ഇവ എവിടെ വെച്ച് എപ്പോള്‍ രചിച്ചു എന്നു വ്യക്തമായി അറിയാ ന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സുബ്രഹ്മണ്യന്‍ ആദ്യകാലത്ത് ഗുരുദേവന്‍റെ ഉപാസനാമൂര്‍ത്തിയായിരുന്നു എന്ന് പ്രസിദ്ധമാണ്. തിരുവനന്തപുരത്തുനിന്നും കോവളത്തേക്കു പോകുന്ന വഴി അറബിക്കടലിനെ അഭിമുഖീകരിച്ച് നില്ക്കുന്ന മനോഹരമായ ഒരു കുന്നിന്‍പുറത്ത് ഗുരുദേവന്‍ ഒരു സുബ്രഹ്മണ്യക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്. കുന്നുമ്പാറ എന്നാ  ണ് ആ സ്ഥലത്തിന്‍റെ പേര്. 1898 ന് ശേഷമാണ് ഈ പ്രതിഷ്ഠ. അതിനെത്തുടര്‍ന്നായിരിക്കാം സുബ്രഹ്മണ്യകീര്‍ത്തനങ്ങള്‍ പലതും രചിക്കപ്പെട്ടത്.
ഏഴു സുബ്രഹ്മണ്യസ്തോത്രങ്ങളാണ് ഈ സമാഹാരത്തിന്‍റെ ഉള്ളടക്കം.  ഗുരുദേവന്‍ ബാലാസുബ്രഹ്മണ്യ മന്ത്രം ഉരുക്കഴിച്ച് ആദ്യകാലത്ത് സുബ്രഹ്മണ്യനെ ഉപാസിച്ചിരുന്നതായിട്ടാണ് പ്രസിദ്ധി.  അക്കാലത്ത് സുബ്രഹ്മണ്യന്‍റെ പ്രത്യക്ഷരൂപം ഗുരുദേവനനുഭവപ്പെട്ടിരുന്നു എന്ന് പ്രസ്തുത സ്തോത്രങ്ങള്‍ വിളിച്ചറിയിക്കുന്നു. ഒരു സാധകന് ഭാവനയില്‍  ആ അനുഭവം ഉണ്ടാക്കാന്‍ കരുത്തുള്ളവയാണ് ഈ സ് തോത്രങ്ങള്‍. ഇവയില്‍ ബാഹുലേയാഷ്ടകം മന്ത്രസദൃശ്യമായ സ്തോ ത്രമാണ്. അതു ചൊല്ലി സിദ്ധിവരുത്തുന്ന ഒരാള്‍ക്ക് അന്യരുടെ പല ദുരിതങ്ങളും അതാലപിച്ച് നിവര്‍ത്തിപ്പിക്കാന്‍ കഴിവുണ്ടായിത്തീരും. സംസ്കൃതത്തിലും മലയാളത്തിലും ഗുരുദേവനുണ്ടായിരുന്ന അനിതരസാധാരണമായ പാണ്ഡിത്യം ഈ സ്തോത്രങ്ങള്‍ സ്പഷ്ടമാക്കുന്നു. ഗൂഢങ്ങളായ യോഗാനുഭൂതികളുടെ വിവിധ ഘട്ടങ്ങള്‍ ഇവയില്‍ വെളിവാക്കപ്പെട്ടിരിക്കുന്നു. ഇഷ്ടദേവതോപാസന ആത്മസാക്ഷാത്ക്കാരത്തില്‍ എത്തിച്ചേരേണ്ടതാണെന്നും സ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു. പാടിരസിക്കാവുന്ന രീതിയിലാണ് രചന. ഈ സ്തോത്രങ്ങളിലൂടെ സുബ്രഹ്മണ്യനെ ഉപാസിക്കുന്ന ഒരാള്‍ക്ക് ഭൗതികവും ആദ്ധ്യാത്മികവുമായ എല്ലാ മേന്മകളും അനായാസം കൈവരുന്നതാണ്.