ആത്മസാഹോദര്യത്തിന്‍റെ ഏകതയിലേക്ക്

സ്വാമി പ്രകാശാനന്ദ

 

     ലോകം തന്നെ വ്രതശുദ്ധിയുടെ പുണ്യനാളുകളിലകപ്പെടുന്ന കാലമാണിത്. ശരീരവും മനസ്സും ബുദ്ധിയും ചിന്തയും ശ്രദ്ധയുമെല്ലാം തെളിഞ്ഞിരിക്കുന്ന ഈ വേള അവതാരപുരുഷന്മാരുടെ സന്ദേശങ്ങളും ദര്‍ശനങ്ങളും ആഴത്തില്‍ വിചാരം ചെയ്യുന്നതിനും അവ ജീവിതത്തില്‍ സ്വാംശീകരിക്കുന്നതിനും ഏറ്റവും യോജിച്ച കാലമാണ്. വ്രതാനുഷ്ഠാനത്തിന്‍റെയും സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും പുണ്യതകൊണ്ട് വിശുദ്ധമാക്കപ്പെട്ട ഇത്തരമൊരു അന്തരീക്ഷത്തിലാണ് അരുളന്‍പനുകമ്പയുടെ മൂര്‍ത്തിയായ ശ്രീനാരായണഗുരുദേവന്‍ മനുഷ്യരൂപം പൂണ്ട് ഭൂമിയിലവതരിച്ചത്. സര്‍വ്വഭേദങ്ങളുമസ്തമിച്ചു  മാനുഷരെല്ലാരും ഏകോദരസഹോദരന്മാരെപ്പോലെ വാഴുന്ന സമത്വസുന്ദരമായ ഒരു മാതൃകാലോകമാണ് ഗുരു വിഭാവനം ചെ യ്തത്. അതിന്‍റെ ദാര്‍ശനികവും സാമൂഹ്യവുമായ ശംഖനാദമാണ് 'സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന' മെന്ന അരുവിപ്പുറം സന്ദേശത്തിലും മുഴങ്ങിനില്ക്കുന്നത്.

    ഗുരുദേവന്‍ കൊളുത്തി വച്ച വിശ്വമാനവികതയുടെ വെളിച്ചം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ശാശ്വതമായി മുന്നേറുകയാണ്. ആ പ്രകാശധാരയില്‍ എല്ലാ ഹൃദയങ്ങളും എല്ലാ ഗൃഹങ്ങളും വിളങ്ങുമ്പോഴാണ് ഗുരുദേവന്‍റെ നിത്യസാന്നിദ്ധ്യം അനുഭവവേദ്യമാകുന്നത്. ആ അവസ്ഥയില്‍ നമ്മുടെ ചിന്തയിലും വചനത്തിലും കര്‍മ്മത്തിലും കാഴ്ചയിലും ശ്രവണത്തിലുമെല്ലാം ഗുരുദേവന്‍റെ ചൈതന്യം നിറഞ്ഞ് നില്‍ക്കണം. ആ സാന്നിദ്ധ്യാനുഭവനിറവിലേക്കുള്ള  ശ്രീകോവിലാണ് തൃപ്പാദങ്ങളുടെ തിരുജയന്തിനാള്‍. 'ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം'  എന്നു തുടങ്ങുന്ന ആശാന്‍റെ 'ഗുരുസ്തവം' അധരങ്ങളില്‍ നിറഞ്ഞു കവിയുന്നതുപോലെ ഹൃദയങ്ങളിലും  നിറഞ്ഞു കവിയണം. ഗുരുവിന്‍റെ നിരന്തരസാന്നിദ്ധ്യം കേവലം അധരത്തിലല്ല അന്തിമമായി ഹൃദയത്തിലാണ് നിറയേണ്ടത്. ആ നിറവില്‍ നിന്നാണ് ഗുരുദേവന്‍ വിഭാവനം ചെയ്ത സര്‍വ്വരും സോദരത്വേന വാഴുന്ന  മാതൃകാലോകം പിറവികൊള്ളുന്നത്. അതിനാല്‍ ഭഗവാന്‍റെ  തിരുപ്പിറവിദിനം  ഈ ഏകലോകത്തിന്‍റെ  പ്രയാണം സമാരംഭിക്കുന്നതിനുള്ള പുണ്യദിനമായി ഭക്തന്മാര്‍ സ്വീകരിക്കണം.

   ലോകത്തിന്‍റെ ഭൗതികമായ വളര്‍ച്ചയ്ക്കും വികാസത്തിനും ശാസ്ത്ര- സാങ്കേതികാഭിമുഖ്യം വേണ്ടതുതന്നെയെങ്കിലും ആ ആഭിമുഖ്യത്തിനു മുന്നില്‍ മനുഷ്യത്വം മറയപ്പെടുന്ന കാഴ്ച ഇന്നു സര്‍വ്വസാധാരണമായിത്തീരുന്നു എന്നത് ആശങ്കയ്ക്കിടം നല്കുന്നതാണ്.   ലോകത്ത് ഏറ്റവും കൂടുതല്‍ നരഹത്യ സംഭവിക്കുന്നത് മനുഷ്യത്വമില്ലായ്മ കൊണ്ടാണ് . മനുഷ്യോചിതമായ ജീവിതസാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതും മനുഷ്യത്വത്തിന്‍റെ അഭാവം കൊണ്ടുതന്നെ. ഏതൊരു ശാസ്ത്രവും മതവും ദര്‍ശനവും രൂപപ്പെട്ടിട്ടുള്ളത് മനുഷ്യനെ നന്നാക്കുന്നതിനുവേണ്ടിയാണ്- ജീവന്‍റെ ഊര്‍ദ്ധ്വഗതിക്കു വേണ്ടിയാണ്. മനുഷ്യത്വമില്ലാതായാല്‍ മറ്റെന്തെല്ലാം ഉണ്ടായാലും മനുഷ്യന്‍ മനുഷ്യനാവുകയില്ല. ഈ വകതിരിവാണ്  ഇന്നത്തെ ലോകത്തിനും അനിവാര്യമായിട്ടുള്ളത്. അതുണ്ടായാല്‍  'ഞാ നും നീയും' തുടങ്ങിയുള്ള ഭേദഭാവം അസ്തമിക്കും.  അപ്പോള്‍ എന്നിലും നിന്നിലും കുടികൊള്ളുന്നതു ഒരേ ആത്മാവാണ് എന്ന സത്യം ബോധ്യപ്പെടും.

   ആത്മസാഹോദര്യത്തിന്‍റെ ധന്യമായ ഏകതയിലേക്കു മനുഷ്യനെ ഉയര്‍ത്തുന്ന തത്ത്വസംഹിതയായി , സന്ദേശമായി , കല്പനയായി ശ്രീനാരായണധര്‍മ്മത്തെ ഏവരും സ്വീകരിക്കണം.  അതിനുള്ള ആത്മപ്രചോദനം  157-ാമത് തിരുജയന്തിയുണര്‍ത്തുന്ന ധന്യസ്മരണയില്‍ നിന്നുണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഏവര്‍ക്കും ചതയദിനാശംസകള്‍ നേരുന്നു.