(കൊ.വ. 1070 ല്‍ രചിക്കപ്പെട്ടതെന്നു കരുതുന്നു)
ഈ കൃതിയുടെ രണ്ടാംപതിപ്പ് 1928 - ല്‍ ശ്രീ. കരുവാ കൃഷ്ണനാശാന്‍ പ്രസിദ്ധപ്പെടുത്തി. അറുപത് പദ്യങ്ങളാണിതിലുള്ളത്. അനുഭൂതിദശകം, പ്രപഞ്ചശുദ്ധിദശകം, പരമശിവചിന്താദശകം' എന്ന പേരുകളില്‍ പത്തു പദ്യം വീതം വേര്‍തിരിച്ചാണ് ആദ്യത്തെ മുപ്പത് പദ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശേഷിച്ച മുപ്പതു പദ്യം 'വിഭുദര്‍ശനം' എന്ന പേരിലും. വിഭുദര്‍ശനത്തിന്‍റെ പത്തുപദ്യം കഴിഞ്ഞ് 'ഇവിടെ മുതല്‍ മുപ്പത് പദ്യം കാണ്മാനില്ല' എന്ന കുറിപ്പും കാണാനുണ്ട്. കൃതിക്കാകെക്കൂടി 'സ്വാനുഭവഗീതി' എന്ന പേരാണ് നല്കപ്പെട്ടിരിക്കുന്നത്. അതിന്‍റെ മുഖവുരയില്‍ ഇങ്ങനെ കാണുന്നു. ഈ സ്തോത്രം ആയിരത്തി എഴുപതാമാണ്ടിടയ്ക്ക് ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളാല്‍ രചിക്കപ്പെട്ടിട്ടുള്ളതാണ്. ഈ കൃതി തൃപ്പാദങ്ങള്‍ പറഞ്ഞുതന്നു.... ഞാന്‍ തന്നെ എഴുതിയെടുത്തു സൂക്ഷിച്ചിരുന്നതാകുന്നു..... നശിച്ചുപോയ ഭാഗം പറഞ്ഞുതരണമെന്നു തൃപ്പാദങ്ങളോടു പലകുറി ഞാന്‍ അപേക്ഷിച്ചതില്‍ 'അതിന്‍റെ കര്‍ത്താവ് ഇന്നില്ല, ഇനി ഇതില്‍ (ഈ ശരീരത്തില്‍) വരുമെന്നു തോന്നുന്നുമില്ല, വേറൊരാള്‍ എഴുതിയാല്‍ ഇതിനോടു യോജിക്കയുമില്ല' എന്നു പറഞ്ഞ് എന്നെ സമാധാനപ്പെടു ത്തുകയാണു ചെയ്തത്.