മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ

സച്ചിദാനന്ദസ്വാമി

     ഏതു കൊടുങ്കാറ്റിലും ഒരു മല ഇളകുന്നതേ ഇല്ല.  അചഞ്ചലനാണ്. അതുപോലെ മല ഘനഗംഭീരനും അമൂല്യഗുണഗണങ്ങളുള്ള സങ്കേതവുമാണ്.  ഒരു ഗുരുവും ഇതുപോലെ തന്നെയാണല്ലോ. അഹിതന്മാരേയും കാലവര്‍ഷക്കാറ്റിനേയും മല തടഞ്ഞുനിര്‍ത്തുന്നു.  കെടുതിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നു.  നീരാവിയെ ഘനീഭവിപ്പിച്ചു മഴയാക്കി മാറ്റുന്നു.  മഹാനദികളുടെ ആവിര്‍ഭാവവും മലയിലാണ്.  മലയും നദിയും കൃഷിക്ക് ഉപയുക്തമായി രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേക്ക് നയിക്കുന്നു.  ഇനി മലയില്‍ നിന്നും തടിവെട്ടി ചിലര്‍ ഉപജീവനം നടത്തുന്നു.  അവര്‍ കെട്ടിടമുണ്ടാക്കാനും, ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കാനും ചില വാഹനങ്ങള്‍ തീര്‍ക്കാനും മലയിലെ തടി ഉപകാരപ്പെടുത്തുന്നു.  മറ്റു ചിലര്‍ മലയിലുണ്ടാകുന്ന ചന്ദനം, അകില്‍, സുഗന്ധദ്രവ്യങ്ങള്‍, തേന്‍, ഗുണമൂല്യമുള്ള ഔഷധങ്ങള്‍, രത്നങ്ങള്‍ തുടങ്ങിയവ സമ്പാദിച്ച് ധനവാന്മാരായി മാറുന്നു.  ഇനിയും വേറേ ചിലര്‍ മലയില്‍ വേട്ടയാടുന്നു.  ഇപ്രകാരം ഒരു മല പലപ്രകാരത്തില്‍ ജനതയ്ക്ക് പ്രയോജനപ്പെടുന്നു.

     ഇനി, മല ഒരു ഭൂമിശാസ്ത്രജ്ഞനെ സംബന്ധിച്ച് നദിക്കും മഴയ്ക്കുമുള്ളതാണെന്ന് അഭിപ്രായം വരാം.  കൃഷിക്കാര്‍ മല കൃഷിക്കുള്ളതാണെന്നും തടി വെട്ടുകാര്‍ തടി വെട്ടുവാനുള്ളതാണെന്നും അഭിപ്രായപ്പെട്ടേക്കാം.  മഹാവൈദ്യന്മാരെ സംബന്ധിച്ച് മല അമൂല്യമായ ഔഷധികളുടെ ഉറവിടമാണ്.  ഇങ്ങനെ ഓരോരുത്തര്‍ക്കും അവരവരുടെ വാസനയനുസരിച്ച് മലയുടെ പേരില്‍ അവകാശമുന്നയിക്കാം.  അവയൊക്കെ ഭാഗികമായി ശരിയാണു താനും.  അതുപോലെ ശ്രീനാരായണഗുരുദേവനെ പറ്റി ഭിന്നരുചികളായ ജനങ്ങള്‍ അവരവരുടെ യുക്തിക്കും ബുദ്ധിക്കും അനുയോജ്യമായ വിധത്തില്‍ സാമൂഹ്യപരിഷ്കര്‍ത്താവ്, വിപ്ലവകാരി, മതചിന്തകന്‍, സ്വതന്ത്രവാദി, രാഷ്ട്രമീമാംസകന്‍, യുക്തിചിന്തകന്‍, അവര്‍ണ്ണസമുദായോദ്ധാരകന്‍ എന്നിങ്ങനെ അവകാശവാദം ഉന്നയിക്കാറുണ്ടല്ലോ.  അവരുടെ കാഴ്ചപ്പാട് ഭാഗികമായി ശരിയാണ്.  സമഗ്രമായില്ല എന്നുമാത്രം.  ഗുരുദേവന്‍ നാനാലോകാനുരൂപനാണ്.  നിഖിലഗുണഗണങ്ങളുടെയും മൂര്‍ത്തീഭാവമാണ.് സമന്വയദര്‍ശിയാണ്.  സര്‍വ്വത്തിനേയും ഉള്‍ക്കൊള്ളുന്ന സമത്വദര്‍ശിയാണ്.  ഈ സമഷ്ടിയുടെ സമഗ്രതയില്‍ വേണം ഗുരുദേവനെ വിലയിരുത്തുവാനും ദര്‍ശിക്കുവാനും.

അചഞ്ചലനായി വര്‍ത്തിക്കുന്ന ഒരു മല എങ്ങനെ ജനതയ്ക്ക് നാനാപ്രകാരേണ പ്രയോജകീഭവിക്കുന്നുവോ അതുപോലെ സ്ഥിരമായ ആനന്ദഭാവത്തില്‍ വര്‍ത്തിച്ചുകൊണ്ട് കേവലം സന്നിധി മാത്രം കൊണ്ട് യോഗിരാജനായ ശ്രീനാരായണഗുരുദേവന്‍ നാനാലോകാനുരൂപനായി  ഭക്തജനസഞ്ചയത്തെ അനുഗ്രഹിക്കുന്നു.  പ്രകൃതിശക്തികളെ തടഞ്ഞും നിയന്ത്രിച്ചും മദ്ധ്യസ്ഥഭാവം പൂണ്ടും അനുഗ്രഹവര്‍ഷം ചൊരിഞ്ഞും നിഖിലഗുണസങ്കേതമായി അദൃശ്യനും അഭിഗമ്യനുമായി ഗുരുദേവന്‍ വര്‍ത്തിക്കുന്നു.  ആശയഗംഭീരനായ കുമാരമഹാകവിയുടെ അനന്യസാധാരണമായ കാവ്യകലാപാടവം മഹത്തുക്കള്‍ക്കു മാത്രമേ ഇവിടെ അഭിദര്‍ശനം ചെയ്യുവാന്‍ സാധിക്കൂ.  'വസിപ്പൂമലപോലെ' എന്ന പ്രയോഗം അത്രയേറെ ആശയസംപുഷ്ടമായിരിക്കുന്നു.   'വസിപ്പൂമലപോലെ' എന്ന പ്രയോഗത്തില്‍ വിപ്രതിപത്തി കാട്ടുന്നവര്‍ പ്രകൃതവിഷയം ഒന്നുകൂടി പഠിയ്ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ഭേദാദികള്‍ കൈവിട്ട ഗുരു

     വേദങ്ങളുടെയും ആഗമങ്ങളുടെയും സാരങ്ങള്‍ അറിഞ്ഞ അവിടുന്ന് ഒരാള്‍ മാത്രമാണ് ഭേദാദികള്‍ കൈവിട്ട് വിജയിക്കുന്നത്.  ഇവിടെ ഗുരുദേവന്‍റെ മറ്റൊരു അപൂര്‍വ്വവ്യക്തിത്വം കൂടി കവി അനാവരണം ചെയ്യുന്നു.  'പലമതസാരവുമേകം' എന്ന ഗുരുദേവന്‍റെ പൊന്‍മൊഴിയെ അതിന്‍റെ അനുഷ്ഠാനത്തില്‍ അര്‍ത്ഥസംപുഷ്ടമായ ഒരു നിദര്‍ശനമാക്കുകയാണ് ആശാനിവിടെ.  ഓരോ മതക്കാരും പ്രത്യേകം പ്രത്യേകം വേദങ്ങള്‍ അവകാശപ്പെടുന്നുണ്ട്.  തങ്ങളുടെ വേദമാണ് പരിപൂര്‍ണ്ണമെന്നും ഇതിനു തുല്യമായി വേറൊന്നുമില്ലെന്നുമാണ് ഓരോരുത്തരുടെയും അഭിപ്രായം.  ഹിന്ദുക്കള്‍ പൊതുവെ ഋഗ്,  യജുസ്, സാമം, അഥര്‍വ്വണം എന്നിവയെ വേദഗ്രന്ഥങ്ങളായി ഗണിക്കുന്നു.  ക്രിസ്ത്യനികള്‍ ബൈബിളിനെയും, മുസ്ലീങ്ങള്‍ ഖുറാനെയും വേദഗ്രന്ഥങ്ങളായി അംഗീകരിക്കുന്നു.  ഈ വേദങ്ങളെല്ലാം ദൈവത്തില്‍ നിന്നുമുണ്ടായതാണെന്നാണ് പൊതുവിശ്വാസം.  വാസ്തവത്തില്‍ ഗുരുക്കന്മാരുടെ ഉപദേശരത്നങ്ങളാണ് വേദഗ്രന്ഥങ്ങളായി രൂപം പ്രാപിച്ചത്.  അതിനെ ആസ്പദമാക്കി മതങ്ങളും രൂപം കൊണ്ടു.  ഈ ഉപദേശങ്ങളുടെയെല്ലാം പരമലക്ഷ്യം 'ആത്മസുഖപ്രാപ്തി' യാണെന്നും അതിനാല്‍ "പലമതസാരം ഏകമാണെന്നും" ഗുരുദേവന്‍ അഭിപ്രായപ്പെടുന്നു.

ആഗമങ്ങള്‍ ശാസ്ത്രങ്ങളാണ്.  സാംഖ്യയോഗാദികളായ ഷഡ്ദര്‍ശനങ്ങളും ഇതര വൈദികശാഖകളിലുള്ള ശാസ്ത്രഗ്രന്ഥങ്ങളും ആഗമങ്ങളാണ്.  വേദത്തിന്‍റെ തന്നെ മറ്റൊരു ഭാഗത്തെയും ആഗമം എന്നു പറയുന്നുണ്ട്.  ശൈവാഗമങ്ങള്‍ എന്നു മറ്റൊരു അര്‍ത്ഥവുമാകാം.  വേദങ്ങളുടെയും ആഗമങ്ങളുടെയും സാരം അറിഞ്ഞ ഗുരോ അവിടുന്ന് മാത്രമാണ് ഭേദങ്ങള്‍ പുലര്‍ത്താതെ സമത്വബോധത്തില്‍ വിജയിച്ചരുളുന്നത്.

     ഭാരതത്തില്‍ ചിരപുരാതനമായ രണ്ടു സമ്പ്രദായങ്ങള്‍ ഉണ്ട്.  ഒന്ന് വേദത്തിന്‍റെയും മറ്റേത് ആഗമത്തിന്‍റെയുമാണ്.  ഒന്ന് ആദിനാരായണനില്‍ നിന്നും സമാരംഭിച്ച് ആദിശങ്കരാചാര്യരില്‍ കൂടി വികാസം പ്രാപിച്ച വേദാന്തസമ്പ്രദായവും, മറ്റേത് ശിവപെരുമാനില്‍ നിന്നും സമാരംഭിച്ച് ശൈവസിദ്ധന്മാരാല്‍ ദക്ഷിണേന്ത്യയിലെങ്ങും വ്യാപിച്ച സിദ്ധാന്തസമ്പ്രദായവും. പഴക്കം ചെന്നത് സിദ്ധാന്തസമ്പ്രദായമാണെന്ന് പറയപ്പെടുന്നു.  ഒന്ന് ആര്യവും മറ്റേത് ദ്രാവിഡവും.  ഈ രണ്ടു സമ്പ്രദായങ്ങള്‍ തമ്മിലുള്ള ഖണ്ഡനമണ്ഡനാദികളെക്കൊണ്ട് നിറഞ്ഞതാണ് വൈദിക സാഹിത്യസമുച്ചയം.  രാമായണവും മഹാഭാരതവും ആര്യന്മാരുടെയും ദ്രാവിഡന്മാരുടെയും സംഘട്ടനങ്ങളുടെ കഥയാണെന്നും അഭിപ്രായമുണ്ട്.  വേദാന്തസമ്പ്രദായവും സിദ്ധാന്തസമ്പ്രദായവും ഗുരുദേവനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.  അവിടുന്ന് രണ്ടിനെയും ഒന്നിന്‍റെ ഭാഗമായി ദര്‍ശിച്ചു.

    ഗുരുദേവന്‍ അദ്വൈതവേദാന്തദര്‍ശനത്തിന് വിരോധം വരാത്ത തരത്തില്‍ സിദ്ധാന്തദര്‍ശനമടക്കം സര്‍വ്വദര്‍ശനങ്ങളെയും അത്യാശ്ചര്യകരമാംവണ്ണം സമന്വയിപ്പിക്കുകയാണ് ചെയ്തത്.  ഒരു അവതാര കൃത്യനിര്‍വ്വഹണമെന്ന നിലയില്‍ക്കൂടി ശ്രദ്ധേയമാണ് ഗുരുദേവന്‍റെ ഈ മഹാസംഭാവന.  എന്നാല്‍ ഗുരുദര്‍ശനപഠിതാക്കള്‍ പോലും ഇതിനെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ വിലയിരുത്തിയതായിക്കാണുന്നില്ല.

     ഗുരുദേവന്‍റെ സംന്യാസസമ്പ്രദായവും വേദാന്തസിദ്ധാന്ത സമ്പ്രദായങ്ങളുടെ സമന്വയഭാവമാണ്.  വേദത്തിന്‍റെയും ആഗമത്തിന്‍റെയും സമന്വയരൂപമാണത്.  വേദാന്തികളായ സംന്യാസിമാര്‍ പൊതുവെ ശ്രീ ശങ്കരന്‍ സ്ഥാപിച്ച ദശനാമസമ്പ്രദായം അംഗീകരിച്ചു പോരുന്നവരാണ്.  പുരി, ഭാരതി, തീര്‍ത്ഥ, വനം, ആശ്രമം, സരസ്വതി, അരണ്യം, ഗിരി തുടങ്ങിയവയാണ് ദശനാമങ്ങള്‍.  ഭാരതത്തിലെ മിക്ക സംന്യാസി പരമ്പരകളും ഈ ദശനാമസമ്പ്രദായത്തില്‍ പെടുന്നവയാണ്.  ഈ സംന്യാസിമാരുടെ പേരിനോട് ചേര്‍ന്ന് ദശനാമങ്ങളില്‍ ഒന്നു ചേര്‍ത്തിരിക്കും.  കൂടാതെ കാഷായാദി സംന്യാസചിഹ്നങ്ങളും ഉണ്ടാകും.  ശ്രീരാമകൃഷ്ണമിഷന്‍ പുരി സമ്പ്രദായത്തില്‍ പെടുന്നു.  ശ്രീരാമകൃഷ്ണദേവന്‍റെ അദ്വൈതഗുരു തോതാപുരിയാണല്ലോ.  ചിന്മയാമിഷന്‍ സരസ്വതി സമ്പ്രദായം പിന്‍തുടരുന്നു.  ചട്ടമ്പിസ്വാമികളുടെ മുഴുവന്‍ പേര് പരമഭട്ടാകാര തീര്‍ത്ഥപാദചട്ടമ്പിസ്വാമിത്തിരുവടികള്‍ എന്നാണ ല്ലോ.  അദ്ദേഹത്തിന്‍റെ രണ്ടു ശിഷ്യന്മാരും തീര്‍ത്ഥപാദരാണ്.  നീലകണ്ഠതീര്‍ത്ഥരും, തീര്‍ത്ഥപാദപരമഹംസരും. ചട്ടമ്പിസ്വാമികളുടെ പരമ്പര ദശനാമിയിലെ തീര്‍ത്ഥസമ്പ്രദായത്തില്‍പ്പെടുന്നു.

    ഇനി മറ്റൊരു സംന്യാസമ്പ്രദായം കൂടിയുണ്ട്.  അത് പ്രധാനമായും തെക്കേ ഇന്ത്യയില്‍ പ്രചാരം നേടിയ ദ്രാവിഡമായ സിദ്ധാന്തസമ്പ്രദായമാണ്.  തിരുവള്ളുവര്‍, അപ്പര്‍, സുന്ദരര്‍, മാണിക്യവാചകര്‍, തിരുജ്ഞാനസംബന്ധര്‍ തുടങ്ങിയവര്‍ ഈ സമ്പ്രദായത്തില്‍ പെടുന്നവരാണ്.  അടുത്ത കാലത്തു ജീവിച്ചിരുന്ന രാമലിംഗസ്വാമികളും സിദ്ധാന്തസമ്പ്രദായിയാണ്.  ഈ തുറവികള്‍, ജ്ഞാനികള്‍ തൂവെണ്‍മയായി വസ്ത്രം ധരിച്ച് പ്രത്യേകമായ നാമങ്ങളോ സംന്യാസചിഹ്നങ്ങളോ ധരിക്കാതെ സാധാരണ വേഷഭൂഷാദികളോടെ കാണപ്പെടുന്നു.  ചെമ്പഴന്തിയിലെ നാരായണന്‍ നാരായണഗുരുവെന്ന പേരില്‍ തൂവെണ്‍മയായ വസ്ത്രം ധരിച്ച് സിദ്ധാന്തസമ്പ്രദായത്തില്‍ പെടുന്ന ഒരു തുറവിയെ പോലെയാണ് കൂടുതല്‍ കാലവും നയിച്ചു പോന്നത്.  പലരും ധരിക്കുന്നതുപോലെ ഗുരുദേവന്‍ ഗൃഹസ്ഥാശ്രമികളെപ്പോലെ വെള്ളവസ്ത്രം ധരിച്ചിരുന്നതല്ല.  ഗുരുവിന്‍റെ വെള്ളവസ്ത്രം ശൈവസിദ്ധാന്തസമ്പ്രദായപ്രകാരമുള്ള സംന്യാസത്തിന്‍റേതാണ്.  അവിടുന്ന് പേരെഴുതിയിരുന്നതും ഒപ്പിടുന്നതും നാരായണഗുരുവെന്നായിരുന്നു ആത്മമിത്രമായ ചട്ടമ്പിസ്വാമികളും മറ്റും ദശനാമസമ്പ്രദായത്തെ സ്വീകരിച്ച് തീര്‍ത്ഥപാദനായിട്ടും ഗുരുദേവന്‍ ശൈവസിദ്ധാന്തികളായ സംന്യാസികളെപ്പോലെ തന്നെ മുന്നോട്ടു നീങ്ങുകയാണ് ചെയ്തത്.  ഗുരുദേവന്‍ ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണെന്ന വാദം ഇവിടെ ശാസ്ത്രീയമായിത്തന്നെ തിരസ്കൃതമാകുന്നു.  വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമിത്തിരുവടികളും ശിഷ്യന്മാരും തീര്‍ത്ഥപാദന്മാരായപ്പോള്‍ നാരായണന്‍ ശ്രീനാരായണഗുരുവായതേയുള്ളൂ, തീര്‍ത്ഥപാദനായില്ല.  സിലോണ്‍ യാത്രാവേളയില്‍ ശിഷ്യന്മാരുടെ താല്‍പര്യ പ്രകാരം "ഈശ്വരന്‍ തന്നെ നമ്മുടെ ഗുരു" എന്നരുളിച്ചെയ്തുകൊണ്ട് കാഷായം സ്വീകരിക്കുവാനും ഗുരുദേവന്‍ വൈമനസ്യം പ്രകടിപ്പിച്ചില്ല.  ഈ കാഷായസ്വീകരണം പലരും ധരിച്ചു വെച്ചിട്ടുള്ളതു പോലെ 'പൊടി പറ്റിയാല്‍ അറിയില്ലല്ലൊ' എന്ന ഉദാസീനഭാവത്തിലുള്ളതുമായിരുന്നില്ല.  മറിച്ച് ഒരു ദര്‍ശനത്തിന്‍റെ സമന്വയഭാവത്തിലായിരുന്നുവെന്ന് നാമറിയണം.

     ഗുരു ജീവിതത്തെ, സംന്യാസ സമ്പ്രദായത്തെ, തത്ത്വദര്‍ശനത്തെ വേദാന്തമെന്നോ സിദ്ധാന്തമെന്നോ രണ്ടായി തരം തിരിച്ചു കാട്ടാതെ രണ്ടിന്‍റെയും സമന്വയഭാവം കൈക്കൊള്ളുകയാണ് ചെയ്തത്.  വേദാന്തസിദ്ധാന്ത സംന്യാസ സമ്പ്രദായങ്ങളെ ഇവിടെ സമന്വയിപ്പിക്കുകയായിരുന്നു ഗുരുദേവന്‍.  ഈ സമന്വയദര്‍ശനാനുസാരിയായിട്ടാണ് ഗുരു ഭാവവ്യത്യാസമൊന്നും പ്രകടിപ്പിക്കാതെ കാഷായം ധരിച്ചതെന്നും ശിവഗിരി കേന്ദ്രമാക്കി ഒരു സംന്യാസ സമ്പ്രദായത്തെ സ്ഥാപിച്ചതെന്നും നാമറിയണം.  ഗുരുവിന്‍റെ സംന്യാസശിഷ്യ പരമ്പരയില്‍ ദര്‍ശനത്തിന്‍റെ ഈ സമന്വയഭാവം നമുക്കു ദര്‍ശിക്കാവുന്നതാണ്.  ശിവലിംഗ സ്വാമി, സ്വാമി നിശ്ചലദാസ്, ശ്രീനാരായണ ചൈതന്യം, നരസിംഹസ്വാമി, ഗുരുപ്രസാദ്, സ്വാമി സത്യവ്രതന്‍, ശാന്തലിംഗസ്വാമി തുടങ്ങിയവര്‍ വേഷത്തിലും നാമത്തിലും ഏതാണ്ട് സിദ്ധാന്തസമ്പ്രദായികളെപ്പോലെ തോന്നിപ്പോകുന്നു.  ഇവരൊക്കെയും തൂവെണ്മയായ വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത്.  മറിച്ച് കാഷായമല്ല.  എന്നാല്‍ ദശനാമ സമ്പ്രദായത്തില്‍ പ്പെടുന്ന നാമങ്ങളും കാഷായദീക്ഷയും ഗുരുദേവന്‍ ശിഷ്യന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്.  ശങ്കരാനന്ദ, അച്യുതാനന്ദ, ആത്മാനന്ദ, വിദ്യാനന്ദ തുടങ്ങിയ നാമങ്ങള്‍.  അതുപോലെ ബോധാനന്ദഗിരി, ഗോവിന്ദാനന്ദഗിരി, സുഗുണാനന്ദഗിരി, ഭൗമാശ്രമസ്വാമികള്‍, ധര്‍മ്മതീര്‍ത്ഥസ്വാമികള്‍, ബാവാ ഭാരതിസ്വാമികള്‍ എന്നിവരും ഗുരുദേവശിഷ്യന്മാരാണ്.  ഇവരൊക്കെയും കാഷായവസ്ത്രധാരികളായിരുന്നു.  ഇപ്രകാരം രണ്ടു സമ്പ്രദായങ്ങളുടെ സമന്വയഭാവമാണ് ഗുരുദേവന്‍റെ സംന്യാസസമ്പ്രദായം.  ഗുരുദേവന്‍റെ തനതായ സംഭാവനയായി ഇതിനെ കാണേണ്ടതാണ്.  അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ആശാന്‍ 'വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍താന്‍' എന്നു ഇവിടെ പാടിയിരിക്കുന്നത്.  അതിനാല്‍ അവിടുന്ന് ഭേദാദികള്‍ കൈവിട്ട് ആനന്ദാനുഭൂതിയില്‍ ആമഗ്നനായി സര്‍വ്വദാ വിജയിച്ചുകൊണ്ടിരിക്കുന്നുവെന്നു മഹാകവി വെളിപ്പെടുത്തുന്നു.  പണ്ഡിതന്മാര്‍, സ്വമതസ്ഥാപനത്തിനും പരമതഖണ്ഡനത്തിനുമായി നിലകൊള്ളുമ്പോള്‍ ഗുരുദേവനാകട്ടെ എല്ലാ മതത്തിന്‍റെയും സാരം ഏകമായി ദര്‍ശിച്ച് ഭേദാദികള്‍ കൈവിട്ട് വിജയിക്കുകയാണല്ലോ ചെയ്തത്.

ഗുരുവും അഭേദഭാവവും

     ശ്ലോകത്തിന്‍റെ അവസാനവരിയില്‍ ഗുരുവിന്‍റെ മറ്റൊരു അപൂര്‍വ്വമായ 'തനിമ'കൂടി എടുത്തു കാണിക്കുകയാണ് ആശാന്‍.  അല്ലയോ ഗുരോ! എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് അനുഭൂതിയില്‍ ദര്‍ശിച്ച്  അവിടുന്നു ഭേദചിന്തകള്‍ വെടിഞ്ഞു വിജയിക്കുന്നുവല്ലോ.  ഗുരുദേവന്‍ തികവൊത്ത ഒരു അദ്വൈതാചാര്യനായിരുന്നു ഏകത്വദൃക്കായിരുന്നു. അദ്വൈതത്തെ ബുദ്ധിയുടെ കേവലമായ ഒരു വ്യാപാരമായി കാണാതെ അതൊരു ജീവിതചര്യയാക്കി ജീവിതപദ്ധതിയാക്കി ഗുരുദേവന്‍ മാറ്റി.  അതുകൊണ്ട് അവിടുത്തേക്ക് മതഭേദം, തന്മൂലമുള്ള മദം, മാത്സര്യം, ഡംഭ് തുടങ്ങിയ വൈകാരിക ഭാവങ്ങള്‍ അല്പം പോലും ഉണ്ടായിരുന്നില്ല.  ഇവിടെ അദ്വൈതാചാര്യന്മാര്‍ നമുക്കേറെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും വ്യാവഹാരിക ജീവിതത്തില്‍ അദ്വൈതം മറന്നുപോയവരായിരുന്നു.  ഈ അദ്വൈതികള്‍ ഉപദേശിക്കുന്നു.

ഭാവാദ്വൈതം സദാ കുര്യാത്      ക്രിയാദ്വൈതം ന കുത്രചിത്

    അദ്വൈതഭാവം എപ്പോഴും ഉണ്ടാകണം.  എന്നാല്‍ ക്രിയയില്‍ അതായത് പ്രവര്‍ത്തനത്തില്‍ അദ്വൈതം വേണ്ടേവേണ്ട.  വ്യാവഹാരികജീവിതചര്യയില്‍ ഉടനീളം അദ്വൈതാവസ്ഥയെ അനുവര്‍ത്തിക്കേണ്ട എന്നാണ് ഇവരുടെ താല്‍പര്യം.  എന്നാല്‍ സാമൂഹികജീവിതത്തില്‍ ജാതിയും വര്‍ണ്ണവും അയിത്തവും അനാചാരങ്ങളും ഉയര്‍ന്നുവന്നത് ഈ അദ്വൈതാചാര്യന്മാര്‍ കണ്ടില്ല.  ഇഹലോകജീവിത വ്യാപാരത്തെ വ്യാവഹാരികസത്തയായ മായയായി കണക്കാക്കി ഉദാസീനരായി നിലകൊള്ളുകയാണ് ഇവര്‍ ചെയ്തത്.  അതുകൊണ്ടാണ് മഹാകവി ആശാന്‍ ദുരവസ്ഥയിലൂടെ

ഭേദങ്ങളറ്റ പൊരുളിനെ കാഹളം
ഊതി വാഴ്ത്തിടുന്നു വേദം നാലും
വൈദികമാനികള്‍ മര്‍ത്ത്യരില്‍  ഭേദവും
ഭേദത്തില്‍ ഭേദവും ജല്പിക്കുന്നു
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ    നിന്നി-
ലെന്താണിക്കാണുന്ന വൈപ    രീത്യം?

എന്നു ശോചിച്ചു ചോദിച്ചു പോയത്.  ത്രൈവര്‍ണ്ണികളായ ന്യൂനപക്ഷത്തിന്‍റെ പക്ഷം പിടിച്ച് ശൂദ്രനടക്കം വരുന്ന മഹാഭൂരിപക്ഷത്തെ അയിത്തം കല്പിച്ച് അദ്വൈതത്തിനു പുറത്തു നിര്‍ത്തിയിട്ട് പാരമാര്‍ത്ഥികദര്‍ശനത്തിന് ഭാഷ്യം ചമച്ച അദ്വൈതാചാര്യന്മാരാണ് നമുക്കുണ്ടായിട്ടുള്ളത്.  എന്നാല്‍ ശ്രീനാരായണഗുരുദേവനാകട്ടെ പാരമാര്‍ത്ഥികമായ ബ്രഹ്മസത്തയിലൂന്നിനിന്നുകൊണ്ടു തന്നെ വ്യാവഹാരികസത്തയെ നോക്കിക്കാണുകയും പാരമാര്‍ത്ഥികതലത്തിലും വ്യാവഹാരികജീവിതവ്യാപാരത്തിലും അദ്വൈതം അനുവര്‍ത്തിക്കണമെന്ന് പഠിപ്പിക്കുകയാണ് ചെയ്തത്.  ഗുരുദേവന്‍ വ്യാവഹാരികസത്തയെയും പാരമാര്‍ത്ഥികസത്തയെപ്പോലെ കാണുന്നു.  വ്യാവഹാരിക സത്തയെന്നതും ബ്രഹ്മസത്യം തന്നെ. വ്യാവഹാരികതലത്തില്‍ തന്നെ ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദങ്ങളെ ഗുരുദേവന്‍ തള്ളിക്കളയുന്നു.

 ഒരു ജാതി ഒരു മതം ഒരു ദൈവം  മനുഷ്യന്

ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

    അദ്വൈതാവസ്ഥയിലല്ല, സാധാരണവ്യവഹാരതലത്തില്‍ തന്നെ ജാതി, മതം, ദൈവം എന്നിവയുടെ ഏകത്വം ഗുരുദേവന്‍ കാഴ്ചവെയ്ക്കുന്നു.  മനുഷ്യരൊക്കെയും ഒരു ജാതിയാണെന്നും, അഖിലരുടെയും ആത്മസുഖലാഭാര്‍ത്ഥമായ മതം ഏകമാണെന്നും, ഏവരെയും സൃഷ്ടിച്ച ദൈവം ഏകനാണെന്നും, അതിനാല്‍ ഭേദചിന്ത വ്യര്‍ത്ഥമാണെന്നും, സാധാരണ വ്യാവഹാരിക തലത്തില്‍ നിന്നുതന്നെയാണ് ഗുരുദേവന്‍ ഉപദേശിക്കുന്നത്.

     മതങ്ങളുടെ സാരം ഏകമാണെന്നു പ്രഖ്യാപിച്ച ആചാര്യന്മാര്‍ നമുക്കേറേയുണ്ടായിട്ടുണ്ട്.  എന്നാല്‍ അവരൊക്കെത്തന്നെയും അവരവരുടെ മതത്തിന്‍റെ വക്താക്കളായി നിന്നുകൊണ്ടാണ് ഏകത്വം പ്രഖ്യാപിച്ചത്.  എന്നാല്‍ ഗുരുദേവനാകട്ടെ അവിടുത്തെ മാതാപിതാക്കളുടേതായ മതത്തേയും അതിവര്‍ത്തിച്ചാണ് മതാതീതനായി ഏകത്വം പ്രഖ്യാപിച്ചത്.  1916 ലെ 'നാമൊരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല.  നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടില്ല.  നാം ചില ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹമനുസരിച്ചാണ്.  അതുപോലെ ക്രിസ്ത്യാനികള്‍ മുഹമ്മദീയര്‍ തുടങ്ങി മറ്റുമതക്കാരും അവരാഗ്രഹിക്കുന്ന പക്ഷം അവര്‍ക്കായും വേണ്ടതു ചെയ്തുകൊടുക്കുവാന്‍ നമുക്ക് സന്തോഷമേയുള്ളൂ' എന്ന ഗുരുവിന്‍റെ പ്രഖ്യാപനം അവിടുത്തെ മതഭേദരാഹിത്യത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തുന്നതാണ്.

    എല്ലാ വേദങ്ങളും ആഗമങ്ങളും - ശാസ്ത്രങ്ങളും അനുശാസിക്കുന്നത് മനുഷ്യന്‍റെ നന്മയാണ്, ആത്മസുഖമാണ്.  ഈ തത്ത്വം സാക്ഷാത്കരിച്ച് എല്ലാവരേയും ആത്മസഹോദരരായി ദര്‍ശിച്ച് ഭേദചിന്തകളൊക്കെയും വെടിഞ്ഞ് ഗുരുദേവന്‍ സ്ഥിരധീയായി വിജയം പ്രാപിച്ചുകൊണ്ടിരിക്കുന്നു.  അവിടുത്തെ ഈ അഭേദബോധം ഉപാസകരിലും വന്നുഭവിക്കണമെന്നാണ് ഈ പദ്യത്തിലൂടെ മഹാകവി ഉദ്ബോധിപ്പിക്കുന്നത്.          

      (അവസാനിച്ചു)