ശിവസ്തവമായിട്ടാണിതു രചിക്കപ്പെട്ടിരിക്കുന്നത്. കൊല്ലത്തുനിന്നും ശ്രീ. ആര്‍. രാമനുണ്ണിത്താന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സ്തുതികുസുമാഞ്ജലി എന്ന മാസികയുടെ 1086-കര്‍ക്കടകത്തിലെ ഒന്നാംവാല്യം മൂന്നാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന കുറിപ്പോടുകൂടി ശ്രീ. പുതുപ്പള്ളി രാഘവന്‍ ഗുരുകുലം മാസികയില്‍ (1975 ജനുവരി, ഫെബ്രുവരി ലക്കം) ചേര്‍ത്തിരുന്ന ഒരു ഗുരുദേവകൃതിയാണ് ഈ ശിവസ്തവം. ഇതുവായിച്ചു മനനം ചെയ്യുന്നവര്‍ക്ക് ഇന്ദ്രിയജയവും സത്യബോധവും അചിരേണ സംജാതമാകും.
അന്താദിപ്രാസമുള്ള പത്തുശ്ലോകങ്ങളുള്‍പ്പെട്ട ഒരു ശിവസ്തുതിയാണിത്. അതുകൊണ്ടും പ്രപഞ്ചത്തിന്‍റെ അന്തവും ആദിയുമായി നി ല്ക്കുന്ന സത്യത്തെ വിവരിക്കുന്നതുകൊണ്ടും ഈ കൃതിക്ക് അന്താദി എന്നും പേരുണ്ട്. ഗുരുദേവന്‍റെ വേദാന്ത തത്ത്വപ്രതിപാദകങ്ങളായ ശിവസ്തുതികളില്‍ പ്രാമുഖ്യമര്‍ഹിക്കുന്ന ഒന്നാണ് പ്രപഞ്ചസൃഷ്ടി. കൃതിയുടെ ഈ പേരുതന്നെ ഇഷ്ടദേവതാവര്‍ണ്ണനയെക്കാള്‍ തത്ത്വപ്രതിപാദനമാണിതില്‍ കൂടുതലെന്നു സ്പഷ്ടമാക്കുന്നുണ്ടല്ലോ.