(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)

           പത്തൊന്‍പതു പദ്യങ്ങളടങ്ങുന്ന ഒരു സുബ്രഹ്മണ്യസ്തുതിയാണു ഷണ്‍മുഖസ്തോത്രം. ഒരവ്യുത്പന്നനായ ഭക്തനുപോലും ഭക്തിനിര്‍ഭരമാംവണ്ണം പാടി സുബ്രഹ്മണ്യനെ ഉപാസിക്കാന്‍ തക്കവണ്ണം മനോഹരമായിട്ടാണ് സ്തോത്രം രചിച്ചിരിക്കുന്നത്. സുബ്രഹ്മണ്യന്‍ ഷണ്‍മുഖനാണ്. ആറു മുഖങ്ങള്‍ അദ്ദേഹത്തിനെങ്ങനെയുണ്ടായി? ശിവന്‍റെ ബീജം ആദ്യം അഗ്നിയും പിന്നെ ഗംഗയുമാണ് ചിരകാലം സൂക്ഷിച്ചത്. ഒടുവില്‍ താങ്ങാന്‍ വയ്യാതെ ഗംഗ ശിവബീജം ഒരു ശരവണക്കാട്ടില്‍ നിക്ഷേപിച്ചു. ഞറുങ്ങണപ്പുല്ല് എന്നറിയപ്പെടുന്ന ഒരു തരം പുല്ലാ ണ് ശരവണം. അവിടെ വച്ചു ബീജം കുഞ്ഞിന്‍റെ ആകൃതി കൈക്കൊണ്ടു. അതുകൊണ്ട് സുബ്രഹ്മണ്യന് ശരവണഭവന്‍ എന്നും പേരുണ്ട്. ഇവിടെ വച്ച് കൃത്തികകള്‍ എന്ന് പ്രസിദ്ധരായ ആറു ദേവിമാരാണ് സുബ്രഹ്മണ്യനെ കണ്ടെടുത്ത് വളര്‍ത്തിയത്. അങ്ങനെയാണ് കാര്‍ത്തികേയന്‍ എന്ന പേരുണ്ടായത്. കുഞ്ഞിനു മുല കൊടുക്കാനെത്തിയ ഈ അമ്മമാരെ പ്രസാദിപ്പിക്കാനായി കുട്ടി ആറു മുഖങ്ങള്‍ സ്വയം അംഗീകരിച്ചു. അങ്ങനെയാണ് ഷണ്‍മുഖനായി ഭവിച്ചത്. സുബ്രഹ്മണ്യനെ ശിവപുത്രനായ ജീവന്‍റെ പ്രതീകമായി അംഗീകരിച്ചാല്‍ മന സ്സും പഞ്ചേന്ദ്രിയങ്ങളും ചേര്‍ന്ന ജീവമുഖങ്ങളെ ആറു മുഖങ്ങളുടെ പ്രതീകങ്ങളായും അംഗീകരിക്കാവുന്നതാണ്. 'അ' തുടങ്ങിയ സ്വരങ്ങളെ ആദ്യക്ഷരങ്ങളായി അംഗീകരിച്ചുകൊണ്ടാണു ക്രമേണ ശ്ലോകങ്ങള്‍ രചിച്ചിരിക്കുന്നത്. ഒടുവില്‍ 'ക' കാരംകൊണ്ടു തുടങ്ങുന്ന ഒരു ശ്ലോകവും നിബന്ധിച്ചിട്ടുണ്ട്. കേശാദിപാദ വര്‍ണ്ണനാരൂപത്തിലുള്ള രൂപവര്‍ണ്ണനയാണ് ആദ്യമായി കാണുന്നത്.