ശുദ്ധിപഞ്ചകം-സാര്‍വജനീനശാന്തിമന്ത്രം

ഡോ. വി. സുരേന്ദ്രന്‍ ഇടയ്ക്കിടത്ത്

     പരമപവിത്രാവതാരമെടുത്ത ശ്രീനാരായണഗുരുദേവന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലുമായി എഴുപത്തിരണ്ടു വര്‍ഷത്തോളം കാലം ലോകസേവ ചെയ്തശേഷം പരമാത്മാവില്‍ ലയിച്ചു. ഗുരുദേവന്‍റെ ലോകസേവ വലിയൊരളവില്‍ മലയാളമണ്ണിലായിരുന്നു. കൂടാതെ തമിഴകത്തും കര്‍ണ്ണാടകത്തിലും സിലോണിലും പര്യടനങ്ങള്‍ നടത്തുകയും ജനങ്ങളെ ഉദ്ധരിക്കുകയും ചെയ്തു.

    ദിവ്യമായ വാക്കുകളും പ്രവൃത്തികളും കൊണ്ട് സമൂഹത്തിന്‍റെയാകമാനം വിശിഷ്യ കേരളത്തിലെ താണജാതിക്കരുടെയും അവശസമൂഹങ്ങളുടെയും ഉന്നമനത്തിനായി ഗുരുദേവന്‍ പ്രവര്‍ത്തിച്ചു.  സമൂഹത്തിലെ തിന്മകളും വിഭാഗീയ ചിന്തകളും ഏറ്റക്കുറച്ചിലുകളും ഇല്ലായ്മ ചെയ്യുന്നതിന് ഗുരുദേവന്‍ വഹിച്ച പങ്ക് അനന്യസാധാരണമാണെന്നത് ലോകര്‍ക്കാകെ സുവിദിതമാണല്ലോ. സര്‍വ്വരും സോദരത്വേന  ജീവിക്കുന്ന ഒരു സമൂഹസൃഷ്ടിക്കു വേണ്ടി മനുഷ്യരുടെയിടയിലേക്കിറങ്ങിച്ചെല്ലുകയും ദിവ്യവചസ്സുകൊണ്ട് അവരെ തൊട്ടുണര്‍ത്തുകയും ചെയ്ത മഹാത്മാവാണ് ഗുരുദേവന്‍.

   ഗുരുദേവകൃതികള്‍ ഏതു ഭാഷയി ലെയും ഏതു തരം രചനകളുമായും താരതമ്യം ചെയ്താലും അസാധാരണത്വം പുലര്‍ത്തുന്നവയാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ഗുരുദേവന്‍റെ സ്തോത്രരൂപത്തിലും അല്ലാതെയുമുള്ള കൃതികള്‍ സംസ്കൃതം, മലയാളം, തമിഴ് ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ളവയാണ്. ഈ മൂന്നുഭാഷകളും അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നുവെന്നത് വായനക്കാരന് അത്ഭുതാദരങ്ങള്‍ക്കിട നല്കുന്നു. പലപ്പോഴും ഈ മൂന്നു ഭാഷകളും അത്യന്താകര്‍ഷകമായ രീതിയില്‍ സമന്വയിപ്പിച്ചും പ്രാദേശികപദങ്ങളും പ്രയോഗങ്ങളും ശൈലികളും കൂട്ടിയിണക്കിയുമാണ് ആ സരസ്വതീസുധ ഒഴുകിയെത്തുന്നത്. ചില രചനകള്‍ കേള്‍ക്കുന്ന മാത്രയില്‍തന്നെ ആശയഗ്രഹണത്തി നു വഴിയൊരുക്കുന്നവയാണെങ്കിലും അന്തരാര്‍ത്ഥം കൊണ്ട് അവയും അ സാധരണത്വം പുലര്‍ത്തുന്നവയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഗുരുവിന്‍റെ വ രികള്‍ അന്വയിച്ചര്‍ത്ഥം പറയുകയെന്നതു അതീവദുഷ്കരവും വിഷമകരവുമാണെന്ന് അനുഭവശാലികള്‍ തന്നെ സമ്മതിക്കുന്നു.

     ഭാഷയും ശൈലിയും എവിടെയും നില്ക്കട്ടെ. മറ്റൊരിടത്തും  കാണാനാവാത്തവണ്ണം ഗുരുദേവന്‍റെ രചനകളില്‍ കാണുന്ന പ്രത്യേകത , മനുഷ്യന്‍റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും  ശുദ്ധീകരിക്കുന്നതിന് ആ രചനകള്‍ ഓരോന്നും ലക്ഷ്യം വയ്ക്കു ന്നു എന്നുള്ളതാണ്. ശ്രീനാരായണധര്‍ മ്മം ലക്ഷ്യമാക്കുന്നതും അതുതന്നെയാണ്. വേദാന്തസാരവും ഭൗതികശാസ്ത്രവും കവിതാകാന്തിയും വി ദ്യാഭ്യാസചിന്തയും എല്ലാം ഒത്തുചേരുന്ന ആ വാക്കുകളിലെ ആശയങ്ങള്‍ വേരൂന്നിനില്‍ക്കുന്നതു മാനവരാശിയിലെ ഓരോരുത്തരുടെയും മനോമണ്ഡലത്തിലാണ്. ഈ മാനവികത ബൗദ്ധസിദ്ധാന്തത്തെ ഒഴി ച്ചു നിര്‍ത്തിയാല്‍ മറ്റൊരു  ഭാരതീയ തത്ത്വചിന്താമാര്‍ഗ്ഗത്തിലും കണ്ടെത്താനാകുമെന്നു തോന്നുന്നില്ല.

    മാനവരാശിയുടെ വിഭിന്നമേഖലകളിലും തലങ്ങളിലും പ്രവര്‍ത്തിക്കുന്നവരെയെല്ലാം ലക്ഷ്യമാക്കി അവരുടെ അഭ്യുന്നതിക്കായി അവതരിപ്പിക്കപ്പെട്ട ഗുരുദേവന്‍റെ ഉപദേശസാരസര്‍വസ്വമായ കൃതിയാണ് 'ശ്രീനാരായണധര്‍ മ്മം' അഥവാ 'ശ്രീനാരായണസ്മൃതി' . സംസ്കൃതഭാഷയില്‍ പത്തുസര്‍ഗ്ഗങ്ങളിലായി അവതരിപ്പിക്കുന്ന ഈ കൃതി ഗുരുദേവന്‍ പറഞ്ഞുകൊടുത്ത ആശയങ്ങള്‍ ക്രമബദ്ധമാക്കി ആത്മാനന്ദസ്വാമികള്‍ സംസ്കൃതശ്ലോകരൂപത്തി ലാക്കിയതാണ്. സാധാരണക്കാര്‍ മുതല്‍ സന്ന്യാസിമാര്‍ വരെയുള്ള ഓരോരുത്തര്‍ക്കും വേണ്ടി ഒരു പെരുമാറ്റ സംഹിതയായി രൂപകല്പന ചെയ്തിട്ടുള്ള ഈ കൃതിയില്‍ ഉപദേശിക്കുന്ന പഞ്ചശുദ്ധിതത്ത്വം മാനവരാശിയെയാകെ ലക്ഷ്യമാക്കിക്കൊണ്ട്  പ്രതിപാദിക്കുന്നതാകയാല്‍ അതിപ്രാധാന്യമര്‍ഹിക്കുന്നു.

    പഞ്ചശുദ്ധികള്‍ ജീവിതവ്രതമായി അനുഷ്ഠിക്കുകയും പിന്‍തുടര്‍ന്നു പോരുകയും ചെയ്യുന്ന ഓരോ വ്യക്തി യും നന്മയുടെ പ്രതീകമായി രൂപാന്തരപ്പെടുമെന്നതില്‍ സംശയമില്ല. എന്നാല്‍ പ്രസ്തുത നിഷ്ഠയുടെ അഭാവത്തില്‍ സാധാരണമനുഷ്യനോ ഭരണാധികാരിയോ പണ്ഡിതനോ തുടങ്ങി ജീവിതത്തിന്‍റെ ഏതുതലത്തിലുള്ള വ്യക്തിയോ ആകട്ടെ, അങ്ങനെയുള്ളവര്‍ തിന്മയുടെ മൂര്‍ത്തിമദ്ഭാവമായിത്തീരുകയും ചെയ്യും. പഞ്ചശുദ്ധി അനുഷ്ഠിക്കുന്നതുകൊണ്ട് ഓരോരുത്തരും ഉന്നതതലങ്ങളിലേക്ക് സ്വയം ഉയര്‍ത്തപ്പെടും. അപ്രകാരം ലോകം തന്നെ നിത്യശുദ്ധരാല്‍ നിറയപ്പെട്ടതും മാനവരാശിയാകെ ഉദ്ധരിക്കപ്പെട്ടതാവുകയും ചെ യ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രക്രിയയിലൂടെ ആന്തരികവും ബാഹ്യവുമായ മാലിന്യങ്ങള്‍  നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട ഒരു ജനതതി ഉണര്‍ന്നുയര്‍ ന്നു വരികയും സാര്‍വജനീനമായ ഒരു സംസ്കാരം രൂപപ്പെട്ടു വരികയും ചെ യ്യും. നിത്യശുദ്ധരായിത്തീര്‍ന്നശേഷം അവര്‍ നിത്യമുക്തരായും ഭവിക്കും. ഈ പശ്ചാത്തലത്തില്‍ ഗുരുദേവന്‍റെ ശുദ്ധിപഞ്ചകം സംക്ഷിപ്തമായി ഇവിടെ അ വതരിപ്പിക്കുന്നു. സൂത്രരൂപത്തില്‍ പറയുന്ന ശുദ്ധിപഞ്ചകം ഇപ്രകാരമാണ്.

കായവാക്ചേതസാം ശുദ്ധി-
രിന്ദ്രിയാണാം ഗൃഹസ്യ ച
സംക്ഷേപാന്‍മര്‍ത്യവര്‍ഗ്ഗസ്യ
പഞ്ചൈതാഃ ശുദ്ധയഃ സ്മൃതാഃ

(ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിങ്ങനെ അഞ്ചെണ്ണമാണ് മര്‍ത്യസമൂഹത്തിനാകമാനമായി വിധിക്കപ്പെട്ടിട്ടുള്ള  പഞ്ചശുദ്ധികള്‍)

ശരീരശുദ്ധി:

   നിത്യവും ശുദ്ധജലത്തില്‍ കുളിക്കുക, ഗുഹ്യഭാഗങ്ങള്‍ പ്രത്യേകം ശുദ്ധിവരുത്തുക, പല്ലും നഖവും ശുദ്ധിയാക്കുക, ശുദ്ധവസ്ത്രം ധരിക്കുക, ശുദ്ധവായുവും പ്രകാശവും കിട്ടുന്ന ചുറ്റുപാടുകളില്‍ ജീവിക്കുക, ശുദ്ധമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക, കൈകാലുകള്‍ ഓരോ പ്രവൃത്തിക്കു ശേഷവും കഴുകി വൃത്തിയാക്കുക തുടങ്ങിയതെല്ലാം ശരീരശുദ്ധിയില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളാണ്.

വാക്ശുദ്ധി:

    ആകര്‍ഷകമായ സംസാരം വാ ക്ശുദ്ധിയില്‍ മുഖ്യമാകുന്നു. അതുത ന്നെ വ്യക്തവും സുഖകരമായ ശൈ ലിയും ശബ്ദവും ചേര്‍ന്നതാകണം. പറയുന്ന കാര്യങ്ങള്‍  ശ്രോതാവിനു മനസ്സിലാക്കുവാന്‍ കഴിയുന്നതാകണം.  വിവേചിച്ചറിഞ്ഞും സത്യസന്ധമായും വേണം ആശയവിനിമയം ചെയ്യുവാന്‍. ഒരിക്കലും അസത്യം പറയരുത്. സത്യസന്ധമായ വാക്കുകളാകണം  പറയേണ്ടത്. ഇപ്പറഞ്ഞവയും അവയോടു ചേരാവുന്നവയുമൊത്തു ചേരുന്നതാണ് വാക്ശുദ്ധിയുടെ പൊരുള്‍.

മനഃശുദ്ധി:

    സത്യസന്ധമായ വിലയിരുത്തലാണ് മനഃശുദ്ധിക്ക് ആധാരം. നീതിബോധം ഇവിടെ പരമപ്രധാനമാകുന്നു. ദയ, അനുകമ്പ, ലാളിത്യം , ധൈര്യം ഒരു തരത്തിലും ഒരു സാഹചര്യത്തിലും അസത്യത്തെ അംഗീകരിക്കാതിരിക്കല്‍ തുടങ്ങിയവയെല്ലാം മനഃശുദ്ധികൊണ്ട് നേടിയെടുക്കാവുന്ന ഗുണങ്ങളാണ്. മനഃശുദ്ധിയോടൊപ്പം സമീപസ്ഥവും ദൂരസ്ഥവുമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സാമൂഹ്യനന്മയ്ക്കുതകുന്ന  പ്രവര്‍ത്തനശൈലി സ്വീകരിച്ചവനും കൂടിയാകുമ്പോള്‍ ഒരു വ്യക്തി അക്ഷരാര്‍ത്ഥത്തില്‍ മഹത്വമുള്ളവനായിത്തീരുന്നു.

ഇന്ദ്രിയശുദ്ധി:

    തെറ്റായ ഒന്നിലും വ്യാപരിക്കാതെയിരിക്കുകയെന്നതാണ് ഇന്ദ്രിയശുദ്ധിയുടെ കാതലായ തത്ത്വം. തെറ്റായ കാര്യങ്ങളെ പുകഴ്ത്തുകയോ പിന്‍തുണയ്ക്കുകയോ ചെയ്യുകയെന്നതു യാ തൊരു സാഹചര്യത്തിലും അഭികാമ്യമല്ല. ഇന്ദ്രിയങ്ങളെ പ്രലോഭ്യവസ്തുക്കളില്‍ നിന്നും പിന്‍തിരിപ്പിക്കുകയെന്നതും വളരെ പ്രധാനമാണ്. ചുരുക്കത്തില്‍ അവിഹിത കര്‍മ്മങ്ങളിലൊ ന്നിലും തന്നെ ഏര്‍പ്പെടാതെ വിഹിതകര്‍മ്മങ്ങളില്‍ മാത്രം വ്യാപരിക്കത്തക്കതരത്തില്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്ന ഒരുവന്‍ ഇന്ദ്രിയശുദ്ധിയുള്ളവനാകുന്നു.

ഗൃഹശുദ്ധി:

    ഗൃഹശുദ്ധിയില്‍ പ്രധാനപ്പെട്ടവ ഇവയൊക്കെയാകുന്നു. എല്ലാ ഭാഗ ത്തും ശരിയായി കാറ്റും വെളിച്ചവും കിട്ടത്തക്കവണ്ണം ഗൃഹം സജ്ജമാക്കുക. മാലിന്യങ്ങള്‍ എല്ലായ്പ്പോഴും വീട്ടിനുള്ളില്‍ നിന്നും നീക്കം ചെയ്യുകയും എല്ലാ ദിവസവും വീടു കഴുകി തുടച്ചു വൃത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുക. മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് വീട്ടില്‍ നിന്നുമകലെ ആര്‍ക്കും ദോഷം വരാത്തരീതിയില്‍ സുരക്ഷിതമായി മറവുചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക. പ്രഭാതത്തിലും പ്ര ദോഷത്തിലും സുഗന്ധദ്രവ്യങ്ങള്‍ വീ ടിനുള്ളില്‍ ധൂപനം ചെയ്യുക. ഇപ്രകാരം വീടിനകവും പുറവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും സുഖത്തിനും ആരോഗ്യത്തിനും പരമപ്രധാനമാണ്.

    ഗുരുദേവന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഈ പഞ്ചശുദ്ധികള്‍ അനുഷ്ഠിക്കുകയെന്നത് ഏതൊരു വ്യക്തിക്കും ക്ലേശകരമെന്യേ സാധിക്കാവുന്നതാണ്. ജീവിതവ്രതം പോലെ പഞ്ചശുദ്ധി പിന്‍തുടരുന്ന വ്യക്തി അക്ഷരാര്‍ത്ഥത്തില്‍ സ്വയം ഉദ്ധരിക്കപ്പെടുന്ന മഹാത്മാവായിത്തീരുന്നു. അങ്ങനെ ഓരോ വ്യ ക്തിയും സ്വയം ഉദ്ധരിക്കപ്പെടുന്നതോടെ ലോകമാകെ ഗുണവാന്മാരായ വ്യക്തികള്‍ മാത്രമുള്ളൊരു സമൂഹമായി മാറുന്നു. അവരില്‍ ഓരോരുത്തരില്‍ നിന്നും ലോകത്തിന് നല്ലതല്ലാതെ മറ്റൊന്നും ലഭിക്കുകയില്ല.

        അപ്രകാരം ലോകത്തിന്‍റെ മുഴുവന്‍ നന്മയും ശ്രേയസ്സിനുമുതകുന്ന പഞ്ചശുദ്ധി മന്ത്രം ഉള്‍ക്കൊണ്ടവരായ ജനങ്ങള്‍ മാത്രമുള്ളതായി ഈ  ലോ കം പരിണമിക്കട്ടെയെന്നതാണ് ഗുരുദേവന്‍റെ നിരീക്ഷണമെന്ന് മനസ്സിലാക്കണം.

   അലൗകിക മന്ത്രങ്ങളുടെ ഉരുവിടലോ സാധാരണമനുഷ്യന്‍റെ മേധയ്ക്ക് ഉള്‍ക്കൊള്ളാനാകാത്ത തത്ത്വങ്ങളുടെ വ്യാഖ്യാനങ്ങളോ അനുഷ്ഠാനങ്ങളോ ഒന്നും തന്നെയില്ലാതെ ലോകജനോദ്ധാരണം സാധ്യമാക്കാമെന്നുകൂടി പഞ്ചശുദ്ധിതത്ത്വത്തിലൂടെ ഗുരുദേവന്‍  നമ്മെ ഉപദേശിക്കുന്നു.