ഭാഷയുടെ മഹത്വം സാഹിത്യത്തിന്‍റെയും

പി. വത്സല

 

     മലയാളഭാഷയില്‍ എന്നേക്കും നിലനില്ക്കുന്ന കാവ്യങ്ങള്‍ രചിച്ചു നല്കിയ ശ്രീനാരായണഗുരുദേവനെ ഓര്‍മ്മിച്ചുകൊണ്ടല്ലാതെ ആധുനിക മലയാള ഗദ്യത്തെയും പദ്യത്തെയും സ്മരിക്കുവാന്‍ നമുക്ക്  സാധിക്കുകയില്ല. അക്ഷരമെന്നാല്‍ അഗാധമായ വികാരത്തിന്‍റെയും ആശയങ്ങളുടെയും വാങ്മയരൂപമാണ് എന്നാണ് നമ്മള്‍ വിചാരിക്കുന്നത്. അക്ഷരത്തിനു ഉള്‍ക്കൊള്ളുവാന്‍ മഹത്തായ ആശയം ഇല്ലെങ്കില്‍ ആ അക്ഷരങ്ങള്‍ക്ക് ജഡത്വം സംഭവിക്കും എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന അനേകം കൃതികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.

     സാഹിത്യത്തിന് അതിന്‍റെ പഴയ ദൗത്യം അവസാനിച്ചിരിക്കുന്നു എന്നും പുതിയ കാലത്തിന് പുതിയ സാഹിത്യമാണ് വേണ്ടത് എന്നും പറയുന്നതില്‍ അര്‍ത്ഥമുണ്ട്. പക്ഷേ അത് സാഹിത്യം തന്നെ ആയിരിക്കണം എന്നും അതിന്‍റെ പിന്നില്‍ ഒരര്‍ത്ഥമുണ്ട്. സാഹിത്യത്തിന്‍റെ പേരില്‍ പദസമുച്ചയം മാത്രം ഉണ്ടാക്കി വിടുന്ന പുതിയ തലമുറയിലെ കുറെ എഴുത്തുകാര്‍ക്കു വാസ്തവത്തില്‍ എന്താണ് എഴുതുന്നത് എന്നതിനെപ്പറ്റി ബോധിപ്പിക്കുവാന്‍ അവരുടെ ചുറ്റുമുള്ള ജീവിതം മാത്രമേ ഉള്ളൂ.

     പുതിയ വാക്യങ്ങള്‍ ഉണ്ടാക്കുന്ന ആളാണ് യഥാര്‍ത്ഥ എഴുത്തുകാരന്‍. മറ്റുള്ളവര്‍ എഴുതുന്ന വാക്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ അത്ര വലിയ എഴുത്തുകാരനാണെന്നു അഭിമാനിക്കുവാന്‍ കഴിയാത്തവരാണ്. ഒ.വി. വിജയന് ശേ ഷം മലയാളസാഹിത്യത്തില്‍ പുതിയ വാക്യങ്ങള്‍ അധികം ഉണ്ടായിട്ടില്ല എന്ന സത്യം നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. തികച്ചും ഭാവഭദ്രമായ ചിന്താ ബന്ധുരമായ ഒരു മനസ്സില്‍ നിന്നു മാത്രമേ അത്തരത്തിലുള്ള പുതിയ ഭാഷാപ്രയോഗങ്ങള്‍ ഉണ്ടാവുകയുള്ളൂ. ഇന്നത്തെ മലയാളഭാഷയിലെ മിക്ക പ്രയോഗങ്ങളും പാശ്ചാത്യഭാഷകളില്‍ നിന്ന് കടമെടുത്തവയാണ്. സ്വന്തം ഭാഷയ്ക്ക് ഒരു പ്രയോഗശില്പം ഉണ്ടാക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ആ ഭാഷയുടെ പേരില്‍ നമുക്ക് അഭിമാനിക്കാന്‍ അല്പം ആലോചിക്കേണ്ടിവരും.

     ഒരു ഭാഷ സമ്പന്നമാകുന്നത് അത് ഉള്‍ക്കൊള്ളുന്ന ജനതയുടെ സംസ്കാരവുമായി വേണ്ടത്ര ഇന്‍ററാക്ട് ചെയ്യുമ്പോള്‍ മാത്രമാണ്. സംസ്കാരത്തിന്‍റെ അടിത്തറ ഇല്ലാത്ത ഭാഷാശില്പങ്ങള്‍ക്ക് ആ ഭാഷയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നില്ല എന്ന് ഇന്നത്തെ പല കൃതികളും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  മലയാളഗദ്യങ്ങള്‍ ഉണ്ടായത് തന്നെ ഇംഗ്ലീഷിലുള്ള ഗദ്യഗ്രന്ഥങ്ങളുടെ ഒരു അനുകരണമായിട്ടാണ്. പ്രത്യേകിച്ച് നോവല്‍, ചെറുകഥ എന്നീ വിഭാഗങ്ങള്‍. പിന്നീട് നിരൂപണങ്ങള്‍ ഉണ്ടായിവന്നതും അ ങ്ങനെ ആണെന്ന് നമുക്കറിയാം. പാ ശ്ചാത്യഭാഷകളില്‍ വരുന്ന സിദ്ധാന്തങ്ങളും പ്രയോഗവൈചിത്ര്യങ്ങളും ശ്ര ദ്ധാപൂര്‍വ്വം നോക്കി, നമ്മുടെ ലിപികളില്‍ അത് പരാവര്‍ത്തനം ചെയ്ത്  സാഹിത്യരചന നടത്തുന്നവരെ പലപ്പോഴും ഒ.വി. വിജയന്‍ പരിഹസിച്ച് 'നിങ്ങള്‍ നിങ്ങളുടെ ഭാഷ കാണണമെ ന്ന്' ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്‍റെ ഭാഷ വളരെ ക്ലേശകരമാണ് വായിക്കാനെന്ന് ഒരു കാലത്ത് ആളുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ആവിഷ്കരിക്കപ്പെടുന്ന ആശയത്തിന്‍റെ ഗഹനത കൊണ്ട് ആ ളുകള്‍ക്ക് തോന്നിയതാണ്. ശ്രീനാരായണഗുരു രചിച്ച ഭാഷ ലളിതമനോഹരമായിട്ടുള്ള കാവ്യങ്ങളുടെ ഭാഷയാണ്. അതില്‍ മനസ്സിലാകാത്ത ഒന്നും തന്നെയില്ല. ജീവിതദര്‍ ശനങ്ങളെയും ഉപനിഷത്വാക്യങ്ങളെയും സ്വന്തം സംസ്കാരത്തോട് സ മന്വയിപ്പിച്ച് ഗുരു എഴുതിയിട്ടുള്ള ആ ഭാഷയുടെ ഹൃദയം പൂര്‍ണ്ണമായും  നിര്‍മ്മലമാണ്.

    ഇന്ന് മലയാളഭാഷയുടെ അവസ്ഥ പരുങ്ങലിലാണ് എന്ന് ചിന്തിക്കുന്ന കുറേപ്പേരെങ്കിലുമുണ്ട്. ഭാഷയേ ഇനി വേണ്ടിവരില്ല എന്നു പറയുന്നവരും ഇല്ലാതില്ല. നമ്മള്‍ ഭാഷയ്ക്ക് അതീതരായിക്കഴിഞ്ഞെന്നും ഇനി മാതൃഭാഷാപ്രേമം ലൗകികജീവിതത്തിന് അത്ര ആവശ്യമില്ലാത്ത ഒന്നാണെന്നും മറ്റുതരത്തിലുള്ള മീഡിയ ആണ് ആശയപ്രകാശനത്തിന് എളുപ്പമെന്നും അതിലേക്ക് നമ്മള്‍  തിരിഞ്ഞുനോക്കണമെന്നുമൊക്കെ പുതിയ ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നത്. ഒരു തരം സ ങ്കരസംസ്കാരമാണ് പുതിയ കാലഘട്ടത്തില്‍ പുതിയ കൃതികളിലൂടെ ന മുക്ക് ഉണ്ടാകുന്നത്. എന്താണ് ചിന്തിക്കുന്നത് എന്നതിനെപ്പറ്റി വലിയ യു ക്തിയോ ബോധമോ ഇല്ലാത്ത എഴു ത്തുകാര്‍ ഒരുപാടുപേര്‍ ഇന്നുണ്ട്. യു ക്തിയല്ല സാഹിത്യം. പക്ഷേ സാഹിത്യമെന്നത് വൈകാരികവും ബുദ്ധിപരവും വിചാരപരവും അതേ സമയം തന്നെ സാംസ്കാരികപരവുമായ ഒരു മാധ്യമമാണ് എന്ന് നമ്മള്‍ എപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും. ഒരു സമൂഹത്തിന്‍റെ ഉല്പന്നം എന്ന നിലയില്‍ മറ്റെല്ലാ ഉല്പന്നങ്ങളെക്കാളും  ഉയരത്തില്‍ സാഹിത്യത്തിന് വിലകല്പിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിലെ മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളഭാഷയ്ക്ക് ഇന്നുണ്ടായിരിക്കുന്ന സമ്പന്നത ഉണ്ടായത്.  ഇന്ത്യന്‍ ഭാഷകളില്‍ വെച്ചു തല ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്ന പല പുതിയ പ്രവണതകളും ആധുനികചിന്തകളില്‍ ഉള്‍ക്കൊണ്ടിട്ടുള്ള പല സാഹിത്യകൃതികളും മലയാളത്തില്‍ വേണ്ടത്ര ഉണ്ടായിട്ടുണ്ട്. പക്ഷേ അവയുടെ മൂല്യം തട്ടിച്ചു നോക്കുമ്പോള്‍ അത്ര മെച്ചപ്പെട്ട കൃതികള്‍ വളരെയുണ്ട് എന്ന് നമുക്ക് പറയുവാന്‍ പറ്റുകയില്ല. പുതിയ തലമുറയിലെ  വായനാശീലമുള്ള കുട്ടികള്‍ക്ക് വേണ്ടത്ര നല്ല വിഭവങ്ങള്‍ കൊടുക്കാന്‍ പുതിയ മലയാളസാഹിത്യത്തിന് കഴിയുന്നില്ല എന്ന ഒരു സത്യം നമുക്ക് തിരിച്ചറിയാം. കുട്ടികള്‍ നല്ല വായന ക്കാരായി വളരുകയാണ്. കുട്ടികളാണ് വായിക്കാന്‍ തുടങ്ങേണ്ടത്. കുട്ടിക്കാലത്ത് വായിച്ചാല്‍ മാത്രമേ ആ കുട്ടി വളരുമ്പോള്‍ ഒരു പൂര്‍ണ്ണമനുഷ്യനായിത്തീരുവാന്‍ സാധിക്കൂ. ആധുനിക തലമുറയിലെ ഒരു വിഭാഗം കുട്ടികള്‍ പറയുന്നത് വായന വേണ്ട, അതില്ലാതെ തന്നെ എഴുതാന്‍ കഴിയും എന്നാണ് . പക്ഷേ അ തില്‍  കഴമ്പുണ്ട്. കാരണം ബാലമനസ്സുകളില്‍ കളങ്കമില്ലാത്തതുകൊണ്ട് ആശയങ്ങളുടെ പുതുമുളകള്‍ ധാരാളം ഉണ്ടായിരിക്കും. അവര്‍ വായിച്ചില്ലെങ്കി ലും എഴുതും. എന്നാല്‍ വായിച്ചാല്‍ മാത്രമേ അവര്‍ക്ക് മാനസികമായി, ബു ദ്ധിപരമായി വളരാന്‍ കഴിയുകയുള്ളൂ എന്ന് അറിയണം.

     വായന നമ്മുടെ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്നിട്ടു നില്ക്കുന്ന ഒന്നാണ്. ദൃശ്യമാധ്യമങ്ങള്‍ ഭാഷയെ ക്ഷീണിപ്പിക്കുന്നു അല്ലെങ്കില്‍ ഇല്ലാതാക്കുന്നു എന്നു പറയുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല.  ലോകത്ത് ദൃശ്യമാധ്യമങ്ങള്‍ ആദ്യം പ്രചരിച്ചത് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്. അവിടെയാകട്ടെ ഇന്നും വായനക്ക് വലിയ കുറവില്ല. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും വലിയ ലൈബ്രറികളുണ്ട്. അവിടെ ഒരു വ്യക്തി ഒരു പ്രാവശ്യം അന്‍പത് പുസ്തകങ്ങളാണ് ഒരു ലൈ ബ്രറിയില്‍ നിന്ന് എടുത്തു വീടുകളിലേക്ക് കൊണ്ടു പോകുന്നത്. അവ വാ യിച്ചു കഴിഞ്ഞിട്ടാണ് വീണ്ടും പുതിയ പുസ്തകം എടുക്കാന്‍ വരുന്നത്.  ഒരു പുസ്തകം മാത്രം എടുക്കാനായി അ വര്‍ സമയം ചിലവഴിക്കുന്നില്ല. പുസ്തകങ്ങള്‍ മറ്റു സാധനങ്ങളെപ്പോലെ വീ ടുകളില്‍ സംഭരിച്ചു വെയ്ക്കുകയും വായന കഴിഞ്ഞാല്‍ അവ കൃത്യമായി തിരികെ കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെ പുസ്തകം വേണ്ടനിലയില്‍ വിലയിരുത്തുവാന്‍ ആവശ്യമായ നിരൂപകന്മാര്‍ ഉണ്ടാകുന്നില്ല. മലയാളസാഹിത്യത്തിന് ഇന്ന് പറ്റിയിരിക്കുന്ന ഒരു ദുരന്തം നല്ല കൃതികള്‍ക്കനുസരിച്ച് വിമര്‍ശകര്‍ ഉണ്ടാകുന്നില്ല എ ന്നതാണ് . പുസ്തകം നിരൂപണം ചെയ്യണമെങ്കില്‍ കുറേക്കൂടി അദ്ധ്വാനിക്കണമെന്നും ചിന്തിക്കണമെന്നും വായിക്കണമെന്നും ഉള്ളതുകൊണ്ട് അതിനെക്കാളും എളുപ്പം ഒരു കഥയോ കവിത യോ നോവലോ എഴുതുന്നതായിരി ക്കും നല്ലത് എന്ന് ചിന്തിക്കുന്ന ആളുകളാണിപ്പോള്‍ കൂടുതലും. അതുകൊണ്ടു തന്നെയാണ് മലയാളസാഹിത്യത്തില്‍ വേണ്ടത്ര നിരൂപണകൃതികള്‍ ഇല്ലാതെ പോകുന്നത്. കേവലം നിരൂപണ ലേഖനങ്ങള്‍ മാത്രമാണ്  പലപ്പോഴും വരുന്നത്. അതും ഒറ്റപ്പെട്ട നിലയില്‍ മാത്രം.

      ഒരു പ്രധാനപ്പെട്ട എഴുത്തുകാരന്‍റെ  പൂര്‍ണ്ണ ഗ്രന്ഥങ്ങളെ വായിച്ച് പഠിച്ച് എഴുതുന്ന പുസ്തകങ്ങള്‍ക്ക് അവാര്‍ ഡ് കൊടുക്കണം എന്ന് വിലാസിനി എ ന്ന പേരില്‍ എഴുതിയ എഴുത്തുകാരന്‍ ഒരു ഒസ്യത്ത് എഴുതി വച്ചത് കേരള സാഹിത്യ അക്കാദമിയില്‍ ഇരിപ്പുണ്ട്. അതില്‍ അദ്ദേഹം വ്യക്തമായി പറയുന്നത് നോവല്‍ എന്ന സ്വരൂപത്തെ പൂര്‍ണ്ണമായി അറിയാന്‍ ശ്രമിക്കുന്ന ഒരു രചയിതാവിനു മാത്രമെ ഈ അവാര്‍ഡ് കൊടുക്കാന്‍ പാടുള്ളൂ എന്നാണ്. ഒന്നുകില്‍ ഒരു നല്ല നോവലിനെ ബൃഹത്തായി നിശിതമായി ആഴത്തില്‍ പഠിച്ച് ഒരു വിമര്‍ശനഗ്രന്ഥം രചിക്കുക, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഗ്രന്ഥകര്‍ത്താവിന്‍റെ എല്ലാ നോവലുകളും പഠിച്ച് ഒരു വിമര്‍ശനഗ്രന്ഥം രചിക്കുക, അവര്‍ക്കു മാത്രമാണ് ഈ അവാര്‍ഡ് കൊടുക്കേണ്ടത് എന്ന് അദ്ദേഹം ആ ഒസ്യത്തില്‍ പറയുന്നു. സത്യം പറഞ്ഞാല്‍ പല വര്‍ഷങ്ങളിലും ആ അവാര്‍ഡ്  കൊടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് നോവല്‍ ധാരാളം ഉണ്ടാവുന്നുണ്ടെങ്കിലും നോവല്‍ പഠനങ്ങള്‍ മലയാളഭാഷയില്‍  വളരെ കുറച്ച് മാത്രമാണ് ഉണ്ടാകുന്നത് എന്നറിയിക്കുവാനായിട്ടാണ്.

      മാധവിക്കുട്ടി, ഒ.വി. വിജയന്‍, കാ ക്കനാടന്‍, ബഷീര്‍, എം.ടി., തുടങ്ങിയവരുടെ പുസ്തകങ്ങളെപ്പറ്റി വരുന്ന നിരൂപണങ്ങള്‍ മുഴുവനും ആദ്യം ഒ രാള്‍ പറഞ്ഞുവെച്ച ആശയങ്ങളെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ആ വര്‍ത്തിച്ചുകൊണ്ടുള്ള വെറും വാക്കുകളുടെ പൊങ്ങച്ചക്കൊട്ടാരങ്ങള്‍ മാത്രമാകുന്നു. നിരൂപണമെന്നത്. അര്‍ത്ഥവത്തായ ഒരു ഭാഷാവ്യവഹാരമാണ് നല്ല നിരൂപണങ്ങള്‍ എഴുത്തുകാരെയും വാ യനക്കാരെയും തമ്മില്‍ അടുപ്പിക്കുകയും പരസ്പരം സംവാദങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളത് വളരെ പ്രധാനമാണ്. ഒ. വി. വിജയന്‍ 'ഖസാക്കിന്‍റെ ഇതിഹാസ' ത്തിനു ശേഷം 'ഇതിഹാസത്തിന്‍റെ കഥ' എന്നു പറഞ്ഞ് ഒരു ചെറുകഥ എഴുതിയിട്ടുണ്ട്. വിമര്‍ശകര്‍ തന്‍റെ കൃതികളെ ഏറ്റെടുത്ത് വിമര്‍ശിക്കുന്നില്ല എന്ന് കണ്ടിട്ട് അദ്ദേഹം തന്നെ സംവാദരൂപത്തില്‍ എഴുതിയ ആ കൃതി മലയാളഭാഷയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചെറുകൃതിയാണ്. അതുവായിക്കാനു ള്ള സാവകാശം പോലും പലപ്പോഴും നിരൂപകര്‍ കാണിക്കുന്നില്ല എന്നതു എത്ര ദുഃഖകരമാണ്. വിമര്‍ശനം വേ ണ്ടാ എന്നും വായന ഒരു പൊങ്ങച്ച വ്യാപാരമാണ് എന്നും വായനക്കാര്‍ തന്നെ സമ്മതിക്കുന്ന ഒരു കാലഘട്ടത്തില്‍ ഒരിക്കല്‍ മാത്രം വായിച്ച് തള്ളേ ണ്ട പുസ്തകങ്ങള്‍ക്കാണ് മാര്‍ക്കറ്റില്‍ വിലകൂടുന്നത് എന്നു നമ്മളറിയണം. മലയാളഭാഷയിലെ പ്രധാനപ്പെട്ട പ്രസാധകരില്‍ പലരും അത്തരം പുസ്തകങ്ങള്‍ മാത്രം അച്ചടിച്ചു വിറ്റഴിക്കുന്നതില്‍ ബദ്ധശ്രദ്ധരാണെന്നത് പരക്കെ ഇന്ന് അറിയപ്പെടുന്ന കാര്യമാണ്. അവര്‍ക്കിടയില്‍ ഒരു പുതിയ എഴുത്തുകാരന്‍റെ മുഖം പ്രത്യക്ഷപ്പെടുക വളരെ ക്ലേശകരമാണ്.  പുതിയ എഴുത്തുകാ രെ കണ്ടെത്താന്‍ പറ്റിയ പ്രഗത്ഭരായ പത്രാധിപന്മാര്‍ ഒരുകാലത്തുണ്ടായിരുന്നു. പക്ഷേ ഇന്നു അതിനു പ്രാധാന്യം നല്കുന്ന പത്രാധിപന്മാര്‍ കുറവാണ് എന്നുള്ളതും നമുക്കു സമ്മതിക്കേണ്ടിവരും. എപ്പോഴും ഒരു പത്രാധിപര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണ് നല്ല എഴുത്തുകാരെ കണ്ടെത്തുക എന്നത്. എന്‍.വി. കൃഷ്ണവാര്യര്‍ മാതൃഭൂമിയുടെ പത്രാധിപര്‍ ആയിരുന്ന കാലത്ത് ഒരു നിര പുതിയ എഴുത്തുകാരെ അദ്ദേഹം കൊണ്ടുവന്നിരുന്നു. ആ കൂട്ടത്തില്‍ ശാസ്ത്രകൃതികള്‍ എഴുതിയവരും ചരിത്രകൃതികള്‍ എഴുതിയവരും വാസ്തുശില്പം പോലെയുള്ള കൃതികള്‍ എഴുതിയവരും ഉണ്ടായിരുന്നു. കഥകള്‍ , കവിതകള്‍, ഉപന്യാസങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം എഴുതുന്ന എഴുത്തുകാര്‍ ഉണ്ടായിരുന്നു. ആ കൂട്ടത്തില്‍ പ്പെട്ട ചില കവികള്‍ നമ്മുടെ സ്റ്റേജില്‍ ഇപ്പോഴും ഉണ്ട് എന്നത് വളരെ സ ന്തോഷകരമായ ഒരു കാര്യമാകുന്നു. അങ്ങനെയുള്ള പത്രാധിപന്മാരുടെയും നല്ല സാഹിത്യത്തിനു വെളിച്ചം കാ ണാന്‍ പേജു നല്കുന്ന പത്രങ്ങളുടെയും അഭാവം ഇന്നു മലയാളത്തില്‍ ഉണ്ട്. ശില്പശാലകള്‍ നടത്തിയതുകൊണ്ടൊന്നും കുട്ടികളെ എഴുത്തുകാ രാക്കി മാറ്റാന്‍ പറ്റുകയില്ല. നാം ജീവിക്കുന്ന ഈ കാ ലത്തിന്‍റെ ക്ലേശങ്ങളെ, വരാന്‍ പോ കുന്ന ഭവിഷ്യത്തുകളെ  എല്ലാം മുന്‍കൂട്ടി കണ്ടറിഞ്ഞ് ജീവിതം പഠിക്കാന്‍ തയ്യാറായ ഒരു കൂട്ടം എഴുത്തുകാര്‍ ഉണ്ടായിട്ടില്ലെങ്കില്‍ തീര്‍ച്ചയായും മലയാളസാഹിത്യത്തിന്‍റെ ഭാവി ഇരുളിലാകുമെന്ന് പറയാതെ വയ്യ.

     ഗുരുദേവനും അതുപോലെയുള്ള മഹാത്മാക്കളും ഭാഷ എങ്ങനെ കൈ കാര്യം ചെയ്തിരുന്നു എന്നു നമ്മുടെ എഴുത്തുകാരും വായനക്കാരും പഠിക്കേണ്ടതാണ്. ഭാഷയുടെ മഹത്വമറിഞ്ഞ് ഭാഷ വിനിയോഗിക്കുന്ന ഒരു തലത്തിലേക്കുയരുവാന്‍ ശിവഗിരി സാഹിത്യസമ്മേളനങ്ങള്‍ നമുക്ക് പ്രചോദനമായിത്തീരട്ടെ.