ചരിത്രത്തിലെ അപൂര്‍വ്വദൃശ്യങ്ങള്‍

എം.എന്‍. കാരശ്ശേരി

    ശ്രീനാരായണഗുരുവിന്‍റെ വ്യക്തിത്വത്തിലെ ഏറ്റവും ആകര്‍ഷകമായ അംശം ഏതാണ്? ഏതു ദേശത്തെയും ഏതു കാലത്തെയും മനുഷ്യര്‍ക്കുള്ള മാതൃകയായി ആ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കാവുന്ന പ്രധാനപ്പെട്ട സംഗതി എന്താണ്?

     സാമൂഹികപരിഷ്കരണത്തിന് ഗുരു ആവിഷ്കരിച്ച നീതിശാസ്ത്രം എന്നാണ് എന്‍റെ ഉത്തരം.

    എന്താണ് അതിന്‍റെ സവിശേഷത എന്നാണെങ്കില്‍: ഒരു കാര്യത്തിനും ഗുരു ആരേയും പ്രകോപിപ്പിക്കുന്നില്ല; ഒരു കാര്യം കൊണ്ടും ഗുരു പ്രകോപിതനാകുന്നില്ല .ഫലം: ഗുരു തങ്ങളെ എതിര്‍ക്കുന്നു എന്ന തോന്നല്‍ ഒരു കൂട്ടര്‍ക്കും തോന്നുന്നുമില്ല. അതുകൊണ്ടു തന്നെ ആരും ഗുരുവിനെ എതിര്‍ക്കുന്നുമില്ല. ഗുരു ആരെയും ശത്രുവായി കണ്ടില്ല. ആരും ഗുരുവിനെയും അങ്ങനെ കണ്ടില്ല.

     ഗുരുവിന്‍റെ പാത സംഘട്ടനത്തിന്‍റേതല്ല. സംഘര്‍ഷത്തിന്‍റേതല്ല; സമന്വയത്തിന്‍റേതാണ്. സ്നേഹത്തിന്‍റേതാണ്.

    കേരളീയ ജീവിതത്തിന്‍റെ അസ്ഥിവാരമായിരുന്ന ജാതിവ്യവസ്ഥയെ തകര്‍ത്തെറിയാനാണ് ഗുരു ശ്രമിച്ചത് എന്നാലോചിക്കണം. ആയിരത്താണ്ടുകളായി നിലനിന്നുപോരുകയും അനേകം തലമുറകളുടെ ബോധത്തിലൂടെ സമൂഹത്തില്‍ രൂഢമൂലമായിത്തീരുകയും ചെ യ്ത ഘടന- ഈ നാട്ടില്‍ അതിനെക്കാള്‍ വലിയ യാഥാര്‍ത്ഥ്യമൊന്നും ഉണ്ടായിരുന്നില്ല. വിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍, ജന്മി- കുടിയാന്‍ സാമ്പത്തിക വ്യവസ്ഥയുടെ അടിയുറപ്പില്‍, രക്തബന്ധത്തിന്‍റെ ദാര്‍ഢ്യത്തില്‍, കലാപാരമ്പര്യത്തിന്‍റെ അനുഭൂതികളില്‍, കുലത്തൊഴിലിന്‍റെ ചങ്ങലക്കണ്ണികളില്‍, സാമൂഹികജീവിതത്തി ന്‍റെ നാനാതരമായ തുടര്‍ച്ചകളില്‍ അ തു പുലര്‍ന്നുപോന്നു. ആ ചൂഷണവ്യവസ്ഥയെ അധികാരത്തിന്‍റെയോ ആള്‍ബലത്തിന്‍റെയോ പണത്തിന്‍റെ യോ പിന്തുണയില്ലാതെ ദര്‍ശനം ഒന്നുകൊണ്ടുമാത്രം നേരിടാം എന്നാണ് ഗുരുവിലെ 'പരിഷ്കര്‍ത്താവ് ' കണ്ടത്. ജാതിഘടനയില്‍ 'മേലെ' എന്നു വച്ചിട്ടുള്ള ഗുണഭോക്താക്കളായ സവര്‍ണ്ണവിഭാഗത്തിലെ സമുദായക്കാരോ 'താ ഴെ' എന്നു വച്ചിട്ടുള്ള യാഥാസ്ഥിതികമായ അവര്‍ണ്ണവിഭാഗത്തിലെ ജനങ്ങ ളോ ആരും ഒരിക്കലും ഗുരുവിനെ എ തിര്‍ക്കുകയുണ്ടായില്ല. ചരിത്രത്തിലെ അപൂര്‍വ്വദൃശ്യങ്ങളിലൊന്നാണിത്.

     കേരളീയര്‍ക്ക് ആ ചരിത്രപുരുഷനോടുള്ള കടപ്പാട് ലഹളയോ രക്തച്ചൊരിച്ചിലോ കൂടാതെ സാമൂഹിക പരിവര്‍ത്തനത്തിനു നേതൃത്വം കൊടു ത്തു എന്നതിന്‍റെ പേരിലാണ്.

      ശ്രീനാരായണഗുരുവിനു മുന്‍പും ജാതിവിവേചനങ്ങള്‍ക്കെതിരായി നമ്മു ടെ നാട്ടില്‍ ശബ്ദമുയര്‍ന്നിരുന്നു. പക്ഷേ ഏതാണ്ടെല്ലാം തന്നെ ലഹളകളിലാണ് ചെന്ന് അവസാനിച്ചത്. ഉദാഹരണമായി 'ചാന്നാര്‍ലഹള' മാത്രം നോക്കാം.

     തെക്കന്‍ തിരുവിതാംകൂറിലെ ഈഴവരാണ് ചാന്നാന്മാര്‍. സവര്‍ണ്ണരെപ്പോലെ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി അവര്‍ നടത്തിയ മുന്നേറ്റമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മൂന്നു പതിറ്റാണ്ടിലേറെക്കാലം  നീണ്ട ചാന്നാര്‍ലഹളയായി രൂപാന്തരപ്പെട്ടത്. അവര്‍ണരും അടിയാളരുമായ സ്ത്രീകള്‍ മാറ് മറയ്ക്കുന്നത് വലിയ 'സദാചാരലംഘനം' ആയി കണക്കാക്കപ്പെട്ട കാലം. ക്രി സ്തുമതം സ്വീകരിച്ചതിനെത്തുടര്‍ന്ന് മാറുമറച്ച ഒരു ചാന്നാര്‍ സ്ത്രീക്കെതിരായ നടപടികളാണ് ലഹളയ്ക്ക് വിത്തിട്ടത് (1822). അതിനെത്തുടര്‍ന്ന് മേല്‍ വസ്ത്രം ധരിച്ചു പുറത്തിറങ്ങിയ ചാ ന്നാര്‍സ്ത്രീകളുടെയെല്ലാം കുപ്പായം സവര്‍ണ്ണര്‍ വലിച്ചുകീറി. ചാന്നാര്‍സ്ത്രീകള്‍ മാറുമറച്ചുകൂടാ എന്ന് ദിവാന്‍ വെങ്കിട്ടറാവു കല്പന പുറപ്പെടുവിച്ചു. 1828 ല്‍ ചാന്നാന്മാരുടെ കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്നു പുറത്താക്കി. അവരുടെ സ്ത്രീകളുടെ കുപ്പായം കീ റുന്നത് വ്യാപകമായി. 1859 ല്‍ നാഗര്‍ കോവിലില്‍ വളരെ അക്രമങ്ങള്‍ നടന്നു. അന്ന് ചാന്നാര്‍ സ്ത്രീകളെ നഗ്നരാക്കി വഴി നടത്തുകകൂടി ചെയ്തു. കളിയിക്കാവിളയില്‍ കുറെ സ്ത്രീകള്‍ ക്രിസ്ത്യന്‍പള്ളിയില്‍ അഭയം പ്രാപിച്ചപ്പോള്‍ അക്രമികള്‍ ആ ദേവാലയം കത്തിച്ചു. കോട്ടാറില്‍ ചാന്നാന്മാര്‍ സംഘടിച്ച് സവര്‍ണ്ണരെ നേരിട്ടു.

    ഇതിനു മലബാറിലും പ്രതികരണമുണ്ടായി. 1843 ല്‍ തിരൂരങ്ങാടിയില്‍ ഒരു  ഈഴവസ്ത്രീ ഇസ്ലാം മതം വിശ്വസിച്ച് 'കുപ്പായമിട്ടു' . അധികാരി കൃഷ്ണപ്പണിക്കര്‍ ആ കുപ്പായം വലിച്ചുകീറി. ക്ഷുഭിതരായ മുസ്ലീങ്ങള്‍ പണിക്കരെ വകവരുത്തി. വെള്ളപ്പട്ടാളം കലാപകാരികളെ വെടിവെച്ചുകൊന്നു. ( എസ്. കെ. വസന്തന്‍- കേരളസാംസ്കാരിക ചരിത്ര നിഘണ്ടു വാല്യം 1, 2005, പു. 536-7)

    ഗാന്ധിജി ആത്മകഥയില്‍ പറയുന്നു- സമുദായപരിഷ്കരണം വേണം എന്നു തോന്നുന്നത് പരിഷ്കര്‍ത്താവിനാണ്. സമുദായത്തിനല്ല'. അതുകൊണ്ടുതന്നെ പലപ്പോഴും  പരിഷ്കര്‍ത്താക്കള്‍ എതിര്‍ക്കപ്പെടുന്നു. ആക്രമിക്കപ്പെടുന്നു. നാടുകടത്തപ്പെടുന്നു. കൊല്ലപ്പെടുന്നു. അവരെ കാത്തിരിക്കുന്നത് ആദരവും സ്നേഹവും സ്വീകരണവുമല്ല. വിഷക്കോപ്പയും കുരിശും വെടിയുണ്ടയുമാണ്.

ശ്രീനാരായണഗുരുവിന്‍റെ കാര്യം എങ്ങനെ വ്യത്യസ്തമായി? ഈ സര്‍വ്വസമ്മതിക്കെന്താണ് കാരണം? താരതമ്യേന സങ്കീര്‍ണ്ണമായ ഈ വിഷയത്തി ന്‍റെ അടരുകള്‍ വകതിരിച്ചു നോക്കാം.

1.   ഗുരു ഏതെങ്കിലും ഭരണകൂടത്തെ നേരിട്ടെതിര്‍ത്തിട്ടില്ല. ആ ചിന്തയുടെയും പ്രവര്‍ത്തനത്തിന്‍റെയും ഉള്ളടക്കത്തില്‍ തീര്‍ച്ചയായും ജനാധിപ ത്യം,  സ്ഥിതിസമത്വം, ചൂഷണവിരോ ധം മുതലായ രാഷ്ട്രീയമൂല്യങ്ങളുണ്ടായിരുന്നുവെങ്കില്‍ത്തന്നെയും ഗുരു രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുകയുണ്ടായില്ല. അവര്‍ണ്ണര്‍ക്ക് വൈക്കം ക്ഷേ ത്രത്തിനു മുന്നിലൂടെ വഴി നടക്കാനു ള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന വൈക്കം സത്യാഗ്രഹ സമരത്തെ (1924- 25) ഗുരു അനുകൂലിച്ചിരുന്നു. പരോക്ഷമായി അതൊരു പൗരാവകാശ മുന്നേറ്റമാണ്; രാഷ്ട്രീയപ്രശ്നമാണ്. പ്രത്യക്ഷമായി അ തൊരു ജാതിവിരുദ്ധ സത്യാഗ്രഹമാണ്. സമുദായപരിഷ്കരണമാണ്. ആ വഴിക്കാണ് ഗുരു സാമൂഹ്യപരിവര്‍ത്തനത്തെ സമീപിച്ചത്.

2.   ഗുരു അധികാരത്തിനോ പണത്തിനോ പദവിക്കോ വേണ്ടി സംസാരിക്കുകയല്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഗുരുവിനു സ്വാര്‍ത്ഥങ്ങളില്ല; താല്പര്യങ്ങളില്ല. സ്വന്തവും ബന്ധവും ഇല്ലാത്ത ആ അവധൂതന്‍ സംന്യാസിയാണ്. അത്തരമൊരാളുടെ വാക്കിനും പ്രവൃത്തിക്കും വലിയ ശ്ര ദ്ധയും സ്വീകാര്യതയും കിട്ടുന്നത് സ്വാ ഭാവികം.

3.   പതിവില്‍ നിന്നു വ്യത്യസ്തമാ യി ഗുരുവില്‍ കണ്ട പാണ്ഡിത്യവും കവിത്വവും ആ വ്യക്തിത്വത്തിന്‍റെ ആകര്‍ഷണീയത വളരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മാനവികപാരമ്പര്യത്തോടു നിരന്നുപോകുന്ന മൂല്യങ്ങളുടെയും ദര്‍ശനങ്ങളുടെയും പിന്തുണയിലാണ് ജാതിയെയും അനാചാരങ്ങളെയും ഗുരു വിമര്‍ശിച്ചത്. അന്നന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെപ്പോലും ആത്മീയതയുടെ പശ്ചാത്തലത്തിലാണ് ഗുരു നോക്കിക്കാണാറ്. മേല്‍ജാതി- കീഴ്ജാ തി എന്ന ദ്വന്ദ്വത്തെ മറികടക്കാന്‍ 'എ ല്ലാം ഒന്നാണ്' എന്ന  അദ്വൈതദര്‍ശനം അടിസ്ഥാനമാക്കുന്നത് ഉദാഹരണം.

ആധുനിക കേരളത്തെപ്പറ്റി ഗുരുവിനു ചില സങ്കല്പങ്ങളുണ്ടായിരുന്നു. ഭിന്നമതങ്ങളെപ്പറ്റി ആഴത്തില്‍ പഠിച്ച ഗുരുവിന് അവയുടെയെല്ലാം സാരം ഒന്നാണെന്ന വെളിവുണ്ടായിരുന്നു. ഭിന്നമതസമുദായങ്ങള്‍ തുല്യതയോടെ ഇവിടെ ഒന്നിച്ചു ജീവിക്കേണ്ടവരാണ് എന്നതായിരുന്നു ഗുരുവിന്‍റെ വീക്ഷണം.

4. മതേതരസമൂഹത്തെപ്പറ്റി തെളിഞ്ഞ കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാല്‍ ജാതിരഹിതമായ സമൂഹത്തെ എന്നപോലെ മതസ്പര്‍ദ്ധാവിമുക്തമായ സമൂഹത്തെയും ഗുരു കിനാവ് കണ്ടു. മതങ്ങളെ ആ മുനി എങ്ങനെ തുല്യതയില്‍ കണ്ടു എന്നതിന് സാക്ഷിനില്ക്കാന്‍ 'അനുകമ്പാദശക' ത്തിലെ ഒരു ശ്ലോകം മതി.

അതിന്‍റെ പരാവര്‍ത്തനം:

അനുകമ്പാശാലിയായ വ്യക്തി മനുഷ്യരൂപം സ്വീകരിച്ച ദൈവം തന്നെയാണോ? ധര്‍മ്മം മനുഷ്യന്‍റെ ദിവ്യമായ രൂപം എടുത്തതാണോ? അദ്ദേഹം ദൈ വത്തിന്‍റെ വിശുദ്ധപുത്രനായ ക്രിസ്തുവാണോ ? ഇനി, കാരുണ്യശാലിയായ മുത്തുനബി എന്ന രത്നമാണോ?

വരികള്‍ ഇങ്ങനെയാണ്.

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?

     എന്‍റെ അറിവില്‍ മുഹമ്മദ് നബി മലയാളകവിതയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ ശ്രീനാരായണരചനയിലാണ്. ആ പ്രഥമപരാമര്‍ശത്തില്‍ പ്രവാചകന്‍ 'കരുണാശാലിയായ ര ത്നം' എന്ന് വാഴ്ത്തപ്പെട്ടു.  കേരളത്തി ലെ മുസ്ലീങ്ങള്‍ മലയാളലിപിപോലും വേണ്ടത്ര പരിചയിച്ചിട്ടില്ലാത്ത കാലമാണത്. ആ കൃതിയുടെ രചനാകാലം 1914 ആണ്. വൈക്കം മുഹമ്മദ്ബഷീറിന് അന്ന് ആറു വയസ്സാണ്.

ആത്മീയതയുടെ അനുഭൂതികള്‍ക്ക് വിശ്വാസാചാരങ്ങളുടെ മതില്‍ക്കെട്ടുകള്‍ ബാധകമല്ല എന്നാണ് ആ കവി പാടുന്നത്- സമന്വയ ചിന്തയുടെ മറ്റൊരാവിഷ്കാരം.

5. ഗുരുവിന്‍റെ സഹിഷ്ണുതയും അതില്‍ നിന്ന് ഉറന്നുവരുന്ന നര്‍മ്മവും സര്‍വ്വാശ്ലേഷിയായ ഈ സ്നേഹദര്‍ശനത്തിന് അകബലം നല്കി.

    സാമൂഹികപരിവര്‍ത്തനത്തിനുവേണ്ടിയുള്ള ഗുരുവിന്‍റെ ആദ്യത്തെ ശ്രദ്ധേയമായ പ്രവൃത്തി മുപ്പത്തിമൂന്നാം വയസ്സില്‍ നടത്തുന്ന അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠയാണ് (1888). അതിനെ നിന്ദിച്ച് അവര്‍ണ്ണനു പ്രതിഷ്ഠയ്ക്ക് അധികാരമില്ലെന്നു പറഞ്ഞവരെ വേദങ്ങളും ഉപനിഷത്തുകളും ഉപജീവിച്ചു തര്‍ക്കിച്ച് തോല്പിക്കുകയല്ല ഗുരു ചെയ്തത്. മറിച്ച് ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവശ്ശിവനെയാണ് (നമ്മുടെ ശിവനെയാണ്) എന്ന് തമാശ പറയുകയാണ്. അതിലൊരു പൗരാവകാശ പ്രഖ്യാപനമുണ്ട്. എങ്കിലും അതാരേയും ഒട്ടും പ്രകോപിപ്പിക്കുന്നില്ല. കാരണം അ തൊരു പ്രകോപിതന്‍റെ പ്രത്യാക്രമണമല്ല.

     അതിലുള്ളത് 'ഓ, ഇതൊക്കെ ഇത്രയല്ലേയുള്ളൂ' എന്ന് ലൗകികതയുടെ നിസ്സാരതയെപ്പറ്റി കൗതുകം കൊള്ളുന്ന താപസന്‍റെ നിര്‍മ്മമതയാണ്. അല്ലെങ്കില്‍ നേര്‍ബുദ്ധിക്കാരനായ ഒരു ഭക്തന്‍റെ നിഷ്കളങ്കത. ഇതു രണ്ടും കൂടിച്ചേര്‍ന്നാണ് - അഗാധമായൊരു സമന്വയബോധത്തിന്‍റെ സ്നേഹത്തില്‍ നിന്നാണ് - കേരളീയ സാമൂഹിക ചരിത്രത്തെ അതിനുമുന്‍പോ പിമ്പോ മറ്റൊരുദാഹരണം ചൂണ്ടിക്കാട്ടാനാവാത്തവിധം, സ്വാധീനിച്ച ആ നര്‍മ്മം പുറപ്പെട്ടത്.