മഹാസമാധി
സ്വാമി ഋതംഭരാനന്ദ
ഗുരുക്കന്‍മാരുടെ ദേഹവിയോഗത്തിനാണു 'മഹാസമാധി' എന്നു ഭാരതീയര്‍ പറയുന്നത്. ബാഹ്യവീക്ഷണത്തില്‍ കേവലം ജഡവസ്തുവായ ദേഹത്തിന്‍റെ ഒഴിഞ്ഞുപോകലാണത്. എന്നാല്‍ ആന്തരികാര്‍ത്ഥത്തില്‍ സമാധി എന്നത് അത്യുദാത്തമായ ഒരനുഭവതലമാണ്. ദ്വൈതാനുഭവങ്ങളെല്ലാം അസ്തമിച്ചു കഴിയുമ്പോള്‍ തെളിയുന്ന ആദ്ധ്യാത്മികമഹത്വമാര്‍ന്ന ഒരു സവിശേഷാവസ്ഥയാണത്. മരണവും പുറപ്പും വാഴ്വുമില്ലാത്ത പരമമായ ആ അവസ്ഥയെ പ്രാപിക്കുന്നവരാണ് മഹാഗുരുക്കന്‍മാര്‍. അതിനാല്‍ സമാധി എന്നതുകൊണ്ട് ഗുരുക്കന്‍മാരുടെ ദേഹത്തിന്‍റെ വിടവാങ്ങലായോ മറയലായോ മാത്രം മനസ്സിലാക്കുന്നത് സമുദ്രത്തെ കൂലംകഷമായി പഠിക്കാതെ സമുദ്രത്തിലെ തിരകളെ മാത്രം അറിയുകയും അതാണ് സമുദ്രമെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.
ജനനം, ജീവിതം, മരണം അഥവാ സൃഷ്ടിസ്ഥിതിലയം എന്നിവയാണ് ജീവിതത്തിന്‍റെ മൂന്നു ഘട്ടങ്ങളായി സാമാന്യമായി പറഞ്ഞുപോരാറുള്ളത്. ഇത് കേവലം ബാഹ്യമായ വിലയിരുത്തല്‍ മാത്രമാണ്. ജനനവും ജീവിതവും മരണവും പരസ്പരപൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നില്ല എന്നര്‍ത്ഥം. ജീവശാസ്ത്രപരമായി നോക്കിയാല്‍ ശരീരം നിലനില്ക്കുന്നത് തന്നെ നിരവധി കോശങ്ങളില്ലാതാക്കിക്കൊണ്ടും അനവധി കോശങ്ങള്‍ രൂപപ്പെട്ടുകൊണ്ടുമാണെന്നു മനസ്സിലാക്കാം. അതായത് ഒട്ടനവധി മരണങ്ങളുടെയും ജനനങ്ങളുടെയും തുടര്‍ച്ചയിലാണ് ജീവിതത്തിന്‍റെ വര്‍ത്തമാനകാലം നിലകൊള്ളുന്നതെന്നര്‍ത്ഥം. ഇത് മനുഷ്യന്‍ കണ്ടെത്തിയ സര്‍വ്വസമ്മതമായ ഒരു ശാസ്ത്രതത്ത്വമാണ്.
സര്‍വ്വശാസ്ത്രങ്ങള്‍ക്കും ആധാരമായിരിക്കുന്ന മനസ്സിന്‍റെയും ചിന്തയുടെ യും ബുദ്ധിയുടെയും മറുകരയെത്തിയവരാണ് ഋഷീശ്വരന്‍മാര്‍. ഒരുകോടി സൂര്യډാര്‍ ഒന്നിച്ചുദിച്ചുയരുന്നതുപോലെയുള്ള വര്‍ണ്ണനാതീതമായ സത്യസാക്ഷാത്കാരത്തിന്‍റെ പരമതലം അനുഭവമാക്കിയ ഗുരുക്കډാരുടെ ജീവിതം തന്നെ നിത്യമായ സമാധ്യവസ്ഥയിലുള്ളതാണ്. അതിനാല്‍ ഗുരുക്കന്‍മാരുടെ ജീവിതത്തിനു യാതൊരു കാലത്തും വിയോഗമില്ല. ഈ വിധം വിയോഗവും മറയലുമില്ലാത്ത ഒരു മഹാജീവിതത്തെ ലോകമംഗളത്തിനായര്‍പ്പിച്ച വിശ്വഗുരുവാണ് ശ്രീനാരായണഗുരുദേവന്‍. ജീവിതത്തിന്‍റെ ഈ സത്യമാണ് ആത്മോപദേശശതകത്തിലെ 78-ാം പദ്യത്തിലൂടെ ഗുരുദേവന്‍ വെളിവാക്കിത്തരുന്നത്.
മരണമോ ജനനമോ വര്‍ത്തമാനകാലജീവിതമോ പോലും പാരമാര്‍ത്ഥികതലത്തില്‍ ഇല്ലാത്തതാണ്. അങ്ങനെ നോക്കിയാല്‍ മനുഷ്യര്‍, ദേവډാര്‍ തുടങ്ങിയുള്ള ജീവജാലങ്ങളുമില്ല. ഇവയെല്ലാം വെറും നാമരൂപങ്ങള്‍ മാത്രമാണ്. മരുഭൂമിയില്‍ സത്യത്തിലില്ലാത്തതും എന്നാല്‍ ഉണ്ടെന്നു തോന്നിക്കുന്നതുമായ ജലപ്രതീതി എങ്ങനെയാണോ അതുപോലെ ഉണ്ടെന്നു തോന്നുന്ന കേവലം കാഴ്ചകളാണിവ. ഇതു പ്രത്യേകം വിചാരം ചെയ്ത് അറിയേണ്ടതാണ്.
ജീവിതത്തിലെ ഭ്രമാനുഭവങ്ങളും അതിന്‍റെ പൊരുളും ഗുരുദേവന്‍ എത്ര വ്യക്തതയോടും തെളിമയോടും കൂടിയാണ് ഈ ശ്ലോകത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
ഉപാധികളെല്ലാം നിരാകരിക്കപ്പെട്ട അവസ്ഥയെ സാക്ഷാത്കരിച്ച ഗുരുവിനെ, ഉപാധികളുടെ പിന്‍ബലത്തില്‍ നിന്നുകൊണ്ടാണ് സാധാരണ മനുഷ്യന്‍ നോക്കിക്കാണുന്നത്. അതുകൊണ്ട് എത്ര നോക്കിയാലും ഗുരുസ്വരൂപത്തെ പൂര്‍ണ്ണമായും കാണുവാനോ വിലയിരുത്തുവാനോ സാധിക്കുന്നതല്ല. അതിനു കാരണമായിരിക്കുന്നത് ഭ്രമാനുഭവങ്ങളും സങ്കല്പങ്ങളുമായിരിക്കുന്ന ഉപാധികളാണെന്നറിയണം. അവയെല്ലാം ഒഴിവാകുന്നിടത്താണു സമാധ്യവസ്ഥ തെളിഞ്ഞുകാണുവാനിടയാകുന്നത്. ഗുരുദേവന്‍റെ 84-ാമത് മഹാസമാധി ദിനചിന്തകള്‍ ഏവരേയും ഇത്തരം സദവസ്ഥയിലേക്കു നയിക്കുവാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.