ക്രിസ്തുദേവനും ഗുരുദേവനും

പ്രൊഫ. ടോണി മാത്യു

 

    അജ്ഞാനാന്ധകാരത്തില്‍ നിന്നും ജ്ഞാനവെളിച്ചത്തിലേക്കു ലോകത്തെ നയിക്കുന്നവരാണ് ജഗദ്ഗുരുക്കന്മാര്‍. 'ഗു' എന്ന ശബ്ദത്തിനു അജ്ഞാനം എന്നും 'രു'  കാരത്തിനു നിരോധിക്കുക എന്നുമാണര്‍ത്ഥം. ശ്രീമദ് ഭഗവദ് ഗീതയില്‍ പറയുന്നതുപോലെ , ധര്‍മ്മത്തിനു ഗ്ലാനിയും അധര്‍മ്മത്തിനു അഭ്യുദയവുമുണ്ടാകുമ്പോഴാണ്, ധര്‍മ്മ ത്തെ സംസ്ഥാപിക്കാനും സദ്ജനങ്ങളെ രക്ഷിക്കാനും ദുഷ്കൃതരെ നശിപ്പിക്കാനുമായി അവതാരങ്ങള്‍ ഉണ്ടാകുന്നത്. അതു യുഗങ്ങള്‍ തോറും സംഭവിച്ചുകൊണ്ടിരിക്കും. അവതാരം എന്ന പദത്തിനു താഴേക്കിറങ്ങിവരിക (ഇീാശിഴ റീംി) എന്നാണര്‍ത്ഥം. ഈശ്വരന്‍ മനുഷ്യനായി അവതരിക്കുന്നു എന്നു സാരം.

    ധര്‍മ്മസംരക്ഷകരായി രാമനും കൃഷ്ണനും അഹിംസയെ പ്രചരിപ്പിക്കാനായി ബുദ്ധനും സ്നേഹദൂതുമായി യേശുക്രിസ്തുവും സാഹോദര്യത്തിന്‍റെ സന്ദേശവുമായി മുഹമ്മദ്നബിയും ഉടലെടുത്തു.  സൊറോസ്ടറും ഗുരുനാനാക്കും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും ദേവാംശസംഭൂത (ഏീറാലി) രായ ഗുരുക്കന്മാരാണ്. ' പലമതസാരവുമേകം' എന്ന അദൃഷ്ടപൂര്‍വ്വവും അനന്വയവുമായ ആത്മീയസന്ദേശമാണ് ഗുരുദേവന്‍ പ്രചരിപ്പിച്ചതും അനുഷ്ഠിച്ചതും . വേദവേദാന്തപാരംഗതനും സര്‍വ്വമതസിദ്ധാന്ത സാരഗ്രാഹിയും സര്‍വ്വധര്‍മ്മസമാശ്ലേഷിയുമായിരുന്ന ഗുരു പൂര്‍വ്വികാചാര്യന്മാരെയും പൂര്‍വ്വവേദങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു.  നീരക്ഷീരന്യായേനയാണ് അവയെ സമീപിച്ചത്. നന്മയെ ഉള്‍ക്കൊള്ളുകയും തിന്മയെ തള്ളിക്കളയുകയും ചെയ്തു. ശങ്കരാദ്വൈതത്തെ സ്വീകരിച്ചെങ്കിലും ആചാര്യന്‍റെ ജാതിചിന്തകളെ നിരാകരിച്ചു.

അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതുംമുനിയോതുമര്‍ത്ഥവും
ഒരുജാതിയിലുള്ളതൊന്നുതാന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.

     അനുകമ്പാദശകത്തിന്‍റെ ഫലശ്രുതിയായ ഈ അരുളിന്‍റെ പൊരുളില്‍  ഗുരുദേവദര്‍ശനം സംഭൃതമായിട്ടുണ്ട്. അരുളന്‍പനുകമ്പയുടെ ആകരങ്ങളായ അവതാരവരിഷ്ഠരെക്കുറിച്ചു പറയുന്നിടത്ത് 'പരമേശപവിത്രപുത്ര' നെന്നാണ് ക്രിസ്തുവിനെ സ്തുതിക്കുന്നത്. 'ഏകം സദ്വിപ്രാ ബഹുധാവദന്തി' - ഒന്നായ ഈശ്വരനെ പലതായിട്ടു പണ്ഡിതന്മാര്‍ വ്യവഹരിക്കുന്നു- എന്ന ഋഗ്വേദസൂക്തവും 'യഥാമതതഥപഥഃ' - എത്ര മതങ്ങളുണ്ടോ , അത്രയും വഴികളുമുണ്ട് ഈശ്വരനിലേക്ക്-എന്ന ശ്രീരാമകൃഷ്ണവചനാമൃതവും ഗുരുവിന്‍റെ ചിന്തയ്ക്കു വിഷയീഭവിച്ചിരിക്കണം.

       ക്രിസ്തുദേവന്‍റെ ജീവിത കാലത്തെ അഉ എന്നും ആഇ എന്നും രണ്ടാ യി വിഭജിച്ചതുപോലെ ഗുരുദേവന്‍റെ ജീവിതവും കേരളചരിത്രത്തെ രണ്ടായി വിഭജിച്ചു- ഗുരുവിനും മുന്‍പും ഗുരുവിനു പിന്‍പും എന്ന്. അത്രമാത്രം നിര്‍ണ്ണായകമായ സ്വാധീനതയാണ് ഈ മഹാത്മാക്കള്‍  മനുഷ്യരിലുണ്ടാക്കിയത്. അവനിയിലെ ആദിമമായ ആത്മരൂപത്തിന്‍റെ അകപ്പൊരുള്‍ തേടിയ ഗുരു 'ദൈവരാജ്യം നിന്‍റെ ഉള്ളിലാണെ' ന്ന ക്രി സ്തുവചനവും 'ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേളര്‍ജുനതിഷ്ഠതി' എന്ന ഗീതാവാക്യവും 'ഈശാവാസ്യമിദം സര്‍വ്വം' എന്ന ഉപനിഷദുക്തിയും 'ആകാശഭൂമികളുടെ വെളിച്ചമാണ് അല്ലാഹു' എന്ന ഖുര്‍ ആന്‍ സൂക്ത വും സത്യമാണെന്ന് സാധാരണക്കാര്‍ ക്കുപോലും മനസ്സിലാവുംവിധം ശാ സ്ത്രീയമായി തെളിയിച്ചു.

     ക്രിസ്തുവും ഗുരുവും അദ്വൈതസിദ്ധാന്തത്തിന്‍റെ അന്തഃസാരം കണ്ടെത്തിയവരാണ് . ക്രൈസ്തവധര്‍മ്മത്രികമായ പിതാവ് , പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവയുടെ ഏകസത്തയെയാണ് 'ഞാനും എന്‍റെ പിതാവും ഒന്നാകുന്നു' എന്ന ക്രിസ്തുസന്ദേശത്തിലുള്ളത്. 'എന്നെ കണ്ടവന്‍ പിതാവിനെയും കണ്ടിരിക്കുന്നു', 'പിതാവ് എന്നിലും ഞാന്‍ നിങ്ങളിലും നിങ്ങള്‍ എന്നിലുമിരിക്കുന്നു', 'ഞാന്‍ മുന്തിരിവള്ളി യും നിങ്ങള്‍ ശാഖകളുമാണ്'  തുടങ്ങിയ ക്രിസ്തുവിന്‍റെ അരുളപ്പാടുകളില്‍ അദ്വൈതത്തിന്‍റെ അമരവൈഖരികളാണ് മുഴങ്ങുന്നത്. 'തത്വചിന്തയില്‍ നാം ശങ്കരന്‍റെ മാര്‍ഗ്ഗമാണ് പിന്തുടരുന്നത്' എന്നു പറഞ്ഞ ഗുരുദേവന്‍ അദ്വൈതചിന്തയെ പുതു ക്കി വിലയിരുത്തി ശാസ്ത്രീയമായും സമഗ്രമായും പുനരാവിഷ്കരിക്കുകയാ ണ് ചെയ്തത്. അഹം ബ്രഹ്മാസ്മി, ത ത്ത്വമസി, അയമാത്മാബ്രഹ്മ, പ്രജ്ഞാ നം ബ്രഹ്മ എന്നീ ഉപനിഷദ് മഹാവാക്യങ്ങളെ അനുഭവിച്ച്, ആത്മസാക്ഷാത്കരിക്കാന്‍ ഗുരുവിനു കഴിഞ്ഞു.

     ഒരു ചരടില്‍ കോര്‍ത്ത മണികളാണ് പ്രപഞ്ചത്തിലുള്ളതെല്ലാമെന്ന ഗീതാ വചനത്തിന്‍റെ അമരപ്രകാശം ജാതിഭേദം മതദ്വേഷം ഏതും ഇല്ലാതെ സര്‍ വ്വരും സോദരത്വേന വാഴണമെന്ന ഗുരു കല്പനയില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ക്രിസ്തുവിന് യഹൂദനെന്നോ യവനനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ അടിമയെന്നോ ഉടമയെന്നോ വ്യത്യാസം ഇല്ലായിരുന്നു. ജാതിയുടെയോ ലിംഗത്തിന്‍റെയോ സമ്പത്തിന്‍റെയോ അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കരുതെന്ന പക്ഷക്കാരായിരുന്നു ഇരുവരും.

     അതുകൊണ്ട് മറ്റുള്ളവര്‍ നിങ്ങളോടു എങ്ങനെ പെരുമാറണമെന്നു നിങ്ങളാഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങളും അവരോടു പെരുമാറുക (മത്തായി 7: 12) എന്ന ബൈബിള്‍ വാക്യവും, ആത്മോപദേശശതക ത്തിലെ

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം.

എന്ന ഗുരുദേവമൊഴിയും സമാനമായ സത്യസന്ദേശമാണ് നല്‍കുന്നത്.

    ക്രിസ്തു നല്കിയ പുതിയ കല്പന സ്നേഹത്തെക്കുറിച്ചാണ് . 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നി ങ്ങളും പരസ്പരം സ്നേഹിക്കുക. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നെങ്കില്‍, അതുകൊണ്ടു നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്നു എല്ലാവരും മനസ്സിലാക്കും' (യോഹന്നാന്‍ 13:34) . അനുകമ്പാദശകത്തിലെ 'അന്‍പകന്നൊരു നെ ഞ്ചാല്‍ വരുമല്ലലൊക്കെയും' എന്ന ഗുരുവരുള്‍ സ്നേഹത്തിന്‍റെ അപ്രമേയമായ മാഹാത്മ്യത്തെയാണ് വ്യക്തമാക്കുന്നത്.

    അയല്‍ക്കാരെ നിന്നെപ്പോലെ തന്നെ സ്നേഹിക്കാന്‍ ക്രിസ്തു പറഞ്ഞു.  അയലുതഴപ്പതിനായതി പ്ര യത്നം ചെയ്യാന്‍ ഗുരുദേവന്‍ പറഞ്ഞു. അഹിംസയുടെ മഹാമന്ത്രമായി ക്രി സ്തു ശിഷ്യനോട് പറഞ്ഞത് 'വാള്‍ ഉറയിലിടുക' എന്നാണെങ്കില്‍ ഗുരു പറഞ്ഞത് 'ഒരു പീഡയെറുമ്പിനും വരുത്തരു' തെന്നാണ്.

    ശ്രീനാരായണദര്‍ശനവും ക്രൈ സ്തവവീക്ഷണവും പരസ്പരം അറിയാനും അറിയിക്കാനുമുള്ളതാണ്. വാദിക്കാനും ജയിക്കാനുമുള്ളതല്ല. അന്ധത്വമൊഴിച്ചാദി മഹസ്സിന്‍ നേരാംവഴി കാണിച്ചു തന്നവരാണവര്‍. ആയുസ്സും വപുസ്സും ആത്മതപസ്സും അന്യര്‍ക്കുവേണ്ടി ധന്യത്വമൊടു ബലിചെയ്ത ആ മഹേശ്വരന്മാരുടെ മുമ്പില്‍ മനമലര്‍ കൊയ്തു പൂജ ചെയ്യുവാനുള്ള പു ണ്യാവസരമാണ് ജയന്തിസ്മൃതി നമു ക്ക് നല്കുന്നത്.