ഗുരോസ്തു മൗനം വ്യാഖ്യാനം

മാധവദാസ്

 

    അദ്വൈതദര്‍ശനത്തിന്‍റെ ജീവിതസാക്ഷ്യമാണ് ശ്രീനാരായണഗുരുദേവചരിതം. ഗുരുവിന്‍റെ ജീവിതം ആദ്ധ്യാത്മികശാസ്ത്രങ്ങളുടെ ഉള്‍പ്പൊരുളും ഗുരുമൊഴികള്‍ നവീനശ്രുതികളുമാണ്. ഗുരുദേവസാഹിത്യവും സംഭാഷണങ്ങളും വിവര്‍ത്തനങ്ങളും ഗുരുദേവന്‍റെ ക്രാന്തദര്‍ശിത്വത്തിന്‍റെ  അനുഭൂതിസാരമാണ്. സനാതനധര്‍മ്മത്തെ അതിന്‍റെ യഥാര്‍ത്ഥ സമത്വാധിഷ്ഠിത പാരമ്പര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ഗുരുദേവന്‍. നവോത്ഥാനനായകനും അവധൂതനും കവിയും എന്നതിനൊപ്പം തന്നെ അവയ്ക്കെല്ലാം ആധാരമായ ചൈതന്യവുമാണ് ഗുരുദേവന്‍.

      സത്യത്തിന്‍റെയും  ആനന്ദത്തിന്‍റെയും പ്രകാശത്തെ പ്രചോദിപ്പിക്കുന്ന ജ്ഞാനസ്വരൂപിണിയായ സരസ്വതിയെ വര്‍ണ്ണിക്കുന്ന മന്ത്രങ്ങള്‍ ഋഗ്വേദത്തിലുണ്ട്. ജ്ഞാനം പ്രകാശിപ്പിക്കുന്ന ജ്ഞാനസ്വരൂപിണിയാണ് സരസ്വതി. ഈ അറിവിന്‍റെ  പ്രകാശകനാണ് ഗുരു. സത്യമാര്‍ഗ്ഗമാണ് 'ഋതം' ഋതത്തെ സാക്ഷാത്കരിച്ചയാളാണ് ഗുരു. അരുണഗിരിനാഥരുടെ 'കന്തര്‍ അനുഭൂതി'യില്‍  ഭക്തരോടുള്ള കാരുണ്യത്താല്‍ മുരുകന്‍ തന്നെ ഗുരുവായി വരുന്നു. ഐതിഹ്യപ്രകാരം അരുണഗിരിനാഥരുടെ ഗുരു മുരുകന്‍ തന്നെയാണ്. വേലായുധപ്രസാദമാണ് അറിവെന്ന് കവി. 'വേല്‍' അറിവാണെന്ന് തമിഴ്മൊഴി. താന്ത്രികഗ്രന്ഥമായ 'രുദ്രയാമള' ത്തില്‍ തങ്ങളുടെ ആദ്ധ്യാത്മികശക്തിയാല്‍ ബാഹ്യാചാരങ്ങള്‍ ഒന്നും ഇ ല്ലാതെ തന്നെ ശിഷ്യരില്‍ ആത്മബോ ധം ഉളവാക്കുന്ന മുക്തിപ്രദമായ ദീക്ഷകള്‍ നല്കുന്ന ഗുരുക്കന്മാരെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ദീക്ഷിതന്‍റെ ജന്മാന്തരസംസ്കാരമായിരിക്കാം ഇതിനു കാരണം. ശ്രീനാരായണഗുരുചരിതത്തില്‍ ഇത്തരം ആകസ്മികതകള്‍ ധാരാളം കാണാം.

    ഹിമാലയത്തിലും ഉത്തരഭാരതത്തിലും ഗുരുവിനെത്തേടി അലഞ്ഞുതിരിഞ്ഞു വന്നശേഷമാണ് വേലായുധന്‍ ഗുരുസന്നിധിയില്‍ എത്തപ്പെടുന്നത്.  ഗുരുദൃഷ്ടിയില്‍ വേലായുധന്‍ ബോധാനന്ദസ്വാമികളാകുന്നത് ലോകം പിന്നെക്കാണുന്നു. ഇവിടെ സംക്രമിച്ചത് ഗുരുപ്രഭ തന്നെ. ബോധാനന്ദസ്വാമി നിശബ്ദതയാല്‍ ഗുരുവിനെ അറിഞ്ഞതായിരിക്കാം ' ഗുരോസ്തു മൗനം വ്യാഖ്യാനം' എന്ന ശിവന്‍റെ ഗുരുഭാവമായ ദക്ഷിണാമൂര്‍ത്തിയുടെ അധ്യാപനത്തെയാകാം ബോധാനന്ദസ്വാമികളുടെ അനുഭവം സൂചിപ്പിക്കുന്നത്. നിര്‍മ്മലനും പ്രസന്നനുമായ ദക്ഷിണാമൂര്‍ത്തി ശിഷ്യരെ സനാതനതത്ത്വങ്ങള്‍ പഠിപ്പിക്കുന്നത് വാക്കുകളിലൂടെയല്ല മറിച്ച് മൗനത്തിലൂടെയാണ്.

    'ഓം ശ്രീ ഗുരുഃ സര്‍വകാരണഭൂതാ ശക്തിഃ' എന്നാണ് ഭാവനോപനിഷത്തിലെ ഗുരുസങ്കല്പം. ഓങ്കാരത്തോട് ചേര്‍ത്താണിവിടെ ഗുരുവിനെ വിവരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സര്‍വ തിനും കാരണമായ ശക്തിയാണ് ഉപനിഷത്തിലെ ഗുരുനാഥന്‍. ആശ്രമോപനിഷത്തും ദക്ഷിണാമൂര്‍ ത്ത്യുപനിഷത്തും ആരണ്യകങ്ങളിലെ ഗുരു- ശിഷ്യജീവിതങ്ങളുടെ ദര്‍പ്പണങ്ങളാണ്. ഇതെല്ലാം പാരായണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അകതാരില്‍ തെളിയുന്നത് നാരായണഗുരുവിന്‍റെ തൃപ്പാദങ്ങളാണ്. ദര്‍ശനമാലയിലെ 'മായാദര്‍ശന' ത്തില്‍ ഗുരു ഉദ്ബോധിപ്പിക്കുന്നത് 'ന വിദ്യതേ യാ സാ മായാ' എന്നാണല്ലോ. ജഗത്തിന്‍റെ ആദികാരണമാണ് മായയെന്ന്  ഗുരുദേവന്‍ വ്യക്തമാക്കുന്ന ദര്‍ശനമാലയി ലെ പത്താമത്തെ ദര്‍ശനമായ 'നിര്‍വാണദര്‍ശനം' അവസാനിക്കുന്നത്  അനന്തതയിലേക്ക് ഏകജാലകം തുറന്നിട്ടുകൊണ്ടാണ്.

    ഏകമേവാദ്വിതീയം ബ്ര-
    ഹ്മാസ്തി നാന്യന്ന സംശയഃ
    ഇതി വിദ്വാന്‍ നിവര്‍ത്തേത
    ദ്വൈതാന്നാവര്‍ത്തതേ പുനഃ.

യാതൊരു സംശയത്തെയും അവശേഷിപ്പിക്കാതെ ബ്രഹ്മത്തിന്‍റെ ഏകതയിലും അദ്വിതീയതയിലുമാണ് ഗുരുസ്വാമികള്‍ ഊന്നുന്നത്. 'ബ്രഹ്മവിദ്യാസാരമായ 'ദര്‍ശനമാല' ഉപനിഷദ്സമാനമാണ്.

    ശ്രീനാരായണഗുരുവിന്‍റെ മറ്റൊരു പ്രത്യേകത ദീക്ഷാഗുരു ഉണ്ടായിരുന്നില്ല എന്നതാണ്. അതൊരു അപൂര്‍വ്വതയാണ്. ദക്ഷിണാമൂര്‍ത്തിയും ശ്രീശുകനും വാമദേവനും ബുദ്ധനും പോലെയൊരു അപൂര്‍വ്വതയാണ് ശ്രീനാരായണഗുരുസ്വാമികളും. ഗുരുവിന്‍റെ സമകാലീനനായിരുന്ന രമണമഹര്‍ഷിയുടെ ജീവിതവും ഇവിടെ സ്മരണീയം. മനുഷ്യരൂപത്തിലല്ലാതെ 'അരുണാചല' ത്തെയാണ് മഹര്‍ഷി ഗുരുപ്രതീകമായി അവതരിപ്പിച്ചത്. ഇതിനെ 'അരുണാചലപഞ്ചരത്ന' ത്തില്‍ മഹര്‍ ഷി വിവരിക്കുന്നത് രൂപകങ്ങളിലൂടെയാണ്.

'അയാള്‍ ആത്മാവിനെ അറിയുന്നു
സമുദ്രത്തില്‍ നദിയെന്നപോലെ
അരുണാചലമേ
നിന്നില്‍ ലയിക്കുന്നു!'

   അരുണാചലം ശിവന്‍റെ അഗ്നിതത്ത്വമാണ്. തിരുവണ്ണാമലയില്‍ വച്ച് നടന്ന ഗുരുക്കന്മാരുടെ സംഗമം ഇനിയൊരു അപൂര്‍വ്വത. രണ്ട് ഗുരുക്കന്മാരുടെയും പശ്ചാത്തലമായി ജ്യോതിസ്വരൂപമായ അരുണാചലവും- ത്രിവേണീ സംഗമം.

    അറിവിന്നളവില്ലാതേ-
    തറിയാമറിവായതും വിളങ്ങുന്നു;
    അറിവിലെഴുന്ന കിനാവി-
    ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.

     ഈ അറിവിലേക്ക് ശിഷ്യനെ ഉണര്‍ത്തുന്നയാളാണ് ഗുരു. ശിഷ്യന്‍റെ മായാമോഹം നീക്കുന്ന ഗുരുവാക്യങ്ങളാണിവയും. ശ്രീനാരായണീയര്‍ നിത്യപാരായണത്തിനും ധ്യാനത്തിനും എടുക്കേണ്ട കൃതിയാണ് 'അറിവ്' .

      ഈ അറിവ് തേടി അലയുന്നതും ഒരു നിയോഗമായിരിക്കാം. അലച്ചിലും ഒരു സാധനയായി മാറുന്നുണ്ടാകാം. കാലടിയില്‍ നിന്നും നര്‍മ്മദാതീരത്തെ ഗുഹാവാസിയായി കഴിഞ്ഞ ഗോവിന്ദഭഗവദ്പാദരെ തേടിയുള്ള പരിവ്രജനത്തില്‍ നിന്നാണ് ശങ്കരദിഗ് വിജയം ഉണ്ടായത്. പൂര്‍ണ്ണാനദിക്കരയില്‍ നി ന്നും നര്‍മ്മദാനദിക്കരയിലേക്കുള്ള ഗു രുവിനെത്തേടിയുള്ള എട്ടു വയസ്സുകാരനായ ബാലന്‍റെ ഏകാന്തപ്രയാണത്തി ന് സമാനതകള്‍ ഏറെയില്ല. ഗുരുപാദങ്ങളില്‍ സ്വയം ആഹൂതിയായ ആദിശങ്കരന്‍ ' വിവേകചൂഡാമണി' യില്‍ ഗു രുവിനെ മനോഹരമായി സ്തുതിക്കുന്നു.

         'സര്‍വ്വവേദാന്ത സിദ്ധാന്തഗോചരം തമഗോചരം, ഗോവിന്ദം പരമാനന്ദം സദ്ഗുരും പ്രണതോസ്മ്യഹം'

  ശ്രീനാരായണഗുരുദേവന്‍റെ നിര്‍വൃതിപഞ്ചകം, മുനിചര്യാപഞ്ചകം, ആശ്രമം, ബ്രഹ്മവിദ്യാപഞ്ചകം' എന്നീ കൃതികള്‍ ഗുരുസങ്കല്പത്തിലേക്ക് തുറക്കുന്നവയാണ്. ഒരു ജനതയെ അടിമത്തത്തില്‍ നിന്നും ഗുരുദേവന്‍ കരകയറ്റിയത് അറിവിലൂടെയുള്ള സംഘാടനം വഴിയാണ് എന്നത് മറക്കാവുന്നതല്ല.

     വിവിധങ്ങളായ എന്നാല്‍ ഉള്ളിന്‍റെയുള്ളില്‍ ഏകമായ ഗുരുസങ്കല്പങ്ങളുടെ കവനമാണ് 'അനുകമ്പാദശകം'. ഗുരുവോതുന്നതും മുനിയോതുന്നതും ഒരേ അര്‍ത്ഥമാണെന്നാണ് ശ്രീനാരായണഗുരുസ്വാമികള്‍ അടിവരയിട്ടു പറയുന്നത്. ശ്രീകൃഷ്ണനും ആദിശങ്കരനും യേശുവും മുഹമ്മദ് നബിയും തിരുജ്ഞാനസംബന്ധരും അപ്പറും മാണിക്യവാചകരും സുന്ദരമൂര്‍ത്തി നായനാരും ഈ കവിതയില്‍ അനുകമ്പാമൂര്‍ത്തികളായി അണിനിരക്കുന്നു.  ഇവരുടെയെല്ലാം ദാര്‍ശനിക പൊരുളറിഞ്ഞ ശ്രീനാരായണഗുരുവിനെ പഠിക്കുകയാണ് മറ്റ് ഗുരുക്കന്മാരെയും ദാര്‍ശനിക സിദ്ധാന്തങ്ങളെയും മനസ്സിലാക്കാനുള്ള രാജപാത.