നവോത്ഥാനത്തിന്‍റെ ഉള്‍വിളി
സി. രാധാകൃഷ്ണന്‍
കല്ല് നന്നായാല്‍ വീടു നന്നായി എന്നു പഴയ ആശാരിമാര്‍ പറയും. പടുത്തു കെട്ടുന്നത് കല്ലുകൊണ്ടാണല്ലോ. അത് ചൊവ്വും ചേലും ഉറപ്പും ഉള്ളതായാലേ വീടിനു ഇപ്പറഞ്ഞ ഗുണങ്ങള്‍ ഉണ്ടാകൂ. അടിസ്ഥാനപരമാണ് ഈ കാഴ്ച എന്നതില്‍ ആര്‍ക്കും പക്ഷഭേദമുണ്ടാകാനിടയില്ല. ഇതുതന്നെയാണ് സമൂഹത്തിന്‍റെയും സ്ഥിതി. സമൂഹം നന്നാകണമെങ്കില്‍ അത് നിര്‍മ്മിതമാകുന്ന മനുഷ്യന്‍ എന്ന ശില നന്നായിരിക്കണം. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് ശ്രീനാരായണഗുരുദേവന്‍ പറഞ്ഞത് ഇതിനാലാണ്.
സാമൂഹികപുരോഗതിയുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളില്‍ ഒന്നിനും - സോഷ്യോളജി, അന്ത്രോപ്പോളജി, ഇക്കണോമിക്സ്, എന്‍വയേണ്‍മെന്‍റല്‍ സയന്‍സ്, സോഷ്യലിസം, കമ്മ്യൂണിസം - ഈ നിലപാടില്ല. എല്ലാ പരിഗണനയും സമൂഹം എന്ന ആകെത്തുകയ്ക്കാണ്. സമൂഹം നന്നായാല്‍ എല്ലാം നന്നായിക്കോളും എന്നാണ് അലിഖിതനയം. ഈ ധാരണയില്‍നിന്നു വ്യതിചലിച്ചതാണ് ഗുരുദേവന്‍റെ പ്രാഥമികമായ വിപ്ളവാത്മകത. നല്ല മനുഷ്യരുടെ സമൂഹം നല്ലതല്ലാതിരിക്കാന്‍ ഒരു ന്യായവും ഇല്ല എന്ന് നിശ്ചയിക്കാന്‍ ഏത് കൊച്ചുകുട്ടിക്കുമുള്ള യുക്തിയേ വേണ്ടു.
വ്യക്തിയുടെയും സമൂഹത്തിന്‍റെയും അകവും പുറവും തമ്മിലുള്ള അന്തരത്തിന്‍റെയും ബന്ധത്തിന്‍റെയും ഈ ശരിയായ കാഴ്ചപ്പാടാണ് ഗുരുദേവന്‍റെ കൃതികളിലെല്ലാം പ്രതിഫലിക്കുന്നത്. വ്യക്തിയിലായാ ലും സമൂഹത്തിലായാലും പുറത്തുനിന്ന് ഒന്നും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അകത്തുനിന്നു വരണം മാറ്റം. അത് ആഴത്തില്‍ വേരുള്ളതുമാകണം.
അനീതിയും അക്രമവും നടമാടുന്ന ഒരു സമൂഹത്തില്‍ മനുഷ്യന് എങ്ങനെ നന്നാകാന്‍ കഴിയും ? അതിനാല്‍ ന ന്നായേടത്തോളം മനുഷ്യര്‍, അവര്‍ക്കാ വുംവിധം, അനീതിക്കെതിരെ പോരാടണ്ടെ? തീര്‍ച്ചയായും വേണം എന്നുതന്നെയാണ് ഗുരുദേവന്‍ പറഞ്ഞത്. "സംഘടിച്ചു ശക്തരാകുവിന്‍" എന്നുതന്നെ. പക്ഷേ, ഈ പോരാട്ടത്തിന്‍റെ വിജയം രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കും എന്നുകൂടി ഗുരുദേവന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്ന്, ആ സമരം നയിക്കുന്നവര്‍ എത്രത്തോളം നന്നായിട്ടുണ്ട് എന്നത്. രണ്ട്, നയിക്കപ്പെടുന്ന സമൂഹത്തില്‍ ആ സമരംകൊണ്ട് എത്ര ശതമാനം പേര്‍ എത്രത്തോളം നന്നാവുന്നു എന്നത്. എല്ലാ സമരങ്ങളുടെ യും കൂടെ വ്യക്തിയെ ഉല്‍ബുദ്ധനാക്കാനുള്ള തീവ്രമായ യജ്ഞം അനിവാര്യമാണെന്ന ശാസന ഇതിനാലായിരുന്നു.
ബുദ്ധിയാണ് മനുഷ്യന് ഇതര ജീവജാലങ്ങള്‍ക്കില്ലാത്ത അമൂല്യാനുഗ്രഹം. അതിന്‍റെ ആശ്രയമാണ് മനുഷ്യാവസ്ഥയുടെ ഊന്ന്. ശരിയായ അറിവാണ് ബുദ്ധികൊണ്ട് പ്രാപിക്കാവുന്ന ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് അടുക്കു ക എന്നതാണ് 'നന്നാവുക' എന്നതുകൊണ്ട് ഗുരുദേവന്‍ വിവക്ഷിക്കുന്നത്. ബുദ്ധിരാക്ഷസീയതയല്ല ബുദ്ധത്വമാ ണ് താത്പര്യം. രണ്ടും തമ്മിലുള്ള അ ന്തരം വ്യക്തം. കൊട്ടക്കണക്കിനുള്ള അറിവും ശരിയായ കാഴ്ചപ്പാടും രണ്ടും രണ്ടാണല്ലോ. ഒരുപാടു വേദങ്ങളും പു രാണങ്ങളും കാണാപ്പാഠം പഠിച്ചാലും ശരിയായ കാഴ്ചപ്പാട് ഉണ്ടായിക്കൊ ള്ളണം എന്നില്ല. ഇതൊക്കെ പഠിച്ചുപോയതുകൊണ്ട് ശരിയായ കാഴ്ച ഒരിക്കലും കൈവരില്ല എന്നുമില്ല. ഇതൊ ന്നും പഠിക്കാതെയും ശരിയായി കാ ണാന്‍ കഴിഞ്ഞുകൂടായ്കയില്ല എന്നുകൂടി അറിയണം എന്നേ ഉള്ളൂ.
അറിവിന് മൂന്നു വിതാനങ്ങളുണ്ട്. അറിയുന്ന ആളും അറിവും വെവ്വേറെ നില്‍ക്കുന്ന അറിവില്‍ നിന്നാണ് തുടക്കം. അത് ജ്ഞാനം. തീയിന് ചൂടുണ്ട് എന്ന അറിവ് ഉദാഹരണം. ആ അറിവ് അനുഭവജ്ഞാനം അഥവാ വിശേഷേണയുള്ള ജ്ഞാനം എന്ന വിജ്ഞാനമാകുന്നത് രണ്ടാംഘട്ടം. കൈ തീനാളത്തിനരികെ ചെന്നാലുണ്ടാകുന്ന അറിവുകൂടി ഉള്‍പ്പെട്ടതാണിത്. ഈ അറിവ് പ്രകര്‍ഷേണയുള്ള അറിവ് അഥവാ പ്ര ജ്ഞാനം ആകുന്നത് മൂന്നാമത്തെ വി താനം. അതായത്, തന്‍റെ ജഠരത്തിലും നക്ഷത്രങ്ങളിലും സൂര്യനിലും ഒക്കെ ഇതേ തീയാണെന്ന തിരിച്ചറിവിന്‍റെ ത ലം. ആ വിതാനത്തില്‍ താന്‍തന്നെയാ ണ് ഈ തീ. ഇതാണ് അറിവിന്‍റെ ഉദാത്തമായ അവസ്ഥ.
എല്ലാ അറിവുകളുടെയും കാര്യത്തില്‍ ഈ അവസ്ഥവരെ പുരോഗമിക്കുന്നതിനെയാണ് 'നന്നാവുക' എന്ന പച്ചമലയാളപദംകൊണ്ട് ഗുരുദേവന്‍ അര്‍ത്ഥമാക്കിയത്. ഇതില്‍ മതത്തിന്‍റെയൊ ജാതിയുടെയൊ ഒന്നും ഒരു പ്ര ശ്നവുമില്ല. വേദാന്ത ദര്‍ശനമാണ് ഇതി ന്‍റെ കാതല്‍. എങ്കിലും ഇത് ഹിന്ദു എ ന്നു പറയപ്പെടുന്ന മതത്തിന്‍റെ നിലപാടാകുന്നില്ല. കാരണം, എക്കാലത്തും നിലനിന്ന ഹിന്ദു എന്ന മതം ഉപനിഷത്തുകളിലെ അറിവിനെ മാനിക്കാതെ ജന്‍മദത്തമായ ജാതിത്വത്തിലും കര്‍മ്മ വിഭാഗീയതകളിലും ഉച്ചനീചത്വങ്ങളി ലും അന്ധമായ ആചാരങ്ങളിലും അടിയുറച്ചതായിരുന്നു. ഇന്നും അതെ.
നന്നാവുക എന്നാല്‍ എല്ലാ മതങ്ങളുടെയും ഉച്ചനീചത്വകല്പനകളുടെയും അവയില്‍നിന്നൊ പുറത്തുനിന്നൊ ഉണ്ടായ എല്ലാ ശാക്തികച്ചേരികളുടെയും അടിമത്തത്തില്‍നിന്ന് മോചനംതന്നെ. ഇതു സാധിക്കാന്‍ ശരിയായ കാഴ്ചപ്പാടുണ്ടായിക്കിട്ടണം. അഥവാ പ്രജ്ഞാനം വേണം. തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും തനിക്കു ലോകവുമായുള്ള ബന്ധത്തെക്കുറിച്ചും ശരിയായി മനസ്സിലാക്കണം. ഇതൊക്കെ മനസ്സിലാകാന്‍ അദ്വൈതവേദാന്തം വേണം. എങ്ങനെയെന്നും എന്തുകൊ ണ്ടെന്നും ഗുരുദേവശാസനങ്ങളില്‍ നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാം.
നാലേ നാലു ചോദ്യങ്ങളേ ചോദിക്കേണ്ടൂ. ഒന്ന്, ഇക്കാണായ സങ്കീര്‍ണ്ണ വും വിശാലവുമായ പ്രപഞ്ചത്തിന് അടിസ്ഥാനമായി ശാശ്വതമായ ഒരു ശക്തി വിശേഷം ഉണ്ടെന്നോ ഇല്ലെന്നോ വിശേഷബുദ്ധിയുള്ള ഒരാള്‍ കരുതേണ്ടത്? ഉണ്ടെന്നുതന്നെ വേണം കരുതാന്‍ എന്നേ മറുപടി പറയാനാവൂ. ചോദ്യം രണ്ട്, ആ ശക്തി വിശ്വത്തില്‍ എല്ലായിടത്തും ഉണ്ടെന്നൊ അതോ ഏങ്ങാണ്ടൊരു മൂലയില്‍ ഇരിപ്പാണെന്നൊ, എന്താണ് കരുതേണ്ടത് ? എങ്ങുമുണ്ടെന്നു തന്നെ കരുതണം എന്നുകൂടി സമ്മതിക്കേണ്ടി വരുന്നു. ചോദ്യം മൂന്ന്, അങ്ങനെ എങ്കില്‍ പ്രപഞ്ചത്തില്‍ എങ്ങുമു ള്ള അത് നമ്മിലും കാണണമ ല്ലോ? നാമും ഈ പ്രപഞ്ചത്തിന്‍റെ ഭാ ഗമല്ലേ? നമ്മിലും അത് തീര്‍ച്ചയായും കാണണം എന്നു സമ്മതിക്കാതെ തരമുണ്ടോ? അവസാന ചോദ്യം, ഇങ്ങനെ നമ്മില്‍ ഉള്ള മറ്റെല്ലാം നശിച്ചു പോകുന്നതാണ് എന്നിരിക്കെ നമ്മിലെ നാശമില്ലാത്ത നാം അതു മാത്രമല്ലേ? അഥവാ, അതല്ലേ ശരിയായ നാം?
ഇത്രയുമെത്തിയാല്‍ ഉപനിഷത്തി ലെ കാതലായ ഉപദേശമായി: 'തത് ത്വം അസി' അത് നീയാകുന്നു. ഈ അറിവിന് ശിഷ്യമനസ്സിലുണ്ടാകുന്ന അനുഭവജ്ഞാനമാണ് രണ്ടാമത്തെ മഹാവാക്യം. 'അഹം ബ്രഹ്മാസ്മി.' ഞാന്‍ ബ്രഹ്മമാകുന്നു. ശരീരബുദ്ധ്യഹങ്കാരങ്ങളുടെ ഉത്പന്നമായ 'ഞാന്‍' ആണോ അത്? അല്ല. അയം ആത്മാ ബ്രഹ്മ. മരണമടയുന്ന ഞാനല്ല എന്‍റെ ജീവനാകു ന്നു ബ്രഹ്മം. അതാണ് അത് എന്ന അറിവുതന്നെയാകുന്ന അത്. നാലാമത്തെ മഹാവാക്യം പ്രജ്ഞാനം ബ്രഹ്മ. ഈ അറിവുതന്നെ ഈശ്വരന്‍.
നമ്മള്‍ മാത്രമല്ല എല്ലാവരും എല്ലാ തും അതുതന്നെ. അതിനാല്‍ അന്യന്‍ എന്നും അന്യം എന്നും ഇല്ല. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നത് അപരനും അപരത്തിനും സുഖത്തിനാ യി ഭവിക്കണം. ഏതു മരം മുറിയുമ്പോ ഴും നമുക്കു വേദനിക്കണം.
യാഥാര്‍ത്ഥ്യം രണ്ടു വിധം. ഒന്ന് താല്‍കാലികം, രണ്ട് ആത്യന്തികം. സൂ ര്യന്‍ ഉദിക്കുന്നു എന്നത് യാഥാര്‍ത്ഥ്യംതന്നെ. പക്ഷേ, ബഹിരാകാശത്തു ചെന്നു നോക്കിയാല്‍ സൂര്യോദയം എന്ന യാഥാര്‍ത്ഥ്യത്തിന്‍റെ സ്വഭാവം മാറും. കുറേക്കൂടി അകലെ, താരാപഥത്തിന്‍റെ ആഴത്തില്‍ നിന്നു നോക്കിയാലോ, സൂര്യന്‍ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല!
ഉണ്ടായി ഇല്ലാതാകുന്ന യാഥാര്‍ ത്ഥ്യങ്ങള്‍ താല്‍കാലികം. എന്നുമുള്ള ത് ആത്യന്തികം. ഇക്കാണായ പ്രപഞ്ചം മുഴുക്കെ ഒരിക്കല്‍ ഉണ്ടായതും ഇനി ഒരിക്കല്‍ ഇല്ലാതാകുന്നതുമാണ്. ഇത് എന്തില്‍നിന്നുണ്ടായി എന്തിലേക്കു വിലയം ചെയ്യുന്നുവോ ആ അവ്യക്തമാദ്ധ്യമമാണ് ഈ പ്രപഞ്ചത്തിന്‍റെ അ മ്മ. ആദിസ്പന്ദമായി ആ മാദ്ധ്യമത്തില്‍ അനുരണനങ്ങള്‍ക്ക് ബീജാവാപം ചെയ്യുന്ന ഊര്‍ജ്ജം മൂന്നാമത്തെ ഉരു വം. മൂന്നും ഒന്നിന്‍റെതന്നെ മൂന്നു ഭാവങ്ങള്‍. നാശമുള്ള വിശ്വം ക്ഷരബ്രഹ്മം, അവ്യക്ത മാദ്ധ്യമം അക്ഷരബ്രഹ്മം, ആദിസ്പന്ദം അക്ഷരാതീതബ്രഹ്മം. ശരീ രം എന്ന ക്ഷേത്രം ക്ഷരം , ജീവന്‍ അ ക്ഷരബ്രഹ്മത്തിലെ സമാന്തരക്ഷേത്രം, പരമാത്മാവ് ആദിസ്പന്ദ ഊര്‍ജ്ജം. ആദിസ്പന്ദവുമായി ശ്രുതിചേരലാണ് ജീവന്‍റെയും ശരീരമെന്ന ക്ഷേത്രത്തിന്‍റെയും സായുജ്യം. അത് പരമാനന്ദകരമായ പൂര്‍ണമോചനമാണ്. യുഗങ്ങളായുള്ള ജീവപരിണാമത്തിന്‍റെ ലക്ഷ്യം ഈ മോചനം അഥവാ മോ ക്ഷമാണ്. വിശപ്പും ദാഹവും സ്നേ ഹവും വിദ്വേഷവും എല്ലാം ഉള്‍പ്പെടെയുള്ള ജീവി തം താല്‍കാലിക യാഥാര്‍ത്ഥ്യം. പരമമായ ശ്രുതിചേരല്‍ ആത്യന്തിക യാഥാ ര്‍ത്ഥ്യം.
ഈ അറിവ് അനുഭവജ്ഞാനമാകുന്നതോടെയാണ് ഒരാള്‍ 'നന്നാവുന്ന'ത്. നന്നായ ഒരാള്‍ ഏതു മതത്തിലായാ ലും അയാള്‍ ഒരിക്കലും ഒന്നിലും ചേ രിതിരിവുകള്‍ കാണില്ല. ഒന്നിനെയും തന്നില്‍ നിന്ന് അന്യമായി കാണാന്‍ അയാള്‍ക്കു കഴിയില്ല. ആരെയും തനി ക്കു താഴെയൊ മുകളിലൊ ആയി സങ്കല്പിക്കാനും പറ്റില്ല. അയാള്‍ എന്തിനെയെങ്കിലും ആരെയെങ്കിലും പേടിക്കുകയൊ പേടിപ്പിക്കുകയൊ ഇല്ല. തന്‍റേതു മാത്രമായി ഒരു ലാഭം അയാള്‍ക്കില്ല. അയാളെ പ്രകോപിപ്പിക്കുവാനൊ പ്രീണിപ്പിക്കുവാനൊ ആവില്ല.
മനുഷ്യര്‍ക്കെല്ലാം ഈ അറിവും നിലപാടും ഒരുപോലെ സാധിക്കുമോ? ഇല്ല. പ്രതിജനഭിന്നമാണ് മനുഷ്യപ്രകൃതി. മാര്‍ഗ്ഗങ്ങളും ഭിന്നം. ഓരോ പിറവി യും ഓരോ ഭിന്നസ്വരമാണ്. ഈ വൈ വിധ്യമാണ് ജീവിതത്തെ അര്‍ത്ഥപൂര്‍- ണ്ണമാക്കുന്നത്. ഓരോ ജീവനും അതി ന്‍റെ സ്വന്തമായ വഴിക്കേ പ്രപഞ്ചത്തി ന്‍റെ അടിസ്ഥാനശ്രുതിയുമായി സമരസപ്പെടാന്‍ സാധിക്കൂ. പക്ഷേ, ലക്ഷ്യം ഒന്നായിരിക്കാന്‍ ഒരു തടസ്സവുമില്ല. ഈ വഴിയുടെ അറ്റമെത്തല്‍ ഒരു ജന്മംകൊണ്ട് സാധിച്ചുകൊള്ളണമെന്നില്ല. എന്നാലും തീര്‍ത്ഥയാത്ര ഏകമുഖമാവുമ്പോള്‍ സഹവര്‍ത്തിത്വം സമാധാനപൂര്‍ണ്ണമായിത്തീരും. സമസ്ത ലോകത്തിനും ശാന്തിയുണ്ടാകും.
സുഖം, പുരോഗതി, നേട്ടം, സ്വാത ന്ത്ര്യം എന്നിങ്ങനെയുള്ള ആശയങ്ങള്‍ ക്ക് സമൂഹത്തിലും വ്യക്തിമനസ്സിലും നിലവിലിരിക്കുന്ന അര്‍ത്ഥങ്ങള്‍ അപ്പാ ടെ മാറിയാലേ മനുഷ്യന്‍ നന്നാവാന്‍ വേദി ഒരുങ്ങൂ എന്ന് സാരം. ഒരാള്‍ ക്കോ ഒരു സംഘത്തിനോ വിഭാഗത്തിനോ മാത്രമായി സുഖമൊ പുരോഗതിയൊ സ്വാതന്ത്ര്യമൊ സാദ്ധ്യമല്ല എന്ന കാര്യം, പ്രപഞ്ചത്തിന്‍റെ ഏകത്വം തിരിച്ചറിയുന്ന മോഡേണ്‍ സയന്‍സ് ഇ പ്പോള്‍ സ്വമേധയാ അംഗീകരിക്കുന്നുണ്ട്. വെള്ളത്തില്‍ ഒരു കുഴി കുഴിച്ചുവെക്കാന്‍ കഴിയില്ലല്ലോ. ആകെ വിഷമയമായ ജലാശയത്തില്‍ നിന്ന് ആര്‍ ക്കും ശുദ്ധജലം മുക്കിയെടുക്കാനും കഴിയില്ല. പ്രകൃതിയെ അന്യമായി കാണുകയും അതിനെ ചൂഷണം ചെയ്യുകയുമാണ് പുരോഗതിയുടെ സൂത്രവി ദ്യ എന്നുള്ള ധാരണ സയന്‍സ് തള്ളിക്കളഞ്ഞു കഴിഞ്ഞു. താന്‍ തന്നെയാ ണ് പ്രകൃതി എന്ന കരുതലാണ് അര്‍ ത്ഥപൂര്‍ണ്ണമായ നിലനില്‍പ്പിന്‍റെ താ ക്കോല്‍.
ചുരുക്കത്തില്‍ അവതാര ധര്‍മ്മമാണ് ശ്രീനാരായണഗുരുദേവന്‍ നിര്‍വ്വഹിച്ചത് എന്ന് തീര്‍ച്ചയാണ്. നന്നാകുന്നതിനു പകരം മനുഷ്യന്‍ നേരേ എതി ര്‍ദിശയില്‍ ചരിക്കുമ്പോള്‍ വിശ്വത്തി ന്‍റെ ജീവനായ ഈശം തിരുത്തല്‍ നിര്‍ ദ്ദേശിക്കാന്‍ അവതരിക്കുന്നു. അദ്വൈ തദര്‍ശനപ്രകാരം ആത്യന്തികമായ അറിവ് നിത്യവും നാശരഹിതവുമാണ്. അതുതന്നെയാണ് ഈശ്വരന്‍. അതിനോടുള്ള സമ്പര്‍ക്കം മാത്രമാണ് ആള്‍ തോറും നാള്‍തോറും ഇടങ്ങള്‍ തോറും മാറുന്നത്. മനുഷ്യജീവിതത്തിന്‍റെ പരിണാമ ലക്ഷ്യം ഈ സമ്പര്‍ക്കമാണ്. മഹാഭൂരിപക്ഷത്തിനും ഈ സമ്പര്‍ക്കം അസാദ്ധ്യമായ സാ ഹചര്യങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പരമമായ അറിവ് സ്വയംഭൂവായി അവതരിക്കുകയും തിരുത്തലുകള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് സംഭവിക്കുന്നത് ഒരു ചെറിയ സമൂഹത്തിലാകാം, ലോകത്തിനു പൊതുവെ ബാ ധകമായ വിധത്തിലാകാം. എവ്വിധമായാലും ഇത് ഒരു വിപ്ലവം സാധിക്കുന്നു. മനുഷ്യന്‍റെ കാഴ്ചയിലെ തടസ്സങ്ങളും കോറുകേടുകളും നീക്കിയാണ് ഇത് സാധിതമാകുന്നത്. 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നുതന്നെയാണ് എന്നും എക്കാലത്തും അവതാരശാസനം. അതു പുറപ്പെടുന്നത് വീക്ഷണനവോത്ഥാനത്തിന്‍റെ ഉള്‍വിളിയില്‍ നിന്നാണ്.
അറിവില്ലായ്മയില്‍നിന്ന് അഞ്ജനസൂചികൊണ്ട് കണ്ണുകീറി അറിവിന്‍റെ വെളിച്ചം കാണിച്ചുതരുന്നതാ രോ ആ മഹാത്മാവാണ് ഗുരു. ഗുരുതന്നെ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും എന്നാണ് പണ്ടേ പറയാറ്. അതായത് പ്രപഞ്ചത്തിന്‍റെ സ്ര ഷ്ടാവും നടത്തിപ്പുകാരനും പ്രളയകാരനും ഗുരുതന്നെ.
താന്‍ പറയുന്നത് സ്വജീവിതത്തില്‍ ആചരിച്ചുകാണിക്കുന്നത് ആ രോ ആ മഹാത്മാവാണ് ആചാര്യന്‍. ഗുരുദേവന്‍ ആചാര്യനാകുന്നത് അങ്ങനെയാണ്. ലോകാവസാനം വ രെ കാലഹരണപ്പെടാത്ത വഴികള്‍ വെട്ടിത്തെളിച്ച് വെക്കുക മാത്രമല്ല അതിലൂടെ ഗുരുദേവന്‍ നടന്നു കാ ണിക്കുകയും ചെയ്തു.