(1916 ല്‍ ആലുവായിലെ സംസ്കൃത സ്കൂള്‍ സ്ഥാപനകാലത്ത് രചിക്കപ്പെട്ടത്)

 

ഗുരുദേവന്‍ 1916 -ലാണ് ദര്‍ശനമാല രചിച്ചതെന്നു കരുതപ്പെടുന്നു. എന്തായാലും വേദാന്തകൃതികളില്‍ ദര്‍ശനമാല ഒടുവിലത്തേതായിരിക്കാനാണിട. ഈ കൃതി രചിക്കുമ്പോള്‍ താന്‍ വിഭാവന ചെയ്തിരുന്ന ബ്രഹ്മവിദ്യാലയവും അതിലെ വിദ്യാര്‍ത്ഥികളും ഗുരുദേവന്‍റെ മുന്‍പില്‍ ഉണ്ടായിരുന്നിരിക്കണം. അതുപോലെ സത്യജിജ്ഞാസുകള്‍ക്കു വിഷയവിഭജനത്തോടുകൂടിയ ഒരു പൂര്‍ണ്ണ പ്രകരണഗ്രന്ഥം അനുഗ്രഹിച്ചരുളണമെന്ന് തീരുമാനിച്ചിരിക്കണം. ഇതുപോലെ വിഷയവിഭജനം ചെയ്തു വേദാന്തശാസ്ത്രം സമഗ്രമായി ക്രമപ്പെടുത്തി പ്രതിപാദിക്കുന്ന മറ്റൊരു കൃതി സംസ്കൃതത്തിലോ മലയാളത്തിലോ ഇല്ലെന്നുതന്നെ പറയണം. ശാസ്ത്രപാണ്ഡിത്യത്തിലും അനുഭൂതിയിലും രചയിതാവിന്‍റെ പൂര്‍ണ്ണത വെളിപ്പെടുത്തുന്ന കൃതിയാണിത്.
 
വേദാന്തശാസ്ത്രത്തെ മുഴുവന്‍ പത്തു ദര്‍ശനങ്ങളായി വിഭജിച്ചു ക്രമപ്പെടുത്തി പ്രതിപാദിച്ചിരിക്കുന്നതുകൊണ്ടാണ് കൃതിക്ക് ദര്‍ശനമാല എന്നു പേരിട്ടിരിക്കുന്നത്. ഒന്നുമുതല്‍ ഏഴുവരെയുള്ള ദര്‍ശനങ്ങളില്‍ സിദ്ധാന്ത അംശങ്ങള്‍ക്കാണ് പ്രാധാന്യം. എട്ടും ഒന്‍പതും ദര്‍ശനങ്ങള്‍ സാധനാപരങ്ങളാണ്. പത്താം ദര്‍ശനം അനുഭവദാര്‍ഢ്യത്തിന്‍റെ തോതനുസരിച്ചു സിദ്ധന്മാരെ വകതിരിച്ചു കാണിച്ചിരിക്കുന്നു. 'അനുഷ്ടുപ് വൃത്തത്തിലുള്ള പത്തുശ്ലോകങ്ങള്‍ അടങ്ങുന്നതാണ് ഒരു ദര്‍ശനം. 10 കൊച്ചുശ്ലോകങ്ങളിലായി ഓരോ ദര്‍ശനത്തിന്‍റെയും പ്രതിപാദനം സമഗ്രമായി ഒതുക്കി നിര്‍ത്തിയിരിക്കുന്ന കൈവിരുത് അസാധാരണം തന്നെ. വിഷയപ്രതിപാദനത്തിലെ ക്രമവും വ്യക്തതയും ഓരോ ദര്‍ശനത്തിന്‍റെയും സമ്പൂര്‍ണ്ണ ചിത്രം ജിജ്ഞാസുവിനു പ്രദാനം ചെയ്യുന്നു. ഇതാവര്‍ത്തിച്ചു വായിച്ചു മനനം ചെയ്യുന്ന ഒരാള്‍ക്കു വേദാന്തശാസ്ത്രത്തിലെ സംശയങ്ങളെല്ലാം നീങ്ങി അചിരേണ ജീവിതം ധന്യമാകുന്നതാണ്