ഷണ്‍മുഖസ്തോത്രം

 

1              അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെവിളങ്ങിടും

                തൃക്കിരീട ജടയ്ക്കിടയ്ക്കരവങ്ങളമ്പിളിതുമ്പയും

                ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും

                ഹൃത്ക്കുരുന്നിലെനിക്കുകാണണമെപ്പൊഴും ഗുഹ! പാഹിമാം.

 

2              ആറുവാര്‍മതിയോടെതിര്‍ത്തുജയിച്ചിടുംതിരുനെറ്റിമേ-

                ലാറിലുംമദനംപൊരിച്ച വലിപ്പമുള്ളൊരുകണ്‍കളും

                കൂറൊടും നിജഭക്തരക്ഷ വരുത്തുവാനിളകീടുമ-

                ക്കാര്‍തൊഴും പുരികങ്ങളുംമമകാണണം ഗുഹ! പാഹിമാം.

 

3              ഇന്ദുബിംബ വിഭാവസുക്കളിടംവലം നയനങ്ങളാ-

                മിന്ദുബിംബമുഖങ്ങളും തിരുനാസികാവലിയും തഥാ

                കര്‍ണ്ണകുണ്ഡലമണ്ഡലീകൃത ഗണ്ഡപാളിയുമെന്നുടേ

                കണ്ണിണയ്ക്കതിഥീഭവിയ്ക്കണമെപ്പൊഴും ഗുഹ! പാഹിമാം.

 

4              ഈശ, നിന്‍ പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്-

                കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും

                ഭാസുരാകൃതി കൈകളില്‍ തിരുവായുധങ്ങളൊടും മമ

                ക്ലേശനാശനസിദ്ധയേ വരികാശു ഷണ്‍മുഖ! പാഹിമാം.

 

5              ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതി സൗരഭം

                വെള്ളിമുത്തുപളുങ്കൊടൊത്തുകൊരുത്തുചാര്‍ത്തിയമാറിടം

                വള്ളിതന്‍മണവാള,നിന്നുദരാഭയും തിരുനാഭിയും

                ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ! പാഹിമാം.

 

6              ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ-

                രൂഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും

                രൂഢമായ് വിലസുന്നതൃത്തുട മുട്ടടുത്ത കണങ്കഴല്‍-

                പ്രൗഢിയും മമ കാണണംപരിചോടു ഷണ്‍മുഖ! പാഹിമാം.

 

7              ഋക്ഷവത്ക്കുതികൊള്ളുമെന്‍മനമിക്കണക്കു വരാതിനി

                രക്ഷചെയ്വതിനൊച്ചയുള്ള ചിലമ്പിടുംനരിയാണിയും

                പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠമമര്‍ന്നു വ-

                ന്നക്ഷിഗോചരമായ്വിളങ്ങണമെപ്പൊഴും ഗുഹ! പാഹിമാം

 

8              ഋൗണബന്ധമെനിക്കിനിക്കനവിങ്കലും കരുതേണ്ടമത്-

                പ്രാണനാഥ! ഭവത്പദപ്രപദത്തിലെത്തുകിലാമയം

                ക്ഷീണമായ് മരുവും സരോരുഹ ശോഭതേടിന പാദവും

                കാണണം പദവിക്രമങ്ങള്‍ നഖങ്ങളും ഗുഹ! പാഹിമാം.

 

9              ലുപ്തപിണ്ഡ പിതൃപ്രതിക്രിയചെയ്വതിന്നുമിതൊന്നിനും

                ക്ലിപ്തമില്ലയെനിക്കു താവക പാദസേവനമെന്നിയേ

                ലബ്ധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം-

                തൃപ്തിയും പദഭക്തിയും വരുമാശു ഷണ്‍മുഖ! പാഹിമാം.

 

10           ലൂതമുള്ളിലിരുന്ന നൂലു വലിച്ചുനൂത്തുകളിച്ചതും

                സാദരം തനതുള്ളിലാക്കി രമിച്ചിടുംപടി മായയാ

                ഭൂതഭൗതികമൊക്കെയും പതിവായെടുത്തുഭരിച്ചഴി-

                ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത ഷണ്‍മുഖ! പാഹിമാം.

 

11           എട്ടുചുറ്റൊടു മോക്ഷമാര്‍ഗ്ഗമടച്ചു മേവിന കുണ്ഡലി-

                ക്കെട്ടറുത്തുകിളര്‍ന്നു മണ്ഡലവുംപിളര്‍ന്നു ഭവത്പദം

                തുഷ്ടിയോടുപിടിപ്പതിന്നരുളുന്നതെന്നുഭവാബ്ധിയില്‍

                പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്‍മുഖ! പാഹിമാം.

 

12           ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ-

                ഭൂതലത്തിലുമെങ്ങുമില്ല കൃപാനിധേ കരുതേണമേ!

                'കാതിലോല'യിതെന്നുചിന്ത തുടര്‍ന്നിടും മയി സന്തതം

                ഭാതി യാവദനങ്ഗദാഹികടാക്ഷമഗ്നിജ! പാഹിമാം.

 

13           ഐശബീജമതിങ്കല്‍ നിന്നുളവായ നിന്തിരുമേനിയി-

                ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും

                നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കല്‍ നി-

                ന്നാശിഷാ ഗുരുനാഥനായ കണക്കു ഷണ്‍മുഖ! പാഹിമാം.

 

14           ഒന്നുപൊലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും

                തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞുതിങ്ങിവിളങ്ങിടും

                നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ

                നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ! പാഹിമാം.

 

15           ഓമിതി പ്രണവപ്രനഷ്ടകലിപ്രദോഷ മനസ്സില്‍ നി-

                ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ

                പൂമണം ബുധപൂജിതംപെരുമാറുമങ്ഘ്രിസരോരുഹേ

                നാമനം വിതനോമി നാശവിഹീന ഷണ്മുഖ! പാഹിമാം.

 

16           ഔഡുമണ്ഡലമധ്യവര്‍ത്തിയതാം ശശാങ്കനിഭന്‍ ഭവാന്‍

                കൈടഭാരിസരോരുഹാസന ദേവതാസു മഹാമതേ

                ഐഡഭാവമൊഴിക്കുമേതവ തൃച്ചിലമ്പൊലികേള്‍ക്കുവാ-

                നീഡയാമിഭവത്പദാംബുജമെപ്പൊഴും ഗുഹ! പാഹിമാം.

 

17           അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-

                രംബുരാശിയതായടങ്ങിയൊടുങ്ങിടുംപടിനിന്നില്‍ നി-

                ന്നംബ, പൊങ്ങിമറിഞ്ഞുയര്‍ന്നുമറഞ്ഞിടുന്നഖിലാണ്ഡവും

                അംബയാ സഹ വര്‍ത്തമാന വിജന്മഷണ്മുഖ! പാഹിമാം.

 

18           അല്ലിലും പകലും ഭവത്പദപല്ലവങ്ങളിലല്ലയോ

                ചൊല്ലിയിങ്ങനെ സൗമ്യമാം മുതലുള്ളടക്കിയിരിപ്പതും

                കൊല്ലുവാന്‍കൊലയാനപോലെയണഞ്ഞിടും മലമായയേ

                വെല്ലുവാനൊരു മന്ത്രമിങ്ങരുളീടു ഷണ്മുഖ! പാഹിമാം.

 

19           കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങുസ-

                ന്തുഷ്ടനായ് സുഖമോടു കണ്ടുരസിച്ചിരിക്കുക യോഗ്യമോ?

                ക്ലിഷ്ടതയ്ക്കൊരിടംകൊടുക്കണമെന്നുനിന്തിരുവുള്ളിലു-

                ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ! പാഹിമാം.