സദാശിവദര്‍ശനം
1 മണംതുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങി നില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കിനക്കിടും
ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മങ്ഗളം.
2 കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും-
കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം.
3 'അരം'തിളച്ചുപൊങ്ങുമാടലാഴി നീന്തിയേറിയ-
ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ
ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സൂക്തി കണ്ടുക-
ണ്ടിരന്നു നിന്നിടുന്നിതെന്‍മുടിക്കു ചൂടുമീശനേ!
4 ശനൈരുയര്‍ന്നുയര്‍ന്നു വന്നുനിന്നു കൊന്നുതിന്നിടും
ദിനംദിനം ദിനേശനിന്ദുവെന്നു രണ്ടു കന്ദുകം
മനം കവിഞ്ഞു മാറിയാടുമങ്ങുമണ്ണൊടെണ്ണുമീ
ജനം നിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ!
5 ദൈവമേ! നിനയ്ക്ക നീയും ഞാനുമൊന്നുതന്നെയെന്നു
കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം
ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു-
മായ്വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കില്‍ നീ.
6 നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ-
റ്റെനിക്കു ദൈവമില്ല പൊന്‍വിളക്കിളയ്ക്കുമാഴിയേ!
മനം തുടങ്ങിയെണ്ണുമെണ്ണമൊക്കെ നെക്കിനക്കിടും
കനം കുറഞ്ഞ മേനിയേ! കനിഞ്ഞുവന്ന കന്നലേ!
7 നിലം നിലിമ്പരാറു പാമ്പെലുമ്പൊടമ്പിളിക്കല-
ത്തിലം വിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
ചിലങ്ക കണ്ടു ചഞ്ചലപ്പെടും മുഖം മലര്‍ന്ന പൂ-
ങ്കുലയ്ക്കു കുമ്പിടുംപടിക്കിനിക്കനിഞ്ഞു കൂറു നീ.
8 കനിഞ്ഞുമണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറ്റൊട-
ങ്ങണഞ്ഞു വിണ്ണിലന്നുമിന്നുമൊന്നിരുന്നു മിന്നിടും
മണം കലര്‍ന്ന മേനിയേതതിന്നു നീ മലര്‍ന്നിടും
മണിക്കു മാനമില്ല, മല്ലിടുന്നൊരല്ലുമില്ലിതില്‍.
9 ഇതില്‍ക്കിടന്നുകേണുവാണു നാള്‍കഴിഞ്ഞിടുന്നിനി-
ക്കിതില്‍പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം?
മതിക്കൊഴുന്നണിഞ്ഞിടുന്ന മന്നവാ! കനിഞ്ഞുമു-
ന്മതിക്കുടം കവിഞ്ഞു പായുമാറു ചൂടിയാടു നീ.
10 അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവും പറ-
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ!
എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ! നമോ നമഃ.