അടിച്ചു വീശുന്ന കൊടുങ്കാറ്റിലും ഗുരു വിളക്ക് കൊളുത്തുന്നു
അബ്ദുസമദ് സമദാനി
പൊയ്പ്പോയ കാലത്തെ മഹാവ്യക്തികള്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതുമാണ് പിന്നാലെ വരുന്ന തലമുറകള്‍ ഏറ്റെടുക്കുന്നത്. മഹാത്മാഗാന്ധിയും അല്ലമാ ഇഖ്ബാലും ജവാഹര്‍ലാല്‍ നെഹ്റുവും അടക്കമുള്ള ആധുനികകാലത്തെ തേജസ്വികള്‍ നമ്മുടെ കാലഘട്ടത്തെ രൂപവല്കരിച്ചതില്‍ വഹിച്ച പങ്ക് മാത്രം മതി ഈ സ്വാധീനസ്പര്‍ശത്തിന്‍റെ ആഴം അളക്കാന്‍.
കേരളീയ സമൂഹത്തിന്‍റെ വികാസപരിണാമങ്ങളില്‍ അദ്വിതീയമായ പങ്കാണു ശ്രീനാരായണഗുരുവിനുള്ളത്. കേ രളീയ നവോത്ഥാനം ഒരു യാഥാര്‍ത്ഥ്യമാണെങ്കില്‍ അതി ന്‍റെ ശില്പി ഗുരു അല്ലാതെ മറ്റാരുമല്ല. തലമുറകളായി മലയാളികള്‍ വളര്‍ത്തിയെടുത്ത മൂല്യങ്ങള്‍ക്കും സുകൃതങ്ങള്‍ക്കും ഗുരുദേവന്‍ ആധുനികകാലത്തു ശക്തമായ രൂപവും ഭാവവും നല്കി. സാമൂഹികനന്മകളുടെ പരിപോഷണത്തിലൂടെ കേരളീയ സമൂഹത്തെ ധന്യമാക്കി, ജീവിതത്തിന്‍റെ വിവിധ തുറകളെ ഗുരു സ്പര്‍ശിക്കുകയും മാറ്റിപ്പണിയുകയും ചെയ്തു. കേരളത്തെ സാമുദായിക സൗഹൃദത്തിന്‍റെ കേളീഗൃഹമാക്കുന്നതില്‍ ഗുരുചിന്തകള്‍ സുപ്രധാനമായ പങ്കു വഹിച്ചു. ജനാധിപത്യയുഗം ഗുരു സ്വപ്നം കണ്ടു. വിഭാഗീയ പ്രവണതകള്‍ക്കും മദ്യാസക്തിപോലുള്ള വിപത്തുകള്‍ക്കുമെതി രെ ശ്രീനാരായണഗുരു ചൂണ്ടിയ വിരല്‍ ഇന്നു എത്രമാത്രം അര്‍ത്ഥവത്താണെന്നു സമകാലിക സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ കേരളത്തിലും മലയാളികളിലും ഒതുക്കിനിര്‍ത്താവുന്നതല്ല ഗുരുചിന്തകള്‍. ഇന്ത്യയിലെങ്ങും ലോ കത്തെവിടെയും അതിനു പ്രസക്തിയും പ്രാധാന്യവുമുണ്ട്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മൊഴിയില്‍ ജനാധിപത്യത്തിന്‍റെ അനുരണനമുണ്ട്. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന വിളംബരത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്‍റെ ഉള്ളടക്കമുണ്ട്. ' ക്ഷേത്രപ്രതിഷ്ഠകള്‍ക്കു ശേഷം ഇനി വിദ്യാലയങ്ങളാകട്ടെ' എന്ന ഗുരുവിന്‍റെ പ്രസ്താവനയില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത വിദ്യാഭ്യാസ വിപ്ലവത്തിന്‍റെ മുന്നൊരുക്കമുണ്ട്. ശാസ്ത്ര- സാങ്കേതിക വളര്‍ച്ചയ്ക്കു ശ്രീനാരായണഗുരു പ്രാധാന്യം നല്കി. എന്നാല്‍, അതു സൃഷ്ടിച്ചേക്കാവുന്ന മലിനീകരണവും പരിസ്ഥിതിനാശവും ഗുരു ദീര്‍ഘദര്‍ശനം ചെയ്തു. 1921 ല്‍ ഒരു സമ്മേളനത്തിനു നല്കിയ സന്ദേശത്തില്‍ ഗുരു പറഞ്ഞു. 'മനുഷ്യന്‍ എ ന്ന മൃഗമാണ് മറ്റെല്ലാ മൃഗങ്ങളേക്കാളും മോശമെന്നു നിങ്ങള്‍ കാണുന്നില്ലേ? ഒരു നശീകരണഭൂതത്തെപ്പോലെയാണ് മനുഷ്യന്‍ ഭൂമിയില്‍ സഞ്ചരിക്കുന്നത്. അവന്‍ വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തുന്നു. പ്രകൃതിയുടെ മരതക സൗന്ദര്യത്തെ ചാമ്പലാക്കുകയും വെട്ടിവെളിപ്പിക്കുകയും ചെയ്യുന്നു. പുക നിറഞ്ഞ പട്ടണങ്ങളും ഫാക്ടറികളും സ്ഥാപിക്കാനും അങ്ങനെ അവന്‍റെ ദുരാഗ്രഹം ശമിപ്പിക്കാനും വേണ്ടി ഭൂമിയുടെ ഉപരിഭാഗം നശിപ്പിച്ചുകൊണ്ടു ഭൂമിയെ മൂടുന്നു. അതുകൊണ്ടും തൃപ്തിപ്പെടാതെ ഭൂമിയുടെ അന്തര്‍ഭാഗവും കേടുവരുത്തുന്നു. ഇങ്ങനെ ദിനംപ്രതി അതിനെ ദുര്‍ബലമാക്കുന്നു. എന്നിട്ട് ഇരുമ്പും കല്ക്കരിയും കൊണ്ട് ഭൂമിയെ മൂടുന്നു. മനുഷ്യര്‍ കാരണം വനങ്ങളില്‍ താമസിക്കുന്ന നിഷ്കളങ്കരായ കുരങ്ങന്മാര്‍ക്കും പക്ഷികള്‍ക്കും പോലും അവയുടെ അഭയസ്ഥാനം ഉപേക്ഷിക്കേണ്ടിവരുന്നു.'
പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ആശങ്ക മാത്രമല്ല, പ്രപഞ്ചത്തിന്‍റെ ഭാവിയെ സംബന്ധിച്ച ഉത്കണ്ഠയും ഇന്നു മാനവരാശിയെ തുറിച്ചു നോക്കുമ്പോള്‍ ഈ ഗുരുവചനങ്ങളുടെ പ്രസ ക്തി വര്‍ദ്ധിക്കുന്നു. മര്‍ത്ത്യന്‍റെ അതിരുവിട്ട ആര്‍ത്തിയുടെ നാനാര്‍ത്ഥങ്ങള്‍ ജീവന്‍റെയും പ്രകൃതിയുടെയും സുരക്ഷിതത്വത്തിനു നേരെ ഭീഷണികളുയര്‍ത്തുമ്പോള്‍ ഗുരുവിന്‍റെ വാക്കുകള്‍ കനമൂറുന്ന ഓര്‍മ്മപ്പെടുത്തലുകളായിത്തീരുകയാണ്.
ഭാരതീയദര്‍ശനത്തിന്‍റെ ആത്മാവ് അദ്വൈതചിന്തയിലാണു പ്രതിഷ്ഠാപിതമായിട്ടുള്ളത്. തത്വങ്ങളെയും സിദ്ധാന്തങ്ങളെയും തിരുത്തുകയും നവീകരിക്കുകയും ചെയ്ത ശ്രീനാരായണഗുരു അദ്വൈതത്തിനും അഭൂതപൂര്‍വ്വമായ വ്യാഖ്യാനം നല്കി. വേദോപനിഷത്തുകളുടെ സാരാംശമായ അദ്വൈതത്തെ സാമൂഹികതലത്തിലേക്കു വ്യാപിപ്പിച്ചതു ഗുരുദേവന്‍ സൃഷ്ടിച്ച മഹത്തായ വിപ്ലവമായി. ധൈഷണികതലത്തില്‍ പ്രഭവം കൊണ്ട ഈ പരിവര്‍ത്തനം പ്രായോഗിക രൂപം പൂണ്ടപ്പോള്‍ അതു നവോത്ഥാനത്തിന്‍റെ കാഹളം മുഴക്കി. ശ്രീശങ്കരന്‍റെ അ ദ്വൈതം 'ഞാനും ബ്രഹ്മാവും ഒന്ന്' എന്ന തലത്തില്‍ നിലകൊണ്ടപ്പോള്‍ ശ്രീനാരായണഗുരുവിന്‍റെ അദ്വൈതം 'ഞാനും നീയും ഒന്ന്' എന്ന തലത്തിലേക്കിറങ്ങി വന്നു. അതു മനുഷ്യരുടെ ഏകത്വം ഉദ്ഘോഷിച്ചു.
കേരളം മദ്യത്തില്‍ മുങ്ങുകയാ ണോ എന്ന ആശങ്ക മനുഷ്യനന്മയെ സ്നേഹിക്കുന്നവരെ പിടികൂടുമ്പോള്‍ മഹാനായ ഈ കേരളീയന്‍റെ വാക്കുകള്‍ സമൂഹത്തിന്‍റെ സ്മൃതിപഥത്തില്‍ തെളിയുന്നു- ' മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത്.'
ശ്രീനാരായണഗുരുവിന്‍റെ ഓരോ വാക്കിലും ഓരോ പ്രവൃത്തിയിലും മനുഷ്യസ്നേഹം ത്രസിച്ചു നില്ക്കുന്നു. മാനവികതയോടുള്ള അടങ്ങാത്ത അഭിവാഞ്ഛയാണ് ഗുരുദര്‍ശനത്തിന്‍റെ പൊരുള്‍. മലയാളത്തി ലെ ഏറ്റവും വലിയ മഹാകവിയായിരുന്നു ശ്രീനാരായണഗുരുദേവന്‍. പക്ഷേ ഗുരു സ്വയം കവി എന്നു കരുതുകയോ തന്‍റെ സൂക്തങ്ങളെ ക വിതകളായി പരിഗണിക്കുകയോ ചെ യ്തില്ല. എന്നാല്‍ കാവ്യസൗന്ദര്യത്തി ന്‍റെ ഗരിമയും ഗഹനതയും ലാളിത്യ വും മാധുര്യവുമെല്ലാം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു. ജീവിതത്തെ ആധുനികമാക്കാന്‍ ആഗോളവല്കരണകാലത്തെ ഉപഭോഗ സംസ്കൃതി കിണ ഞ്ഞു പരിശ്രമിക്കുമ്പോള്‍ ഹൃദയത്തി ന്‍റെ ഈണവും താളവും തിരിച്ചറിയാന്‍ ഗുരു പ്രേരിപ്പിക്കുന്നു.
ജ്ഞാന-കര്‍മ്മയോഗിയായ ശ്രീനാരായണഗുരു ഏറെ പ്രവര്‍ത്തിച്ചതിന്‍റെ ഫലമാണ് ഇന്നത്തെ കേരളം. ഗുരുവിനെ കാണാന്‍ വന്ന ടാഗോര്‍ പറഞ്ഞു ' അങ്ങു ചെയ്തിരിക്കുന്ന മഹത്തായ സേവനം ഓര്‍ക്കുമ്പോള്‍ ഒരാള്‍ക്ക് എ ങ്ങനെ ഇത്രയേറെ ചെയ്യാന്‍ കഴിഞ്ഞുവെന്നു ഞാന്‍ അത്ഭുതപ്പെടുന്നു.'
പക്ഷേ ഗുരു പ്രതികരിച്ചു. 'നാം ഒന്നും ചെയ്തിട്ടില്ലല്ലോ' .
'കര്‍മത്തില്‍ അകര്‍മത്തെയും കര്‍മരഹിതമായ ആത്മാവില്‍ കര്‍മത്തെയും കാണുന്നവന്‍ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നവനും യോഗിയും ജ്ഞാനിയുമാകുന്നു' എന്ന ഗീതാവചനത്തിന്‍റെ പൊരുള്‍ ഗുരുവിന്‍റെ വ്യക്തിത്വത്തില്‍ ഒരു വിസ്മയമലരായി വിടരുന്നു. അല്ലാമാ ഇഖ്ബാല്‍ മൊഴിഞ്ഞപോലെ 'അടിച്ചുവീശുന്ന കൊടുങ്കാറ്റിലും ഗുരു വിളക്ക് കൊളുത്തുന്നു.'