ഇവ കൃത്യമായി എവിടെവച്ച് എപ്പോള്‍ രചിച്ചു എന്നറിയാന്‍ വ്യക്തമായ തെളിവുകളില്ല. 1889 ലാണു മണ്ണന്തല ദേവീപ്രതിഷ്ഠനടത്തിയത്. അതു കഴിഞ്ഞ് ഇരുപത്തിമൂന്നു കൊല്ലത്തിനുശേഷം 1912 ലാണു ഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാപ്രതിഷ്ഠ നടത്തിയത്. ഇതിനിടയ്ക്കും അടുപ്പിച്ചുമുള്ള കാലഘട്ടങ്ങളിലായിരിക്കാം ദേവീസ്തോത്രങ്ങളെല്ലാം രചിച്ചത്.
ദേവീരൂപങ്ങളെല്ലാം ബ്രഹ്മശക്തിയായ മായയുടെ പ്രതീകങ്ങളാണ്. മായാനിര്‍മ്മിതമായ പ്രപഞ്ചം വിരുദ്ധങ്ങളായ രൂപഭാവങ്ങള്‍കൊണ്ടുനിറഞ്ഞ ഒരത്ഭുത പ്രതിഭാസമാണ്. അതുകൊണ്ടാണു ദേവിയെ വിരുദ്ധരൂപഭാവങ്ങളില്‍ ചിത്രീകരിക്കാനിടയായിട്ടുള്ളത്. ദേവിയുടെ അല്പം ഭയാനകമായ രൂപമാണു ഭദ്രകാളീപ്രതീകം. എങ്കിലും ഭക്തര്‍ക്കു ഭദ്രം ചെയ്യുന്നവളാണു ഭദ്രാകാളി. അങ്ങനെയുള്ള ഭദ്രകാളിയെ എട്ടു സംസ്കൃത ശ്ലോകങ്ങള്‍കൊണ്ടു ഭാവനിര്‍ഭരമായി സ്തുതിച്ചിരിക്കുകയാണു ഭദ്രകാള്യഷ്ടകത്തില്‍. ഒടുവില്‍ ഒരു ശ്ലോകം ഫലശ്രുതിയായും ചേര്‍ത്തിട്ടുണ്ട്. വിരുദ്ധങ്ങളായ രൂപഭാവങ്ങളില്‍ ഈശ്വരസാന്നിദ്ധ്യം കണ്ടെത്താന്‍ സഹായിക്കുന്ന വിദ്യാരൂപിണിയായ ദേവിയെയാണു ദേവീസ്തവത്തില്‍ സ്തുതിച്ചിരിക്കുന്നത്.