ശിവപ്രസാദപഞ്ചകം

 

1              ശിവ! ശങ്കര! ശര്‍വ! ശരണ്യ! വിഭോ!

                ഭവസങ്കടനാശന! പാഹി ശിവ!

                കവിസന്തതി സന്തതവും തൊഴുമെന്‍-

                ഭവനാടകമാടുമരുമ്പൊരുളേ!

 

2              പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-

                ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം

                കരളീന്നു കളഞ്ഞു കരുംകടലില്‍

                പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.

 

3              പിടിപെട്ടു പുരണ്ടുമറിഞ്ഞു പിണ-

                ക്കുടിയില്‍ക്കുടികൊണ്ടു ഗുണങ്ങളൊടും

                കുടികൊണ്ടു കുടിക്കുമരുംകുടിനീ-

                രടിതട്ടിയകത്തു നിറഞ്ഞിരി നീ.

 

4              ഗളമുണ്ടു കറുത്തതു നീ ഗരളം

                കളമുണ്ടതുകൊണ്ടു കൃപാനിധിയേ!

                കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്-

                ക്കളവുണ്ടൊരു സീമ നിനക്കു നഹി.

 

5              കനിവെന്നിലിരുത്തിയനങ്ഗരസ-

                ക്കനി തട്ടിയെറിഞ്ഞു കരം കഴുകി

                തനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും

                കനകക്കൊടിയേ! കഴലേകുക നീ.