ഗുരുദേവനും മിതവാദി കൃഷ്ണനും
പ്രൊഫ. ടി.പി. ശങ്കരന്‍കുട്ടി നായര്‍

         ശിവഗിരി തീര്‍ത്ഥാടനത്തെ മുന്‍കൂട്ടി കണ്ട മഹാരഥനായിരുന്നു ശ്രീനാരായണഗുരുസ്വാമി. അതിന്‍റെ മഹിമ അടുത്തറിഞ്ഞ മഹാശയനായിരുന്നു മിതവാദി പത്രത്തിന്‍റെ എഡിറ്ററും വക്കീലും കേരളത്തിലെ ക്ഷേത്ര പ്രവേശന സംരംഭങ്ങളുടെ നേതാക്കന്മാരിലൊരാളുമായ സി. കൃഷ്ണന്‍. ക്ഷേത്രപ്രവേശനം തടഞ്ഞിരുന്ന കാലത്ത് അത് നേടിയെടുക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെട്ട കൃഷ്ണന്‍ വക്കീല്‍, റഷ്യന്‍ വിപ്ലവവര്‍ഷമായ 1917 ല്‍ അവശ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം പ്രാവര്‍ത്തികമാക്കിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. അത് കഴിഞ്ഞ് ഇരുപത് വര്‍ഷത്തിനുശേഷം മാത്രമാണ് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍  ബാലരാമവര്‍മ്മയുടെ ക്ഷേത്രപ്രവേശനവിളംബരം (1936 നവംബര്‍ 12) പ്രഖ്യാപിക്കപ്പെട്ടത്. ഗുരുദേവനേയും ഗാന്ധിജിയേയും പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മിതവാദിയുടെ ക്ഷേത്രപ്രവേശനത്തേയും ക്ഷേത്രറോഡില്‍ കൂടി നടക്കാനുള്ള (കോഴിക്കോട് തളിപ്പറമ്പ് ക്ഷേത്ര റോഡില്‍) സ്വാതന്ത്ര്യത്തേയും സാര്‍വ്വത്രികമാക്കി. ഡോ.പല്പുവിനേയും സഹോദരനയ്യപ്പനേയും ദേശാഭിമാനി ടി.കെ. മാധവനേയും കൊച്ചിയിലെ ഇ.കെ. അയ്യാക്കുട്ടിയേയും മറന്നുകൊണ്ടിരിക്കുന്ന കേരളസമൂഹം മിതവാദിയേയും മറന്നേക്കുമോ എന്നാണ്  സന്ദേഹം.


         1891 ലെ തിരുവിതാംകൂര്‍ കാനേഷുമാരി പ്രകാരം ജനസംഖ്യയുടെ 16 ശതമാനം പേര്‍ ഈഴവരായിരുന്നു. ഹിന്ദുക്കളുടെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈഴവര്‍ ഇരുപത്തിരണ്ടു ശതമാനമുണ്ടായിരുന്നെങ്കിലും ഒരാള്‍ക്കുപോലും മാസപ്പടി ശമ്പളം അഞ്ചു രൂപയില്‍ കൂടുതല്‍ ലഭിച്ചിരുന്നില്ല. ഇതിനര്‍ത്ഥം ഈഴവരാരേയും നല്ല ഉദ്യോഗങ്ങളില്‍ നിയമിച്ചിരുന്നില്ല എന്നാണ്. പല്പുവിനെപ്പോലുള്ളവര്‍ എല്‍.എം.എസ്. ഡിഗ്രി നേടിയിട്ടും തിരുവിതാംകൂര്‍ സര്‍ക്കാരില്‍ ഒരു ജോലി കിട്ടിയില്ല. കാരണം ആരോഗ്യവകുപ്പില്‍ ഒരു ഈഴവ ഡോക്ടര്‍ നിയമിതനായാല്‍ അയാള്‍ സവര്‍ണ്ണ വര്‍ഗ്ഗക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമ്പോള്‍ തൊടും. ഇതും അയിത്തത്തിന് കാരണമാകും. ഈ നൂറ്റാണ്ടിന്‍റെ ഇരുപതുകളില്‍ അയിത്തോച്ചാടനം ഒരു ലക്ഷ്യമായി അമരാവതി കോണ്‍ഗ്രസ് സമ്മേളനം തീരുമാനിച്ചെങ്കിലും അത് കടലാസ് തീരുമാനം മാത്രമായി തുടര്‍ന്നു. ദേശാഭിമാനി ടി.കെ. മാധവനെപ്പോലുള്ളവര്‍ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തുവെങ്കിലും (1924-25) കാര്യമായ ഗുണം ആര്‍ക്കും അക്കാലത്ത് ലഭിക്കുകയുണ്ടായില്ല.


         ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പു സ്വന്തം നാട്ടില്‍ നിന്ന് മൈസൂറില്‍ പോയി ജോലി വാങ്ങി പ്രശസ്തനായി. കൂട്ടത്തില്‍ ഭ്രാന്താലയമായ കേരളത്തില്‍ നിന്നും കേരളീയരെ വിമോചിപ്പിക്കുവാനുള്ള ശ്രമങ്ങളും തുടങ്ങി. സ്വാമി വിവേകാനന്ദനെ പല്പു കണ്ടതും ഇക്കാലത്തായിരുന്നു. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്‍റെ പ്രവര്‍ത്തനങ്ങളും കുമാരനാശാനെപോലുള്ളവരുടെ വിദ്യാഭ്യാസവുമെല്ലാം അക്കാലത്ത് നിര്‍വഹിക്കുന്നതില്‍ കനത്ത സംഭാവന നല്‍കിയവരില്‍ പ്രധാനി ഡോ. പല്പു തന്നെ. ഗുരുദേവന്‍റെയും പല്പുവിന്‍റെയും മാതൃക പിന്തുടര്‍ന്ന മഹാശയനായിരുന്നു പൊന്നാനി താലൂക്കിലെ ചാവക്കാടിനടുത്തെ ചങ്കരംകുമരത്തുവീട്ടില്‍ ഭൂജാതനായ കൃഷ്ണനെന്ന മിതവാദി കൃഷ്ണന്‍. 1867 ജൂണ്‍ പതിനൊന്നിനായിരുന്നു ജനനം.


         ചാവക്കാട്ടേയും കോഴിക്കോട്ടേയും വിദ്യാഭ്യാസാനന്തരം 1885 ല്‍ തന്നെ മെട്രിക്കുലേഷന്‍ പാസ്സായി. മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്ന് 1892 ല്‍ എഫ്. എ. യും വീണ്ടും പത്തുവര്‍ഷം കഴിഞ്ഞ് ബി. എല്‍. ഡിഗ്രിയും നേടി. മൂര്‍ക്കോത്ത് കുമാരന്‍, കാമ്പില്‍ സുകുമാരന്‍ എന്നീ സമുദായോദ്ധാരകരെ കാണുന്നതും പരിചയപ്പെടുന്നതും ഇക്കാലത്താണ്. 1903 ല്‍ കോഴിക്കോട്ട് വക്കീല്‍ പ്രാക്ടീസ് ആരംഭിച്ചു. അതോടുകൂടി കൃഷ്ണന്‍ വക്കീലെന്ന നിലയില്‍ പ്രസിദ്ധി നേടാന്‍ തുടങ്ങി.


         മെട്രിക്കുലേഷനും എഫ്. എ. യും ബി. എല്ലും പാസ്സാവുന്നതിനിടയില്‍ 17 വര്‍ഷക്കാലം (1885 -1902) കൃഷ്ണന്‍ വക്കീല്‍ സ്വയം വിദ്യാഭ്യാസം  നേടുന്നതില്‍ ശ്രദ്ധിച്ചിരുന്നു. മറ്റെന്ത് വായിക്കുന്നതിലും കൂടുതല്‍ അദ്ദേഹം വായിച്ചു പഠിച്ചത് പത്രമാസികകളായിരുന്നു. അതുമൂലം പല അക്കാദമിക്  പരീക്ഷകളിലും പല തവണ തോല്‍ക്കുകയുണ്ടായി. വക്കീല്‍ പരീക്ഷയ്ക്ക് പഠിക്കണമെന്ന പിതാവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തന്നോട് എഡിറ്ററായിരിക്കുവാന്‍ 'കേരള സഞ്ചാരി'യുടെ ഉടമ അപേക്ഷിച്ചപ്പോള്‍ ആ പണി മൂര്‍ക്കോത്ത് കുമാരനെ (1877-1941) ഏല്‍പ്പിച്ചത്. പ്രസിഡന്‍സി കോളേജ് ഹോസ്റ്റലില്‍പ്പോലും പരദേശി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ജാതി മത്സരം ഉണ്ടായിരുന്നു. ഭോജനശാലപോലും രണ്ടെണ്ണമുണ്ടായിരുന്നു.സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ കുറവായിരുന്നുവെങ്കിലും അവരുടെ ഭോജനശാല വലുതായിരുന്നു. അവര്‍ണ്ണ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചെറുതും. രണ്ടിലും എല്ലാവര്‍ക്കും ഭുജിക്കാമെന്ന നിലയാക്കണമെന്ന അപേക്ഷ പ്രിന്‍സിപ്പാള്‍ തള്ളി. ജാതി വികാരത്തിന് പ്രിന്‍സിപ്പാളും അതീതനായിരുന്നില്ല എന്നു വ്യക്തം. ഇതില്‍ അതിശയമില്ല. കാരണം കല്‍ക്കത്താ പ്രസിഡന്‍സി കോളേജ് ഹോസ്റ്റലില്‍പ്പോലും സവര്‍ണ്ണ ഹിന്ദുക്കള്‍ക്കു മാത്രമായിരുന്നു പ്രവേശനം. അഹിന്ദുക്കള്‍ക്കും പ്രവേശിക്കാം എന്ന കല്പന ജ്യോതിബസു സര്‍ക്കാര്‍ പുറത്തിറക്കിയത് 1998 ഡിസംബറില്‍ മാത്രം. സ്വാതന്ത്ര്യം കിട്ടി അമ്പതു വര്‍ഷം പിന്നിട്ടശേഷവും ജാതിമതവ്യത്യാസം മതേതര ഭാരതത്തില്‍ നിലനിന്നുവെന്ന സത്യം എങ്ങനെ മറക്കും. ജാതിസ്പര്‍ദ്ധ ഇല്ലാതാക്കുന്നതിനുള്ള കുരിശുയുദ്ധം മലബാറില്‍ ആരംഭിക്കുവാന്‍ ഇടയാക്കിയ സംഭവം തന്‍റെ മദിരാശി പ്രസിഡന്‍സി കോളേജ് ഹോസ്റ്റലിലെ  അനുഭവങ്ങളായിരുന്നു എന്ന് കൃഷ്ണന്‍ വക്കീല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


         അയിത്തോച്ചാടന പ്രക്രിയയില്‍ തിരുവിതാംകൂറില്‍ നടന്ന ഏറ്റവും  പ്രധാനപ്പെട്ടതും ആദ്യത്തേതുമായ സമരം വൈക്കത്തായിരുന്നു (1924ല്‍). അതിനു എട്ടുവര്‍ഷം മുമ്പു തന്നെ അത്തരം പ്രശ്നങ്ങളില്‍ ഇടപെടുവാന്‍ കൃഷ്ണന്‍ വക്കീല്‍ ശ്രദ്ധിച്ചു. വൈക്കം ക്ഷേത്രത്തിന്‍റേതുപോലെ കോഴിക്കോട് തളി ശിവക്ഷേത്രത്തിനു നാലുവശവും റോഡുണ്ടായിരുന്നു. ഈ പൊതുറോഡില്‍ക്കൂടി അവര്‍ണര്‍ സഞ്ചരിക്കരുതെന്ന് ചൂണ്ടുപലകയും വച്ചിരുന്നു. സവര്‍ണര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇസ്ലാംമതാനുയായികള്‍ക്കും സഞ്ചരിക്കാവുന്ന റോഡില്‍ കൂടി തങ്ങള്‍ക്കും സഞ്ചരിക്കാന്‍ അനുവദിക്കണമെന്നദ്ദേഹം ആദ്യം അപേക്ഷിച്ചു. അത് നടക്കുകയില്ലെന്ന് ബോധ്യമായപ്പോള്‍ ക്ഷേത്രത്തിന്‍റെ നാലുവശവും വച്ചിരുന്ന ചൂണ്ടുപലകകള്‍ ബലം പ്രയോഗിച്ചു മാറ്റി. ജില്ലാ കളക്ടറുടേയും മറ്റ് അധികാരികളുടേയും വിലക്ക് ലംഘിച്ചുകൊണ്ട് മഞ്ചേരി രാമയ്യരെപ്പോലുള്ള പ്രബുദ്ധരായ സവര്‍ണ്ണ നേതാക്കളുടേയും ദേശീയ സ്വാതന്ത്ര്യസമരഭടന്മാരുടേയും പിന്തുണ നേടിക്കൊണ്ടായിരുന്നു ഈ ബലപ്രയോഗം. ജില്ലാകളക്ടറായിരുന്ന ഏ. ജെ. തോറന്‍ ഐ. സി. എസി. നെ കൃഷ്ണന്‍ വക്കീല്‍ താന്‍ ചെയ്ത കാര്യം അറിയിച്ചുവെങ്കിലും തോറന്‍ മേല്‍നടപടികളോ ശിക്ഷയോ നല്‍കുകയുണ്ടായില്ല. പട്ടാപ്പകല്‍ നിയമം ലംഘിച്ച് ന്യായമായ അവകാശം അവര്‍ണ്ണര്‍ക്ക് നേടിക്കൊടുക്കുന്നതില്‍ കൃഷ്ണന്‍ വക്കീല്‍ കാണിച്ച ധൈര്യം സ്വാതന്ത്ര്യസമരസേനാനികളില്‍പ്പോലും പലര്‍ക്കും ഉണ്ടായിരുന്നില്ല. 1917 നവംബറില്‍ നടന്ന ഈ സഞ്ചാര സ്വാതന്ത്ര്യസമരം ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും അനുവാദത്തോടോ അംഗീകാരത്തോടോ മൗനസമ്മതത്തോടോ കൂടിയായിരുന്നില്ല. തളി ക്ഷേത്രറോഡുകളിലെ സഞ്ചാരസ്വാതന്ത്ര്യത്തിന് നാം കൃഷ്ണന്‍ വക്കീലിനോട് കടപ്പെട്ടിരിക്കുന്നു. ഇതു കഴിഞ്ഞ് നടന്ന വൈക്കം ക്ഷേത്ര സമരംമൂലം ഇതേപോലുള്ള സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാന്‍ അഖിലേന്ത്യാനേതാക്കള്‍ ശ്രമിച്ചിട്ടുപോലും നടന്നില്ല എന്ന കാര്യം ഇവിടെ പ്രത്യേകം സ്മര്‍ത്തവ്യമാണ്. കെ. പി. കേശവമേനോനും, ഈ. വി. രാമസ്വാമി നാ യ്ക്കരും ഗാന്ധിജിയുടെ അനുഗ്രഹവും എല്ലാം ഉണ്ടായിട്ടും 1936 ല്‍ മാത്രമേ ഇത്തരം സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും അവര്‍ണ്ണര്‍ക്ക് തിരുവിതാംകൂറില്‍ ലഭിച്ചുള്ളു എന്ന കാര്യം വിസ്മരിക്കാവുന്നതല്ല.


കൃഷ്ണന്‍വക്കീലും മിതവാദിയും

         കൃഷ്ണന്‍, വക്കീല്‍ പണി തുടങ്ങുന്നതിനു മുമ്പുതന്നെ നിരവധി ലേഖനങ്ങള്‍ പത്രമാസികകളില്‍ എഴുതുമായിരുന്നു. അവര്‍ണ്ണരുടെ അവശതകള്‍ തന്നെയായിരുന്നു പ്രതിപാദ്യവിഷയം. നായ്ക്കളേക്കാള്‍ കഷ്ടമാണ് ഈഴവരാദി സമുദായങ്ങളുടെ കാര്യമെന്ന് അദ്ദേഹം 1903 ല്‍ തന്നെ മദിരാശി മെയിലില്‍ എഴുതി. കഴ്സണ്‍ പ്രഭു ദക്ഷിണേന്ത്യയും തിരുവിതാംകൂറും സന്ദര്‍ശിക്കാന്‍ എത്തുന്നതിനു മുമ്പ് അദ്ദേഹത്തെ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇത്. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ നിഷേധം, അയിത്തം, മിശ്രഭോജനം, ക്ഷേത്രപ്രവേശനം ഇത്യാദി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്‍റെ പാണ്ഡിത്യം ഒന്നു മാത്രമായിരുന്നു പത്രമാസികകളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. അവിടെയും സവര്‍ണ മേധാവിത്വം കണ്ടപ്പോള്‍ തന്‍റേതായ ഒരു പത്രം 1907 മുതല്‍ തലശ്ശേരിയില്‍ നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങി. താന്‍ തീവ്രവാദിയല്ലാത്തതിനാല്‍ പത്രത്തിന് 'മിതവാദി' എന്ന പേരും നല്‍കി. തന്‍റെ സമുദായസേവനം മിതമായ കാര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഉദ്യോഗങ്ങള്‍ ലഭിക്കണമെന്നദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സവര്‍ണരുടെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേക്കാള്‍ മെച്ചം ബ്രിട്ടീഷുകാരുടെ ദയാദാക്ഷിണ്യമാണെന്നു അദ്ദേഹത്തിന് തോന്നിയിരുന്നു. ഇംഗ്ലീഷ് ഉദ്യോഗസ്ഥരുമായുള്ള അദ്ദേഹത്തിന്‍റെ സൗഹൃദത്തിന് കാരണവും ഇതായിരുന്നു.


         മിതവാദി പത്രം എന്ന് കേള്‍ക്കുമ്പോള്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. ആദ്യം അത് ഓരോ മാസാന്ത്യത്തിലും മാത്രം പ്രസിദ്ധീകരിച്ചിരുന്ന പത്രമായിരുന്നു. 1921 ജനുവരി മൂന്നു മുതല്‍ അത് എല്ലാ തിങ്കളാഴ്ചയും പ്രസിദ്ധീകരിക്കുന്ന ഒരു ആഴ്ച പത്രമായി. 1913 ല്‍ ഇരുന്നൂറു രൂപയ്ക്ക് വാങ്ങിയ കോഴിക്കോട്ടെ എമ്പയര്‍പ്രസില്‍ ആയിരുന്നു മിതവാദി അച്ചടിച്ചിരുന്നത്. ശ്രീനാരായണ ഭക്തന്മാര്‍ തങ്ങളുടെ അവശതകള്‍ ചൂണ്ടിക്കാണിച്ചിരുന്നതും ഈ പത്രംവഴി തന്നെ. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഉണര്‍വിന്  മിതവാദിയിലെ ലേഖനങ്ങളും കുറിപ്പുകളും പ്രചോദനമേകിയിട്ടുണ്ട്.  ഇത്തരം നിശബ്ദസേവനം നടത്തിയ മിതവാദി കൃഷ്ണനെ 1912 മേയില്‍ വര്‍ക്കല ശിവഗിരിയില്‍ നടന്ന  ശാരദാ പ്രതിഷ്ഠാ മഹാസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുവാന്‍ ക്ഷണിച്ചതിന്‍റെ പൊരുള്‍ വ്യക്തമാണ്. അന്ന് മിതവാദി കൃഷ്ണനെപ്പൊലൊരു സമുന്നത നേതാവിനെ മാത്രമേ അങ്ങനെ ക്ഷണിക്കുമായിരുന്നുള്ളു. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി കുരുക്ഷേത്രത്തിലേക്കിറങ്ങുവാനായിരുന്നു കൃഷ്ണന്‍വക്കീലന്‍റെ അധ്യക്ഷപ്രസംഗാഹ്വാനം.


         ഡോ. പല്പുവിന്‍റെ പാത പിന്തുടര്‍ന്ന കൃഷ്ണന്‍ വക്കീലിനും, ഹിന്ദുമതത്തിലെ സവര്‍ണ്ണ മേധാവിത്വത്തെ ചെറുക്കുന്നതിലും എളുപ്പം സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ബുദ്ധമതത്തില്‍ ചേരുന്നതാണ് നല്ലതെന്ന് തോന്നിത്തുടങ്ങിയിരുന്നു. സിലോണില്‍ നിന്ന് ബുദ്ധമതാനുയായികളെ മലബാറിലേക്ക് ക്ഷണിക്കുകയും കോഴിക്കോട് മഹാബോധി ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. 


         എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ മാതൃകയില്‍ 1925 ല്‍ മലബാര്‍ തീയര്‍ അസോസിയേഷന്‍ സ്ഥാപിച്ച കൃഷ്ണന്‍ വക്കീല്‍ വിവിധ സമ്മേളനങ്ങള്‍ നടത്തുകയും 1932 ല്‍ മഞ്ചേരിയില്‍ കൂടിയ തീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. 1933 ആഗസ്റ്റ് 27ന് ആലപ്പുഴയില്‍ ചേര്‍ന്ന മുപ്പതാമത് എസ്. എന്‍. ഡി. പി. യോഗ സമ്മേളനാധ്യക്ഷനും വക്കീലായിരുന്നു. നിവര്‍ത്തന പ്രക്ഷോഭണത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രസ്തുത സമ്മേളനം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നുതാനും. 40 ലക്ഷം പൗരന്മാര്‍ക്കു (അവര്‍ണ്ണര്‍ക്ക്) മുപ്പതു സീറ്റും എട്ടു ലക്ഷം സവര്‍ണ്ണപൗരന്മാര്‍ക്ക് ഇരുപത്തിയഞ്ചു സീറ്റുമായിരുന്നു തിരുവിതാംകൂര്‍ നിയമസഭയില്‍ അന്ന് ലഭിച്ചിരുന്നത്. ഈ അപാകത നീക്കുന്നതിനും അവര്‍ണ്ണര്‍ക്കു ജനസംഖ്യാനുപാതത്തില്‍ നിയമസഭാപ്രവേശനം അനുവദിക്കുന്നതിനും നിവര്‍ത്തനംവഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


         കോഴിക്കോട് താലൂക്ക് ബോര്‍ഡ് അംഗമായി 1918 ജൂണില്‍ സി. കൃഷ്ണനെ നാമനിര്‍ദ്ദേശം ചെയ്ത മദിരാശി സര്‍ക്കാര്‍ 1920 മുതല്‍ അദ്ദേഹത്തെ അതിന്‍റെ അധ്യക്ഷനായും ആറുവര്‍ഷത്തേക്ക് നിയോഗിച്ചു. 1930 -37 കാലത്ത് മദിരാശി നിയമ നിര്‍മ്മാണ സഭാംഗമായും പ്രവര്‍ത്തിച്ചു. കോഴിക്കോട്ടെ യുക്തിവാദസംഘത്തിന്‍റെ സ്ഥാപകാംഗമായ അദ്ദേഹം കോഴിക്കോട്ട് ബാങ്ക് സ്ഥാപിച്ച്چ പല ശാഖകള്‍ തുറന്നു. സാമൂഹ്യ പരിഷ്ക്കാരങ്ങള്‍ക്കുവേണ്ടി വായ്പ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യമായിരുന്നു കൃഷ്ണന്‍ വക്കീലിന്. തന്‍റെ 71-ാമത്തെ വയസ്സില്‍ (1938 നവംബര്‍ 29) നിര്യാതനായ സി. കൃഷ്ണന്‍ എന്ന മിതവാദി കൃഷ്ണന്‍ അവര്‍ണ്ണസമുദായ സമുദ്ധാരണത്തിനുവേണ്ടി ചെ യ്ത സേവനങ്ങള്‍ എല്ലാക്കാലവും സ്മരിക്കപ്പെടേണ്ടതാണ്. ചരിത്രകാരനായ ടോയാന്‍ബി പറഞ്ഞിട്ടുള്ള വിധം സൃഷ്ടിപരമായ പ്രവര്‍ത്തികള്‍ക്കായി ഗുരുദേവോപദേശങ്ങളാല്‍ പ്രേരിതനായി സ്വന്തം  മാര്‍ഗ്ഗം സ്വീകരിച്ച കര്‍മ്മയോഗിയായിരുന്നു കൃഷ്ണന്‍വക്കീല്‍. ഗുരുദേവന്‍റെ ആശയങ്ങള്‍ സഫലീകരിക്കുന്നതിലും തിരു-കൊച്ചിയിലേയും മലബാറിലേയും അധഃസ്ഥിതരെ പരിഷ്ക്കരിക്കുന്നതിലും അതുവഴി ഒരു സാമൂഹ്യ വിപ്ലവം നടപ്പിലാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.  മിതവാദിയില്ലാതെ സഞ്ചാരസ്വാതന്ത്ര്യമോ ക്ഷേത്രപ്രവേശനമോ കേരളത്തിലെ അവശര്‍ നേടുമായിരുന്നില്ല എന്ന സത്യം അവശേഷിക്കുന്നു.