(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)
ശിവനെയും ദേവിയെയും പോലെതന്നെ ശ്രീനാരായണഗുരുദേവന് ഏറ്റവും പ്രിയപ്പെട്ട ദേവനായിരുന്നു സുബ്രഹ്മണ്യന്‍. സത്യാന്വേഷണഘട്ടത്തിന്‍റെ ആരംഭത്തില്‍ ബാലാസുബ്രഹ്മണ്യമന്ത്രം ഉരുക്കഴിച്ച് അദ്ദേഹം ഗുഹനെ സാക്ഷാത്കരിച്ചനുഗ്രഹം വാങ്ങിയിട്ടുള്ളതായും പറയപ്പെടുന്നു. തിരുവനന്തപുരത്തുനിന്നും കോവളത്തേക്ക് പോകുന്നവഴി കുന്നുമ്പാറയെന്നു പേരായ അതിമനോഹരമായ ഒരു കുന്നിന്‍പുറമുണ്ട്. അലയടിക്കുന്ന അറബിക്കടലിന് അഭിമുഖമായി നില്ക്കുന്ന ആ കുന്നില്‍ ഗുരുദേവന്‍ ഒരു സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ഏതു ഹൃദയത്തിനും സമാധിസുഖം പകര്‍ന്നുകൊടുക്കാന്‍ കഴിവുള്ളതാണീ ക്ഷേത്രപരിസരം. സുബ്രഹ്മണ്യദേവനെക്കുറിച്ച് മനോഹരങ്ങളായ പലസ്തോത്രങ്ങളും ഗുരുദേവന്‍ രചിച്ചിട്ടുണ്ട്. അവയില്‍ അതിവമനോഹരമായ ഒന്നാണ് ഗുഹാഷ്ടകം. ഗുഹനെ സ്തുതിച്ചുകൊണ്ടുള്ള എട്ടു മനോഹരപദ്യങ്ങളുള്‍പ്പെട്ടതാണീ സ്തോത്രം. ഇഷ്ടദേവനായ ഗുഹന്‍റെ മാഹാത്മ്യവര്‍ണ്ണനത്തോടൊപ്പം ദേവന്‍ ബ്രഹ്മപ്രതീകമാണെന്നു ഓരോ പദ്യവും വ്യക്തമാക്കിത്തരുന്നു. ബ്രഹ്മാനുഭവമെന്ന മോക്ഷമാണല്ലോ ഇഷ്ടദേവതോപാസനയുടെ പരമമായ ലക്ഷ്യം. ശിവനു പാര്‍വ്വതിയിലുണ്ടായ മകനാണ് സുബ്രഹ്മണ്യന്‍. അസുരന്മാരുമായി യുദ്ധം ചെയ്യാന്‍ തക്ക സേനാനായകനില്ലാതെ വിഷമിച്ച ദേവന്മാര്‍ ശിവനെ ഭജിച്ചതിന്‍റെ ഫലമായിട്ടാണ് സുബ്രഹ്മണ്യന്‍ ജനിച്ചത്. അങ്ങനെ അദ്ദേഹം ദേവസേനാധിപതിയായി അഭിഷേകം ചെയ്യപ്പെട്ടു. അസുരന്മാരില്‍ നിന്നും ദേവസേനയെ ഗുഹനം ചെയ്യുന്നവന്‍ ഗുഹന്‍ എന്നാണ് ഗുഹപദത്തിനര്‍ത്ഥം. ഗുഹനം ചെയ്യുക എന്നതിനു കാത്തുസൂക്ഷിക്കുക എന്നാണ് താല്പര്യം. ഒരു സാധകനായ സത്യാന്വേഷിയുടെ ഉള്ളില്‍ ആസുരവാസനകള്‍ക്കെതിരായി ദൈവവാസനകളെ കാത്തുസൂക്ഷിക്കുന്ന അഹംബോധത്തിന്‍റെ പ്രതീകമായും ഗുഹ നെ കണക്കാക്കാം. ഈ അഹംബോധം ശുദ്ധമാകുംതോറും അതു തന്നെയാണല്ലോ ക്രമേണ ബ്രഹ്മരൂപം കൈക്കൊള്ളുന്നത്.