക്കുഴിയതില്‍ നിന്നു കടന്നു കശ്മലന്‍ ഞാന്‍.

 

67           വഴിയിലിരുന്നു വരുന്ന ബാധയെല്ലാ-

                മൊഴിയണമെന്നൊരു നേരമെങ്കിലും മേ

                മിഴികളില്‍ നിന്നമൃതൂറിയറിഞ്ഞു നിന്‍-

                കഴലിണ കണ്ടു കളിപ്പതിനാഗ്രഹം.

 

68           പിഴ പലതുള്ളിലിരുന്നു പലപ്പൊഴും

                ചുഴല്‍വതുകൊണ്ടു ശിവായ നമോസ്തു തേ

                പഴി വരുമെന്നു നിനച്ചുരുകുന്നു ഞാ-

                നഴലതിലിട്ടലിയുന്നൊരു വെണ്ണപോല്‍.

 

69           മിഴിമുനകൊണ്ടു മയക്കി നാഭിയാകും-

                കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി

                കിഴിയുമെടുത്തു വരുന്ന മങ്കമാര്‍തന്‍

                വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!

 

70           തലമുടി കോതിമുടിഞ്ഞു തക്കയിട്ട-

                ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും

                തലയുമുയര്‍ത്തി വിയത്തില്‍ നോക്കിനില്ക്കും

                മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!

 

71           കുരുവുകള്‍പോലെ കുരുത്തു മാര്‍വിടത്തില്‍

                കരളു പറിപ്പതിനങ്ങു കച്ചകെട്ടി

                തരമതു നോക്കിവരുന്ന തീവിനയ്ക്കി-

                ന്നൊരുകുറിപോലുമയയ്ക്കൊലാ മഹേശാ!

 

72           കടലു ചൊരിഞ്ഞുകളഞ്ഞു കുപ്പകുത്തി-

                ത്തടമതിലിട്ടു നിറച്ചു കുമ്മി നാറി

                തടമുലയേന്തി വരുന്ന കൈവളപ്പെണ്‍-

                കൊടിയടിപാര്‍ത്തു നടത്തൊലാ മഹേശാ!

 

73           കുരുതി നിറഞ്ഞു ചൊരിഞ്ഞു ചീയൊലിക്കും

                നരകനടുക്കടലില്‍ ഭ്രമിയാതെ, നിന്‍

                ചരിതരസാമൃതമെന്നുടെ മാനസേ

                ചൊരിവതിനൊന്നു ചുളിച്ചു മിഴിക്കണം.

 

74           ശരണമെനിക്കു ഭവച്ചരണാംബുജം

                നിരുപമനിത്യനിരാമയമൂര്‍ത്തിയേ!

                നിരയനിരയ്ക്കൊരുനേരവുമെന്നെ നീ

                തിരിയുവതിന്നൊരുനാളുമയയ്ക്കൊലാ.

 

75           പരമപാവന! പാഹി പുരാരയേ

                ദുരിതനാശന! ധൂര്‍ജ്ജടയേ നമഃ

                ചരണസാരസയുഗ്മനിരീക്ഷണം

                വരണതെന്നു വലാന്തകവന്ദിത!

 

76           സരസിജായതലോചന! സാദരം

                സ്മരനിഷൂദന! മാമവ നീ പതേ!

                കരുണ നിന്മനതാരിലുദിക്കണം

                ഗിരിശ! മയ്യനുവാസരമെപ്പൊഴും.

 

77           പുതിയ പൂവു പറിച്ചു ഭവാനെ ഞാന്‍

                മതിയിലോര്‍ത്തൊരു നേരവുമെങ്കിലും

                ഗതിവരുംപടി പൂജകള്‍ ചെയ്തതി-

                ല്ലതിനുടേ പിഴയോയിതു ദൈവമേ!

 

78           പതിവതായിയൊരിക്കലുമെന്മനം

                കുതിയടങ്ങിയിരിക്കയുമില്ലയേ!

                മതിയുറഞ്ഞ ജടയ്ക്കണിയുന്ന നീ-

                രതിരഴിഞ്ഞൊഴുകീടിന മേനിയേ!

 

79           വിധി വരച്ചതു മാറിവരാന്‍ പണി

                പ്രതിവിധിക്കുമകറ്റരുതായത്

                ഇതിപറഞ്ഞുവരുന്നു മഹാജനം

                മതിയിലൊന്നടിയന്നറിയാവതോ?

 

80           സ്തുതി പറഞ്ഞിടുമെങ്കിലനാരതം

                മുദിതരാകുമശേഷജനങ്ങളും

                അതുമിനിക്കരുതേണ്ടതില്‍നിന്നെഴും-

                പുതയലും ബത! വേണ്ട ദയാനിധേ!

 

81           അതിരൊഴിഞ്ഞു കവിഞ്ഞൊഴുകുന്ന നി-

                ന്നതിരസക്കരുണത്തിരമാലയില്‍

                ഗതിവരുംപടി മുങ്ങിയെഴുന്നു നി-

                ല്പതിന്നു നീയരുളേണമനുഗ്രഹം.

 

82           കുമുദിനിതന്നിലുദിച്ചു കാലുവീശി-

                സ്സുമശരസാരഥിയായ സോമനിന്നും

                കിമപി കരങ്ങള്‍ കുറഞ്ഞു കാലുമൂന്നി-

                ത്തമസി ലയിച്ചു തപസ്സു ചെയ്തിടുന്നു.

 

83           കലമുഴുവന്‍ തികയുംപൊഴുതായ്വരും

                വിലയമെന്നകതാരില്‍ നിനയ്ക്കയോ?

                അലര്‍ശരമൂലവിരോധിയതായ നിന്‍

                തലയിലിരുന്നു തപിക്കരുതിന്നിയും.

 

84           അലയൊരു കോടിയലഞ്ഞു വരുന്നതും

                തലയിലണിഞ്ഞു തഴച്ചു സദായ്പൊഴും

                നിലയിളകാതെ നിറഞ്ഞു ചിദംബര-

                സ്ഥലമതിലെപ്പൊഴുമുള്ളവനേ! നമഃ.

 

85           മലമുകളേറി വധിച്ചു മൃഗങ്ങള്‍തന്‍

                തൊലികളുരിച്ചു തരുന്നതിനിന്നിവന്‍

                അലമലമെന്നു നിനച്ചെഴുന്നള്ളിയാല്‍

                പല ഫലിതങ്ങള്‍ പറഞ്ഞു ചിരിക്കുമോ?

 

86           നിലയനമേറി ഞെളിഞ്ഞിരുന്നിവണ്ണം

                തലയണപോലെ തടിച്ചു തീറ്റി തിന്ന്

                തുലയണമെന്നു പുരൈവ ഭവാനുമെന്‍

                തലയില്‍ വരച്ചതിതെന്തൊരു സങ്കടം!

 

87           കലിപുരുഷന്‍ കടുവാ പിടിപ്പതിന്നായ്

                മലയിലിരുന്നു വരുന്ന വാറുപോലെ

                കലിയുഗമിന്നിതിലെങ്ങുമുണ്ടു കാലും

                തലയുമറുത്തു കരസ്ഥമാക്കുവാനായ്.

 

88           മലര്‍മണമെന്നകണക്കു മൂന്നുലോക-

                ത്തിലുമൊരുപോലെ പരന്നു തിങ്ങി വീശി

                കലശജലപ്രതിബിംബനഭസ്സുപോല്‍

                പലതിലുമൊക്കെ നിറഞ്ഞ