(1914 ല്‍ ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച് രചിക്കപ്പെട്ടത്)

 

ഗുരുദേവന്‍റെ ജാതിനിഷേധമെന്ന മഹത്തായ സന്ദേശത്തിന്‍റെ ശാസ്ത്രീയ പശ്ചാത്തലം വ്യക്തമായി വിശദീകരിക്കുന്ന ഒരു കൃതിയാണ് ജാതിലക്ഷണം.  പത്തു പദ്യങ്ങളാണിതിലുള്ളത്.  ജീവജാലങ്ങളെ വര്‍ഗ്ഗങ്ങളാക്കിത്തിരിക്കാന്‍ ജഗദീശ്വരന്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയാമകഘടകങ്ങളെ ഇതില്‍ അതിനിപുണമായി വേര്‍തിരിച്ചു കാണിച്ചിരിക്കുന്നു. ഈ ഈശ്വരനിയമത്തെ അതിലംഘിച്ചു കൃത്രിമമായ ജാതികല്പനയില്‍ ഏര്‍പ്പെടുന്നവര്‍ കണ്ണും നിനവുമില്ലാത്ത മൂഢന്മാരാണെന്നാണ് ഇതിലെ പ്രഖ്യാപനം. അവര്‍ ഈശ്വരനില്‍ നിന്നും അകന്ന് ഇരുട്ടിലേക്ക് പതിക്കാനിടവരും. കൃത്രിമജാതിസങ്കല്പങ്ങള്‍ കൈവെടിയുന്ന ഒരാള്‍ക്കു മാത്രമേ സത്യം തെളിയൂ എന്നു വ്യക്തമാക്കിയിരിക്കുന്നു. ഈ കൃതി വായിച്ച് മനനം ചെയ്യുന്ന ഒരാള്‍ കൃത്രിമത്വം പോയി സദാ സത്യത്തോടടുക്കാന്‍ ഇടയാകുന്നു.