ഇത് എന്നെവിടെവെച്ചു രചിച്ചു എന്നറിയാന്‍ വ്യക്തമായ തെളിവുകളില്ല. ബ്രഹ്മജിജ്ഞാസുക്കളായ തന്‍റെ ശിഷ്യന്മാരെ ഉദ്ദേശിച്ചാണിതു രചിച്ചിട്ടുള്ളത്. ശിവഗിരിയില്‍ ഒരു ബ്രഹ്മവിദ്യാലയം വേണമെന്നും അവിടെ കുട്ടികളെച്ചേര്‍ത്തു  ബ്രഹ്മവിദ്യ  പഠിപ്പിക്കണമെന്നും ഗുരുദേവന്‍ ഗാഢമായി ആഗ്രഹിച്ചിരുന്നു.  ബ്രഹ്മവിദ്യാപഞ്ചകം രചിക്കുമ്പോള്‍ അദ്ദേഹം ബ്രഹ്മവിദ്യാലയത്തിലെ കുട്ടികളെ മുന്നില്‍ കണ്ടിരുന്നിരിക്കണം.  ബ്രഹ്മജിജ്ഞാസുക്കള്‍ക്കാകമാനം ഒരനുഗ്രഹമാണീകൃതി. ബ്രഹ്മവിദ്യ  പ്രതിപാദിക്കുന്ന അഞ്ചുപദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതുകൊണ്ട് ബ്രഹ്മവിദ്യാപഞ്ചകം എന്ന പേരും നല്കപ്പെട്ടിരിക്കുന്നു.
 
ഉപനിഷദ്വിദ്യയാണു ബ്രഹ്മവിദ്യ. പ്രപഞ്ചത്തിനേകാശ്രയമായ സത്യത്തെ അതായതു ബ്രഹ്മത്തെ നേരിട്ടു കാട്ടിത്തരുന്ന വിദ്യയാണ് ബ്രഹ്മവിദ്യ. ഉപനിഷത് കലശാബ്ധി കടഞ്ഞെടുത്ത ബ്രഹ്മവിദ്യയാകുന്ന അമൃതിനെ അഞ്ചു വിശിഷ്ട പദ്യങ്ങളാകുന്ന രത്നകുംഭങ്ങളില്‍ നിറച്ച് അനുഗ്രഹാശിസ്സുകളോടെ മനുഷ്യവര്‍ഗ്ഗത്തിനു സംഭാവന ചെയ്തിരിക്കുന്നതാണ് ഗുരുദേവന്‍റെ ഈ കൃതി. ഇതു വായിച്ചു മനനം ചെയ്യുന്നവര്‍ അചിരേണ സുകൃതികളായിത്തീര്‍ന്നു. സത്യാനുഭവമുള്ളവരായി ഭവിക്കുമെന്നുള്ളതു നിര്‍വിവാദമാണ്.