(1887 ല്‍ രചിക്കപ്പെട്ടത്)

 

ഈ കൃതി 1887 ല്‍ രചിച്ചതായി ചിലര്‍ കരുതുന്നു. സത്യാന്വേഷണത്തില്‍ ഇന്ദ്രിയജയം സുപ്രധാനമായ ഒരു സാധനാഘട്ടമാണ്. ഗുരുദേവന് യുവാവായിരുന്നപ്പോള്‍തന്നെ ഇതു ഒട്ടേറെ നേടാന്‍ കഴിഞ്ഞു. അതുകൊണ്ടാണല്ലോ ചെറുപ്പത്തില്‍ത്തന്നെ ധീരമായി ഗാര്‍ഹികബന്ധങ്ങള്‍ വച്ചൊഴിഞ്ഞുപോകാന്‍ കഴിഞ്ഞത്. പൂര്‍ണ്ണമായ ഇന്ദ്രിയജയവും സത്യാനുഭവവും നേടാനാണ് മരുത്വാമല തുടങ്ങിയ ഇടങ്ങളില്‍ തപസ്സും തുടര്‍ന്ന് അവധൂതവൃത്തിയും അനുഷ്ഠിച്ചത്. സത്യാന്വേഷികള്‍ക്ക് ഇന്ദ്രിയജയത്തിന്‍റെ പ്രാധാന്യവും സ്വരൂപവും വ്യക്തമായി വെളിപ്പെടുത്തിക്കൊടുക്കുന്ന ഒന്നാണ് പ്രസ്തുത കൃതി.
 
ഇന്ദ്രിയജയം, മനോജയം എന്നിവയാണ് സത്യാന്വേഷണത്തിലെ  രണ്ടു മുഖ്യഘടകങ്ങള്‍. ഒരു സാധകന്‍ ഇവ രണ്ടും ഒരേ ഘട്ടത്തില്‍ ശീലിച്ചു വശത്താക്കേണ്ടതാണ്. ഇന്ദ്രിയജയമാണ് ദമം. മനോജയമാണ് ശമം. ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും ചേര്‍ന്നു പത്തിന്ദ്രിയങ്ങളാണു ജയിക്കപ്പെടേണ്ടത്. ഇവ അതാതിന്‍റെ വിഷയാനുഭവങ്ങള്‍ക്കു പ്രേരിപ്പിച്ചു മനസ്സിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നിടത്തോളം ആത്മാനന്ദം തെളിയുകയില്ല. ഒരു സാധകന്‍ സര്‍വം ഈശ്വരാര്‍പ്പണമാക്കി ഇന്ദ്രിയങ്ങളെ വശത്താക്കേണ്ടതെങ്ങനെയെന്നു ഈ കൃതി മനോഹരമായി വെളിപ്പെടുത്തുന്നു.