ഈ കൃതി എന്നു രചിച്ചു എന്നതിനു വ്യക്തമായ തെളിവില്ല.  1887-ലാണെന്നു ചിലര്‍ കരുതുന്നു.  എന്തായാലും ഗുരുദേവന്‍റെ യോഗശാസ്ത്രപാണ്ഡിത്യവും യോഗാനുഭവപൂര്‍ണ്ണതയും ഈ കൃതി വിളിച്ചറിയിക്കുന്നു.  ശ്രീ നാരായണഗുരുദേവന്‍ ഹഠയോഗസാധനകളെല്ലാം പരിശീലിച്ചിട്ടുള്ള ഒരു യോഗിയായിരുന്നു.  ഗുരുവിന്‍റെ കൃതികള്‍ അധികവും ജ്ഞാനപ്രദങ്ങളാണ്.  അവയില്‍ യോഗരഹസ്യങ്ങള്‍ അവിടവിടെ പ്രതിപാദിച്ചിട്ടുണ്ടെന്നേയുള്ളൂ.  എന്നാല്‍ തികച്ചും യോഗപ്രധാനമായി രചിച്ചിട്ടുള്ള ഒരു കൃതിയാണ് കുണ്ഡലിനിപ്പാട്ട്.  യോഗാനുഭൂതിയുടെ സുപ്രധാന രഹസ്യങ്ങളെല്ലാം ഇതില്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.
ബ്രഹ്മശക്തി സ്പന്ദിക്കാന്‍ തുടങ്ങുന്നതോടെ രൂപം കൊള്ളുന്ന പ്രാണപ്രവാഹമാണല്ലോ  പ്രപഞ്ചത്തെ പടുത്തുയര്‍ത്തി നിറുത്തിയിരിക്കുന്നത്.   യോഗിയുടെ സാധനാനുഷ്ഠാനങ്ങള്‍ ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍ സ്പന്ദനാത്മികയായ ഈ പ്രാണശക്തിയുടെ സൂക്ഷ്മരൂപം സ്വശരീരത്തില്‍ സര്‍വ്വത്ര പ്രസരിച്ച് അനുഭവവിഷയമായിത്തീരുന്നു.  ഇങ്ങനെ യോഗിക്കു സ്വശരീരത്തില്‍ തന്നെ അനുഭവിച്ചറിയാന്‍ കഴിയുന്ന പ്രാണശക്തിയുടെ പേരാണ് കുണ്ഡലിനി.  സര്‍പ്പത്തെപ്പോലെ കുണ്ഡലാകൃതിയില്‍ ചുരുണ്ടു കിടക്കുന്ന  ശക്തിയായതുകൊണ്ടാണ് ഈ പേര് വന്നത്.  കുണ്ഡലിനി പ്രസരത്തോടെ ഘട്ടം ഘട്ടമായുണ്ടാകുന്ന അനുഭവവൈവിദ്ധ്യങ്ങളുടെ പൂര്‍ണ്ണചിത്രണമാണ് കുണ്ഡലിനിപ്പാട്ട്.  ഇതു വായിച്ചു മനനം ചെയ്യുന്നവര്‍ക്ക് യോ ഗാനുഭൂതി രഹസ്യം പൂര്‍ണ്ണമായും തെളിയുന്നതാണ്.