ശിവഗിരി ശാരദാമഠം  സാത്വികസംശുദ്ധിയുടെ ജ്ഞാനഭൂമിക
സച്ചിദാനന്ദ സ്വാമി

     ശിവഗിരിയിലെ ശാരദാമ്മക്ക് നൂറുവയസ്സ് തികയുകയാണ്. അമ്മ ജ്ഞാന സ്വരൂപിണിയാണ്. അവിടുത്തെ തിരുസ്വരൂപം ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ വരച്ചു വെച്ചിട്ടുണ്ട്- ജനനീനവരത്നമഞ്ജരിയിലൂടെ,

ഒന്നായ മാമതിയില്‍നിന്നായിരം ത്രിപുടി
വന്നാശുതന്‍മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭപടരും-
ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ!

     അതേ, എല്ലാമെല്ലാം ജ്ഞാനസ്വരൂപിണിയായ അമ്മ തന്നെ. ഒരേ ഒരു അദ്വൈത സത്യത്തിന്‍റെ സ്ഫുലിംഗങ്ങള്‍ മാത്രം. ഈ സത്യം സാക്ഷാത്കരിച്ച ശ്രീനാരായണഗുരുദേവന്‍ ഒരു തികവൊത്ത അദ്വൈതിയായിരുന്നു. വാദവും പ്രതിവാദവും ബുദ്ധിവ്യാപാരത്തിന്‍റെ ഉല്പന്നങ്ങളാണല്ലോ. ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായ ആത്മസത്യവുമായി താദാത്മ്യം പ്രാപിച്ച് അറിവും അറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ തന്നറിവുമൊരാദിമഹസ്സു മാത്രമാണെന്ന് അനുഭവിച്ചറിഞ്ഞ് ത്രിപുടിമുടിഞ്ഞ് തെളിഞ്ഞ ദീപത്തിലമര്‍ന്നതു മാത്രമായി വിഹരിച്ച ശ്രീനാരായണപരമഹംസന്‍ അപരന്നു സുഖം വരുവാന്‍ ആയുസും വപുസും ആത്മതപസുപോലും ബലിയര്‍പ്പിച്ച് അഹര്‍നിശം പ്രയ ത്നത്തില്‍ സര്‍വ്വദാ മുഴുകിയിരു ന്നുവല്ലോ. അതിന്‍റെ നാന്ദിയാ യത് അരുവിപ്പുറത്തെ ശിവകരമായ ശിവപ്രതിഷ്ഠയായിരുന്നുവെന്ന് നമുക്ക റിയാം. മരുത്വാമലയില്‍ നിന്നും അരുവി പ്പുറത്തേക്ക് അവതീര്‍ണ്ണനായ മഹാഗു രു ജാതിഭേദം മതദ്വേഷം ഏതുമില്ലാ തെ സര്‍വ്വരും സോദരത്വേന വാഴുന്ന ഏക ലോക വ്യവസ്ഥിതിയിലേക്ക് ജന ലക്ഷങ്ങളെ ആനയിച്ചത് പ്രായോഗി കാദ്വൈത ബോധധാരയിലൂടെയാണ്. അദ്വൈതചിന്താപദ്ധതിയെ ഗുരുദേ  വന്‍ ജീവിത പദ്ധതിയാക്കി മാറ്റുകയാ ണ് ചെയ്തത്. അരുവിപ്പുറത്തെ ശിവരാത്രി നാളില്‍ ഗുരു അഭിരമിച്ച മൗനഘനാബ്ധിയില്‍ നിന്നും അകമല രാര്‍ന്ന അറിവിന്‍റെ മുത്തുകളായി വെളി പ്പെട്ട ചതുഷ്പദി ഏകതയുടെ നിജ ബോധരൂപമായി ഇതു കണ്ടുപോയി ടേണമെന്ന് ഏവരിലും അകമുഖമായി അകമേ നിമന്ത്രണം ചെയ്തുകൊണ്ടി രിക്കുകയാണ്. ചിന്താധനന്മാരുടെ കര്‍ണ്ണപുടങ്ങളില്‍ പ്രകമ്പനം കൊള്ളി ച്ച ആ മഹാമന്ത്രം എക്കാലവും മനസ്സി നേയും ബുദ്ധിയേയും മഥനം ചെയ്യി ച്ചുകൊണ്ടിരിക്കുമെന്നതിന് പക്ഷാന്തര മില്ല.

      ആയിരത്തി എണ്ണൂറ്റി എണ്‍പത്തി എട്ടില്‍ നിന്നും ആയിരത്തി തൊള്ളാ യിരത്തി നാലിലേക്ക് കാലം കടന്നു ചെന്നപ്പോള്‍ വര്‍ക്കലയിലെ ഒരു കുന്നിന് 'ശിവഗിരി' എന്ന് പേര് നല്കി മഹാഗുരു ഉദ്ഗാനം ചെയ്തു.

ഏകജാതി ഭവത്യേക
ദൈവ ഏകമതം മതം
തസ്മാദഭേദോٷവയവാഃ
വയം സര്‍വ്വേ സഹോദരാഃ

(ശിവഗിരിമഠം സ്ഥാപിച്ച കാലത്ത് ഗുരുദേവന്‍ നല്കിയ ഈ സന്ദേശത്തി ലും അരുവിപ്പുറം സന്ദേശത്തിന്‍റെ തുടര്‍ച്ചതന്നെയാണല്ലോ കാണുന്നത്. പിന്നീട് ആലുവ അദ്വൈതാശ്രമത്തില്‍ വെച്ചു നല്കിയ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരമൊരു ഭേദവുമില്ലിതില്‍" എന്നത് ശിവഗിരി സന്ദേശത്തിന്‍റെ മല യാളാവിഷ്കാരവും മാത്രമാണല്ലോ.)

അരുവിപ്പുറത്തെ ശിവമൂര്‍ത്തിയെ സ്തുതിച്ചുകൊണ്ട് ഗുരു എഴുതിയ ശിവശതകമെന്ന സ്തോത്രകാവ്യം അവസാനിപ്പിച്ചത്,

   കുളിര്‍മതികൊണ്ടു കുളിര്‍ത്തു       ലോകമെല്ലാ-
മൊളിതിരളുന്നൊരു വെണ്ണിലാവു            പൊങ്ങി
തെളുതെളെ വീശിവിളങ്ങി ദേവ    ലോക-
ക്കുളമതിലാമ്പല്‍ വിരിഞ്ഞുകാണണം മേ!

     എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ്. ഒരു പുതിയ മതികൊണ്ട് - നവീനമായ ദാര്‍ശനിക ചിന്താധാരയാല്‍, ഒരു ജാ തി,ഒരു മതം,ഒരു ദൈവം,  മനുഷ്യനെന്ന ഏകത്വ ബോധസരണിയാല്‍ പ്രപഞ്ചം പ്രഫുല്ലമാകേണമേ! ജനത ആ വിജ്ഞാനധാരയില്‍ നിറഞ്ഞു വിളങ്ങി അവരുടെ പ്രാപഞ്ചികജീവിതം സര്‍ഗ്ഗ സമാനമായിത്തീരേണമേ എന്ന മഹിത സങ്കല്പമാണ് ഗുരുവിനുള്ളത്. അരുവി പ്പുറത്തേക്ക് ശിവനെ ഇറക്കി ക്കൊണ്ടു വന്ന ഗുരുദേവന്‍ വര്‍ക്കലയിലും ശിവ സാന്നിധ്യമൊരുക്കി 'ശിവഗിരി'യെ സം സ്ഥാപനം ചെയ്തു. തുടര്‍ന്ന് അവി ടുന്ന് 1083 ചിങ്ങം 13 ന് (52 -ാം ജന്മ ദിനം) മനുഷ്യരെല്ലാവരും അദ്വൈത ബോധധാരയിലമര്‍ന്നു ജീവിക്കുന്ന തിന് അദ്വൈതജീവിതം എന്ന പേരില്‍ ഒരു സന്ദേശം വിളംബരം ചെയ്തു. അരുവിപ്പുറം സന്ദേശത്തിന്‍റെയും ശിവ ശതകത്തിലെ അവസാന സൂക്തത്തി ലടങ്ങിയ ആശയ സമുച്ചയത്തിന്‍റെയും വ്യാഖ്യാനമാണ് അദ്വൈത ജീവിതമെ ന്ന്, ശിവഗിരി സന്ദേശമെന്നു പറയുന്ന തില്‍ തെറ്റില്ല. ഗുരുദേവദര്‍ശനത്തി ന്‍റെ സുവ്യക്തമായ താത്വിക ജീവിത ദര്‍ശ നം അദ്വൈത ജീവിതത്തിലടങ്ങുന്നു.

     മനുഷ്യരെല്ലാം ഒരുപോലെ ആഗ്ര ഹിക്കുന്നത് സുഖത്തെയാണ്. ലൗകി കമായും വൈദികമായും നടത്തപ്പെട്ടു വരുന്ന എല്ലാ സഭകളുടെയും പരമാവ ധിയും ഇതുതന്നെ. ക്ഷണഭംഗുരങ്ങ ളായ വിഷയസുഖങ്ങളെക്കാള്‍ മനു ഷ്യാത്മാവിന് അധികം പ്രിയം കാണു ന്നത് സുചിരമായി, ശാശ്വതമായി, വിള ങ്ങുന്ന സുഖത്തിലാണ്. ഇതിനെ ലക്ഷീകരിച്ചുകൊണ്ട് മനുഷ്യാത്മാവ് ഒരു മഹത്തായ യാത്ര ചെയ്യുക യാണ്. ഓരോ സമുദായങ്ങള്‍ എത്രകണ്ട് ആന്തരമായ പരിഷ് കാരത്തെ പ്രാപിക്കുന്നുവോ അത്രകണ്ട് ഈ സുഖ പ്രാപ്തി യുടെ അളവും ഭേദപ്പെട്ടുകൊണ്ടിരി ക്കും.

    ശാരീരികമായും മാനസികമായും ആത്മീയമായുമുള്ള സര്‍വ്വശ്രേയസ്സു കളും ഒരു സമുദായത്തിനു വന്നു ലഭി ക്കുന്നതില്‍ സമുദായാംഗങ്ങളുടെ മത നിഷ്ഠയും സദാചാരവും വലുതായി സഹായിക്കുന്നതാണ്. ഇവയെ സമുദാ യത്തിലുള്ള എല്ലാ ജനങ്ങള്‍ക്കും വരു ത്തിക്കൂട്ടുവാന്‍ ആരാധനാ സ്ഥലങ്ങ ളും ക്ഷേത്രങ്ങളും വളരെ ഉപയുക്തമാ ണെന്നു കണ്ടുവരുന്നു. എന്നാല്‍, അവയെല്ലാം ഉണ്ടാകുന്ന തിനു സമുദാ യാംഗങ്ങളുടെ ധനസംബന്ധമായ അഭ്യുദയവും അത്യന്താപേക്ഷിതമാ കുന്നു. ഇതിനു കൃഷി, കച്ചവടം, സാങ്കേതിക വിദ്യാഭ്യാസം മുതലായവ പരിഷ്കരിച്ചിരിക്കേണ്ടതാണ്. ലൗകിക വും ആത്മീയവും രണ്ടും രണ്ടല്ല. രണ്ടും വാസ്തവത്തില്‍ ഒരേ ഉദ്ദേശ്യ ത്തോടെ പ്രവര്‍ത്തിക്കുന്നു. ശരീര ത്തിന്‍റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയാല്‍ ശരീരം സുഖം അനുഭവിക്കുന്നു. അതുപോ ലെ മനുഷ്യസമുദായത്തിന്‍റെ പരമല ക്ഷ്യമായ സുഖപദത്തെ പ്രാപിക്കു വാന്‍ ആത്മീയമായും ലൗകികമായും ഉള്ള സര്‍വ്വവിധ ഏര്‍പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യ മാണ്.

     ഗുരുദേവ ദര്‍ശനത്തിന്‍റെ അന്തര്‍ ധാര സര്‍വ്വധര്‍മ്മ സമഭാവനയാണ്. തത്വദര്‍ശനത്തെ ഭൗതികമെന്നോ ആത്മീയമെന്നോ തരംതിരിച്ചു നിര്‍ ത്താതെ രണ്ടിനെയും ഒന്നിന്‍റെ തന്നെ രണ്ടുവശങ്ങളായി ഗുരു വിഭാവനം ചെയ്യുന്നു. അദ്വൈതജീവിതമെന്ന ഈ ദിവ്യ സന്ദേശത്തിന്‍റെ പൊരുള്‍ അതാ ണല്ലോ. അതിനാവശ്യമായ എല്ലാറ്റിന്‍റേ യും ഏകോപിച്ചുള്ള പ്രവര്‍ത്തന ത്തേയും ഗുരുദര്‍ശനം ഉപദര്‍ശനം ചെയ്യുന്നു. ശിവഗിരി മഠത്തോടു ചേര്‍ ന്ന് ആരാധനാസ്ഥലങ്ങളും ക്ഷേത്ര ങ്ങളും.... കൃഷി, കച്ചവടം, സാങ്കേതി കവിദ്യാഭ്യാസം മുതലായവയുടെ പരി ഷ്കാരം എന്നിവ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഉദ്ബോധനവും ഈ ശിവഗിരി സന്ദേശത്തിലുണ്ട്. ഇതിന്‍റെ വെളിച്ചത്തിലാണ് കാരുണികനായ മഹാഗുരു ശിവഗിരിയില്‍ ശാരദാംബ യെ കുടിയിരുത്തുവാന്‍ മഹാസങ്കല്പം ചെയ്തത് എന്നു കാണാം. ദീര്‍ഘകാ ലത്തെ തയ്യാറെടുപ്പിനു ശേഷമായി രുന്നു ശാരദാപ്രതിഷ്ഠ. അതിനു മുന്‍ പായി ശ്രീസുബ്രഹ്മണ്യനെ സങ്കല്പിച്ച് ഒരു വേല് പ്രതിഷ്ഠിച്ചിരുന്നു. ഇന്നു ബോധാനന്ദ സ്വാമികളുടെ സമാധി മണ്ഡപം നില്‍ക്കുന്ന ഭാഗത്തായിരു ന്നുവത്രെ അത്. 1081 ചിങ്ങം ലക്കം വി വേകോദയത്തില്‍ തൃപ്പാദങ്ങള്‍ വിളം ബരം ചെയ്തു.

"വര്‍ക്കല ശിവഗിരിയില്‍ സ്വജന ങ്ങളുടെ പൊതു ഉപയോഗത്തിനും നന്മയ്ക്കും വേണ്ടി ശാശ്വതമായൊരു ദേവാലയവും സംസ്കൃത വിദ്യാലയ വും സ്ഥാപിക്കണമെന്ന് ആഗ്രഹിക്കു ന്നതിനാല്‍ ചെലവുകള്‍ക്കായി മനസ്സും ശക്തിയുമുള്ള സുഹൃത്തുക്കളോട് ഓരോ ഉറുപ്പിക സംഭാവനയായി ആവ ശ്യപ്പെട്ടുകൊള്ളുന്നു. ഈ സംഖ്യയെ പിരിക്കുന്നതിന് നമ്മുടെ മുദ്രയുള്ള ലിസ്റ്റുകളും കൊടുത്ത് ഇവിടെ നിന്നും വിശ്വസ്തരായ ആളുകളെ നിയമി ക്കുന്നതാണ്. അവരെ ടി സംഖ്യ ഏല്‍പിച്ച് ലിസ്റ്റില്‍ ഒപ്പുവെച്ചു തരിക യും അധികമായി വല്ല സംഖ്യയും ഇതിലേക്ക് ദാനം ചെയ്യുവാന്‍ പ്രത്യേ കം വിചാരിക്കുന്നവര്‍ വിവരം ഇവിടെ അറിയിക്കുകയും ചെയ്യുമെന്ന് വിശ്വ സിക്കുന്നു."

എന്ന് 

    നാരായണഗുരു

     മഹാഗുരുക്കന്മാരുടെ കര്‍മ്മനി യോഗം പ്രപഞ്ചവിധാതാവ് ഒരുക്കുന്ന തായിരിക്കും. സദ്ഗുരുക്കന്മാര്‍ അതിനുള്ള ഉപാധികളായി മാറുക യാണ്. ശാരദാമഠത്തിന് സ്ഥലനിര്‍ ണ്ണയം ചെയ്യുന്നതിലും ഇതു കാണാവു ന്നതാണ്. ഒരിക്കല്‍ ഭഗവാന്‍ കുളിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അനുഗൃഹീ തമായൊരു ദിവ്യനിമിഷത്തില്‍ അവി ടുത്തെ അന്തരാത്മാവില്‍ ഒരു കാവ്യ ശകലം പൊന്തിവന്നു. അദ്ധ്യാത്മല ഹരീമഗ്നമാനസനായ സദ്ഗുരുവിലെ മഹാകവി ഉണര്‍ന്നു പാടുകയായി. ഗുരു ചൊല്ലിക്കൊടുത്ത വരികള്‍ കുറി ച്ചെടുക്കുവാന്‍ പരമഭാഗ്യം ലഭിച്ചത് ദിവ്യശ്രീ സുഗുണാനന്ദഗിരി സ്വാമി കള്‍ക്കാണ്. സംഗീതസ്വാമികള്‍ എന്ന പേരില്‍ പ്രശസ്തനായിരുന്ന ഈ മഹാത്മാവ് മഹാസംഗീതജ്ഞന്‍ കൂടിയായിരുന്നു. അദ്ദേഹം കുറിച്ചെടു ത്ത കൃതിയാണ് പ്രശസ്തമായ ജനനീനവരത്നമഞ്ജരി. ആദ്യന്തം സംഗീത സാന്ദ്രമായ ഈ കാവ്യ തല്ല ജം ഗുരുദേവന്‍ മഹാസങ്കല്പം ചെ യ്ത ശ്രീശാരദാംബയുടെ തിരുസ്വ രൂപം തന്നെയാണല്ലോ. കാവ്യദേവത ഇത്രയേറെ നര്‍ത്തനം ചെയ്യുന്ന ഒരു കൃതി മലയാളഭാഷയില്‍ തന്നെ അ   പൂര്‍വ്വമെന്നേ പറയേണ്ടൂ. ഏതു ഭൂവില്‍ വച്ചാണോ ഈ കാവ്യനിര്‍ത്ധരിയുടെ പ്രവാഹമുണ്ടായത് ആ ഭൂവില്‍ തന്നെ കാവ്യദേവതയായ സരസ്വതിയെ - ശാരദയായി- കുടിയിരുത്തുവാനും മഹാഗുരു സങ്കല്പം ചെയ്തു.

     ഒരു നാള്‍ തൃപ്പാദങ്ങളുടെ കല്പന പ്രകാരം അവിടെ പനമ്പുകൊണ്ടു മേ ഞ്ഞ ഒരു ചെറിയ മന്ദിരം ഉയര്‍ന്നു വ ന്നു. ഭഗവാന്‍ അവിടെ ഒരു ശൂലം പ്രതിഷ്ഠിക്കുവാന്‍ പോകുന്നു എന്ന ശ്രുതിയും പരന്നു. നിശ്ചിത ദിവസം തൃപ്പാദഭക്തന്മാരും ശിഷ്യപ്രമുഖരും ആ ദിവ്യമായ ചടങ്ങില്‍ പങ്കെടുത്തു. ശൂലം പ്രതിഷ ്ഠിക്കുന്ന സമയം ചൈതന്യ സ്വാമികള്‍, ശാന്തലിംഗസ്വാമികള്‍, അവനവഞ്ചേരി മാധവാനന്ദസ്വാമികള്‍, ചിന്നസ്വാമിയായ കുമാരനാശാന്‍ തുടങ്ങിയവര്‍ ഗുരുവിനോടൊപ്പം ആ ചെറുമന്ദിരത്തില്‍ ഉണ്ടായിരുന്നു. ഭഗവാന്‍ പ്രതിഷ്ഠിക്കുവാനായി ശൂലം കൈയ്യിലേന്തിയതു മാത്രമേ ശിഷ്യ ന്മാര്‍ക്കു കാണുവാനായുള്ളൂ. ഒരു മഹാചൈതന്യം അവിടെ പ്രദീപ്ത മായി. അതോടെ അസഹനീയമായ ഒരു ചൂട് പുറത്തേക്ക് ബഹിര്‍ഗമിക്കു കയായി. ആ ചൂടില്‍ ആര്‍ക്കും അവിടെ നില്‍ക്കുവാനായില്ല. എല്ലാവരും പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഗുരുദേവനാകട്ടെ ശൂലം സ്ഥാപിച്ച തിനു ശേഷം അസാമാന്യ തേജസ്വി യായി പുറത്തേക്കിറങ്ങി വന്നു. പിന്നീ ടാണ് ഏവരും അറിഞ്ഞത് ആ ശൂലം ശാരദാപ്രതിഷ്ഠയുടെ ഷഡാധാര പ്രതിഷ്ഠയെന്ന വണ്ണം നിര്‍വ്വഹിച്ച തായിരുന്നുവെന്ന്. 1084 (1908) ചിങ്ങ ത്തിലെ ചതയം തിരുനാളായിരുന്നു ആ പുണ്യദിനം. നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്കിയത് തൃ പ്പാദങ്ങളുടെ പരമഭക്തനായ ആലുംമൂ ട്ടില്‍ ഗോവിന്ദദാസായിരുന്നു.

     നിര്‍മ്മാണ കമ്മിറ്റിയുടെ പ്രസിഡ ന്‍റ് ഡോ.പല്പുവും സെക്രട്ടറി മഹാ കവി കുമാരനാശാനുമായിരുന്നു. ഇതി നകം കാശിയില്‍ പോയി വൈദിക പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി യ ശ്രീ ശങ്കരന്‍ പരദേശിസ്വാമികള്‍ ശാരദാമഠം സംബന്ധിച്ചു ള്ള വൈദിക കൃത്യങ്ങളുടെ ചുമതല ഏറ്റെടുത്തു. ശ്രീ ചൈതന്യ സ്വാമികള്‍ തച്ചുശാസ്ത്ര വിദ   ഗ്ദ്ധന്‍ കൂടിയായിരുന്നുവല്ലോ. പരദേ ശിസ്വാമികളും ചൈതന്യസ്വാമികളും സാധാരണ ക്ഷേത്രമാതൃകയില്‍ എ ന്നാല്‍ ശില്പകലാ വൈദഗ്ധ്യത്തോടു കൂടി ശാരദാമഠത്തിന്‍റെ ശ്രീകോവില്‍ നിര്‍മ്മിക്കണമെന്ന പക്ഷക്കാരായിരു ന്നു. എന്നാല്‍ എല്ലാവര്‍ക്കും ദര്‍ശിക്കാ വുന്ന തരത്തില്‍ തുറസ്സായ തലത്തില്‍ ഗര്‍ഭഗൃഹം നിര്‍മ്മിക്കണമെന്നായിരു ന്നു ഗുരുദേവന്‍റെ നിര്‍ദ്ദേശം. മാത്രമല്ല എട്ടുപട്ടത്തില്‍ എട്ടുവര്‍ണ്ണ ചില്ലുകളോ ടു കൂടിയ ജനാലകളും പുറകുവശത്തു ള്ള വാതിലു മടക്കം ഇന്നുകാണുന്ന തരത്തിലുള്ള മന്ദിരത്തിന് ഗുരുദേവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി. (ഇപ്പോള്‍ ശാരദാമഠത്തിന്‍റെ മുഖമണ്ഡപ ത്തോടു ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള നമസ് കാരമണ്ഡപം അടുത്തകാലത്ത് നിര്‍ മ്മിച്ചിട്ടുള്ളതാണ്.) വര്‍ക്കല ദക്ഷിണ കാശി എന്ന പേരില്‍ പുരാണ പ്രസിദ്ധ മാണ്. അരുവിപ്പുറത്ത് രൂപീകൃതമായ വാവൂട്ടു സംഘത്തില്‍ നിന്നും മഹിത മായ പ്രസ്ഥാനം സുസംഘടിതമായെ ങ്കില്‍ ശിവഗിരിയിലും ആദ്യം വാവൂട്ടു സംഘമായി - ബലിയിടാന്‍ വരുന്ന ഭക്തന്മാരുടെ കൂട്ടായ്മയില്‍ നിന്നും പ്രസ്ഥാനം ഉയരുകയായി. ശാരദാപ്രതി ഷ്ഠയ്ക്കു മുന്‍പ് ഗുരുവിന്‍റെ ദിവ്യസാ ന്നിധ്യത്താല്‍ മാത്രം ശിവഗിരി തീര്‍ ത്ഥാടന കേന്ദ്രമായി മാറി. കുമാരനാ ശാന്‍ വിവേകോദയ ത്തില്‍ 1082 കര്‍ക്കിടകം ലക്കത്തില്‍ എഴുതുന്നു. "സമുദായത്തിന്‍റെ പ്രാബല്യത്തിനും ഐശ്വര്യത്തിനും ഉചിതമായ ഒരു ക്ഷേത്രം സ്ഥാപിക്കുന്ന പക്ഷം അത് മതസംബന്ധമായ തലസ്ഥാനമായി എന്നും വിചാരിക്കപ്പെടുകയും, കേരള ത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ഇപ്പോഴേ തന്നെ വന്നു തുടങ്ങിയിരി ക്കുന്ന സ്വജനങ്ങളായ അനേകം തീര്‍ത്ഥയാത്രക്കാര്‍ക്കും മറ്റും പരി ശുദ്ധമായ ഒരു പുണ്യ സ്ഥലമായി തീരു കയും ചെയ്യുന്നതാണ്.

     സ്വാമിപാദങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രതിദിനം എന്നപോലെ അഭി വൃദ്ധിയെ പ്രാപിച്ചുവരുന്ന ശിവഗിരിമഠം ഈ വിധത്തിലുള്ള ഒരു ക്ഷേത്രം സ്ഥാ പിക്കുന്നതിനു സര്‍വ്വ പ്രകാരേണയും യോജിപ്പുള്ള ഒരു സ്ഥലമാണെന്ന് അവിടം സന്ദര്‍ശിച്ചിട്ടുള്ള എല്ലാവരും സംശയം കൂടാതെ അഭിപ്രായപ്പെടു ന്നുണ്ട്. ഒരു ക്ഷേത്രസ്ഥാപനത്തിന് ഇത്ര സമുചിതമായ ഒരു സ്ഥലം അവിടെ ദുര്‍ല്ലഭമാണ്."

     ശാരദാമഠം ബഹുജന പങ്കാളിത്ത ത്തോടെ നിര്‍മ്മിക്കണമെന്നായിരുന്നു ഭഗവാന്‍റെ സങ്കല്പം. സമര്‍പ്പിത ചേത സ്സുകളായ ഏതെങ്കിലും ഒരു ഭക്തന്‍റെ സംഭാവനയായി മഠം നിര്‍മ്മിക്കാമായി രുന്നു. അതിനു പലരും മുന്നോട്ടു വ ന്നിരിക്കണം. എന്നാല്‍ എങ്ങും ജനചി ത്തങ്ങളിണക്കി അദ്ധ്യാത്മതത്വത്തെ പ്രസരിപ്പിച്ച മഹാഗുരു ഒരു വ്യക്തി യില്‍ നിന്നും ഒരു രൂപ സംഭാവന സ്വീ കരിച്ച് നിര്‍മ്മിക്കാനാണ് തീരുമാ നിച്ചത്.  ആശാന്‍റെ കുറിപ്പ് നോക്കുക.

     "നാം സ്ഥാപിക്കുവാന്‍ പോകുന്ന ക്ഷേത്രം സമുദായത്തിന്‍റെ വര്‍ദ്ധിച്ചു വരുന്ന പ്രാബല്യത്തിനു യോജിച്ച തായിരിക്കേണ്ടതു വിസ്മരിക്കാന്‍ പാടി ല്ലാത്ത ഒരു സംഗതിയാണ്. എത്രയോ ധനവാന്മാരുള്ള ഈ സമുദാ യത്തില്‍ നിന്നും ഇതിനു വേണ്ട ദ്രവ്യത്തെ പ്രയാസം കൂടാതെ പിരിക്കുവാന്‍ സാധിക്കുന്നതാണെന്നുള്ളതിന് സംശയമില്ല. എങ്കിലും സ്വാമി അവര്‍ കളുടെ ആഗ്രഹം ഒരു ഉറുപ്പികയില്‍ കൂടി ഒരുത്തരോടും ആവശ്യപ്പെട രുതെന്നും സ്വമേധയാ കൂടുതല്‍ തുക കൊണ്ട് തങ്ങളുടെ ഔദാര്യത്തെയും മതപ്രതിപത്തിയെയും തെളിയിക്കു വാന്‍ വിചാരിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതിനു വിരോധിക്കപ്പെട രുതെന്നുമാകുന്നു. ഈ നിസ്സാരമായ തുക കൊടുപ്പാന്‍ മടിക്കുന്നവരോ അപ്രാപ്തന്മാരോ ആയവര്‍ വളരെ ദുര്‍ ല്ലഭമായിരിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം."(വിവേകോദയം 1082 കര്‍ ക്കിടകം, 1083 ചിങ്ങം)

     ശാരദാമഠത്തിന്‍റെ പണി പൂര്‍ത്തിയായി എങ്കിലും ഉദ്ദേശി ച്ച തീയതിക്ക് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുവാന്‍ തരമായില്ല. ഭാരവാഹികളുടെയും പ്രവര്‍ത്ത കരില്‍ പലരുടേയും അസാന്നിധ്യവും ഉത്സാഹക്കുറവും അതിന് കാരണമായി എന്നു പറയാം. ഗുരുദേവന്‍ "ശീഘ്ര കര്‍ത്തവ്യകൃത്ത്" ആയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. കുമാരനാ ശാന്‍ വിവേകോദയത്തില്‍ വീണ്ടും എഴുതുന്നു. "ശിവഗിരിയെ നമ്മുടെ മതസംബന്ധമായും മറ്റു പൊതുഗുണ വിഷയമായും ഉള്ള പ്രവൃത്തികളുടെ ഒരു കേന്ദ്രമാക്കേണമെന്ന് സ്വാമികള്‍ ക്കുള്ള ആഗ്രഹം പലവിധത്തിലും അറിയപ്പെട്ടിട്ടുള്ളതാണല്ലോ. എട്ടു കൊല്ലങ്ങള്‍ക്കു മുന്‍പ് നിര്‍ജനവും ശൂന്യവുമായിരുന്ന ശിവഗിരി പ്രദേശം ഇപ്പോള്‍ ഏത് സ്ഥിതിയിലിരിക്കുന്നു വെന്ന് ജനങ്ങള്‍ കണ്ടു തന്നെ അറി യേണ്ടതാണ്. ശിവഗിരി മഠത്തോട് ചേര്‍ന്ന് ബ്രഹ്മചാരികളെ മതസംബ ന്ധമായും പരോപകാരകമായുമുള്ള വിഷയങ്ങളില്‍ നല്ലവണ്ണം അഭ്യസിപ്പി ക്കുന്നതിനു വേണ്ടി നിത്യമായ ഒരു സ്ഥാപനവും ഒരു സംസ്കൃത പാഠ ശാലയും ഒരു ഇംഗ്ലീഷ് സ്കൂളും മറ്റും സ്ഥാപിച്ചും ശരിയായി നടത്തിക്കൊ ണ്ടു പോകണമെന്നാണ് സ്വാമി തൃപ്പാ ദങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവിടെയിപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന സംസ്കൃത പാഠശാലയില്‍ മറ്റ് ഏര്‍പ്പാടുകളും തൃപ്തി കരമായ നില യില്‍ പ്രാപിപ്പാന്‍ താമസം നേരിടുന്നത് ശിവഗിരി മഠത്തിന്‍റെ അഭിവൃദ്ധിയെ ഉത്കണ്ഠയോടെ നോക്കുന്നവര്‍ക്കു വലിയ ശല്യമായി തോന്നാതിരിക്കയില്ല. ശാരദാമഠം പണി കഴിപ്പിച്ചിട്ട് കൊല്ലം ഒന്നിനു മേലായി. അതിലെ പ്രതിഷ്ഠ പലസമയ ത്തേക്കും നീട്ടിവച്ചു നീട്ടിവച്ചു കൊണ്ടു പോകയാണ.്"

     1911 മെയ് ആദ്യം പ്രതിഷ്ഠ നടത്തു വാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പല അസൗകര്യങ്ങളാലും അതു സാധിച്ചില്ല. എന്നാല്‍ ഇതിനോ ടകം ശിവഗിരിക്കു താഴെ കനാല്‍ ചെരുവില്‍ ഉള്ള ഉറവ സ്ത്രീപു രുഷന്മാര്‍ക്ക് കുളിക്കാനുള്ള സൗകര്യാ ര്‍ത്ഥം ഓവുകെട്ടി സംവിധാനം ചെയ്യു കയുണ്ടായി. കൂടാതെ ശിവഗിരിക്ക് വടക്ക് അര കിലോമീറ്റര്‍ ദൂരെ ശ്രീനി വാസറാവു എന്ന തമിഴ് ബ്രാഹ്മണന്‍ മറ്റൊരു ഓവും നിര്‍മ്മിച്ച് സമര്‍പ്പിക്കുക യുണ്ടായി. ഗുരുദേവന്‍ സ്നാന കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത് ഈ ഓവിലാണെ ന്ന് പറയപ്പെടുന്നു. ഇതിന് 'രായരുടെ ഓവ്' എന്നാണ് പ്രശസ്തി. ആയിടെ ശിവഗിരി സന്ദര്‍ശിച്ച ദിവാന്‍ ശ്രീ രാജഗോപാലാചാരി ശിവഗിരിയിലെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവണ്‍മെന്‍റില്‍ നിന്നും ആവശ്യമായ സഹായവും നല്കുകയുണ്ടായി.

     "ശ്രേയാംസി ബഹുവിഘ്നാനി" ശ്രേയസ്സുകള്‍ വരാന്‍ വളരെ തടസ്സ ങ്ങള്‍ ഉണ്ടാവും എന്ന വചനം അര്‍ത്ഥ മുള്ളതാണെങ്കില്‍ അത് ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയെ സംബന്ധിച്ചു കുറേക്കൂടി അര്‍ത്ഥമുള്ളതായി തീര്‍ ന്നിട്ടുണ്ട്. ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങള്‍ നമുക്കായി ഒട്ടുവളരെ ദേവാലയങ്ങള്‍ പ്രതിഷ്ഠിച്ചു തന്ന ശേഷം സ്വയമേവ ശാരദാംബയെ തന്‍റെ ആശ്രമമായ ശിവഗിരിയില്‍ കുടി യേറ്റാന്‍ ഭാവിക്കുന്നതു വലുതായ  ഉദ്ദേശ്യത്തോടുകൂടിയാണെന്നു നാം നിശ്ചയമായും ഊഹിക്കണം. ഒരു സമു ദായത്തിന്‍റെ സകലവിധത്തിലുമുള്ള അഭിവൃദ്ധിക്കും നിദാനമായിട്ടുള്ളതു വിദ്യാഭ്യാസമാകുന്നു. മഹാനുഭാവനാ യ സ്വാമിതൃപ്പാദങ്ങളുടെ അനുഗ്ര ഹവും ശാരദാംബയുടെ കടാക്ഷവും കൊണ്ട് അത് നമുക്ക് സിദ്ധിച്ചാല്‍ എല്ലാം സിദ്ധിച്ചു.

     ഈ വരുന്ന മേടം 18 ന് ചിത്രാ പൗര്‍ണ്ണമി ദിവസം രാത്രി രണ്ടു മണി ക്കു ശേഷം സ്വാമി തൃപ്പാദങ്ങള്‍ സ്വയം സങ്കല്പിച്ചിട്ടുള്ള ശുഭമുഹൂര്‍ ത്തത്തില്‍ നമ്മുടെ നിത്യശ്രേയസ്സി നായി ശിവഗിരിയില്‍ ശ്രീ ശാരദാംബ യെ പ്രാണപ്രതിഷ്ഠ ചെയ്യുന്നതാകു ന്നു (1087 മകരം.)

    ശാരദാപ്രതിഷ്ഠാ കമ്മിറ്റി പ്രസി ഡന്‍റ് ഡോ.പല്പുവായിരുന്നുവല്ലോ. അദ്ദേഹം സര്‍വ്വീസില്‍ നിന്നും ലീവെ ടുത്ത് ശിവഗിരിയിലെത്തി പ്രതിഷ്ഠാ മഹോത്സവത്തിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ഇതു സംബന്ധിച്ച് 1912 ഫെബ്രുവരി 16 ന് അദ്ദേഹം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ ഇങ്ങനെ കാണു ന്നു.

    "ശിവഗിരി മഠത്തില്‍ ഈ വരുന്ന മെയ് ഒന്നായ മേടം 18-ാം തീയതി രാത്രി ശാരദാപ്രതിഷ്ഠ നടത്തുവാന്‍ ബ്രഹ്മശ്രീ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളിലെ ആജ്ഞാനുസരണം തീര്‍ച്ചയാക്കിയിരിക്കുന്നു. പ്രതിഷ്ഠ കഴിഞ്ഞ് 19-ാം തീയതി മുതല്‍ 21-ാം തീയതി വരെ കഴിയുന്നത്ര ഭംഗി യായി ആഘോഷിക്കപ്പെടുന്നതാണ്. ഇതോ ടുകൂടി ശിവഗിരിമഠം സമുദായത്തിന്‍റെ മതസംബന്ധമായ കാര്യങ്ങളുടെ തലസ്ഥാനമായിരിക്കുന്നതിനു വേണ്ട വ്യവസ്ഥകള്‍ എല്ലാം ചെയ്യപ്പെടുന്ന തും അതിലേക്കായി സമുദായ നേതാ ക്കന്മാരുടെ സാന്നിധ്യം ആപേക്ഷിത വുമാകുന്നു."

       കമ്മിറ്റിക്കുവേണ്ടി

പ്രസിഡന്‍റ്                   സെക്രട്ടറി     

ഡോ.പല്പു     എന്‍ കുമാരനാശാന്‍

 

    ശ്രീശാരദാവിഗ്രഹം വാര്‍ത്തത് തിരുവനന്തപുരത്ത് പേട്ടയിലുള്ള തോപ്പില്‍ ഭവനത്തില്‍ വെച്ചായിരുന്നു. പലരും കരുതുന്നതുപോലെ വീണാ പുസ്തകധാരിണിയായ സരസ്വതീ സങ്കല്പമല്ല ഗുരുവിന്‍റെ ശാരദ. നാലു കൈകളി ലായി പുസ്തകം, തത്ത, കലശം, ചിന്മുദ്ര എന്നിവയോടു കൂടി ഗുരു വിഭാവനം ചെയ്ത ശാരദാ സങ്കല്പം പ്രത്യേകം പഠനാര്‍ഹമാണ്. ജ്ഞാന സ്വരൂപിണിയായ ശാരദ നാലു തൃക്കൈയ്യുകളിലായി ധര്‍മ്മാര്‍ ത്ഥകാമമോക്ഷങ്ങളെ ധരിച്ച് അനുഗ്രഹപ്രദായിനിയായി പ്രകാശിക്കുന്നു എന്നത്രേ ഗുരു ദേവ സങ്കല്പം എന്ന് വ്യാഖ്യാനി ക്കപ്പെടുന്നു. ആദ്യം വാര്‍ത്ത ശാരദാ വിഗ്രഹം ഗുരുദേവന് പൂര്‍ണ്ണ തൃപ്തി തോന്നായ്കയാല്‍ രണ്ടാമത് വീണ്ടും ഉടച്ച് വാര്‍ക്കേണ്ടതായി വന്നു. ശില്പി യാകട്ടെ ഭക്ഷണം തനിയെ പാകം ചെയ്ത് ഭക്ഷിച്ച് വ്രതശുദ്ധിയോടെ കഴിഞ്ഞ് പ്രാര്‍ത്ഥനാനിര്‍ഭരമായ മന സ്സോടെയാണ് രണ്ടാമതായി വിഗ്രഹം വാര്‍ത്തത്- അത് ഗുരുദേവന് പ്രീതി കരമാകുമാറ് ഒത്തിണങ്ങുകയും ചെയ്തു.

     ശാരദാപ്രതിഷ്ഠ സംബന്ധിച്ച വൈദിക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍ മ്മികത്വം വഹിച്ചത് ശ്രീ ശങ്കരന്‍ പരദേ ശി സ്വാമികളാണ്. വൈദിക കാര്യങ്ങ ള്‍ക്കു മാത്രമല്ല അതൊരു മഹോത്സവ മാക്കി മാറ്റുന്നതിലും അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ശിവലിംഗസ്വാമി കള്‍, ശാന്തലിംഗ സ്വാമികള്‍, അവനവ ഞ്ചേരി മാധവാനന്ദസ്വാമികള്‍, ശിവപ്ര സാദ് സ്വാമികള്‍, ചൈതന്യ സ്വാമി കള്‍ എന്നിവര്‍ സഹകാരികളായി പ്രവര്‍ത്തിച്ചു. മുന്‍പ് സൂചിപ്പിച്ചതു പോലെ ഡോ.പല്പു പ്രസിഡന്‍റായും ആശാന്‍ സെക്രട്ടറിയായും യോഗ നേതാക്കന്മാരും വര്‍ക്കലയിലെ പൗര മുഖ്യന്മാരും അടങ്ങിയ കമ്മിറ്റി എത്ര യും ഉത്സുകരായി പ്രവര്‍ത്തിച്ചു. 

    കുമാരനാശാന്‍ എഴുതുന്നു- "മേടം 18-ാം തീയതി മുതല്‍ 21-ാം തീയതി വരെ ശിവഗിരിയില്‍ നടന്ന ആഘോ ഷങ്ങളെപ്പറ്റി പറഞ്ഞറിയിക്കാന്‍ പ്രയാ സം. വിജനമായ ആ പ്രദേശം ഒരു പട്ടണമായി തീര്‍ന്നു. മല വെള്ളം പോലെ വന്നു കൂടിയ ജനപ്രവാഹം കൊണ്ട് ആ പ്രദേ ശം മുഴുവനും നിറഞ്ഞു. ജനങ്ങളുടെ തിക്കുംതിരക്കും അവര്‍ണ്ണനീയമാ യിരുന്നു. ശിവഗിരിക്കുന്നിന്‍മേല്‍ യോഗം കൂടുന്നതിനായി ഒരുക്കിയിരു ന്ന ഉന്നതവും അതിവിശാലവുമായ പന്തലിന്‍റെ നിലയും അതിന്‍റെ മുഖവും മുതല്‍ കുന്നിന്‍റെ അടിവാരത്തുള്ള ശാരദാ ക്ഷേത്രം വരെയും നാനാവര്‍ണ്ണ വിചിത്രങ്ങളായ കൊടിക്കൂറകള്‍ ആകാശത്തില്‍ പാറിക്കൊണ്ടിരുന്ന ഭംഗിയും വിടര്‍ത്തിപ്പിടിച്ച മുത്തുക്കു ടകളുടെ പ്രൗഢിയും ഭംഗിയും എല്ലാം കണ്ടവര്‍ക്ക് വിസ്മരിക്കാന്‍ കഴിയുന്ന തല്ല. വയലിന്‍റെ പാര്‍ശ്വങ്ങളിലും മദ്ധ്യത്തുമായുള്ള അനേകം ഹോട്ടലു കളും കടവിന് സമീപം പുത്തനായി നിര്‍മ്മിച്ചിരുന്ന മനോഹരങ്ങളായ ഓവുകളിലും തോട്ടത്തില്‍ അണകെട്ടി യുണ്ടാക്കിയിട്ടുള്ള കുളങ്ങളിലും മറ്റും രാപകല്‍ ഒന്നുപോലെ ഗതാഗതം ചെയ്തുകൊണ്ടിരുന്ന അനേകം സ്ത്രീ പുരുഷന്മാരുടെ താല്പര്യവും തിരക്കും ദര്‍ശനീയമായിരുന്നു. ഇരുപതിനായിര ത്തില്‍പരം ജനങ്ങള്‍ കൂടിയിരുന്ന ആ സ്ഥലത്ത് പോലീസുകാരുടെ സഹാ യം കൂടാതെ തന്നെ വ്യവസ്ഥയ്ക്കും സമാധാനത്തിനും യാതൊരു ഭംഗവും നേരിടാതെ മൂന്നു നാലു ദിവസം രാപ്പകല്‍ കഴിഞ്ഞു കൂടിയത് സ്വാമി തൃപ്പാദങ്ങളുടെ നേര്‍ക്ക് സ്വജനങ്ങള്‍ ക്കുള്ള അകൈതവമായ  ഭക്തിസ്നേ ഹബഹുമാനങ്ങളുടെയും സമുദായ സംബന്ധമായ കൃത്യങ്ങളില്‍ അവര്‍ ക്കുള്ള ഐക്യമത്യത്തിന്‍റേയും താല്‍ പര്യത്തിന്‍റേയും പ്രത്യക്ഷഫലമെന്ന ല്ലാതെ മറ്റൊന്നും പറയാനില്ല. ശിവ ഗിരി മതസംബന്ധമായ മാഹാത്മ്യം കൊണ്ട് മാത്രമല്ല; പ്രകൃതി മനോഹാ രിത കൊണ്ടും ഇങ്ങനെയുള്ള ആഘോ ഷങ്ങള്‍ക്ക് ഏറ്റവും പറ്റിയ രംഗമത്രേ. വെള്ളവസ്ത്രങ്ങള്‍ ധരിച്ച പുരുഷാര ങ്ങള്‍ കൂട്ടംകൂട്ടമായി കുന്നിന്‍റെ ചെരുവുകളിലും താഴ്വരകളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭംഗി ദൂരെ നിന്നു നോക്കിയാല്‍ പശ്ചിമഘട്ടപാര്‍ ശ്വങ്ങളില്‍ ശരത്കാലത്തുള്ള മേഘങ്ങ ളുടെ സഞ്ചാരത്തെ ആരും ഓര്‍ത്തു പോകുമായിരുന്നു. യോഗങ്ങള്‍ പിരിഞ്ഞു മുകളില്‍ നിന്നിറങ്ങി വരുന്ന ജനപ്രവാഹങ്ങള്‍ കണ്ടാല്‍ മലയില്‍ നിന്നു താഴോട്ടുള്ള മനോഹരമായ വലിയ വെള്ളച്ചാട്ടങ്ങള്‍ സൂക്ഷിച്ചു നോക്കിയിട്ടുള്ളവര്‍ക്കു രോമാഞ്ചജ നകമായ സാദൃശ്യം തോന്നുമായി രുന്നു. രാത്രികാലങ്ങളില്‍ കുന്നിലും ചരുവിലും അടിവാരത്തും നിരന്തരമാ യി കത്തിക്കൊണ്ടിരിക്കുന്ന അനവധി കിറ്റ്സന്‍ ലാമ്പുകളുടെയും മറ്റ് വിളക്കുകളുടെയും ഭംഗികൊണ്ട് ദൂരസ്ഥന്മാര്‍ക്ക് അവിടെ നക്ഷത്രജാല ങ്ങളാല്‍ അലംകൃതമായ ആകാശമണ് ഡലത്തിന്‍റെ അവധിയും ഭൂമിയുടെ ആരംഭവും വേര്‍തിരിച്ചറിയാന്‍ വിഷ മമായിരുന്നു. ചുരുക്കത്തില്‍ ഇത്ര പരിശുദ്ധവും ഇത്ര ഹൃദയംഗമവും ഇ ത്ര ആഡംബരയുക്തവുമായ ഒരു ആ ഘോഷം ദൈവികമായോ, ലൗകിക മായോ നമ്മുടെ സമുദായത്തില്‍ ഇതി നു മുന്‍പ് ഒരിക്കലും നടന്നു കണ്ടിട്ടി ല്ലെന്ന് ആരും സമ്മതിക്കുന്നതാകു ന്നു. ഇപ്രകാരം ഈശ്വരകാരുണ്യം കൊണ്ടും അലൗകിക മഹാപുരുഷനാ യ ശ്രീനാരായണഗുരുസ്വാമിതൃപ്പാദ ങ്ങളുടെ അനുഗ്രഹം കൊണ്ടും വളരെ നാള്‍ പ്രതീക്ഷിച്ചിരുന്ന ശിവഗിരി പ്രതിഷ്ഠയും മഹായോഗങ്ങളും ഏറ്റ വും അഭിമാനകരമാം വണ്ണം അവസാ നിച്ചു."

     പ്രതിഷ്ഠാമഹോത്സവത്തിന്‍റെ ഭാഗമായി വിവിധ കലാപരിപാടികളും വിനോദകലാമത്സര പരിപാടികളുമു ണ്ടായിരുന്നു. അറിയുന്ന ആരിലും ആശ്ചര്യമുളവാക്കാതിരിക്കില്ല. അന്ന് സ്പോര്‍ട്സ് പരിപാടികളും നടന്നു. പ്രതിഷ്ഠാ പരിപാടികളുടെ ഭാഗമായി നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പോര്‍ ട്സ് പരിപാടികള്‍ സംഘടിപ്പിക്കുക! അതേ, അതാണ് ഗുരുവിന്‍റെ സാര്‍വ്വ കാലികമായ മഹത്ത്വം. (സ്ഥല പരിമിതിയാല്‍ ഇവിടെ വിവരിക്കുന്നി ല്ല.) എസ് എന്‍ ഡി പി യോഗ ത്തിന്‍റെ 9-ാമത് വാര്‍ഷികാഘോഷങ്ങളും ഒപ്പം നടത്തപ്പെട്ടു. അന്ന് യോഗാദ്ധ്യക്ഷനാ യ ശ്രീ.കൃഷ്ണന്‍ വക്കീല്‍ "ഈ സ്ഥാ പനം നമ്മുടെ ഭാവി ശ്രേയസ്സിനുള്ള ശൃംഗേരിയായും ഇവിടെയും എവിടെ യുമുള്ള നമ്മുടെ സ്വജനങ്ങള്‍ ജീവിത ത്തിനും ജ്ഞാനത്തിനും പരസ്പരസ് നേഹത്തിനും ആവശ്യമായ വിവിധ വൃത്തികള്‍ക്കു വേണ്ടുന്ന ഈശ്വരാനു ഗ്രഹത്തിനും ഉത്കണ്ഠയോടു കൂടി അന്വേഷിച്ചെത്തുന്ന വിശുദ്ധഗിരിയാ യും ഭവിക്കുന്നതാണ്. ഈ ശാരദാപ്ര തിഷ്ഠയുടെ യഥാര്‍ത്ഥ ഗുണം കണ്ടറി യുന്നത്  ഇനി വരാനുള്ള തലമുറകളാ യിരിക്കും" എന്നു പ്രസ്താവിച്ചു. ശാര ദാപ്രതിഷ്ഠയോടൊപ്പം അന്നേ ദിവ സം ശിവപ്രതിഷ്ഠയും നടന്നിരുന്നു. മുഖ്യമായത് ശാരദാ പ്രതിഷ്ഠയാക യാല്‍ കാര്‍മ്മികത്വം വഹിച്ച ശങ്കരന്‍ പരദേശി സ്വാമികള്‍ കര്‍മ്മത്തോടൊപ്പം ശിവപ്രതിഷ്ഠയും നടത്തുകയുണ്ടായി. ഓല കൊണ്ടു മേഞ്ഞ ഒരു ലഘു മന്ദിരമായിരുന്നു പ്രസ്തുത ശിവക്ഷേ ത്രം. പില്‍ക്കാലത്ത് അത് അഗ്നിയാല്‍ നാശോന്മുഖമായി. ആ ശിവക്ഷേത്ര ത്തിന്‍റെ മുന്‍പിലുണ്ടായിരുന്ന നന്ദി കേശനാണ് ഇപ്പോള്‍ ശാരദാമഠത്തിനു മുകളില്‍ സമാധി മന്ദിരത്തിലേക്കുള്ള പ്രയാണവീഥിയില്‍ സ്ഥാപിതമാ യിരിക്കുന്നത്. 

     ശാരദാപ്രതിഷ്ഠയുടെ അടു ത്ത നാള്‍  ആ തിരുസന്നിധാന ത്തില്‍വെച്ച് അച്യുതാനന്ദസ്വാമി തുട ങ്ങി ചില പ്രധാന ശിഷ്യന്മാര്‍ക്ക് സംന്യാസദീക്ഷ നല്‍കി അനുഗ്രഹി ച്ചു. ശിവലിംഗസ്വാമികളെ അനന്തര ഗാമിയായി നിശ്ചയിച്ചു. ബോധാനന്ദ സ്വാമികളും അരഡസന്‍ സംന്യാസി ശിഷ്യന്മാരും ഗുരുദേവ ശിഷ്യത്വം വരിച്ചു. ശിവപ്രസാദസ്വാമികളെ എസ് എന്‍ ഡി പി യോഗത്തിന്‍റെ ആദ്യ ദേവ സ്വം സെക്രട്ടറിയായി നിയോഗിച്ചു.   ബോധാനന്ദസ്വാമികള്‍, നാരായണനാ ശാന്‍ എന്നീ ശിഷ്യന്മാരെയും കൂട്ടി ഗുരുദേവന്‍ അടുത്ത ആശ്രമകേന്ദ്രം - അദ്വൈതാശ്രമം - സ്ഥാപിക്കുവാന്‍ ആലുവയിലേക്ക്  യാത്രയുമായി. മഹാഗുരുക്കന്മാര്‍ അനി കേതന്മാരാണ്. ചരൈവേതി ചരൈ വേതി എന്നതാണ് അവരുടെ ജീവിത ദര്‍ശനം. അരുവിപ്പുറത്തു നിന്നും സഗു ണാരാധനയില്‍ തുടങ്ങി ശിവഗിരിയില്‍ സാത്വികതയുടെ പാരമാര്‍ത്ഥിക തല ത്തിലെത്തി പ്രതിഷ്ഠാപനം ചെയ്ത് ആലുവയില്‍ അദ്വൈത സത്യത്തിന്‍റെ സാക്ഷാത്കാരത്തിലേക്കുള്ള പ്രയാ ണം കാട്ടിത്തരുന്നു. അരുവിപ്പുറം , ശിവഗിരി ശാരദാമഠം, ആലുവ അദ്വൈത ആശ്രമം ഇതു മൂന്നും സത്യ ത്തിലേക്കുള്ള പ്രയാണ വീഥിയാണ്.