(1914 ല്‍ രചിക്കപ്പെട്ടത്)

 

ഇത് ശിവഗിരിയില്‍ വച്ച് കുട്ടികള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലാനായി ഗുരുദേവന്‍ എഴുതിക്കൊടുത്തു എന്നാണ് പ്രസിദ്ധി. ഒരിക്കല്‍ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ ശിവഗിരിയില്‍ വന്നു ഗുരുദേവനെ സന്ദര്‍ശിക്കുകയുണ്ടായി.  അന്ന് ശിവഗിരിയിലെ ചില ഹരിജനബാലന്മാര്‍ ഭക്തിനിര്‍ഭരമായി ഈ കൃതി ആലപിക്കുന്നതദ്ദേഹം കേട്ടു. ഇതാര് രചിച്ചത് എന്ന ചോദ്യത്തിന് നാം കുട്ടികള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി എഴുതിക്കൊടുത്തതാണ് എന്ന് ഗുരുദേവന്‍ മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ട്. ഈ സന്ദര്‍ശനവും സംഭാഷണവും എന്നായിരുന്നു എന്ന് വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിഞ്ഞിട്ടില്ല.


ദൈവത്തെ പാടിപ്പുകഴ്ത്തുന്ന പത്ത് പദ്യങ്ങളടങ്ങുന്ന കൃതിയാണ് ദൈവദശകം. ഏതു മതത്തില്‍പ്പെട്ട ആര്‍ക്കും അവനവന്‍റെ ദൈവത്തെ  ഇതിലൂടെ വാഴ്ത്തി സ്തുതിക്കാം.  ബാലനും വൃദ്ധനും ജ്ഞാനിക്കും അജ്ഞാനിക്കും ഈ കൃതി ഒരുപോലെ ഭക്തിരസം പകരുന്നു. ഒരു സത്യാന്വേഷിക്ക് മുന്നോട്ടു പോകുന്തോറും ഈ കൃതിയില്‍ സത്യമാകുന്ന ആഴിയുടെ ആഴവും പരപ്പും കൂടുതല്‍ കൂടുതല്‍ മറമാറ്റി തെളിയുന്നതായി അനുഭവപ്പെടും. അദ്വൈതസത്യമാകുന്ന ഉജ്ജ്വലരത്ന ത്തെ ഒരു കൊച്ചുചിമിഴിലാക്കി ലോകത്തിനു നല്കി അനുഗ്രഹിച്ചിരിക്കുകയാണ് കരുണാനിധിയായ ഗുരുവര്യന്‍. തുറന്നുനോക്കുമ്പോഴാണ് കണ്ണഞ്ചി മിഴിച്ചുപോകുന്നത്. ഈ കൃതിയെ ചിന്തകന്മാര്‍ ഒരുപനിഷത്തായിട്ടാണ് കണക്കാക്കുന്നത്. ഈ കൃതിയുടെ പഠനം ഒന്നുകൊണ്ടു തന്നെ ഒരാള്‍ക്കു പരമസത്യം കണ്ടെത്താം. എല്ലാ ഭവനങ്ങളിലും എല്ലാ വിദ്യാലയങ്ങളിലും ഇതൊരു പ്രാര്‍ത്ഥനാഗാനമായി അംഗീകരിക്കപ്പെട്ടെങ്കില്‍.