(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)
ഈ കൃതി എവിടെ വെച്ച് രചിച്ചു എന്ന് വ്യക്തമായി അറിഞ്ഞുകൂടാ. പരമാദ്വൈതിയായ ഗുരുദേവന്‍റെ അദ്വൈതാനുഭവത്തിന്‍റെ ഗാംഭീ ര്യം വെളിപ്പെടുത്തിത്തരുന്ന ഒന്നാണ് ഈ കൃതി. പതിനഞ്ചു ചെറുപദ്യങ്ങളാണിതിലുള്ളത്. ചെറുഭാഷാപദ്യങ്ങളാണെങ്കിലും അവയുടെ താല്പര്യം ഗ്രഹിക്കുക സാധാരണക്കാര്‍ക്കെളുപ്പമല്ല. അദ്വൈതവേദാന്തശാസ്ത്രം പഠിച്ചനുഭവപ്പെടുത്താന്‍ യത്നിച്ചിട്ടില്ലാത്തവര്‍ക്ക് ഈ കൃതി അതീവ ദുര്‍ഗ്രഹമാണ്. ശാസ്ത്രം ഗ്രഹിച്ച് അനുഭവത്തിനു യത്നിച്ചിട്ടുള്ളവര്‍ക്ക് അത്യന്തം സുഗ്രഹവും.
പതിനഞ്ച് ചെറുഭാഷാപദ്യങ്ങളടങ്ങിയ അദ്വൈതവേദാന്ത കൃതിയാണ് 'അറിവ്'. അദ്വൈതിയുടെ ഗൂഢാനുഭവരസം ഇതിലെ ഓരോ പദ്യത്തിലും ഊറിനില്ക്കുന്നു. 'അറിവ്' എന്നതിനു 'ബോധം' എന്നാണര്‍ത്ഥം. ബോധം എന്ന അദ്വൈതവസ്തു മാത്രമാണു പ്രപഞ്ചത്തില്‍ സത്യമായിട്ടുള്ളത് എന്നാണിതിലെ പ്രതിപാദ്യം. അദ്വൈതബോധത്തില്‍ പ്രപഞ്ചഭ്രമത്തിന്‍റെ സാംഗത്യം അനുഭൂതിയിലെ ഗൂഢരഹസ്യങ്ങള്‍ എന്നിവ ഈ കൃതി വായിച്ചു മനനം ചെയ്യുന്ന സത്യാന്വേഷികള്‍ക്ക് തെളിഞ്ഞുകിട്ടുന്നതാണ്.