ഷണ്‍മുഖദശകം
1 ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും-
ചില്ലിവല്ലിക്കൊടിക്കുള്‍-
മൗനപ്പൂന്തിങ്കളുള്ളൂടുരുകുമമൃതൊഴു-
ക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയും ഞെരുക്കെക്കലരുവതിനരുള്‍-
ത്തന്മയാം നിന്നടിത്താര്‍-
ത്തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട-
ക്കീടു മച്ചില്‍ക്കൊഴുന്തേ!
2 തൂമത്തിങ്കള്‍ക്കിടാവും തിരുമുടിയിടയില്‍
പാമ്പെലുമ്പുമ്പരാറും
ശ്രീമച്ചെമ്പന്‍ മുടിക്കല്‍ തിരുവൊളിചിതറി-
ച്ചിന്തുമന്തിച്ചുവപ്പും
നാമപ്പൊട്ടിട്ടിണങ്ങുംനെറുക ചെറുപിറ-
ക്കീറു കാര്‍വില്ലു വെല്ലു-
ന്നോമല്‍പ്പൂഞ്ചില്ലിവല്ലിക്കൊടിയുമടിയനുള്‍-
ക്കണ്‍മുനയ്ക്കെന്നു കാണാം?
3 ഓമല്‍ച്ചുണ്ടും ചിതുമ്പിച്ചെറുചിരി ചിതറും
തിങ്കളില്‍ പങ്കജപ്പൂ
താവിത്തൂകും കടാക്ഷത്തിരുമധുമധുരം
മാരി കോരിച്ചൊരിഞ്ഞും
കാമം മുന്‍പായ് മുളയ്ക്കും കളമുളകളറു-
ത്തുള്‍നിലത്തന്‍പു വിത്തി-
ട്ടീമദ്ഭക്തിപ്പൊടിപ്പിന്‍ പയിര്‍കതിര്‍വരുമാ-
റാകണേ താരകാരേ!
4 സ്വര്‍ണ്ണക്കണ്ണാടി കൂപ്പുംകവിളിണയൊളിവില്‍
കുണ്ഡലം കര്‍ണ്ണബിംബം
കണ്ണില്‍ക്കാണ്‍മാന്‍ കൊതിപ്പൈങ്കിളിയുടെ പവിഴ-
ച്ചുണ്ടു തോല്ക്കുന്ന മൂക്കും
വെണ്ണക്ഖണ്ഡത്തിനുള്ളാ വെളിയൊളികളയും
താടിയും തേടുമീയെ-
ന്നുണ്ണിപ്പൈന്തേന്‍കുഴമ്പേ! പിഴപൊറുകയിവന്‍
ചെയ്തതും ചെയ്വതും നീ.
5 ആലക്കാലക്കഴുത്തേലരവവുമതിലൂ-
ടാടിയോടുന്ന പൊന്നിന്‍-
നൂലില്‍ കോര്‍ത്തിട്ടു ചാര്‍ത്തിക്കിലുകിലയൊലികൊ-
ള്ളുന്ന വെള്ളച്ചിലമ്പും
വേലും ശൂലം വിളങ്ങും വരദവുമഭയം
ചെങ്കരത്താരിലേന്തി-
പ്പാലാലോലുംമടുത്തൂംപുതുമൊഴിയൊഴുകും
വായുമായ് വാ കളിപ്പാന്‍.
6 കൂറില്‍ കൂറുണ്ടു വെണ്ണീര്‍നറുമലര്‍കളഭ-
ക്കൂട്ടണിഞ്ഞുള്‍വിളങ്ങും-
മാറും മാറും മനത്തീയരിയ കൊടുമുടി-
ക്കാതലെന്‍ കല്ലുനെഞ്ചേ,
തേറും തേറും തിരിഞ്ഞീടകമലരൊളിവു-
ള്ളത്തിരുക്കോലമെന്നാല്‍
നീറും നീറും നിരപ്പേ നിരയനിരയുമ-
മ്പെയ്യുമയ്യമ്പവമ്പും.
7 തീരത്തീരത്തിരുത്തൂവരുവയറരുമ-
പ്പൊക്കിള്‍ പിന്‍ പൊന്നരഞ്ഞാണ്‍
താരില്‍ കോര്‍ത്തിട്ടു തങ്കത്തരി തിരളുമര-
ക്കിങ്ങിണിത്തൊങ്ങല്‍ തൂക്കി
നീരില്‍ത്താരമ്പരന്നക്കൊടിയടിമുടി നീ-
രാളി നീര്‍വാറുമൂടി-
ന്നേരം നേരന്നടിച്ചെന്‍ മുരുകയരികില്‍ വാ
മുത്തുവാന്‍ മൈലിലേറി.
8 ഊഴിത്തട്ടിന്നൊഴുക്കായിഴുകിന ജഘന-
ത്താഴികക്കെട്ടിനുള്‍പ്പൊന്‍-
വാഴത്തണ്ടും മണിത്തൂണഴകുമൊഴിയുമ-
ത്തൃത്തുടക്കാമ്പു രണ്ടും
താഴത്തൂറിത്തുളുമ്പും മടുമലര്‍ശരവീ-
രന്‍ മണിച്ചെപ്പു കൂപ്പും
താഴംപൂപ്പൊന്‍കണങ്കാല്‍ തിരുവടിയണിമു-
ട്ടും മറന്നീടുമോ ഞാന്‍?
9 മിന്നിച്ചിന്നുന്ന രത്നക്കുമിളകള്‍ നരിയാ-
ണിക്കു തൃക്കാഴ്ച വച്ചോ-
രുണ്ണിച്ചെന്താമരപ്പൂവടിയിലടിമവേ-
ലത്തിറം പെറ്റുകൊള്‍വാന്‍
തന്നില്‍ത്തങ്കച്ചിലമ്പിന്‍ ഝലഝലനിനദം-
കൊണ്ടെഴുന്നള്ളി വന്നെന്‍-
മുന്നില്‍ പൊന്നിന്‍കൊടീ! നിന്‍പുതുമകളടിയന്‍
കാണ്‍മതെന്നോമലുണ്ണീ?
10 പത്തിന്‍ പത്തിപ്പുതുപ്പൂവിതളൊടു പടത-
ല്ലും വിരല്‍ത്താരകങ്ങള്‍
പത്തും ചിത്തം തുളുമ്പിച്ചൊരിയുമരിയ നി-
ന്നന്‍പൊഴുക്കൂറിയോടി
സത്തും ചിത്തും കലര്‍ത്തിശ്ശരവണഭവ! നീ
ഞാനുമായിട്ടൊരുന്നാള്‍
മുത്തും മുത്തുണ്ടിരിപ്പാന്‍ കനകമയില്‍ കരേ-
റിക്കളിച്ചോടിവാ നീ!