തമിഴിലെ മഹാസിദ്ധന്മാരുടെ ജീവിതവും അവരുടെ കൃതികളുമായി ഗുരുദേവനു ഗാഢപരിചയമുണ്ടായിരുന്നു. അനുകമ്പാദശകത്തില്‍ ജ്ഞാനസംബന്ധര്‍, സുന്ദരഅപ്പര്‍ തുടങ്ങിയ മഹാസിദ്ധന്മാരെ അവരുടെ ജീവിതസംഭവങ്ങള്‍ എടുത്തികാട്ടി സൂചിപ്പിച്ചിട്ടുണ്ട്. 'തേവാരം' എന്നു പ്രസിദ്ധി നേടിയിട്ടുള്ള അവരുടെ കൃതികള്‍ക്കു തുല്യമായ കൃതികള്‍ ഗുരുദേവന്‍ തമിഴില്‍ത്തന്നെ രചിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും തമിഴിലെ സിദ്ധന്മാരും അവരുടെ കൃതികളുമായി ഗുരുദേവനുണ്ടായിരുന്ന പരിചയത്തിന്‍റെ പ്രത്യക്ഷ ദൃഷ്ടാന്തമാണു 'തിരുക്കുറള്‍ഭാഷ' , വള്ളുവരെപ്പോലെയുള്ള മഹാസിദ്ധന്‍റെ കൃതി തത്തുല്യനായ ഒരു മഹാസിദ്ധനില്‍കൂടി ഭാഷാന്തരം ചെയ്തു കിട്ടുന്നത് അപൂര്‍വ്വഭാഗ്യമാണ്. പക്ഷേ തിരുക്കുറളിനു ഗുരുദേവന്‍റെ ഭാഷാന്തരം ആദ്യത്തെ മൂന്നദ്ധ്യായങ്ങള്‍ക്കു മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നതു നിരാശയോടെ സ്മരിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഈ കൃതി ഗുരുദേവനെ അത്യന്തം ആകര്‍ഷിച്ചിരുന്നു എന്നത് സ്പഷ്ടമാണ്.


തമിഴില്‍ രചിക്കപ്പെട്ടിട്ടുള്ള ഒരു സുപ്രധാന തത്ത്വജ്ഞാന ഗ്രന്ഥമാണു 'തിരുക്കുറള്‍' . തിരുവള്ളുവര്‍ എന്ന മഹാസിദ്ധനാണ് ഇതിന്‍റെ കര്‍ത്താവ്. സൂത്രരൂപത്തില്‍ രചിച്ചിട്ടുള്ള പദ്യമാണ് 'കുറള്‍'. രണ്ടായിരം കൊല്ലത്തോളം ഈ കൃതിക്കു പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ചതുര്‍വേദസാരമുള്‍ക്കൊള്ളുന്ന തമിഴ് വേദമാണു തിരുക്കുറള്‍ എന്നാണു പ്രസിദ്ധി. വള്ളുവരുടെ അച്ഛന്‍റെ പേര് 'ഭഗവന്‍' എന്നും അമ്മയുടെ പേര് 'ആദി' എന്നും ആയിരുന്നു. 'ആദി' ഒരു പറച്ചിയായിരുന്നു എന്നും ഐതിഹ്യമുണ്ട്. ഭഗവന്‍റെ അമ്മ ഒരു പുലച്ചിയും. സാക്ഷാദ് വേദസാരം തന്നെയാണു സരസ്വതീദേവി വള്ളുവര്‍ നാവില്‍ മൊഴിഞ്ഞതെന്നു ഗുരുദേവന്‍ തന്നെ ഈ കൃതിയെ പ്രശംസിച്ചു 'ശിവശതകം' രണ്ടാംശ്ലോകത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ കൃതി വായിച്ചുപഠിക്കുന്നവര്‍ക്കു ചിത്തശുദ്ധിയും സത്യബോധവും വളര്‍ന്നുവരാന്‍ ഇടയാകും.