വിദ്യാഭ്യാസവിചക്ഷണനായ ശ്രീനാരായണഗുരു

സ്വാമി ഋതംഭരാനന്ദ

 

     വിശ്വമാനവികതയുടെ മഹാപ്രവാചകനും അധഃസ്ഥിത ജനസമൂഹത്തിന്‍റെ വിമോചകനുമായ ശ്രീനാരായണഗുരുദേവന്‍ ലോകം കണ്ടിട്ടുള്ള വിദ്യാഭ്യാസ വിചക്ഷണന്‍മാരില്‍ അദ്വിതീയനാണ്. വിഷയാധിഷ്ഠിതങ്ങളായ ഭൗതികശാസ്ത്രത്തെ, സര്‍വ്വവിഷയങ്ങള്‍ക്കും 'വിഷയി' ആയി നിലകൊള്ളുന്നതും സര്‍വ്വമാറ്റങ്ങള്‍ക്കും അധിഷ്ഠാനമായി ഭവിക്കുന്നതുമായ ആത്മബോധത്തോട് ചേര്‍ത്ത് വിശകലനം ചെയ്തു സ്വാംശീകരിക്കുവാനും അതു ലോകസംഗ്രഹാര്‍ത്ഥം പ്ര യോഗത്തില്‍ വരുത്തുവാനും വ്യക്തിയെ പ്രാപ്തമാക്കുന്ന ഒരു വിദ്യാഭ്യാസ ദര്‍ ശനമാണ് ഗുരുദേവന്‍ ആവിഷ്കരിച്ചത്. ഈ വിദ്യാഭ്യാസ ദര്‍ശനം ആധുനികകാലഘട്ടത്തില്‍ എങ്ങനെയൊക്കെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് വ്യ ത്യസ്തവീക്ഷണങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു വിശകലനമാണ് ഈ പ്രബന്ധം.

     ഗുരുദേവസന്ദേശങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്നത്. അതായത് അറിവിലൂടെ അവനവന്‍റെ അസ്തിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടാവുക. വിദ്യയെന്നാല്‍ അറിവാണ്. പഠനമെന്നാല്‍ അഭ്യാസമാണ്. വിദ്യാഭ്യാസമെന്നത് ആത്മീയവും ഭൗതികവുമായ മൂല്യങ്ങളെക്കുറിച്ചുള്ള ബോധനത്തിലൂടെ വ്യക്തിയെ പ്രബുദ്ധതയിലേക്കു നയിക്കുന്നതും  സമൂഹമര്യാദകള്‍ക്കനുസരിച്ച് സമൂഹത്തിന്‍റെ ഭാഗമായി ജീവിക്കുവാനും ഉത്തമ ജീവിതായോചന മാര്‍ഗ്ഗം സ്വായത്തമാക്കുവാനും പ്രാപ്തമാക്കുന്നതുമായ ഒരു പ്രക്രിയയാണ്. പ്രസിദ്ധ റോമന്‍ നിയമകര്‍ത്താവായ സിസേറോ 'അറിവിനെ പരമമായ ജ്ഞാനത്തിലേക്ക്' പരിവര്‍ത്തനപ്പെടുത്തുന്ന ഒരു പ്രക്രിയ എന്ന നിലയിലാണ് വിദ്യാഭ്യാസത്തെ നിര്‍വചിച്ചിട്ടുള്ളത്.

      വിദ്യാഭ്യാസം എന്നതിനു നിരവധി നിര്‍വചനങ്ങളുണ്ട്. സത്യത്തിന്‍റെ അക വും പുറവും വെളിവാക്കുന്നതാണത്.  ജീവിതത്തിന്‍റെ വ്യാവഹാരികതലങ്ങളെ അഭിമുഖീകരിക്കുവാന്‍ പാകപ്പെടുത്തുന്നതാണത്. ഒരു പൂര്‍ണ്ണമനുഷ്യനെ രൂപപ്പെടുത്തുന്നതാണത്. ബുദ്ധിശക്തിയെയും ധൈര്യത്തെയും വൈകാരികതലങ്ങളെയും വികസിപ്പിക്കുന്നതാണത്. പൗരബോധത്തെ ഉണ്ടാക്കുന്നതും പൗരത്വത്തി ന്‍റെ അധികാരത്തെയും യോഗ്യതയെയും ബോധ്യപ്പെടുത്തുന്നതുമാണത്. മൊത്തത്തില്‍ നന്മയുടെ വിളയലിനും വിജയത്തിനും വേണ്ടിയുള്ള ഒ രു സാമൂഹികക്രമീകരണം അല്ലെങ്കില്‍ ഒരു സാമൂഹികവ്യവസ്ഥ രൂപപ്പെടുത്തി ജീവിതത്തെ അഭിമുഖീകരിക്കുവാനു ള്ള ബോധവും ശേഷിയും നല്‍കി മനുഷ്യരെ പ്രാപ്തമാക്കുകയെന്നതാണ് വി ദ്യാഭ്യാസം ലക്ഷ്യമാക്കുന്നത്. ഇവയോരോന്നും ഭാഗികമായി മൂല്യമുള്ളതാവാം. എന്നാല്‍ ഇവയില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നായി മനുഷ്യരുടെ ഐക്യവും അഖണ്ഡതയും സമനിലയും സൗന്ദര്യവും ജീവിതശൈലികളുടെ അനുപാതവും യോജിപ്പുമൊക്കെ രൂപപ്പെടുത്തുന്നതും അതിന്‍റെ അരുളും പൊ രുളും പ്രതിപാദിക്കുന്നതുമാണെന്ന് നടരാജഗുരുവും വ്യക്തമാക്കിയിട്ടുണ്ട്.

 സമഗ്രമായ വിദ്യാഭ്യാസവീക്ഷണം
     സമഗ്രവും ശാസ്ത്രീയവുമായ ഒരു വിദ്യാഭ്യാസസങ്കല്പമാണ് ഗുരുദേവനുണ്ടായിരുന്നത്.  ഈ വീക്ഷണത്തിന്‍റെ  അന്തിമമായ ലക്ഷ്യം വിശ്വമാനവികതയിലധിഷ്ഠിതമായ ആനന്ദദായകവും ശ്രേയസ്കരവുമായ   ജീവിതം നയിക്കുന്നതിനും, സങ്കുചിതമായ വിഭാഗീയചിന്താഗതികള്‍ക്കപ്പുറമുള്ള ഏകതാനതയിലേക്ക് ഉയരുന്നതിനും, ആത്മനിര്‍വൃതിയുടെ പരമസ്വാതന്ത്ര്യത്തെ പ്രാപിക്കുന്നതിനും മനുഷ്യനെ സജ്ജമാക്കുക എന്നതാണ്. വ്യക്തിയുടെ ജീവിതം , കുടുംബബന്ധം, മാനുഷിക നവീകരണം, പരംപൊരുളായിരിക്കുന്ന സര്‍വ്വശക്തനായ ദൈവവുമായുള്ള താ ദാത്മ്യം ഇവയെല്ലാം ഈ അന്തിമലക്ഷ്യത്തിലേക്ക് വേണ്ടുംവിധം എത്തിച്ചേരുന്നതിനുള്ള ക്രമപ്പെടുത്തലുകളും  നേര്‍വഴികളുമാകുന്നു. തീര്‍ത്തും അപരിഷ്കൃതവും സംസ്കാരശൂന്യവുമായ ജീവിതാവസ്ഥയില്‍ നിന്നും പരിഷ്കൃതമായ ഒരു സാംസ്കാരിക സാമൂഹി കാവസ്ഥയിലേക്ക് മനുഷ്യനെ പരിവര്‍ത്തനപ്പെടുത്തുന്നതാണ് ഗുരുവിന്‍റെ വിദ്യാഭ്യാസപരിപാടികള്‍. ദൈവം മനുഷ്യനെ അവന്‍റെ രൂപത്തില്‍ സൃഷ്ടിക്കുന്നു. മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ബൗദ്ധികശക്തികൊണ്ടും വിവേ കം കൊണ്ടും അസ്തിത്വത്തിന്‍റെ ഉയര്‍ ന്ന തലങ്ങളിലേക്ക് അടുക്കുന്ന എല്ലാ മനുഷ്യരിലും അതിസൂക്ഷ്മമായ ദൈ വികാംശത്തിന്‍റെ ഒരു സ്ഫുലിംഗമിരിക്കുന്നുണ്ട്. ഈ സ്ഫുലിംഗത്തിന്‍റെ തി ളക്കത്തെ ബോധപൂര്‍വ്വം അനുഭവിക്കുകയും അതിന്‍റെ  പ്രകാശത്തെ സര്‍വ്വയിടത്തേക്കും പ്രസരിപ്പിക്കുകയും ചെ യ്യുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.  ഇത് സ്വായത്തമായിക്കിട്ടാനുള്ള ഒരു പ്രക്രിയയാണ് വിദ്യാഭ്യാസം. ഈ പ്ര ക്രിയ മൂന്നു വിധത്തിലുള്ളതാണ്. ശൈ ശവകാലത്ത് ഈ ലോകത്തെ അറിയുവാന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ സ ഹായിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ വിദ്യാലയങ്ങളും സുഹൃത്തുക്കളും അദ്ധ്യാപകരും മുതിര്‍ന്നവരുമായി ഇടപെട്ട് അറിവ് നേടുന്നതിലൂടെ അവനില്‍ വ്യക്തിത്വവും സ്വഭാവഘടനയും സ്വയം രൂപപ്പെട്ട് വികസിക്കുന്നു. പ്രായമാകുമ്പോള്‍ ജീവിതാനുഭവങ്ങളില്‍ നിന്നും ജീവിതഗന്ധികളായ പുസ്തകങ്ങളില്‍ നിന്നും അവനവനെ സംബന്ധിച്ച് കൂടുതല്‍ അറിയുവാനാകുന്നതാണ് മൂന്നാംഘട്ടം.  ഇങ്ങനെയുണ്ടാകുന്ന അറിവ് സുവ്യക്തവും തിളക്കമേറിയതുമായിത്തീരുമ്പോള്‍ കയറില്‍ പാമ്പെന്നപോലെ തോന്നിക്കപ്പെടുന്ന വികല്പങ്ങളെല്ലാം ഇല്ലാതായിത്തീരുന്നതാണ്.
 
സാമൂഹിക സാംസ്കാരിക  പശ്ചാത്തലം
     ഗുരുദേവന്‍റെ വിദ്യാഭ്യാസപദ്ധതികള്‍ വിലയിരുത്തുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുമ്പോള്‍  ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്  ജനങ്ങളുടെ സാ മൂഹികവും  സാംസ്കാരികവുമായ പ ശ്ചാത്തലം കൂടി ഗുരുദേവന്‍ കൈ കാ ര്യം ചെയ്തിരുന്നു എന്ന വസ്തുതയാണ്. ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങള്‍ സമൂഹത്തിലെ ഭൂരിപക്ഷം പേ രെയും  പിടികൂടിയിരുന്നു. അവര്‍ അപരിഷ്കൃതവും  മനുഷ്യത്വരഹിതവുമായ ജീവിതം നയിച്ച് ദാരിദ്ര്യത്തിലേക്കും അജ്ഞാനത്തിലേക്കും ചവിട്ടിത്താഴ്ത്തപ്പെടുവാന്‍  വിധിക്കപ്പെട്ടവരായിരുന്നു. ക്രൂരവും നീചവുമായ സാമൂഹ്യവ്യവസ്ഥകളാല്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും  ആരാധനാകേന്ദ്രങ്ങളിലും  പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് ജാതിവ്യവസ്ഥകള്‍ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള തൊഴില്‍ ചെയ്യുന്നതിനു വിദ്യാഭ്യാസം ആവശ്യമില്ലെന്ന ഒരു സാമൂഹ്യമാനദണ്ഡം അന്നു അം ഗീകരിക്കപ്പെട്ടിരുന്നു.  എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ഇതില്‍ നി ന്നും വ്യത്യസ്തമായിരുന്നു.  സം സ്കൃതഭാഷയും സാഹിത്യവും ജ്യോതിഷവും ആയൂര്‍വ്വേദവുമൊക്കെ ബുദ്ധിസത്തിന്‍റെ തിരുശേഷിപ്പായി കേരളത്തിലെ അവര്‍ണ്ണസമുദായങ്ങളിലേക്ക് അരിച്ചരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അവരില്‍പ്പെട്ട സമൂഹത്തിലെ ഗണനീയരും ധനവാന്മാരുമായ കുടുംബക്കാര്‍  അവരുടെ കുട്ടികളെ ഈ വിഷയങ്ങളെല്ലാം പരിശീലിപ്പിച്ചിരുന്നു. അന്നത്തെ പരമ്പരാഗതമായ ശൈലിയില്‍ ഗുരുദേവന്‍ ഈ വിഷയങ്ങളിലെല്ലാം തികഞ്ഞ അവഗാഹം നേടുകയുണ്ടായി. ഇന്ത്യ മുഴുവന്‍ വീശിയടിച്ച സാമൂഹ്യമാറ്റത്തിന്‍റെ കാറ്റ് സഹ്യാദ്രിയും കടന്നു കേരളത്തിലുമെത്തിയിരുന്നു. ഇതിന്‍റെ ഫലമായി  പുരോഗമനചിന്താഗതിക്കാരായ യുവജനങ്ങള്‍ കിരാതമായ സാമൂഹ്യവ്യവസ്ഥകളുടെ പ്രാമാണ്യത്തെയും സവര്‍ണ്ണര്‍ ക്കു മാത്രം അധികാരപ്പെട്ട സാമ്പ്രദായിക സംസ്കൃതാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തെയും ചോദ്യം ചെ യ്തു തുടങ്ങി. ഒരു മാറ്റത്തിനായി സ മൂഹം വ്യഗ്രതപ്പെടുകയായിരുന്നു. ഇത് വികസനത്തിനും, അവ പ്രയോഗത്തിലെത്തിക്കുന്നതിനായുള്ള ഒരു നേതാവിനും വേണ്ടിയുള്ള സമഗ്രമായ ഒരു ആസൂത്രണപദ്ധതി അനിവാര്യമാക്കിത്തീര്‍ത്തു. ഇതിനായി ഗുരുദേവനേക്കാള്‍ യോഗ്യനും അര്‍ഹനുമായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കായി ഗുരുദേവന്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയായിരുന്നു.

വിദ്യാഭ്യാസപദ്ധതികളുടെ സമുദ്ഘാടനം

 ഗുരുദേവന്‍റെ വിദ്യാഭ്യാസപദ്ധതികളുടെ ഔദ്യോഗിക സമുദ്ഘാടനമായി അരുവിപ്പുറം പ്രതിഷ്ഠയെയും ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്‍റെ സംസ്ഥാപനത്തെയും കണക്കാക്കാം. ഗുരുദേവന്‍ നടത്തിയ ശിവലിംഗപ്രതിഷ്ഠ അധഃപതിക്കപ്പെട്ടു കിടന്നിരുന്ന സമൂഹത്തി ന്‍റെ കര്‍മ്മധീരതയെ ഉത്തേജിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാളും അതേസമയം ഗര്‍വ്വിഷ്ഠരായ സവര്‍ണ്ണരുടെ പ്രതാപത്തെയും അഹന്തയെ യും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. അ നാചാരങ്ങളെ അതിലംഘിച്ച ഈ സം ഭവത്തോടെ മനുഷ്യനും ദൈവത്തിനുമിടയില്‍ പരമ്പരാഗതമായിതീര്‍ക്കപ്പെട്ടിരുന്ന വേര്‍തിരിവിന്‍റെ ഭിത്തികള്‍ ത കര്‍ന്നുവീണു. അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍ വിശ്വസാഹോദര്യത്തിന്‍റെ മ ഹാസന്ദേശം ഗുരുദേവന്‍ ആലേഖനം ചെയ്തു.

'ജാതിഭേദം മതദ്വേഷം
 ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്'

     ഇതെല്ലാം സമൂഹത്തില്‍ ബഹുതലമാനങ്ങളോടെ മാറ്റൊലിക്കൊണ്ടു. ഒരു മാനവികതാവാദിക്ക് മനുഷ്യര്‍ക്കു അവരുടെ ഇഷ്ടാനുസരണം ദേവതാരാധനയും പ്രതിഷ്ഠയും നടത്തുന്നതിനുള്ള മൗലികാവകാശത്തിന്‍റെ ദൃഢപ്രഖ്യാപനമായിരുന്നു ഇത്. ഒരു പുരോഗമനവാദിക്ക് പൗരോഹിത്യശക്തിയുടെ മരണമണിയായിരുന്നു ഇത്. ഒരു ദാര്‍ശനികന് 'ഒരു ദൈവം മനുഷ്യന് ' എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകമായിരുന്നു ഇത്. അജ്ഞാനികള്‍ക്ക് ഇത് സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും  പ്രാഥമികപാഠമായിരുന്നു.

വിദ്യാഭ്യാസസംബന്ധമായ വിജ്ഞാപനം

    ശ്രീനാരായണധര്‍മ്മപരിപാലനയോ ഗം ഗുരുദേവന്‍റെ ആജ്ഞാനുസരണം ദേശങ്ങള്‍ തോറും സഞ്ചരിച്ച് ജനങ്ങളുടെ ക്ഷേമത്തിനും ഉന്നതിക്കുമായി പ്രസംഗങ്ങളും പ്രചരണങ്ങളും നടത്തുവാനായി ചിലരെ നിയോഗിക്കുകയുണ്ടായി. പ്രസംഗത്തിനു ആസ്പദമായിരിക്കേണ്ട വിഷയങ്ങളും ഗുരുദേവന്‍ തന്നെ നിര്‍ദ്ദേശിച്ചു. ഗുരുദേവന്‍റെ വിദ്യാഭ്യാസസംബന്ധമായ വിജ്ഞാപനമായി ഇവയെ പരിഗണിക്കാം.

മതം, സദാചാരം, വിദ്യാഭ്യാസം, വ്യ വസായം എന്നിവയായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങള്‍. ഇവയ്ക്കോരോന്നിനും നല്‍കിയ വിശദീകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. മതം: എ) അന്ധവിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളാചാരങ്ങളോടുകൂടി അനുഷ്ഠിക്കപ്പെടുന്ന ദുര്‍ദ്ദേവതാരാധനകളെയും നിരാകരിക്കുക. ബി) ഉത്തമരീതിയില്‍ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മാഹാത്മ്യത്തെയും ശുദ്ധഹിന്ദുമതത്തിന്‍റെ സഗുണ നിര്‍ഗുണ തത്ത്വങ്ങളെയും പറ്റി പ്രസംഗിക്കുക. സി) ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളോ മഠങ്ങളോ നിര്‍മ്മിക്കുന്നതില്‍ ജനങ്ങളെ ബുദ്ധിപൂര്‍വ്വം പ്രേരിപ്പിക്കുക. എന്നാല്‍ ഗാര്‍ഹികമോ ക്ഷോഭജനകമോ ആയ വിധത്തില്‍ പരമതദൂഷണം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

2. സദാചാരം : എ) സത്യം, ശുചിത്വം, അധര്‍മ്മഭയം, ആസ്തിക്യം, ഐ കമത്യം മുതലായവയേയും, ബി) അര്‍ ത്ഥശൂന്യങ്ങളും അനര്‍ത്ഥകരങ്ങളും ആയ  മാമൂലുകളെ പാടുള്ളിടത്തോളം വര്‍ജ്ജിച്ച് കാലാനുരൂപവും ഉത്തമവുമായ ആചാരനടപടികളെ (സ്വാമി അവര്‍കള്‍ കല്പിച്ചിട്ടുള്ളതും കല്പിക്കുന്നതും അനുസരിച്ച്) നടപ്പാക്കുന്നതിനെപ്പറ്റി ബലമായി പ്രസംഗിക്കുക യും ജനങ്ങളെ ആ വഴിക്ക് തിരിച്ചുകൊ ണ്ടു വരികയും ചെയ്യുക.

3. വിദ്യാഭ്യാസം : എ) ഇതിന്‍റെ അസാമാന്യമായ ഗുണത്തെയും ഇതി ന്‍റെ അഭാവത്താലുള്ള ദോഷത്തെയും പ്രതിപാദിക്കുകയും ഈഴവ സ്ത്രീപുരുഷന്മാരില്‍ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഇല്ലാത്തവര്‍ മേലാല്‍ ഉണ്ടായിരിക്കരുതെന്ന് അത്ര അഭിമാനവും അഭിരുചിയും തോന്നത്തക്കവണ്ണം അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യുക. ആവശ്യമുള്ള സ്ഥലങ്ങളില്‍ സമുദായം വകയായോ മറ്റോ പള്ളിക്കൂടങ്ങള്‍, വായനശാലകള്‍ മുതലായവ ഏര്‍പ്പെടുത്തുകയും മറ്റും ചെയ്യുന്നതില്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശ്രമിക്കുകയും ചെയ്യുക.

4. വ്യവസായം : എ) കൃഷി, കച്ചവടം, കൈത്തൊഴില്‍ ഇവയെ ഉത്തമരീതിയില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനെയും മിതവ്യയത്തെയും പറ്റി പ്രസംഗങ്ങള്‍ ചെയ്യുകയും, മടിയായിരുന്നു ഉപജീവിക്കുന്ന സമ്പ്രദായം സമുദായ നിയമവിരുദ്ധമായ ഒരു കൃത്യമാണെന്ന് സ്ത്രീപുരുഷന്മാര്‍ക്ക് ഓരോരുത്തര്‍ ക്കും തോന്നത്തക്കവണ്ണം സമുദായത്തിന്‍റെ സ്വഭാവം അത്ര ഉത്സാഹഭരിതമാക്കുകയും ചെയ്യുക.  ബി) ആവശ്യമുള്ള ദിക്കുകളില്‍ വ്യവസായശാലകള്‍ ഏര്‍പ്പെടുത്തുക, ശാസ്ത്രീയ രീതിയില്‍ വ്യവസായങ്ങളെ പഠിപ്പിക്കുക, പ്രചാരപ്പെടുത്തുക മുതലായ കാര്യങ്ങളില്‍ ജനങ്ങളെ പ്രേരിപ്പിക്കുക.

     സന്ദേഹമുള്ള വിഷയങ്ങളെപ്പറ്റി ഒരു പ്രാസംഗികനും യാതൊന്നും ജനങ്ങളെ ധരിപ്പിച്ചുകൂടായെന്നും താഴ്ന്നതായി വിചാരിക്കപ്പെടുന്ന ജാതിക്കാര്‍ക്ക് ഉപദ്രവമോ ഉയര്‍ന്നതായി വിചാരിക്കപ്പെടുന്ന ജാതിക്കാര്‍ക്ക് ക്ഷോഭമോ ഉണ്ടാകുന്ന വിധത്തിലോ, സ്വരത്തിലോ പ്ര സംഗം ആയിരുന്നുകൂടായെന്നും പ്ര ത്യേകം ഗുരുദേവന്‍ നിഷ്കര്‍ഷിക്കുകയുണ്ടായി. അന്നു നിലവിലിരുന്ന എല്ലാ സാമൂഹ്യസാഹചര്യങ്ങളിലേക്കുമുള്ള ഒരു താക്കോലായിരുന്നു ഇത്. മുതിര്‍ ന്നവര്‍ക്ക് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സാക്ഷരതയും സാമൂഹ്യബോധവും ഉണ്ടാക്കുവാനുള്ള ഒരു സമഗ്ര ആസൂത്രിത ആധുനിക പാഠ്യപദ്ധതിക്കു വേണ്ടതെല്ലാം ഇതിലുണ്ടായിരുന്നു.  ഓരോ ദേശത്തും വളരെ പ്രാ ധാന്യം കൊടുത്ത്  പഠിപ്പിക്കേണ്ടതായ വിവിധ വിഷയങ്ങളെ വ്യക്തമായ നിര്‍ ദ്ദേശങ്ങളോടെ പ്രത്യേകം പട്ടിക തിരി ച്ചു നല്‍കിയിരുന്നു. മൊത്തത്തില്‍ ജനങ്ങളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കു വേണ്ടതെല്ലാം ഈ നാലു വിഷയങ്ങളുടെയും ഉള്ളടക്കത്തിലുണ്ടായിരുന്നു. ജനങ്ങള്‍ക്ക്  ഉള്‍ക്കൊള്ളാനാകും വിധം ഈ വിഷയങ്ങള്‍ പറ ഞ്ഞ് സമര്‍ത്ഥിക്കുന്നതിനുള്ള  ഉറച്ച ധാരണ പ്രസംഗകന്മാര്‍ക്ക് ഉണ്ടായിരിക്കണമായിരുന്നു. ജനങ്ങള്‍ക്ക് ഈ വിഷയങ്ങളിന്മേല്‍ അറിവുണ്ടാകാന്‍ ഇത്തരം പ്രസംഗങ്ങളും ചര്‍ച്ചകളുമായിരുന്നു ഏകവഴി. ഗുരുവിന്‍റെ രചനകളും സംഭാഷണങ്ങളും ഉപദേശങ്ങ ളും നിര്‍ദ്ദേശങ്ങളുമെല്ലാം മനുഷ്യവര്‍ഗ്ഗോദ്ധാരണത്തിനുള്ള ഏറ്റവും മഹത്തായ പാഠങ്ങളായിരുന്നു.

പ്രാര്‍ത്ഥനയുടെ ഫലം

     ആദ്ധ്യാത്മിക പുരോഗതിയിലേക്കുള്ള ആദ്യപടിയായി ഗുരുദേവന്‍ പരിഗണിച്ചിരുന്നത് ഈശ്വരഭക്തിയും ഈശ്വരാരാധനയുമായിരുന്നു . 'ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം' എന്നതായിരുന്നു  ഗുരുവിന്‍റെ കല്പന. ഇതിലേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയും  ദേ വതകളെ സ്തുതിക്കുന്നതിനായി സ്തോത്രങ്ങള്‍ രചിച്ച് നല്കുകയും ചെയ്തു. സഗുണ- നിര്‍ഗുണ ഉപാസനയില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഗുരു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.

    മനസ്സാകുന്ന പുഷ്പത്തെ അടര്‍ ത്തിയെടുത്ത് അര്‍പ്പിച്ചു മഹേശ്വരപൂജ ചെയ്യുന്ന ഒരാള്‍ക്ക് മായയില്‍ നിന്നും മുക്തമായി ആനന്ദാനുഭവപ്രാപ്തിയിലെത്തുന്നതിനു മറ്റൊരു സാധനയും അനുഷ്ഠിക്കേണ്ടതായില്ല. എന്നാല്‍ അ തിനു കഴിവില്ലാത്തവനു കാട്ടുപൂക്കള്‍ അടര്‍ത്തി അര്‍പ്പിച്ചും നിരന്തരം നാമജപം നടത്തിയും മഹേശപൂജ ചെയ്തുകൊണ്ടിരുന്നാല്‍ ക്രമേണ മായാവിമു ക്തി ഉണ്ടായി ആനന്ദപ്രാപ്തി കൈവരിക്കാവുന്നതാണെന്ന് ആത്മോപദേശശതകത്തില്‍ ഗുരു വ്യക്തമാക്കുന്നുണ്ട്.

മതങ്ങള്‍ക്കിടയിലുള്ള പരസ്പരബോധം

ഗുരുദേവന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം ഇതരമതങ്ങളെ നിന്ദിക്കുന്ന വിധത്തില്‍ വിമര്‍ശനം നടത്തരുത് എന്നതായിരുന്നു.

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.

    ഈ ലോകത്ത് സര്‍വ്വരും അവരവരുടെ ആത്മസുഖത്തിനായി നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ആ ത്മസുഖം എന്നതാണ് ഈ ലോകത്തെ ഒരേയൊരു മതം. ഇത് ചിന്തിച്ചറിഞ്ഞ് ആത്മസുഖത്തെ കെടുത്തുന്ന രാഗദ്വേഷാദി സങ്കല്പങ്ങളിലും കര്‍മ്മങ്ങളി ലുമകപ്പെടാതെ മനസ്സിനെ ഏകാഗ്രപ്പെടുത്തി ആത്മാഭിമുഖമാക്കണം.

    നിത്യജീവിതത്തില്‍ അനുഷ്ഠിക്കേ ണ്ട ധാര്‍മ്മികവും സാന്മാര്‍ഗ്ഗികവുമായ കാര്യങ്ങളെക്കുറിച്ച് 'ശ്രീനാരായണധര്‍മ്മ'ത്തില്‍  വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അഹിംസാ സത്യമസ്തേയസ്ത- ഥൈവാവ്യഭിചാരിതാ

മദ്യസ്യ വര്‍ജ്ജനം ചൈവം പഞ്ചധര്‍മ്മാസ്സമാസതഃ

അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം എന്നിങ്ങനെ ധര്‍മ്മത്തെ അഞ്ചായി അറിയപ്പെട്ടിരിക്കുന്നു.

    അഹിംസ: എല്ലാ ധര്‍മ്മങ്ങളിലും വച്ച് അഹിംസ ശ്രേഷ്ഠമായ ധര്‍മ്മമാകുന്നു. ബുദ്ധനെപ്പോലെയുള്ള മഹാത്മാക്കള്‍ അഹിംസയെ അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പരിപാലിച്ച് നിര്‍വ്വാണപദത്തെ പ്രാപിച്ചവരാണ്. മനസ്സു കൊ ണ്ടും വചനം കൊണ്ടും കര്‍മ്മം കൊ ണ്ടും യാതൊരു പ്രാണികള്‍ക്കും ഉപദ്രവമുണ്ടാക്കാതിരിക്കുന്നതാണ് അഹിംസ. അഹിംസാധര്‍മ്മം പാലിക്കുന്നവരെ സര്‍വ്വരും സ്വമാതാവിനെയെന്നപോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമെന്ന് ഗുരു പ്രഖ്യാപിക്കുന്നു.

സത്യം : യാതൊരു കാലത്തും നാശമടയാത്തതും സര്‍വ്വമംഗളദായകവുമായ സത്യം സനാതനമായ ബ്രഹ്മമാകുന്നു. ഈ ലോകം സത്യത്തിലാണു നിലകൊള്ളുന്നത്. അതിനാല്‍ സത്യം പറയണം. ആരും ഒരിക്കലും കള്ളം പറയരുത്. സത്യനിഷ്ഠനായി സത്യത്തില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കുന്നവന്‍ ഒരു യഥാര്‍ത്ഥ യോഗിക്കു തുല്യനായിരിക്കുന്നു. അവന്‍ എന്തുതന്നെ പറഞ്ഞാലും അതെല്ലാം നല്ലതിനായി ഫലിക്കുമെന്നും ഗുരുദേവന്‍ തുടര്‍ന്നു വ്യക്തമാക്കുന്നു.

അസ്തേയം: മറ്റൊരുവന്‍റെ ധനത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും അവ മോഷ്ടിക്കാതിരിക്കുകയും ചെയ്യുന്നതാണ് അസ്തേയം. മോഷ്ടിക്കാതിരിക്കല്‍ സര്‍വ്വൈശ്വര്യത്തിനും കാരണമാകുന്നു. മോഷണത്താല്‍ മാനഹാനിയുണ്ടാകുന്നു. അത് സകല ആപത്തുകള്‍ക്കും നിമിത്തമാകുന്നു. അതിനാല്‍ മോഷ്ടിക്കാതിരിക്കണം. മോഷ്ടാവിനെ ആളുകള്‍ പേപ്പട്ടിയെയെന്നപോലെ ത്യജിക്കുന്നു. അതിനാല്‍ സത്യനിഷ്ഠ പാലിക്കണമെന്ന്  ഉപദേശിക്കുന്നു.

അവ്യഭിചാരം: അന്യസ്ത്രീകളെ കാമസങ്കല്പങ്ങളോടെ നോക്കുന്നതും സംസാരിക്കുന്നതും അവരുമായി സംഗമിക്കുന്നതും വ്യഭിചാരമാകുന്നു. വ്യഭിചാരകര്‍മ്മത്താല്‍ സ്ഥാനം, മാനം, ധനം, ജ്ഞാനം, ആചാരം, കുലം, ജീ വന്‍ ഇവയ്ക്കെല്ലാം അകാലനാശം ഉണ്ടാകുന്നു. വ്യഭിചാരവൃത്തിയിലേര്‍ പ്പെടുന്നവനു പകല്‍പോലും കൂരിരുട്ടായി തോന്നുന്നു. അങ്ങനെയുള്ളവനു പ്രകൃതിസഹജമായ  ആനന്ദമനുഭവിക്കുവാന്‍ കൂടി സാധിക്കുകയില്ല. സ്വപ ത്നി പരപുരുഷനുമായി ചേരുന്നത് ആര്‍ക്കും ഇഷ്ടമായിരിക്കുന്നില്ല. അതിനാല്‍ ജീവിതത്തില്‍ ശാന്തിയും ആനന്ദവും ആഗ്രഹിക്കുന്നവന്‍ വ്യഭിചാര ത്തെ ഉപേക്ഷിക്കണമെന്ന് ഗുരുദേവന്‍ വ്യക്തമാക്കുന്നു.

മദ്യവര്‍ജ്ജനം: മദ്യം ബുദ്ധിക്കും ഇന്ദ്രിയക്ഷമതയ്ക്കും വൈകല്യത്തെ ഉണ്ടാക്കുന്നതാണെന്നു അഭിജ്ഞന്മാരാല്‍ പറയപ്പെടുന്നു. ഗുരുദേവന്‍റെ ഷഷ്ടിപൂര്‍ത്തിദിനം കേരളത്തിനകത്തും പുറത്തും ജനങ്ങള്‍ സാ ഘോഷം കൊണ്ടാടിയ അവസരത്തില്‍ ഗുരുദേവന്‍ നല്കിയ സന്ദേശം ഇതായിരുന്നു. 'മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കൊടുക്കരുത്,  കുടിക്കരുത്'. കള്ള്, കറുപ്പ്, കഞ്ചാവ് , പുകയില തുടങ്ങിയവയെല്ലാം മദ്യത്തിന്‍റെ ഗണത്തില്‍പ്പെടുന്നവയാകയാല്‍ ഇവയെ ല്ലാം ബുദ്ധി -മനോവ്യാപാരങ്ങളെ തകര്‍ക്കുന്നവയാണ്. മദ്യമുണ്ടാക്കുന്നവന്‍ ദുര്‍ഗന്ധമുള്ളവനായിരിക്കും. അതിനാല്‍ അവന്‍റെ വസ്ത്രവും ഭവനവും ദുര്‍ഗന്ധമുള്ളതായിരിക്കും. അവന്‍ തൊടുന്നതെല്ലാം നാറും. മദ്യപാനിയെ അവന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളും ഈശ്വരന്‍ പോലും വെറുക്കുന്നു. അതിനാല്‍ ആ രും മദ്യപിക്കരുതെന്നു ഗുരുദേവന്‍ കല്പിക്കുന്നു.

ശുദ്ധിപഞ്ചകം: മനുഷ്യവര്‍ഗ്ഗത്തിനു പ്രധാനമായി ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിങ്ങനെ അഞ്ച് ശുദ്ധികള്‍ ഉണ്ടായിരിക്കണമെന്ന് ഗുരുദേവന്‍ നിര്‍ദ്ദേശിക്കുന്നു.

ദേഹശുദ്ധി നിലനിര്‍ത്തുന്നതിനു നിത്യവും ശുദ്ധജലത്തിലുള്ള കുളി, കണ്ണ്, കാത് , പല്ല്, നഖം എന്നിവയുടെ ശുദ്ധി , വൃ ത്തിയായ വസ്ത്രധാരണം, സ്വാതികാഹാരം, ശുദ്ധജലപാനം , ശുദ്ധവായു ശ്വസിക്കല്‍, കൈകാലുകളുടെ ശുദ്ധി എന്നിവ നിറവേറ്റണമെന്ന് ഗുരുദേവന്‍ അനുശാസിക്കുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സ്ഫുടമായും വ്യക്തമായും മധുരമായും സഭ്യമായും ഇ രിക്കണം. എല്ലാവര്‍ക്കും ഹിതകരമായും സത്യമായും സമഭാവനയോടുകൂടിയതുമായ വാക്കുകളാണ് ശുദ്ധമായിട്ടുള്ളത്. ഋജുത്വം, സ്നേഹം, കാരുണ്യം, മൃദുലത, ധൈര്യം, ലജ്ജ, ധ്യാനം എന്നിവയാണ്  മനഃശുദ്ധിക്ക് അടിസ്ഥാനമായിട്ടുള്ളത്. അപ്രിയമായ കാര്യങ്ങളില്‍ പ്രവൃത്തിക്കാതിരിക്കല്‍, ഉപദ്രവിക്കാതിരിക്കല്‍, ലാളിക്കാതിരിക്കല്‍, അയോഗ്യമായവ യെ സ്തുതിക്കാതിരിക്കല്‍ ഇവയെല്ലാം ഇന്ദ്രിയങ്ങളുടെ ശുദ്ധിക്ക് അനുപേക്ഷണീയമാകുന്നു.

ഗൃഹശുദ്ധി: ഗൃഹങ്ങളുടെ ഉള്ളില്‍ വെ യിലും ശുദ്ധവായുവും യഥേഷ്ടം കടക്കത്തക്കവിധമായിരിക്കണം. മലിനമായ വ സ്തുക്കള്‍ നശിപ്പിച്ച് വീടും പരിസരവും എപ്പോഴും വൃത്തിയായി സൂ ക്ഷിക്കണം. പരിസരങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യരുത്, പ്രഭാതങ്ങളിലും സന്ധ്യാനേരങ്ങളിലും സുഗന്ധവസ്തുക്കള്‍ പുകയ്ക്കണം.

പ്രസവവും ശിശുപരിപാലനവും

    പ്രസവമുറി വായുസഞ്ചാരയോഗ്യമായിരിക്കണം. മാതാവ് അനിഷ്ടമായ വാക്കുകള്‍ പറയുകയോ ദ്വേഷിക്കുകയോ ചെയ്യരുത്. അശാന്തിയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. 5 വയസ്സുവരെ കുഞ്ഞുങ്ങളെ ലാളനയാലും  സ്നേഹസമ്പൂര്‍ണ്ണമായ നിര്‍ ദ്ദേശങ്ങളാലും ശ്രദ്ധിച്ചു വളര്‍ത്തണം. മഹാന്മാരുടെ ചിത്രങ്ങള്‍ കാണിച്ചും ക ഥകള്‍ പറഞ്ഞും കേള്‍പ്പിച്ചും കുഞ്ഞുങ്ങളില്‍ സദ്ശീലങ്ങള്‍ വളര്‍ത്തണം.

     ശിവഗിരിതീര്‍ത്ഥാടനത്തിനു അനുമതി നല്‍കുമ്പോള്‍ ഗുരുദേവന്‍ കല്പി ച്ച നിര്‍ദ്ദേശങ്ങള്‍ അവിടുത്തെ വിദ്യാഭ്യാസപദ്ധതികളുടെ ഒരു സംക്ഷിപ്ത വിജ്ഞാപനമായിരുന്നു.  വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി , കൃഷി, കച്ചവടം, കൈത്തൊഴില്‍ , സംഘടന, ശാ സ്ത്രസാങ്കേതിക പരിശീലനം എന്നീ 8 വിഷയങ്ങളാണ് തീര്‍ത്ഥാടനലക്ഷ്യങ്ങളായി ഗുരു കല്പിച്ചത്. ഈ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയവരെ കൊണ്ടുവന്നു പ്രസംഗങ്ങള്‍ നടത്തിക്കുകയും അവ ശ്രദ്ധയോടെ കേള്‍ക്കുകയും അതില്‍ നിന്നു സമ്പാദിക്കുന്ന പുതിയ അറിവുകള്‍  പ്രയോഗത്തില്‍ വരുത്തി അവനവനും നാടിനും രാജ്യത്തിനും പുരോഗതിയുണ്ടാക്കണമെന്ന നിര്‍ദ്ദേശമാണ് ഗുരു നല്കിയത്. ഇതുവഴി ആദ്ധ്യാത്മികമായ -നിഃശ്രേയസ്സത്തിലേക്കും, ഭൗതികമായ - അഭ്യുന്നതിയിലേക്കും ജനങ്ങളെ ഉയര്‍ത്തുകയായിരുന്നു ഗുരുവിന്‍റെ ലക്ഷ്യം. ആത്മാവിന്‍റെയും ശരീരത്തിന്‍റെയും സമ്യക്കാ യ ചേര്‍ച്ചയാണ് മനുഷ്യന്‍.  ഒന്നിനെ മറ്റൊന്നിനുവേണ്ടി നിരാകരിക്കാനാവില്ല. വ്യക്തിയുടെയും സമൂഹത്തിന്‍റെ യും  ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇതു രണ്ടിനെയും ഒത്തൊരുമിച്ച് പരിപോഷിപ്പിക്കണം. ഈ ആവശ്യം നിറവേറ്റുന്നതിനുള്ള വിദ്യാഭ്യാസ ഉദ്യമങ്ങളായിരുന്നു ഗുരുവിന്‍റേത് . ഒരേസമയം പരമ്പരാഗതവും ആധുനികവുമായ വി ദ്യാഭ്യാസം ജനങ്ങളിലുണ്ടാകേണ്ടതി ന്‍റെ ആവശ്യകത തൃപ്പാദങ്ങള്‍ അസന്നിദ്ധമായി വ്യക്തമാക്കുകയായിരുന്നു. പ്ലേറ്റോയുടെ ഉത്കൃഷ്ടമായ സമീപനരീതിയെയും ആധുനിക മാര്‍ക്സിയന്‍ ചിന്തകളെയും അതിലളിതമായി സമന്വയിപ്പിച്ച ഗുരു നിശ്ചയമായും കാലാതീതനായ ഒരു യുഗപുരുഷനാണ്.