ഗുരുദക്ഷിണ

ശ്രീ ശ്രീ രവിശങ്കര്‍

     ഗുരു ഒരു പ്രവേശനകവാടമാണ്. പീഡനത്തിന്‍റെയും അവഗണനയുടെയും പരിഹാസത്തിന്‍റെയും കഠിനമായ ചൂടും മഴയും ഇടിമിന്നലുമേറ്റു വലഞ്ഞ കേരളജനതയ്ക്ക് അഭയം നല്കിയ, പ്രപഞ്ചത്തിലെ മറ്റെന്തിനേക്കാളും ആകര്‍ഷകമായ , മനോഹരമായ , ആര്‍ഭാടപൂര്‍ണ്ണമായ , ആനന്ദമയമായ പ്രവേശനകവാടമായിരുന്നു ശ്രീനാരായണഗുരുദേവന്‍.

       അവിടെ ജനങ്ങള്‍ക്കു ശാന്തിയും ആനന്ദവും ലഭിച്ചു. ആ പ്രവേശനകവാടത്തിലൂടെ അവര്‍ ലോകത്തെ നോക്കിക്കണ്ടു. ഗുരുവിന്‍റെ കണ്ണുകളിലൂടെ അവര്‍ ലോകത്തെ അറിഞ്ഞു. ആത്മീയനേതാക്കള്‍ക്കു മാത്രമേ നവോത്ഥാന നായകരാകാന്‍ സാധിക്കൂ എന്ന് ഗുരുദേവന്‍ തെളിയിച്ചു. സമൂഹത്തെ മാറ്റി മറിച്ച പരിവര്‍ത്തനങ്ങളുടെയെല്ലാം ഉത്ഭവസ്ഥാനം ഗുരുക്കന്മാരാണ്. ശ്രീനാരായണഗുരുദേവന്‍ കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തിയ യുദ്ധം സമാനതകളില്ലാത്തതാണ്. കേരളത്തിന്‍റെ ചരിത്രം രണ്ടായി  വിഭജിക്കപ്പെട്ടിരിക്കുന്നു.  ഗുരുദേവനു മുന്‍പും ഗുരുദേവനു പിന്‍പും. ചരിത്രത്തെ തിരുത്തുകയും ചരിത്രത്തെ മാറ്റിമറിക്കുകയും സ്വയം ചരിത്രമായി മാറുകയും ചെയ്ത വേറെ എത്രപേരുണ്ട്?

   കോടിക്കണക്കിനു ജനങ്ങള്‍ക്കു മനുഷ്യരായി ജീവിക്കാന്‍ അവകാശവും അവസരവും സിദ്ധിച്ചതിന്‍റെ കാരണക്കാരന്‍ ശ്രീനാരായണഗുരുവായിരുന്നു. തൊട്ടുകൂടായ്മയും  തീണ്ടിക്കൂടായ്മയും മററനേകം അനാചാരങ്ങളും കീഴടക്കിയ കേരളത്തിന് ഗുരുവിന്‍റെ സന്ദേശങ്ങള്‍ മോചനത്തിന്‍റെ വഴി കാണിച്ചുകൊടുത്തു. ഭാരതത്തിന്‍റെ ഗുരുപരമ്പരയിലെ പ്രമുഖകണ്ണിയായ ഗുരുദേവന്‍റെ ജയന്തിയാഘോഷിക്കുമ്പോള്‍ കൃതജ്ഞതയാല്‍ നാം നമ്രശിരസ്കരാകേണ്ടതുണ്ട്.

    ഗുരു ഒരു ബന്ധമല്ല, മറിച്ചു സാന്നിദ്ധ്യമാണ്, ഗുരുവുമായി ബന്ധം സ്ഥാപിക്കുകയല്ല, മറിച്ചു ഗുരുവിന്‍റെ സാന്നിദ്ധ്യം അനുഭവിക്കുകയാണ് വേ ണ്ടത്. ആപേക്ഷികമായ ഈ ലോകത്തില്‍ എല്ലാറ്റിനും പരിമിതികളുണ്ട്. നിരപേക്ഷവും അവിരാമവും സര്‍വ്വവ്യാപകവുമായ ഗുരുസാന്നിദ്ധ്യം ജീവിതബന്ധങ്ങളെയെല്ലാം പരിപൂര്‍ണ്ണമാക്കുന്നു.

     ശ്രീനാരായണഗുരു നമ്മോടൊപ്പം മുന്‍പേ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്, എപ്പോഴുമുണ്ട്, എന്നുമുണ്ടായിരിക്കും. ഈ വിശ്വാസം മുറുകെപ്പിടിക്കൂ. ജീവിതത്തിന്‍റെ കൂടുതല്‍ അര്‍ത്ഥതലങ്ങളെ സ്വായത്തമാക്കൂ, കീഴടക്കൂ. ഈ ചിന്തകള്‍ മാത്രം മതി നിഷേധാത്മകമായ പ്രവൃത്തികളില്‍ നിന്നു നമ്മെ പിന്തിരിപ്പിക്കാന്‍.

    ശ്രീനാരായണഗുരുദേവന്‍റെ ആശയങ്ങളും ആദര്‍ശങ്ങളും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നാം ഉള്‍ക്കൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ടോ? ഇക്കാര്യത്തില്‍ ആത്മപരിശോധനയ്ക്കും സ്വയം വിമര്‍ശനത്തിനുമുള്ള സാഹചര്യമാണ് ജയന്തിയാഘോഷങ്ങള്‍ സൃഷ്ടിക്കുന്നത്.  ഏഷ്യയിലെ ആദ്യത്തെ സര്‍വ്വമതസമ്മേളനം ഗുരുദേവന്‍ സംഘടിപ്പിച്ചത് 1924 ല്‍ ആലുവാ അദ്വൈതാശ്രമത്തിലായിരുന്നല്ലോ. മതങ്ങള്‍ തമ്മില്‍ വേര്‍തിരിവു പാടില്ലെന്നും ദൈവവിശ്വാസത്തിന്‍റെ പേരില്‍ അഭിപ്രായവ്യത്യാസവും സം ഘര്‍ഷവും ഉണ്ടാകാന്‍ പാടില്ലെന്നും അവിടെ പ്രഖ്യാപിക്കുകയും ഇവയില്‍ നിന്നെല്ലാം അകന്നു സാര്‍വ ദേശീയ സമാധാനവും ഐക്യവും രമ്യതയും സമൃദ്ധിയും ഉണ്ടാക്കണമെന്ന് ഉദ്ഘോഷിക്കുകയും ചെയ്തിരുന്നു. എല്ലാ മനുഷ്യരും ഒരേ പോലെ നരജാതിയില്‍പ്പെട്ടവരാണെന്നു ഗുരു പറഞ്ഞു. ജന്മനാ ഹിന്ദുവായിരുന്ന ഗുരു എല്ലാ മതങ്ങളോടും പ്രതിപത്തി പുലര്‍ത്തി. എല്ലാ മതങ്ങളെയും ഒന്നായി കണ്ടു. അദ്വൈതസിദ്ധാന്തത്തിന് ഗുരുദേവന്‍ പ്രായോഗികമായ മാനവും അര്‍ത്ഥവും നല്കി- 'ഒരു ജാ തി ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്ന മുദ്രാവാക്യത്തിലൂടെ.

     പക്ഷേ, ഇന്നത്തെ സമൂഹത്തിന് ഈ ആശയങ്ങള്‍ എത്രമാത്രം പ്രാവര്‍ ത്തികമാക്കുവാന്‍ കഴിയുന്നു എന്ന് ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. എല്ലാ മതങ്ങള്‍ക്കും വ്യത്യസ്തമായ ആചാരക്രമങ്ങളും പ്രതീകങ്ങളുമുണ്ട്.  പക്ഷേ, എല്ലാ മതങ്ങളുടെയും മൂല്യങ്ങള്‍ ഒന്നുതന്നെയാണ്. എന്നാല്‍, മൂല്യങ്ങള്‍ പിന്തള്ളപ്പെടുന്നതും  ആചാരങ്ങളുടെ യും പ്രതീകങ്ങളുടെയും പേരില്‍ മനുഷ്യര്‍  തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതുമാണ് നാം ഇന്നു കാണുന്നത്. പഴ ത്തെ ഉപേക്ഷിച്ചു പഴത്തൊലിക്കു വേണ്ടി കടിപിടി കൂടുന്നതിനു സമമാണിത്. ഗുരുദേവന്‍റെ ചിന്തകളാണു നമ്മുടെ സമൂഹത്തില്‍ മാറ്റത്തിന്‍റെ ശംഖ്വലി മുഴക്കിയത്. ഗുരുദേവന്‍റെ ആശയങ്ങളാണ് നമ്മുടെ വികാരമണ്ഡലത്തില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ വാരിവിതറിയത്.  ഗുരുദേവന്‍റെ ആദര്‍ശങ്ങളാണു നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രതിബന്ധങ്ങള്‍ അകറ്റി നമുക്ക് വഴികാട്ടുന്ന പ്രകാശഗോപുരമായി നിലയുറച്ചിരിക്കുന്നത്. ഇതു കാണാന്‍ കഴിയാത്തവരേ, മനസ്സിലാക്കാന്‍ കഴിയാത്തവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!

    സമൂഹത്തിന്‍റെ രോഗങ്ങളെയും രോഗലക്ഷണങ്ങളെയും നന്നായി തിരിച്ചറിഞ്ഞ ഭിഷഗ്വരനായിരുന്നു ശ്രീനാരായണഗുരു. രോഗം അറിഞ്ഞു തന്നെ   ചികിത്സിച്ച ഗുരുദേവന്‍ തത്ത്വചിന്തകനും ദാര്‍ശനികനുമായിരിക്കെ തന്നെ പ്രായോഗികവാദിയാവുകയും ചെ യ്തു. തത്വചിന്താപരമായി പറയുകയും എഴുതുകയും ചെയ്യുന്ന പല  മഹദ്വ്യക്തികളും പ്രായോഗികരംഗത്തു പരാജയമായിരുന്നുവെന്ന് ഓര്‍ക്കുക. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടിപ്രതിഷ്ഠയും പന്തിഭോജനവും മിശ്രവിവാഹവും എല്ലാം ഗുരുവിന്‍റെ പ്രായോഗിക സിദ്ധിക്കു നിദര്‍ശനങ്ങളാണ്. വിഗ്രഹങ്ങള്‍ക്കു പകരം കണ്ണാടി, ക്ഷേത്രങ്ങള്‍ക്കു പക രം വിദ്യാലയം- എന്തു മഹത്തരമായ ആശയമാണു ഗുരുദേവന്‍ ഇവയിലൂടെ പ്രചരിപ്പിച്ചത്. വിദ്യാലയങ്ങള്‍ ജ്ഞാനക്ഷേത്രങ്ങള്‍ ആകണമെന്നു വിഭാവനം ചെയ്ത ഗുരുവിനു വിദ്യാഭ്യാസത്തെക്കുറിച്ച് ഉദാത്തമായ സങ്കല്പങ്ങളുണ്ടായിരുന്നു. സ്വഭാവരൂപീകരണം, സാ മൂഹികബന്ധങ്ങള്‍,തൊഴില്‍ എന്നീ മൂന്നുതലങ്ങളിലും എത്തിച്ചേരുന്ന വിദ്യാഭ്യാസമായിരുന്നു ഗുരുവിന്‍റെ മനസ്സില്‍. എന്നാല്‍ ഇന്നു ധാര്‍മ്മികമൂല്യങ്ങള്‍, മാനുഷികമൂല്യങ്ങള്‍ എന്നിവയെക്കാളുമൊക്കെ തൊഴില്‍ നേടുക എന്ന ഏകലക്ഷ്യത്തോടുകൂടിയ വിദ്യാഭ്യാസസമ്പ്രദായത്തിനു പ്രാമുഖ്യം ലഭിക്കുന്നു. ഗുരുവിന്‍റെ ഭാവനയില്‍ നിന്നുള്ള വ്യക്തമായ വ്യതിചലനമാണിത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരും ഉറ ക്കെ ചിന്തിക്കണം. മനുഷ്യസ്നേഹത്തിന്‍റെ മഹത്തായ സന്ദേശം പരത്തു ന്ന മാതൃകാസ്ഥാനമാകുമ്പോള്‍ മാത്ര മേ നമ്മുടെ വിദ്യാലയങ്ങള്‍ ഗുരുദേവന്‍ വിഭാവനം ചെയ്ത ജ്ഞാനക്ഷേത്രങ്ങളാകൂ. ശ്രീനാരായണഗുരു ആരെല്ലാമായിരുന്നെന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പം ആരെല്ലാമായിരുന്നില്ല എന്നു പറയുന്നതിനാണെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഗുരുവിലെ സാഹിത്യകാരന്‍, കവി, കലാകാരന്‍ , ഗുരുവിന്‍റെ ഫലിതവും നര്‍മ്മോക്തികളുമൊക്കെ ആ വ്യക്തിത്വത്തിന്‍റെ നിറപ്പകിട്ടാര്‍ന്ന തലങ്ങളാണ്. അതിഗഹനമായ ആശയങ്ങളെ ലളിതബോധംകൊണ്ട് ഉള്‍ക്കൊള്ളുവാന്‍ അതെല്ലാം വളരെയേറെ സഹായിച്ചിട്ടുണ്ട്. ഗുരുവിന്‍റെ നര്‍മ്മോക്തികള്‍ ചാട്ടുളിപോലെ ചെന്നുകൊണ്ടതു സമൂഹത്തിലെ പുഴുക്കുത്തുകളുടെ നേര്‍ ക്കായിരുന്നു. ശിവന്‍, പാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നീ ദേവതകളെക്കുറിച്ചുള്ള ഗുരുദേവന്‍റെ സ്തുതികളും കീര്‍ത്തനങ്ങളും ആലോചനാമൃതമാണ്. ആത്മോപദേശശതകം, ദര്‍ശനമാല, സദാശിവദര്‍ശനം തുടങ്ങിയ കൃതികള്‍ ഗുരുവിന്‍റെ രചനാവൈഭവത്തിന്‍റെ ഉത്തമദൃഷ്ടാന്തങ്ങളാണ്. ദൈവദശകം സാര്‍വ്വദേശീയമായിത്തന്നെ അംഗീകരിക്കപ്പെടാന്‍ എന്തുകൊണ്ടും അര്‍ഹതയുള്ള പ്രാര്‍ത്ഥനാഗാനമാണ്.

     മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം എന്നും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. ദീര്‍ഘവീക്ഷണപടുവായിരുന്ന ഗുരുദേവന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടായിരുന്നു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെ ന്ന ഗുരുവചനത്തില്‍ ഈ ദീര്‍ഘവീക്ഷണം പ്രകടമാണ്. പില്ക്കാലത്ത് ഒരു വിഭാഗം മനുഷ്യര്‍ മതത്തിന്‍റെ മതില്‍ ക്കെട്ടില്‍ നിന്നു പുറത്തുപോകുന്നതും  സംഘടിതമതങ്ങളും രാഷ്ട്രീയസംഘടനകളുമായി വലിയ വ്യത്യാസങ്ങളില്ലാതെ നിലയുറപ്പിക്കുന്നതും മറ്റും ഗുരു ഭാവനയില്‍ കണ്ടിരുന്നുവെന്നു വ്യക്തം.  വ്യക്തിയെ നന്മയിലേക്കു ന യിച്ച് സ്നേഹമുള്ളവനാക്കുക എന്നതാണ് ഒരു മതത്തിന്‍റെ ധര്‍മ്മം. രാ ഷ്ട്രീയം ജനങ്ങളെ പരിരക്ഷിച്ച് അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മതവും രാഷ്ട്രീയവും തമ്മില്‍ സഹവര്‍ത്തിത്വമില്ലെങ്കില്‍ ദുഷിച്ച രാഷ്ട്രീയക്കാരും കാപട്യമുള്ള മതനേതാക്കളുമുണ്ടാകും. ധര്‍മ്മനിഷ്ഠനും  സ്നേഹസമ്പന്നനുമായ ഒരു മതവിശ്വാസി തീര്‍ച്ചയായും  എല്ലാ വിഭാഗം  ജനങ്ങളുടെയും  നന്മയ്ക്കുവേണ്ടി ആ ഗ്രഹിക്കും. ശരിയായ ഒരു  രാഷ്ട്രീയ പ്രവര്‍ത്തകനു മാത്രമേ ധര്‍മ്മനിഷ്ഠനും സ്നേഹസമ്പന്നനുമാകാന്‍ കഴിയൂ. ഇവ പരസ്പരപൂരകങ്ങളാണ്. ഇതു മനസ്സിലാക്കിയാണ് ഗുരുദേവന്‍ 'സംഘടിച്ച്  ശക്തരാകാന്‍' പറഞ്ഞത്.

     അപ്പോള്‍ സംഘടനയെന്നാല്‍ എ ന്താണെന്നു കൂടി ചിന്തിക്കണം. സംഘടനയെന്നാല്‍ നിയന്ത്രണമാണ്. അതു ലൗകികമാണ്. ഭക്തി ആത്മീയതയുടെ അവിഭാജ്യഘടകമാണ്. ഇവ രണ്ടും വിരുദ്ധങ്ങളാണ്.  പക്ഷേ വെവ്വേറെയല്ല.  പരസ്പരം വേറിട്ട് ഇവയ്ക്കു നിലനില്പുമില്ല. ഭക്തനാവുകയും അതേസമയം സംഘടനയില്‍ നില്‍ക്കുകയും ചെയ്യുന്നതിനു ജ്ഞാനം ആവശ്യമാണ്. ഈ ജ്ഞാനമാണ് നമ്മെ മതാതീത ആത്മീയതയിലേക്ക് നയിക്കുന്നത്. ഗുരുദേവന്‍ മതാതീതസ ന്ന്യാസിയായിരുന്നു. മതപരമായ ചിഹ്നങ്ങളില്‍ ഗുരുവിന്‍റെ മനസ്സ് കുടുങ്ങിപ്പോയില്ല. ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴു ന്ന മാതൃകാസ്ഥാനമായിരുന്നു ഗുരു വിന്‍റെ സ്വപ്നം. അതിലേക്കുള്ള വഴി മതാതീത ആത്മീയത തന്നെയാണ്. ഗു രുദേവന്‍ തെളിച്ചു തന്ന ഈ പാതയാണു വര്‍ഗ്ഗീയതയ്ക്കും ഭീകരവാദത്തിനും വിഘടനവാദത്തിനുമൊക്കെയുള്ള ഏക പരിഹാരമാര്‍ഗ്ഗം.

     അടിമത്തത്തിന്‍റെയും ജാതിചിന്തയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കേരളമാണ് ഗുരുവിനു മുന്‍പുള്ള കാലഘട്ടത്തിലുണ്ടായിരുന്നത്. ഗുരുവിന്‍റെ ചിന്തകളും സംഹിതകളും  വചനങ്ങളും ആഹ്വാനങ്ങളും അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് കേരളത്തിനു മോക്ഷം നല്കി.  കേരളജനത സംഘടിച്ചു ശക്തരായി. വിദ്യകൊണ്ടു പ്രബുദ്ധരായി. പുരോഗമനാശയങ്ങളില്‍ ലോകത്തിനുതന്നെ മാതൃക കാട്ടുന്നവരായി. തിന്മയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാതെ നമുക്ക് കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ യുവതലമുറയെ മാനുഷികമൂല്യങ്ങളില്‍ ആകൃഷ്ടരാക്കി ശാക്തീകരിക്കേണ്ടതുണ്ട്. ആത്മീയത മാത്രമാണ് ഇതിനുള്ള പോംവഴി.  മൂല്യങ്ങള്‍ ചോരാതെ കാത്തുസൂക്ഷിച്ചുകൊണ്ട് ആത്മീയതയെ ആയുധമാക്കി ഒരു നവയുഗ സൃഷ്ടിക്കായി ഒന്നിച്ച് അണിചേരാനുള്ള പ്രതിജ്ഞയായിരിക്കും ജ്ഞാനത്തിന്‍റെ ഈ പ്രകാശഗോപുരത്തിന്- ശ്രീ നാരായണഗുരുദേവന് ഈ ജയന്തിയില്‍ നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റ വും ശ്രേഷ്ഠമായ ഗുരുദക്ഷിണ.