(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)

ദേഹബന്ധമാണു സംസാരബന്ധം. എങ്കിലും എല്ലാ ദേഹങ്ങളിലും ജീവാത്മരൂപത്തില്‍ ബ്രഹ്മം കുടികൊള്ളുന്നു.  ദേഹങ്ങളെല്ലാം ബ്രഹ്മമിരിക്കുന്ന പുരങ്ങളാണ്. ഈ പുരങ്ങളില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവനായതുകൊണ്ടാണ് ബ്രഹ്മത്തിനു പുരുഷന്‍ എന്ന പേരുണ്ടായത്. പക്ഷെ എല്ലാ  പുരങ്ങള്‍ക്കും അവയിലിരിക്കുന്ന പുരുഷനെ വ്യക്തമായി കാട്ടിത്തരാനുള്ള കഴിവില്ല. മനുഷ്യശരീരത്തിനുമാത്രം സൃഷ്ടികര്‍ത്താവ് ആ കഴിവു പ്രത്യേകമായി നല്കി.  ഭാഗവതം പറയുന്നത് പലതരം പുരങ്ങള്‍ നിര്‍മ്മിച്ചിട്ടും ബ്രഹ്മാവിനു തൃപ്തി വന്നില്ലെന്നാണ്. ഒടുവില്‍ ബ്രഹ്മദര്‍ശനസമര്‍ഥമായ മനുഷ്യദേഹം സൃഷ്ടിച്ച് അദ്ദേഹം സ്വയം സന്തുഷ്ടനായി. ഇത്ര വിലപ്പെട്ട ഈ മനുഷ്യദേഹം അത്ഭുതകരമാംവണ്ണം സൃഷ്ടിച്ച് കാത്തുസൂക്ഷിച്ചു സംഭാവന ചെയ്ത ആ ജഗദീശ്വരനോടു ജീവന്‍ നന്ദി പ്രകടിപ്പിക്കുന്നതാണ് 'പിണ്ഡനന്ദി' എന്ന ഗുരുദേവകൃതിയിലെ പ്രതിപാദ്യവിഷയം. നന്ദി പ്രകടമാക്കുന്നതോടൊപ്പം ഇതില്‍ മോഹിച്ചുപോകാതെ  ഈ ശരീരലാഭത്തിന്‍റെ പരമലക്ഷ്യമായ ആത്മദര്‍ശനത്തിനു സഹായിക്കണേ എന്നു ജീവന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ശരീരരഹസ്യവും അതുകൊണ്ടു നേടേണ്ട അനുഭവരഹസ്യവും മനോഹരമായി  വിവരിക്കുന്ന ഒന്‍പത് പദ്യങ്ങളുള്‍പ്പെട്ട ഒരു കൊച്ചുകൃതിയാണ് 'പിണ്ഡനന്ദി'. ശരീരമാണ് പിണ്ഡം. പി ണ്ഡം കാത്തുസൂക്ഷിക്കുന്നതില്‍ ഭഗവാനോടുള്ള നന്ദി വെളിപ്പെടുത്തുന്ന കൃതിയായതുകൊണ്ട് ഇതിനു 'പിണ്ഡനന്ദി' എന്നു പേര്‍ നല്കപ്പെട്ടിരിക്കുന്നു.