ഗുരുദേവന്‍ ഈശാവാസ്യോപനിഷത്തിന്‍റെ ഭാഷാന്തരം എന്നെവിടെവെച്ചു പൂര്‍ത്തിയാക്കി എന്നു കൃത്യമായി അറിഞ്ഞുകൂടാ. എന്തായാലും ഉപനിഷത്തുകളില്‍ ഗുരുദേവനുണ്ടായിരുന്ന അവഗാഹം ഇതു സ്പഷ്ടമായി തെളിയിക്കുന്നു. ഉപനിഷദുക്തി രഹസ്യമറിഞ്ഞ ഗുരുദേവന്‍റെ ഭാഷാമന്ത്രങ്ങള്‍ മൂലമന്ത്രങ്ങളുടെ ദിവ്യത്വം ഒട്ടും ചോര്‍ന്നുപോകാതെ ആവഹിക്കുന്നുണ്ട്. ഈ ഭാഷാന്തരം  ഉപനിഷത്പഠനത്തില്‍ സംസ്കൃതാനഭിജ്ഞന്മാരായ കേരളീയര്‍ക്ക് ഒരനുഗ്രഹം തന്നെയാണ്.


പതിനെട്ടു മന്ത്രങ്ങള്‍ അടങ്ങുന്ന ഒരു കൊച്ചുപനിഷത്താണ് ഈശാവാസ്യം. ഗുരുദേവന്‍ ഇരുപത്തിരണ്ടു മന്ത്രങ്ങള്‍ കൊണ്ടു തര്‍ജ്ജമ പൂര്‍ത്തിയാക്കിയിരിക്കുന്നു. ചെറിയ ഉപനിഷത്താണെങ്കിലും സത്യസ്വവരൂപവും അതുകണ്ടെത്താനുള്ള ഉപായങ്ങളും സുവ്യക്തമായി വെളിപ്പെടുത്തുന്ന ഒന്നാണ് ഈശാവാസ്യം. വേണ്ടവണ്ണം മനനം ചെയ്തറിയുമെങ്കില്‍ ഈ ഒറ്റ ഉപനിഷത്തിന്‍റെ പഠനംകൊണ്ടുതന്നെ ഒരാള്‍ക്കു സത്യാനുഭവം നേടാവുന്നതാണ്. ഭാഷാമന്ത്രങ്ങള്‍ ഹൃദിസ്ഥമാക്കി ദിവസേന ഉരുവിടുന്നവര്‍ ഭൗതികവും ആദ്ധ്യാത്മികവുമായ സുഖജീവിതം നേടി ധന്യരാകുന്നതാണ്.