വാസുദേവാഷ്ടകം, വിഷ്ണ്വഷ്ടകം എന്ന രണ്ടു സ്തോത്രങ്ങളെ വിഷ്ണുസ്തുതികളായി ഗുരുദേവന്‍ രചിച്ചിട്ടുള്ളൂ. ഒരു പഴയ പതിപ്പി ല്‍ ഈ കൃതികളുടെ അടിയില്‍ 'ഇതിബാലരാമാന്തേവാസിനാ നാരാ യണേന വിരചിതം' എന്നു ചേര്‍ത്തു കാണുന്നു. അതുകൊണ്ട് ഇവ രണ്ടും വാരണപ്പള്ളിയില്‍ പഠിച്ചു കഴിഞ്ഞ കാലത്ത് 1877- നോടടുപ്പിച്ചു രചിച്ചതാണെന്നു കരുതപ്പെടുന്നു. അക്കാലത്തു ഗുരുദേവന്‍ കൃ ഷ്ണനെ ഉപാസിച്ചിരുന്നതായും കൃഷ്ണരൂപം പ്രത്യക്ഷമായി കണ്ടിരുന്നതായും പറയപ്പെടുന്നു. എന്തായാലും പരമാദ്വൈതിയായിരുന്ന ഗുരുദേവന്‍ ശൈവനോ ശാക്തനോ ആയി വേര്‍തിരിയുന്നില്ലെന്നു ഈ കൃതികള്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു.
ഇഷ്ടദേവന്മാരെല്ലാം ബ്രഹ്മദര്‍ശനത്തിനുള്ള താല്ക്കാലിക മാദ്ധ്യമങ്ങള്‍ മാത്രമാണെന്ന് ഒരദ്വൈതി നല്ലവണ്ണം അറിയുന്നു. ലോകം മുഴുവന്‍ ആരില്‍ വസിക്കുന്നുവോ അഥവാ ലോകത്തില്‍ മുഴുവന്‍ ആരു വസിക്കുന്നുവോ ആ ദേവനാണു വാസുദേവന്‍. സര്‍വത്ര വ്യാപിച്ചു നില്ക്കുന്ന ദേവനാണു വിഷ്ണു. ഈ അര്‍ത്ഥവ്യാപ്തി കൊണ്ടുതന്നെ വാസുദേവപദവും വിഷ്ണുപദവും ബ്രഹ്മപര്യായമാണെന്നു വ്യക്തമാണല്ലോ. ഇനിയും വസുദേവപുത്രനും ഗീതോപദേഷ്ടാവുമായ കൃഷ്ണനാണു വാസുദേവന്‍ എന്നും കരുതാം. ആ നിലയില്‍ കൃഷ്ണനെ ഇഷ്ടദേവനായംഗീകരിച്ചുപാസിക്കുന്നവര്‍ക്കും ഈ സ്തോത്രങ്ങള്‍ അതീവ ആനന്ദം പ്രദാനം ചെയ്യും.