ഈ വിശുദ്ധഗിരിയിലേക്കുള്ള തീര്‍ത്ഥാടനം

സ്വാമി പ്രകാശാനന്ദ

     പലവിധമായ മാന്ദ്യങ്ങള്‍ക്കു നടുവില്‍ നിലകൊള്ളുന്ന ഒരു ലോകത്തെയാണ് ഇന്നു കാണുവാന്‍ സാധിക്കുന്നത്.  സാമ്പത്തികമാന്ദ്യം ലോകത്തിന്‍റെ സമ്പദ് വ്യവസ്ഥയെത്തന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. വ്യാവസായികരംഗത്തുണ്ടാകുന്ന തിരിച്ചടികളില്‍പ്പെട്ടും ഓഹരിസൂചികകളിലുണ്ടാവുന്ന തകര്‍ച്ചകളില്‍പ്പെട്ടും രൂപയുടെ വിനിമയമൂല്യത്തിലുണ്ടാകുന്ന ഇടിച്ചിലുകളില്‍പ്പെട്ടും സുരക്ഷയെന്നത് പ്രാപിക്കാനാവാത്ത ഒരു വിദൂരലക്ഷ്യമായും വരെ മാറിക്കൊണ്ടിരിക്കുന്നു. ഇതിനൊക്കെ പുറമെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒരുവശത്ത്. മറുവശത്ത് അധികാരാര്‍ത്തിയും അഴിമതിപ്രവണതകളും. തീവ്രവാദങ്ങളും മതപ്പോരുകളും ഉയര്‍ത്തുന്ന ഭീഷണികളും വെല്ലുവിളികളും ദുരന്തങ്ങളും വേറെ. ഇങ്ങനെ ആകെക്കൂടി നോക്കിയാല്‍ ഇന്നത്തെ ലോകത്തിന്‍റെ ഭൗതികരംഗം വളരെ സങ്കീര്‍ണ്ണമാണ്.

     ചൊവ്വയില്‍ ജീവന്‍റെ കണികയന്വേഷിക്കുന്ന ശാസ്ത്രലോകത്തിന് ഭൂമിയിലെ മനുഷ്യന്‍റെ ജീവനെ വേണ്ടുംവണ്ണം സംരക്ഷിക്കാനാകുന്നില്ല എന്നത് മറ്റൊരു വൈരുദ്ധ്യമാണ്. ആഭ്യന്തര ഉല്പാദനത്തോത് ഉയരുന്നതിനനുസരിച്ച് മനുഷ്യന്‍റെ ആരോഗ്യവും പ്രതിശീര്‍ഷവരുമാനവും പ്രതീക്ഷക്കൊത്ത് വര്‍ദ്ധിക്കുന്നുമില്ല.   കീടനാശിനികളുടെയും മറ്റു വിഷവസ്തുക്കളുടെയും അനിയന്ത്രിതമായ ഉപയോഗം കൊണ്ട് ആയുസ്സും ആരോഗ്യവും ക്ഷയിക്കുന്ന മനുഷ്യരുടെ രോദനം കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുമില്ല.

     ഈ ലോകത്തെ ഇങ്ങനെയെല്ലാമുള്ള ദുരവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചതിനു ആരാണു ഉത്തരവാദികള്‍?  അതിനു ആരെയാണ് പഴിക്കേണ്ടത്?  ഇനി എവിടെയാണ് ഇതിനെല്ലാം ഒരു പരിഹാരം ?

     നമുക്ക് 'നമ്മെ' നഷ്ടപ്പെട്ടതില്‍ നിന്നുമാണ് ഇതിന്‍റെയെല്ലാം തുടക്കമുണ്ടായിട്ടുള്ളത്. അജ്ഞതനിമിത്തം വാസനകള്‍ക്കും സങ്കല്പങ്ങള്‍ ക്കും പിന്നാലേ പാഞ്ഞുപോകുന്ന മനുഷ്യന്‍ ഒരു സ്വപ്നാടകനെപ്പോലെ അവനവനില്‍ നിന്നും അകന്നു പോവുകയാണ്. ആത്മാഭിമുഖനാവാതെയും ആത്മവിരോധിയായും കര്‍മ്മങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥകളാണ് സര്‍വ്വവിധമായ ഭൗതികദുരന്തങ്ങള്‍ക്കും അടിസ്ഥാനകാരണമായി ഭവിക്കുന്നത്. ഈ സംസാരസമുദ്രത്തില്‍ നിന്നും മനുഷ്യവംശത്തെ കരകയറ്റുന്നതിനു പിറവികൊണ്ടവരാണ് മഹാഗുരുക്കന്മാര്‍. യേശുദേവനും മുഹമ്മദ്നബിക്കും ബുദ്ധഭഗവാനും ശേഷം ഇങ്ങനെ പുരുഷാകാരം പൂണ്ടവതരിച്ച വിശ്വഗുരുവാണ് ശ്രീനാരായണഗുരുദേവന്‍.

    സംസാരസമുദ്രത്തില്‍പ്പെട്ട് വലയുന്ന മനുഷ്യവംശത്തിന്‍റെ രക്ഷയ്ക്കായി  മാനവികതയുടെ ഒരു ശാന്തിതന്‍ ശ്രീകോവില്‍ ഗുരുദേവന്‍ പടുത്തുയര്‍ത്തി. അതാണ് ശിവഗിരി എന്ന പുണ്യഭൂമി. ഇവിടെ മനുഷ്യസ്നേഹത്തിന്‍റെ വറ്റാത്ത ഉറവയാണുള്ളത്. ഈശ്വരനിലേക്ക് വഴികാട്ടിയ മഹാഗുരുവിന്‍റെ ചൈതന്യം ഉറഞ്ഞുനില്ക്കുന്ന വിശുദ്ധമായ ഈ ഗിരിയില്‍ നിന്നും 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന വിശ്വസന്ദേശത്തിന്‍റെ അനാഹതധ്വനി പരന്നു വ്യാപിക്കുന്നു. ഭക്തി യും ജ്ഞാനവും കൂടിക്കലര്‍ന്നു കിടക്കുന്ന ഈ കൈലാസഭൂവിലേക്കുള്ള മറ്റൊരു തീര്‍ത്ഥാടനം സമാഗതമാവുകയാണ്. ഗുരുവിന്‍റെ കല്പനപ്രകാരം  ഈ തീര്‍ത്ഥാടനത്തില്‍ പങ്കുകൊണ്ട് സര്‍വ്വവിധമായ മാന്ദ്യങ്ങളെയും അതിജീവിക്കാനുള്ള ഗുരുദര്‍ശനത്തിന്‍റെ പ്രകാശം ഉള്ളില്‍ നിറച്ചുകൊണ്ടുവേണം ഓരോ തീര്‍ത്ഥാടകനും ഈ വിശുദ്ധഗിരിയില്‍ നിന്നും മടങ്ങേണ്ടത്. തകര്‍ച്ചയെ ഉയര്‍ച്ചകൊണ്ടും അശാന്തിയെ ശാന്തികൊണ്ടും ഭീഷണിയെ സ്നേഹം കൊണ്ടും അജ്ഞാനത്തെ ജ്ഞാനം കൊണ്ടും അഭിമുഖീകരിക്കുവാനും വിജയം നേടുവാനും അതുവഴി അഭ്യുന്നതിയെ പ്രാപിക്കുവാനും അങ്ങനെ രാജ്യത്തിനും ലോകത്തിനും അഭിവൃദ്ധിയുണ്ടാക്കുവാനും ഗുരുദേവന്‍റെ അനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

     എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേരുന്നു