(1897 ല്‍ അരുവിപ്പുറത്ത് വച്ച് രചിക്കപ്പെട്ടത്.
വൃത്തം: മൃഗേന്ദ്രമുഖം)
ഗുരുദേവന്‍ ആത്മാനുഭവം നേടിയിട്ട് അരുവിപ്പുറത്ത് വിശ്രമിച്ചിരുന്ന കാലത്താണീ കൃതി രചിച്ചത്. അന്നുകൂടെയുണ്ടായിരുന്നവര്‍ ഇതു പകര്‍ത്തിയെടുത്തു പ്രചരിപ്പിച്ചിരുന്നു. കുറേക്കാലം കൊണ്ടു പലരുടെയും പകര്‍പ്പില്‍ നിന്നും ഭിന്നങ്ങളായ പാഠഭേദങ്ങള്‍ പല പദ്യങ്ങളിലും കടന്നുപോയി. അനന്തരം മിക്കവാറും പദ്യങ്ങള്‍ ക്രമപ്പെടുത്തി 'വിവേകോദയ' ത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് 1917 മാര്‍ച്ചില്‍ ആലുവാ അദ്വൈതതാശ്രമത്തില്‍ നിന്നും ശ്രീനാരായണ ചൈതന്യസ്വാമികള്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. വിവേകോദയത്തില്‍ വന്ന പദ്യങ്ങള്‍ ഗുരുദേവനെ ചൊല്ലിക്കേള്‍പ്പിച്ചുവെന്നും പല പദ്യങ്ങളും തിരുത്തിപ്പറഞ്ഞുകൊടുത്തു എന്നുമാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ കാണുന്നത്. അതുനിമിത്തമാണ് പുതുതായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനിടയായതെന്നും അദ്ദേഹം പ്രസ്താവിച്ചുകാണുന്നു. എന്തായാലും ഗുരുദേവന്‍റെ വേദാന്തകൃതികള്‍ നടുനായകസ്ഥാനം ഈ കൃതിക്കാണെന്നതില്‍ പക്ഷാന്തരമില്ല.
'ആത്മോപദേശശതകം' ആഴമറ്റ അനുഭവത്തില്‍ പരീക്ഷിച്ചു ബോദ്ധ്യപ്പെട്ട് ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ട വേദാന്തിസിദ്ധാന്തങ്ങളുടെ നൂറുജ്ജ്വലരത്നങ്ങള്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ഒരു ദിവ്യപേടകമാണ്. ആ പേടകം തുറന്നൊന്നു നോക്കാനാരംഭിക്കുമ്പോള്‍ തന്നെ വിശ്വാതീതമായ അനന്തസത്തയുടെ അനുഭൂതി പകര്‍ന്നുതരുന്ന പ്രകാശധാരയില്‍ കണ്ണുമഞ്ചി നാമല്പം നിന്നുപോകാനിടവരുന്നു.