(കൊ. വ. 1069 ല്‍ അരുവിപ്പുറത്ത് വച്ച് രചിക്കപ്പെട്ടത്)
ശിവനാണ് അര്‍ദ്ധനാരീശ്വരന്‍. തന്‍റെ ദേഹം പകുതി ദേവിക്കു നല്കി, ദേവീരൂപത്തിലാക്കി വര്‍ത്തിക്കുന്നതുനിമിത്തമാണ് അര്‍ദ്ധനാരീശ്വരന്‍ എന്ന പേരുണ്ടായത്. പുരുഷനെയും പുരുഷശക്തിയായ പ്രകൃതിയെയും പ്രതിനിധാനം ചെയ്യുന്നതാണീ ശിവസങ്കല്പം. പുരുഷന്‍ ബ്രഹ്മാവും പ്രകൃതി മായയുമാണ്. മഴ പെയ്യാതെ നാടുമുഴുവന്‍ വരള്‍ച്ച ബാധിച്ചു വിഷമിച്ച ഒരു ഘട്ടത്തില്‍ അരുവിപ്പുറത്തുവെച്ച് ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഗുരുദേവന്‍ എഴുതിക്കൊടുത്ത അഞ്ചു മനോഹരപദ്യങ്ങളാണ് ഇവ. പ്രകൃതിയെ വശത്താക്കിയാണല്ലോ പരമാത്മാവ് മഴ മുതലായ സൃഷ്ടികാര്യങ്ങള്‍ നടത്തുന്നത്. അതുകൊണ്ടാണ് അര്‍ദ്ധനാരീശ്വരനെ സ്തുതിച്ചിരിക്കുന്നത്. ഭക്തിഭാവം നിറഞ്ഞു തിങ്ങുന്നവയാണ് അഞ്ചു ശ്ലോകങ്ങളും. ജഡചിന്തയില്‍പ്പെട്ടു വരളുന്ന മനുഷ്യചിത്തത്തിന് ചൈതന്യാമൃതം വര്‍ഷിച്ച് ആശ്വാസമരുളണമെന്ന ആദ്ധ്യാത്മികപ്രാര്‍ത്ഥനയും ഈ പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല.