ദൈവമഹിമയുടെ അഖണ്ഡാനുഭൂതി
സ്വാമി ഋതംഭരാനന്ദ
ഈശ്വരന്‍റെ സ്വരൂപവും സ്വഭാവവും ലക്ഷണവും സമഗ്രമായും സുവ്യക്തമായും അതിലളിതമായും പ്രതിപാദിക്കുന്ന മഹനീയമായൊരു സര്‍വ്വമത പ്രാര്‍ത്ഥനയാണ് ശ്രീനാരായണഗുരുദേവന്‍റെ څദൈവദശകംچ. വേദാന്തശാസ്ത്രത്തിന്‍റെ സാരസര്‍വ്വസ്വവും സൂക്ഷ്മഭാവത്തില്‍ ഉള്ളടങ്ങുന്ന ഈ കൃതി ഉപനിഷത് സമാനമാണ്. സര്‍വ്വമതങ്ങളും ഉദ്ഘോഷിക്കുന്ന ദൈവത്തിന്‍റെ ആന്തരികസത്ത ഈ കൃതിയില്‍ 'അകവും പുറവും തിങ്ങുന്ന മഹിമാവാ'യി നിറഞ്ഞുനില്‍ക്കുന്നു.
1914 ല്‍ ആലുവ അദ്വൈതാശ്രമം സംസ്കൃത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്കായി ഗുരുദേവന്‍ രചിച്ചു കൊടുത്തതാണ് ഈ പ്രാര്‍ത്ഥനാകൃതി. ബാഹ്യപ്രകൃതിയില്‍ കേവലം പത്ത് പദ്യങ്ങള്‍ മാത്രമുള്ള ഒരു ചെറുകൃതിയായി തോന്നാമെങ്കിലും ഇതിന്‍റെ ആന്തരികസത്ത പ്രപഞ്ചത്തിന്‍റെ ആദികാരണമായിരിക്കുന്ന പരംപൊരുളിനെ പ്രകാശിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മതത്തിനോ വിഭാഗത്തിനോ ഗോത്രത്തിനോ ദേശത്തിനോ വേണ്ടിമാത്രം എഴുതപ്പെട്ടിട്ടുള്ളതല്ല ഈ കൃതി. څഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന ്چ എന്ന അഖണ്ഡതയുടെ വിജ്ഞാപനമന്ത്രം വിളംബരം ചെയ്ത ശ്രീനാരായണഗുരുദേവന്‍റെ ദൈവസങ്കല്‍പ്പം സത്യത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ആനന്ദത്തിന്‍റെയും സ്വരൂപമാണ്. ഈ ദൈവസ്വരൂപത്തെ നിത്യജീവിതത്തില്‍ ഏവര്‍ക്കും സുപരിചിതമായ ഉദാഹരണങ്ങളെക്കൊണ്ടും ഒപ്പം അദ്വൈതസിദ്ധാന്തത്തിന്‍റെ പാരമ്യതയില്‍ നിന്നുകൊണ്ടും വ്യക്തമാക്കുന്ന ദൈവദശകം ഏതൊരു മതവിശ്വാസിക്കും യാതൊരു വിഘ്നവും കൂടാതെ തന്നെ ഉള്‍ക്കൊള്ളുവാനും ആലപിക്കുവാനും കഴിയുന്നതാണ്. ബഹുദേവതാസങ്കല്‍പ്പങ്ങളും അതുസംബന്ധമായ മിത്തുകളും ഭാരതീയരുടെ ദൈവികകാഴ്ചപ്പാടുകളെയും ആചാരാനുഷ്ഠാനങ്ങളെയും വൈവിധ്യവല്‍ക്കരിക്കുമ്പോള്‍ ഈ ദേവതാ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം ആധാരമായിരിക്കുന്ന സച്ചിദാനന്ദസ്വരൂപത്തെയാണ് ദൈവമായി ഗുരുദേവന്‍ ദൈവദശകത്തിലൂടെ പരിചിതമാക്കിത്തരുന്നത്. 1925 ല്‍ മഹാത്മാഗാന്ധി ശിവഗിരിയില്‍ ഗുരുദേവനെ സന്ദര്‍ശിച്ച അവസരത്തില്‍, ശാരദാമഠത്തില്‍ വച്ച് കുട്ടികള്‍ ദൈവദശകം ഈണത്തില്‍ ചൊല്ലുന്നതു കേട്ട് അതീവസന്തുഷ്ടനാവുകയും ഈ കൃതി രചിച്ചത് ഗുരുദേവനാണെന്നറിഞ്ഞപ്പോള്‍ അതിരറ്റ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
നിരാകാരനും നിരവയവിയും നിരതിശായിയുമായ ദൈവം ഒന്നേയുള്ളൂ. ആ ദൈവത്തിന്‍റെ ചൈതന്യമാണ് സര്‍വ്വമതങ്ങളുടെയും ആത്മാവായി പരിലസിക്കുന്നത്. ഈശാവാസ്യമിദം സര്‍വ്വം യത്കിഞ്ചജഗത്യാം ജഗത് - ഈശ്വരന്‍ ഈ ജഗത്തിലെ സര്‍വ്വചരാചരങ്ങളിലും വസിക്കുന്നുവെന്ന ഈശാവാസ്യോപനിഷത്തിന്‍റെ ആരംഭവചനവും څനീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതുംچ എന്ന ദൈവദശകത്തിലെ വചനവും ഈ ഏകദൈവസ്വരൂപത്തിന്‍റെ ഉണര്‍ത്തുഗീതങ്ങളാണ്.
മഹാദേവനും ദീനാവനപരായണനും ചിദാനന്ദനും ദയാസിന്ധുവുമാണ് ഗുരുദേവന്‍റെ ദൈവം. ആ ദൈവത്തിന്‍റെ ആഴമേറുന്ന മഹസ്സിലേയ്ക്ക് ആഴുവാനും ആ മഹസ്സില്‍ നിത്യമായി വാഴുവാനുമുള്ള പ്രാര്‍ത്ഥനയാണിത്. ഒരേ സമയം ഏതു മതവിശ്വാസിക്കും ഈ പ്രാര്‍ത്ഥനയിലൂടെ ദൈവമഹിമയുടെ അഖണ്ഡാനുഭൂതിയില്‍ ലയിച്ചുചേരുവാന്‍ കഴിയുന്നതാണ്. ഭക്തിയുടേയും ജ്ഞാനത്തിന്‍റേയും അനുപമവും അമേയവുമായ ഒരു സമന്വയവിസ്മയം തീര്‍ക്കുന്ന ദൈവദശകം സര്‍വ്വസ്വീകാര്യമായിത്തീരുന്നത് ആ വരികളില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തിന്‍റെ കനപ്പെട്ട പ്രവാഹം കൊണ്ടുതന്നെയാണ.്
ദൈവശബ്ദത്തിന്‍റെ പരിചിതമായ ഒട്ടേറെ ബിംബങ്ങളിലൂടെ ദൈവമെന്ന മഹാതത്വത്തിലേയ്ക്ക് അഥവാ പരംപൊരുളിലേയ്ക്ക് ആനയിക്കുന്ന ദൈവദശകം
ഈ പ്രപഞ്ചത്തിന്‍റെ ഉപാദാനകാരണവും നിമിത്തകാരണവും ദൈവമല്ലാതെ വേറൊന്നല്ലെന്നു ഉറപ്പിച്ച് ബോധ്യപ്പെടുത്തുന്നു. തിട്ടപ്പെടുത്താന്‍ ആരാലും സാധ്യമല്ലാത്തവിധം ആഴമേറുന്ന ദൈവത്തിന്‍റെ സച്ചിദാനന്ദസ്വരൂപമാകുന്ന ആഴിയില്‍, ആകവേ അലിഞ്ഞ് ചേര്‍ന്ന് അവിടെത്തന്നെ നിത്യമായി ആഴുവാനും വാഴുവാനും ഇടവരണം എന്നതാണ് ഏതൊരു ഭക്തന്‍റെയും അന്ത്യാഭിലാഷം. ഇങ്ങനെ ദൈവത്തിന്‍റെ അപരിമേയമായ മഹിമയിലേയ്ക്ക് ആണ്ടുപോകുവാന്‍ ഇടവരുത്തുന്ന അനുഭൂതിദായകമായ ദൈവദശകം എന്ന പ്രാര്‍ത്ഥനാകൃതിയ്ക്ക് തുല്യം മറ്റൊന്നില്ല. ഈ കൃതിയുടെ പാരായണം ശാന്തിദായകമാണ്. അഹന്തയെ നശിപ്പിക്കുന്നതാണ.് ഏവരും ആത്മസഹോദരരാണെന്ന സത്യത്തിലേയ്ക്ക് എല്ലാവരേയും അടുപ്പിക്കുന്നതുമാണ്. ആധുനിക ഭാരതത്തിന്‍റെ ഉപനിഷത്തായി പണ്ഡിതര്‍ വിലയിരുത്തിപ്പോരുന്ന ഗുരുദേവന്‍റെ 'ദൈവദശകം' ഒരുപോലെ പരന്നൊഴുകുന്ന ഭക്തിയുടെയും ജ്ഞാനത്തിന്‍റെയും ആനന്ദക്കടലാണ്. ഈ കൃതി ഭാരതത്തിന്‍റെ ദേശീയ പ്രാര്‍ത്ഥനയായി അംഗീകരിക്കപ്പെടേണ്ടതാണ്.