ഗുരുപൂജ

സ്വാമി വിശാലാനന്ദ

'നമിക്കുവിന്‍ സഹജരേ നിയതമീ ഗുരുപാദം

നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ'

     എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് കേവലം അ ധരം കൊണ്ടല്ല മറിച്ച് ഹൃദയം കൊണ്ടാണ്. ഗുരുദേവന്‍റെ പാവനമായ ജീവിതത്തിന്‍റെ അരുളും പൊരുളും ഹൃദയത്തില്‍ ഒപ്പിയെടുക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ് ആശാന് ഇത്രയും 'ആഴമേറിയ' വാക്കുകള്‍ കൊണ്ട് 'ഗുരുപൂജ' നടത്തുവാന്‍ കഴിഞ്ഞത്.

     ഗുരുദേവന് മഹത്തായ ഗുരുപൂജ അര്‍പ്പിക്കുവാനവസ രമരുളുന്ന പുണ്യദിനങ്ങളാണ് ഗുരുദേവന്‍റെ തിരുജയന്തി- സമാധി നാളുകള്‍. ആ മഹാസ്വരൂപത്തിനു മുന്നില്‍ 'തെരുതെരെ വീണു വണങ്ങു' വാനുള്ള അവസരമാണിത്. ആ വീണുവണങ്ങല്‍ കേവലം ശരീരം കൊണ്ടു മാത്രമുള്ളതാവരുത്. മനസ്സും ബുദ്ധിയും ചിന്തയും ഹൃദയവും കര്‍മ്മവും എല്ലാം ഒത്തു ചേര്‍ന്നുകൊണ്ടുള്ള ഒരു വീണുവണങ്ങലായിരിക്കണം അത്. എന്തെന്നാല്‍ ആയുസ്സും വപുസ്സും ആത്മതപസ്സും മനുഷ്യരാശിക്കു വേണ്ടി ബലിയര്‍പ്പിച്ച അവതാരപുരുഷനാണ് ഗുരുദേവന്‍.

    ശ്രീനാരായണഗുരുദേവന്‍റെ ജീവിതവും തത്ത്വസംഹിതകളും ഉപദേശങ്ങളും ഭാഗികമായി വിലയിരുത്തുവാനേ അധികം പേര്‍ക്കും സാധിച്ചിട്ടുള്ളൂ. ഇത്തരം  ഭാഗികമായ വിലയിരുത്തലുകളില്‍ നിന്നുമാണ് ഗുരുദേവന്‍ ഒരു സാമൂഹ്യപരിഷ്കര്‍ത്താവാണെന്നും മതോദ്ധാരകനാണെന്നും വിദ്യാഭ്യാസചിന്തകനാണെന്നും  കവിയാണെന്നും തത്ത്വചിന്തകനാണെന്നും കര്‍മ്മയോഗിയാണെന്നും ഒക്കെയുള്ള കണ്ടെത്തലുകള്‍ ഉണ്ടായിട്ടുള്ളത്. ആകാശത്തേക്ക് നോക്കിയിട്ട് ആകാശം പരന്നതാണെ ന്നും അതിനു നീലനിറമാണെന്നും പ്രസ്താവിക്കുന്നതില്‍ എത്രയും സത്യമുണ്ടോ അത്രയും സത്യമേ ഈ ക ണ്ടെത്തലുകളിലും ഉള്ളൂ എന്നറിയണം. കാരണം ആകാശം പരന്നതല്ല. അതിനു നീലനിറവുമില്ല. ഏതൊരു വസ്തുവിനും സ്ഥിതി ചെയ്യുവാനിടം നല്‍കുന്നതെന്തോ അതാണ് ആകാശത്തിന്‍റെ സ്വരൂപം. അതുപോലെ ഗുരുദേവന്‍റെ യഥാര്‍ത്ഥ സ്വരൂപമെന്തന്നറിയാതെ, അറിഞ്ഞതു വച്ചുകൊണ്ട് ഗുരുവിന്‍റെ ജീവിതത്തെയും ദര്‍ശനത്തെയും വ്യാഖ്യാനിക്കുന്നവരുടെ നടുവിലാണ് സാധാരണക്കാരന്‍റെ ജീവിതം ചലിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ചിന്തയ്ക്കും ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും വെളിയിലാണ് യഥാര്‍ത്ഥമായ ഗുരുസ്വരൂപത്തിന്‍റെ നിലകൊള്ളല്‍.

    ഈശ്വരനെ സ്തുതിക്കുവാനുള്ള സ്തോത്രങ്ങളും ഈശ്വരനെ ആരാധിക്കുവാനുള്ള ദേവതാപ്രതിഷ്ഠകളും ജീവിതത്തില്‍ അനുഷ്ഠിക്കുവാനുള്ള ധര്‍മ്മങ്ങളും പാലിക്കുവാനുള്ള അനുശാസനങ്ങളും മനനം ചെയ്തു സ്വാം ശീകരിക്കുവാനുള്ള തത്ത്വസംഹിതകളും പ്രവൃത്തിയില്‍ വരുത്തുവാനുള്ള ഉപദേശങ്ങളും പ്രബുദ്ധതയിലേക്കുയരുവാനുള്ള പ്രബോധനങ്ങളും ജീ വിതത്തിന്‍റെ മെച്ചപ്പെടലിനുള്ള കല്പനകളും അയലുതഴപ്പതിനായുള്ള സന്ദേശങ്ങളും  അന്തിമമായി മോക്ഷപദത്തെ പ്രാപിക്കുന്നതിനുള്ള ദര്‍ശനവും നല്കി  മനുഷ്യവര്‍ഗ്ഗത്തെയാകമാനം അനുഗ്രഹിച്ച മ റ്റൊരു ഋഷീശ്വരനില്ല. അതുകൊണ്ടാ ണ് 'നമുക്കിതില്‍പ്പരം ദൈവം നിനയ് ക്കിലുണ്ടോ' എന്ന് ആശാന്‍ പാടിയത്.

    ഇതെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ഒരു വസ്തുത തെ ളിഞ്ഞു കിട്ടും. അതായത് ഗുരുദേവനില്‍ ഒരേ സമയം ആത്മസാക്ഷാത്കാരം നേടിയ ഒരു സത്യദര്‍ശിയും ആളുകളുടെ ദുരിതം ഇല്ലാതാക്കുവാനായി അവതരിച്ച ഒരു മനുഷ്യവര്‍ഗ്ഗോദ്ധാരകനും ഒരുപോലെ സമ്മേളിച്ചിരുന്നു എന്നതാണ് ആ വസ്തുത. ഇങ്ങ നെ ലൗകികവും അലൗകികവുമായ ഒരു മഹാസമന്വയത്തിന്‍റെ മൂര്‍ത്തിയായിരുന്നു ഗുരു.  ലൗകികവും അലൗകികവും ഏകോപിച്ചുള്ള പ്രവൃത്തിയുടെയും നിവൃത്തിയുടെയും മാര്‍ഗ്ഗങ്ങളാണ് മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഉദ്ധാരണത്തിനായി ഗുരുദേവന്‍ രൂപപ്പെടുത്തിയെടുത്തത്.  പ്രവൃത്തിയില്ലാത്ത നിവൃത്തിയുടെ മാര്‍ഗ്ഗവും നിവൃത്തിയില്ലാത്ത പ്രവൃത്തിയുടെ മാര്‍ഗ്ഗവും മനുഷ്യന്‍റെ സര്‍വ്വതോമുഖമായ പുരോഗതിക്ക് പ ര്യാപ്തമാകുകയില്ല എന്ന ഗുരുവിന്‍റെ  നിരീക്ഷണം ,സര്‍വ്വശാസ്ത്രങ്ങളെയും കീഴടക്കിയ ഒരു ശാസ്ത്രജ്ഞന്‍റെയും സച്ചിദാനന്ദസ്വരൂപത്തിലാമഗ്നനായ ഒരു ആത്മജ്ഞാനിയുടെയും നിരീക്ഷണമാണ്.  ഈ നിരീക്ഷണത്തെ കാ ണാത്തവരും കണ്ടില്ലെന്നു നടിക്കുന്നവരുമാണ് ഗുരുദേവന്‍ 'ഇന്ന' താ ണെ ന്ന് വ്യാഖ്യാനിച്ച് ഗുരുസ്വരൂപത്തെ ചെറുതാക്കുന്നതെന്നു മനസ്സിലാക്കണം. ഇത്തരക്കാരുടെ പിന്‍തുടര്‍ച്ചക്കാരാണു പാഠപുസ്തകങ്ങളില്‍ ഗുരുവിനെ 'രണ്ടാംനിരയിലേക്ക് താഴ്ത്തി' ആത്മനിര്‍വൃതിയടയുന്നത്. നാളത്തെ സമൂഹത്തിന്‍റെ സ്രഷ്ടാക്കളും നിയന്താക്കളുമായിത്തീരേണ്ട ഇന്നത്തെ കുട്ടികളെ സത്യത്തില്‍ നിന്നും യഥാര്‍ത്ഥ ചരിത്രത്തില്‍ നിന്നും വഴിമാറ്റി സഞ്ചരിപ്പിക്കുവാന്‍ വ്യഗ്രതപ്പെടുന്ന അഭിനവപണ്ഡിതന്മാര്‍ ഒന്നു ഓര്‍ക്കണം- ഏതൊരു അ സത്യവും ഒരു നാളില്‍ നീര്‍ക്കുമിളപോ ലെ ഉടയുന്നതാണ്. എന്നാല്‍ ആ നീര്‍ ക്കുമിളയുടെ സാമഗ്രിയായിരിക്കുന്ന  ജലം എന്ന സത്യത്തെയാകട്ടെ ആര്‍ ക്കും ഒരു കാലത്തും ഉടയ്ക്കുവാനോ മറയ്ക്കുവാനോ സാധിക്കുന്നതല്ല.

     മനുഷ്യനെ മനുഷ്യനായി കാണുവാനും അറിയുവാനും അനുഭവിക്കുവാനും പഠിപ്പിച്ച ഗുരുദേവന്‍,  മനുഷ്യരിലെ വൈരുദ്ധ്യങ്ങളെയും വൈകൃതങ്ങളെയും സ്ഥിതിഭേദങ്ങളെയും ഇല്ലാതാക്കുവാനാണ് സാമൂഹ്യവിപ്ലവത്തി ന്‍റെ വിത്തുകള്‍ വിതച്ചത്. അവ വിതച്ചതും മുളച്ചതും ചെമ്പഴന്തിയിലോ അ രുവിപ്പുറത്തോ ശിവഗിരിയിലോ ആലുവായിലോ, മറ്റേതെങ്കിലും കേന്ദ്രങ്ങളിലോ മാത്രമാണെന്നു കരുതുന്നത് ഭൂമിശാസ്ത്രപരമായ നോക്കിക്കാണലിന്‍റെ ഫലമായാണ് . എന്നാല്‍ സാമൂഹികവും ദാര്‍ശനികവുമായ നവോത്ഥാനത്തിന്‍റെ വിത്തുകള്‍ ഗുരുദേവന്‍ വിതച്ചത് മനുഷ്യമനസ്സുകളിലാണ്. അതുകൊണ്ട് തന്നെ അവ  മുളയ്ക്കേണ്ട തും വളരേണ്ടതും വിളയേണ്ടതുമെല്ലാം മനുഷ്യന്‍റെ  ആന്തരികതലത്തിലാണ്. അങ്ങനെ ഉള്ളില്‍ വളര്‍ന്ന് വിളഞ്ഞ് വരുന്ന നവോത്ഥാനത്തിന്‍റെ വിളവാണ് അഭ്യുന്നതിയും നിഃശ്രേയസ്സവും. ഇ താണ് മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഉദ്ധാരണത്തിനായി ഗുരുദേവന്‍ ലക്ഷ്യമിട്ടത്. 

     പക്ഷേ ഗുരുദേവന്‍ പാകിയ വിത്തുകളെല്ലാം മനുഷ്യമനസ്സുകളില്‍ യഥാകാലം വേണ്ടുംവണ്ണം മുളയ്ക്കപ്പെടാതെ പോയി. അതിന് കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. എന്തെന്നാല്‍ ഗുരുദേവന്‍ പറഞ്ഞതില്‍ വളരെ ചെറിയൊരംശമേ പലരും കേട്ടുള്ളൂ. കേട്ടതില്‍ത്തന്നെ ചെറിയൊരംശമേ സ്വാം ശീകരിക്കുവാനായുള്ളൂ. അവയില്‍ നിന്നു അതിലും ചെറിയൊരംശമാണ് പ്രയോഗത്തില്‍ എത്തപ്പെട്ടത്. ഈ 'കു റവു' കളാണ് ഗുരുസ്വരൂപം നമുക്ക് അകലെയാകുവാന്‍ പ്രധാന കാരണം.

     ഗുരുവിനെ ഭക്തിയോടെ ആരാധിക്കുന്നവര്‍ പോലും പലപ്പോഴും പ്രാര്‍ ത്ഥനയുടെ ലോകത്തേക്ക് മാത്രം ചുരുങ്ങിപ്പോവുകയാണ്. ഗുരുഭക്തി എന്നത് അധരങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടത് മാത്രമല്ല. ഗുരുദേവന്‍ പറഞ്ഞതിനെ സ്വാംശീകരിച്ച് പ്രവൃത്തിയില്‍ വരുത്തി അതു സ്വജീവിതത്തില്‍ അനുഭവമാക്കി അഭ്യുന്നതിക്കു അടിസ്ഥാനമായിത്തീരുമ്പോഴാണ്   ഗുരുഭക്തി നിറവാര്‍ന്നതാകുന്നതും ജീവിതം ധന്യമായിത്തീരുന്നതും. ഗുരുദേവന്‍ എന്തിനുവേണ്ടിയാ ണോ അവതരിച്ചത് അതിന്‍റെ പരിപൂര്‍ ണ്ണതയാണ് ഗുരുദേവഭക്തന്മാരുടെ, ശ്രീ നാരായണീയരുടെ ലക്ഷ്യമായിരിക്കേണ്ടത്.

      വാദങ്ങളും മത്സരങ്ങളും കൊണ്ട് ഇന്നത്തെ ലോകം നിറയപ്പെട്ടിരിക്കുകയാണ് . അതിന്‍റെ അലകടലില്‍പ്പെട്ട് വലയുന്ന മനുഷ്യരെയാണ് നമുക്ക് ലോകമാകെ കാണുവാനാകുന്നത്. വാദവും മത്സരവും അവസാനമില്ലാത്തതാണ്. അതു അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനാല്‍ മനുഷ്യരു ടെ ദുരിതത്തിനും തുടര്‍ച്ചയല്ലാതെ അന്ത്യമുണ്ടാവുകയില്ല.

   'മനുഷ്യന്‍ നന്നായില്ലെങ്കില്‍ ലോ കം നന്നായിട്ടെന്തു കാര്യം?' എന്നു ഗുരുദേവന്‍ ചോദിച്ചത് നമ്മുടെ ഉ ള്ളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടേണ്ട ഒരു ചോദ്യമാണ്. മതമേതായാലും രാജ്യമേതായാലും ഭാഷയേതായാലും 'മനുഷ്യന്‍' നന്നാവണം. അതാണു ഗുരു വിഭാവനം ചെയ്തത്. മനുഷ്യന്‍റെ നന്നാകലിനു വേണ്ടിയാണ് എല്ലാ മതങ്ങളും ദര്‍ശനങ്ങളും ശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെട്ടിട്ടുള്ളത്. എ ന്നാല്‍ അവയില്‍ നിന്നെല്ലാം സ്വാംശീകരിക്കേണ്ട മൂല്യങ്ങളെ മനുഷ്യനു കൈവിട്ടു പോകുന്നുവെന്നതാണു യാ ഥാര്‍ത്ഥ്യം. എന്തുകൊണ്ടാണു ഇങ്ങ നെ സംഭവിക്കുന്നതെന്നു ചിന്തിക്കണം. എല്ലാത്തിന്‍റെയും 'പുറം' മാത്രമാണു അധികമാളുകളും കാണുന്നത്. 'അക'മറിയാതെയുള്ള ഈ പുറം കാണലാണ് മനുഷ്യനെ മത്സരാര്‍ത്ഥിയും വാ ദിയും ദ്വൈതിയുമൊക്കെ ആക്കിത്തീര്‍ക്കുന്നത്.

     അതുകൊണ്ട് ഏതൊന്നിന്‍റെയും പുറംപോലെ ത ന്നെ അകവുമറിയണം. അപ്പോള്‍  ഭേദാദികളെല്ലാം കൈവിട്ട് സര്‍വ്വവും ഏകമായി ഗ്രഹിക്കാനാവും. 'തത്ത്വചിന്താഗ്രഹനിതു സര്‍വ്വവുമേകമായി ഗ്രഹിക്കും ' എന്നാണു ഗുരുമൊഴി. എല്ലാമേകമായാല്‍പ്പിന്നെ 'മറ്റൊന്നു' എന്നു പറയുവാന്‍ യാതൊന്നും  ത ന്നെ അവശേഷിക്കുകയില്ലല്ലോ. അ പ്പോള്‍ സര്‍വ്വവും അഖണ്ഡബോധമായി പരിലസിക്കും. അതാണ് ആത്മസാക്ഷാത്കാരം. ഗുരുക്കന്മാര്‍ വെളിപ്പെടുത്തിയതും ശാസ്ത്രജ്ഞന്മാര്‍ക്കു വെളിപ്പെടുത്താനാവാതെ പോകുന്നതും ഈ ആത്മസ്വരൂപമാണ്.

ആത്മോപദേശശതകത്തിന്‍റെ അവസാനപദ്യത്തില്‍ ഗുരുദേവന്‍ ഇങ്ങനെ  വ്യക്തമാക്കുന്നു.

അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ
മിതി മൃദുവായ് മൃദുവായമര്‍ന്നിടേണം!

  ഞാന്‍ എന്നറിയുന്നത് അതുമല്ല ഇതുമല്ല. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന ജഡവസ്തുക്കളൊന്നും ഞാനല്ല. ഞാന്‍ സച്ചിദാനന്ദസ്വരൂപമായിരിക്കുന്ന പരംപൊരുളാകുന്നു എന്നു വ്യക്തമായി അറിഞ്ഞ് ഏകാഗ്രപ്പെട്ട് ഉണ്ട്, ഇല്ല എന്ന ദ്വൈതാനുഭവങ്ങളില്‍ നിന്നു വിരക്തനായി മെല്ലെ മെല്ലെ  അഖണ്ഡബോധത്തില്‍ ലയിച്ച് അതായിത്തീരണം. ഈ ആത്മസാക്ഷാത്കാരത്തിലേക്കാണ് അതല്ലെങ്കില്‍ ആത്മബോധത്തിലേക്കാണ് അതുമല്ലെങ്കില്‍ മോക്ഷപ്രാപ്തിയിലേക്കാണ് ഗുരുദേവദര്‍ശനം വഴികാട്ടുന്നത്. ആ വഴിയിലൂടെ തെറ്റാ തെ സഞ്ചരിക്കുമ്പോള്‍ സര്‍വ്വ മനുഷ്യരും ആത്മസഹോദരരണെന്ന സ ത്യം ബോധ്യപ്പെട്ടു കിട്ടും. ഈ രഹസ്യമറിഞ്ഞാല്‍ പിന്നെ ആര്‍ക്കു ആരെയാണു നിന്ദിക്കാനാവുക? പീഡിപ്പിക്കാനാവുക? തോല്പിക്കാനാവുക?

     ഗുരുദേവഭക്തിയും ഗുരുദേവസ്മരണയും ഇത്തരമൊരു ചിന്തയുടെ ഉണര്‍വ്വിലേക്ക് നമ്മെ നയിക്കുന്നതാവണം. അതായിരിക്കട്ടെ  നമ്മുടെ 'ഗുരുപൂജ'